മത്സരത്തിനിടെ കളിക്കാരനെ ചവുട്ടിയ റഫറിക്ക് ആറുമാസം വിലക്ക്
മത്സരത്തിനിടെ മൂന്നാംമുറ നടത്തിയ റഫറിക്ക് ചുവപ്പ് കാര്‍ഡ്. കളിക്കാരനെ ചവുട്ടിയ ഫ്രഞ്ച് റഫറി ടോണി ഷാപ്രോണിനെ ആറു മാസത്തേക്ക് വിലക്കി. ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് ഷാപ്രോണിനെ വിലക്കിയത്. സമിതിക്കുമുമ്പാകെ ഷാപ്രോണ്‍ വിചാരണയ്ക്കു ഹാജരായിരുന്നു. നേരത്തെ ഷാപ്രോണിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.കഴിഞ്ഞ മാസം ഫ്രഞ്ച് ലീഗിലാണ് ഷാപ്രോണ്‍ കളിക്കാരനെ ഫൗള്‍ ചെയ്തത്. പിഎസ്ജിനാന്റസ് മത്സരത്തിനിടെയായിരുന്നു സംഭവം.
പിഎസ്ജി ബോക്‌സിലേക്ക് നാന്റസ് മുന്നേറുമ്പോള്‍ നാന്റസിന്റെ കാര്‍ലോസുമായി കൂട്ടിയിടിച്ച് നിലത്തുവീണതാണ് ഷാപ്രോണിനെ പ്രകോപിപ്പിച്ചത്. വീണുകിടന്നുകൊണ്ട് കാര്‍ലോസിനെ കാല്‍വച്ച് വീഴ്ത്താന്‍ ഷാപ്രോണ്‍ ശ്രമിച്ചു. പിന്നീട് വിസില്‍ മുഴക്കി കളി നിര്‍ത്തിയ ഷാപ്രോണ്‍ തന്നെ വീഴ്ത്തിയ കാര്‍ലോസിന് രണ്ടാം മഞ്ഞക്കാര്‍ഡും പുറത്തേക്കുള്ള വഴിയും കാണിച്ചുകൊടുത്തു.
നാന്റസ് കളിക്കാര്‍ മൈതാനത്ത് പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനത്തില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് വിവാദ റഫറി ടോണി ചാപ്രോണിനെ വിലക്കണമെന്ന ആവശ്യവുമായി നാന്റസ് അധികൃതര്‍ മത്സരശേഷം രംഗത്തെത്തിയിരുന്നു. നിലത്ത് വീണപ്പോളുണ്ടായ വേദനയെ തുടര്‍ന്നുള്ള സ്വാഭാവിക പ്രതികരണമാണിതെന്ന് വ്യക്തമാക്കിയ ടോണി ഷാപ്രോണ്‍ മാപ്പ് പറഞ്ഞിരുന്നു.
കരിയറില്‍ 450 മത്സരങ്ങളിലേറെ നിയന്ത്രിച്ചിട്ടുള്ള ടോണി ഷാപ്രോണ്‍ ഫുട്‌ബോളിലെ കടുപ്പക്കാരനായ റഫറിമാരില്‍ ഒരാളാണ്.
https://www.facebook.com/Malayalivartha