2020 ഒളിംപിക്‌സിനുള്ള അത്‌ലറ്റിക്ക്‌സ് താരങ്ങളെ കണ്ടെത്താനുള്ള നിരീക്ഷക സ്ഥാനം പയ്യോളി എക്‌സ്പ്രസ് രാജിവച്ചു
ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് കായിക താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം (ടിഒപി) പദ്ധതിയുടെ നിരീക്ഷക സ്ഥാനത്ത് നിന്നും പിടി ഉഷ രാജിവെച്ചു. 2020 ഒളിംപിക്‌സിനുള്ള അത്‌ലറ്റിക്ക്‌സ് താരങ്ങളെ കണ്ടെത്താനുള്ള നിരീക്ഷക സ്ഥാനമാണ് പയ്യോളി എക്‌സ്പ്രസ് രാജിവെച്ചൊഴിഞ്ഞത്. കഴിഞ്ഞമാസം അവസാനത്തോടെ സ്ഥാനത്ത് നിന്നും ഉഷ രാജിവെച്ചിട്ടുണ്ടെന്നാണ് ഉഷ വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്കു കാരണമെന്നാണ് റിപ്പോര്‍ട്ട്.
കോഴിക്കോടെ ഉഷ് സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സും ടിഒപി നിരീക്ഷക സ്ഥാനവും ഒരുപോലെ കൊണ്ടുപോകാനാകില്ലെന്നു ബോധ്യമായതിനെ തുടര്‍ന്നാണു രാജിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യാന്തര താരങ്ങളായ ടിന്റു ലൂക്ക, ജിസ്‌ന മാത്യു എന്നിവര്‍ ഉഷ് സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ പരിശീലിക്കുന്നവരാണ്. ഇവരെ കൂടാതെ 16 ഭാവി താരങ്ങളും ഉഷയുടെ കീഴില്‍ പരിശീലിക്കുന്നുണ്ട്്. കഴിഞ്ഞ സുപ്രധാന മത്സരങ്ങളിലൊന്നും ഉഷസ്‌കൂള്‍സിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തത് പരിശീലനത്ത് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ഇവരെ പ്രേരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഖിലേന്ത്യ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഉപദേശക സമിതിയില്‍ തുടരുമെന്ന് അവര്‍ വ്യക്തമാക്കി. ഖേലോ ഇന്ത്യ പദ്ധതിയുടെ നടത്തിപ്പ് സമിതിയിലും ഉഷ അംഗമാണ്. ബെയ്ജിങ് ഒളിമ്പിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവ് ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയും ടിഒപി അംഗത്വം രാജിവച്ചിരുന്നു.
ടിഒപി ഐഡന്റ്‌റിഫിക്കേഷന്‍ കമ്മിറ്റി ചെയര്‍മാനും ഷൂട്ടിങ് നിരീക്ഷകനുമായിരുന്നു ബിന്ദ്ര. ഉഷയെക്കൂടാതെ ബാഡ്മിന്റണ്‍ മുന്‍ താരം പ്രകാശ് പാദുകോണും ഭാരോദ്വഹന താരം കര്‍ണം മല്ലേശ്വരിയും എന്നിവരാണ് ഐഡന്റ്‌റിഫിക്കേഷന്‍ കമ്മിറ്റി അംഗങ്ങള്‍. ടി.ഒ.പിയില്‍ ഉള്‍പ്പെട്ട കായിക താരങ്ങള്‍ക്ക് 3.14 കോടി രൂപയുടെ അലവന്‍സ് കഴിഞ്ഞയാഴ്ചയാണ് അനുവദിച്ചത്. കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിന്റെ പ്രത്യേക താല്‍പര്യത്തില്‍ താരങ്ങള്‍ക്ക് പ്രതിമാസം 50,000 രൂപയുടെ അലവന്‍സും ഏര്‍പ്പാടാക്കിയിരുന്നു. ബിന്ദ്രയും ഉഷയും സ്ഥാനമൊഴിഞ്ഞതോടെ ഐഡന്റ്‌റിഫിക്കേഷന്‍ കമ്മിറ്റിയില്‍ രണ്ടുപേര്‍ മാത്രമായി. ഈ വര്‍ഷം നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകള്‍ക്കും 2020 ഒളിമ്പിക്‌സിനുമുള്ള കായിക പ്രതിഭകളെ കണ്ടെത്തുകയാണ് ഐഡന്റ്‌റിഫിക്കേഷന്‍ കമ്മിറ്റിയുടെ ചുമതല.
ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് മീറ്റിന് പിയു ചിത്രയ്ക്ക് യോഗ്യത നല്‍കാത്തതുമായി ബന്ധപ്പെട്ട് ഉഷയ്ക്ക് വന്‍ വിമര്‍ശനമേല്‍ക്കേണ്ടി വന്നിരുന്നു. ദേശീയ അത്‌ലറ്റിക്‌സ് നിരീക്ഷയായ ഉഷയുടെ തീരുമാനമാണ് അന്ന് ചിത്രയെ പങ്കെടുപ്പിക്കാതിരിക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തലുകള്‍.
https://www.facebook.com/Malayalivartha