മുഖം തിളങ്ങാൻ കാപ്പിപ്പൊടി; നിങ്ങളെ അതിശയിപ്പിക്കും ഈ റിസൾട്ട്
ചിലവ് കുറഞ്ഞതും എന്നാൽ വീട്ടിൽ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന സൗന്ദര്യ സംരക്ഷണ മാർഗമാണ് കാപ്പിപൊടി ഫേസ് പാക്കുകൾ. കാപ്പിപ്പൊടിയുടെ ആന്റി ഓക്സിഡന്റ് സവിശേഷതകൾ ചർമ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് വളരെയേറെ സഹായിക്കുന്നു. സൂര്യപ്രകാശം, അന്തരീക്ഷ മലിനീകരണം എന്നിവ മൂലം അകാലത്തിൽ പലരുടെയും ചർമ്മം വേഗം പ്രായമായ പോലെ അവസ്ഥ ഉണ്ടാകും. ഇത് ചെറുക്കാൻ കാപ്പിപ്പൊടി ഉപയോഗിച്ചുള്ള ഫേസ് പാക്കുകളിലൂടെ സാധിക്കും. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും കാപ്പിപ്പൊടിതന്നെയാണ് ബെസ്റ്റ്. കാപ്പിപൊടിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ചർമ്മത്തിലെ ചുളിവുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു.മുഖത്തിട്ടാൽ വളരെ വേഗം നിങ്ങൾ ആഗ്രഹിക്കുന്ന ഫലം കിട്ടുന്ന കാപ്പിപ്പൊടി ഉപയോഗിച്ചുള്ള ഫേസ്‌പാക്കുകളും സ്‌ക്രബുകളും എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം,
1. ആവശ്യത്തിന് വെളിച്ചെണ്ണ ചൂടാക്കിയശേഷം അതിലേയ്ക്ക് അല്പം കാപ്പിപൊടിയും കറുവപ്പട്ട പൊടിയും പഞ്ചസാരയും ചേർത്ത് യോജിപ്പിക്കുക. എണ്ണ തണുത്തതിനു ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. വേണമെങ്കിൽ ചെറുതായി മസ്സാജ് ചെയ്ത് കൊടുക്കാം. പതിനഞ്ച് മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
2. ഒരു ബൗളിൽ 1 സ്പൂൺ കാപ്പിപ്പൊടി എടുത്ത് അതിലേയ്ക്ക് രണ്ടോ മൂന്നോ സ്പൂൺ കറ്റാർ വാഴയുടെ ജെൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതുപയോഗിച്ച് 15 മിനിട്ട് വരെ മുഖത്ത് സ്ക്രബ്ബ് ചെയ്യാം. അതിനു ശേഷം മുഖം കഴുകി വൃത്തിയാക്കുക.
3. വരണ്ട ചർമ്മമുള്ളവർക്ക് ഏറ്റവും അനുയോജ്യമായ ഒരു ഫേസ്‌പാക്ക് ആണിത്. ഒരു പാത്രത്തിൽ നാലോ അഞ്ചോ സ്പൂൺ കാപ്പിപ്പൊടി എടുക്കുക. അതിലേയ്ക്ക് 5 സ്പൂൺ പാൽ, 2 സ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടാം. പതിനഞ്ച് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകി വൃത്തിയാക്കാം.
4. ഒരല്പം കാപ്പിപ്പൊടി തണുത്ത വെള്ളത്തിലോ പനിനീരിലോ ചാലിച്ച് കണ്ണിന്റെ മുകളിലും കറുത്ത പാടുകൾ ഉള്ള സ്ഥലങ്ങളിലും പുരട്ടുക. ഏകദേശം ഇരുപത് മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ഇതുവഴി കണ്ണുകളുടെ വീക്കവും കറുപ്പ് നിറവും മാറ്റാം
5. ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കാൻ അല്പം കാപ്പിപ്പൊടി ഒലീവ് ഓയിലിലോ പാലിലോ വെളിച്ചെണ്ണയിലോ തേനിലോ ചാലിച്ച് മുഖത്ത് പുരട്ടുക. പത്ത് മുതൽ പതിനഞ്ച് മിനിട്ട് വരെ മസ്സാജ് ചെയ്ത ശേഷം കഴുകി കളയാം.
https://www.facebook.com/Malayalivartha