വെള്ളിതിളക്കത്തില്‍ നിന്നും 50 കോടി തിളക്കത്തില്‍ പി.വി.സിന്ധു
റിയോ ഒളിംപിക്‌സ് ബാഡ്മിന്റനില്‍ വെള്ളി മെഡല്‍ നേടിയ പി.വി.സിന്ധുവിനു ഇത് നേട്ടങ്ങളുടെ സീസണ്‍ ആണ്. വെള്ളി മെഡല്‍ നേടിയ താരത്തിനെ രാജ്യം പലരീതിയില്‍ ആദരിച്ചു. ഇപ്പോഴിതാ കോടികളുടെ കിലുക്കമാണ് സിന്ധുവിനെ തേടിയെത്തിയിരിക്കുന്നത്. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയുമായി സിന്ധു മൂന്നു വര്‍ഷത്തേക്ക് 50 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടുവെന്നാണ് ഒടുവിലായി പുറത്തുവരുന്ന വാര്‍ത്തകള്‍.
ക്രിക്കറ്റ് താരമല്ലാത്ത ഒരു കായിക താരത്തിന് ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും വലിയ കരാറാണിതെന്ന പ്രത്യകതയുണ്ട്. അടുത്ത മൂന്നു വര്‍ഷം സിന്ധുവിന്റെ വിപണിമൂല്യം പരമാവധി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നു സ്‌പോര്‍ട്‌സ് കമ്പനിയായ ബേസ്‌ലൈന്‍ അറിയിച്ചു.
സിന്ധു ഇനി വിവിധ കമ്പനികളുമായി പരസ്യക്കരാര്‍ ഒപ്പുവയ്ക്കുന്നത് ബേസ്‌ലൈന്‍ കമ്പനി വഴിയാവും. സിന്ധുവിനുവേണ്ടി കമ്പനികളുമായി ചര്‍ച്ച നടത്തുന്നതും തുക ഉറപ്പിക്കുന്നതുമെല്ലാം സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയുടെ ഉത്തരവാദിത്തമാണ്.
സിന്ധുവുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ 16 കമ്പനികള്‍ തയാറായിട്ടുണ്ടെന്നും അതില്‍ ഒന്‍പതു കമ്പനികളുമായി ഉടന്‍ തന്നെ കരാര്‍ ഒപ്പുവയ്ക്കുമെന്നും ബേസ്‌ലൈന്‍ അറിയിച്ചു. രണ്ടു നിബന്ധനകള്‍ സിന്ധു ഉന്നയിച്ചിട്ടുണ്ടത്രെ. കോള പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടില്ല. കൂടാതെ പരിശീലനം മുടക്കി കൂടുതല്‍ സമയം പരസ്യ ചിത്രീകരണത്തിനു ചെലവഴിക്കില്ല.
https://www.facebook.com/Malayalivartha