സച്ചിനെ നിര്‍ബന്ധിച്ച് പറഞ്ഞുവിട്ടതോ? വിവാദം പുകയുന്നു
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിക്കാന്‍ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിനെ ബി.സി.സി.ഐ. നിര്‍ബന്ധിച്ച് പറഞ്ഞു വിട്ടോയെന്ന വിവാദം വീണ്ടും ചര്‍ച്ചയാകുന്നു.
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കുന്നതിനിടെ മുഖ്യ സെലക്ടര്‍ സന്ദീപ് പാട്ടീലിന്റെ ചില പ്രതികരണങ്ങളാണ് വീണ്ടും വിവാദത്തിനു കാരണം.
സെലക്ടര്‍മാരും ബി.സി.സി.ഐയും തമ്മില്‍ ചര്‍ച്ചചെയ്യുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്താനാകില്ലെന്നും ചില കാര്യങ്ങള്‍ അതീവ രഹസ്യങ്ങളാണെന്നുമാണ് സന്ദീപ് സെലക്ഷന്‍ കമ്മിറ്റി യോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിനടയില്‍ പ്രതികരിച്ചത്.
സച്ചിന്റെ വിരമിക്കല്‍ സമയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, സെലക്ടര്‍ ആയതില്‍ വിഷമമുണ്ടാക്കിയ ഒരേയൊരു കാര്യം ചില സുഹൃത്തുക്കളെ നഷ്ടമായെന്നതാണ്. പക്ഷേ അതെല്ലാം ഇതിന്റെ ഭാഗങ്ങള്‍ മാത്രമാണെന്നും സന്ദീപ് പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.
ഇരുന്നൂറാം ടെസ്റ്റ് മല്‍സരത്തിനു ശേഷം സച്ചിന്‍ വിരമിക്കണമെന്ന് സന്ദീപ് പാട്ടീല്‍ ആവശ്യപ്പെട്ടിരുന്നതായി ഒരു ദേശീയ മാധ്യമം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ അന്നു തന്നെ ബിസിസിഐ ഇതു നിഷേധിച്ചെങ്കിലും ഇതേക്കുറിച്ചുള്ള ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്കാന്‍ സന്ദീപ് പാട്ടീല്‍ തയ്യാറാകാതിരുന്നതാണ് സംശയങ്ങള്‍ വീണ്ടുമുയരാന്‍ കാരണം.
2013 നവംബര്‍ 14ന് വാങ്കഡെ സ്‌റ്റേഡിയത്തിലായിരുന്നു സച്ചിന്റെ അവസാന മല്‍സരം. സച്ചിനു വിരമിക്കലിന് അവസരമൊരുക്കാന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നാട്ടില്‍ പെട്ടെന്നു പരമ്പര തട്ടിക്കൂട്ടുകയായിരുന്നുവെന്ന ആരോപണം അന്നേ ഉണ്ടായിരുന്നു. വിരമിക്കലിനു ശേഷം സച്ചിന്‍ തെണ്ടുല്‍ക്കറും ഇതേ ചോദ്യങ്ങള്‍ പലകുറി നേരിട്ടിരുന്നു. എന്നാല്‍ ഒരിക്കല്‍പ്പോലും ഇതേക്കുറിച്ച് മനസു തുറക്കാന്‍ സച്ചിന്‍ തയാറായിട്ടില്ല.
https://www.facebook.com/Malayalivartha