ക്രിസ്തുമസ് കാലത്ത് തയ്യാറാക്കാം വ്യത്യസ്തമായ പൈനാപ്പിള്‍ വൈന്‍
വൈന്‍ ഇഷ്ട്മില്ലാത്തവർ ആരും തന്നെയുണ്ടാകില്ല. അതും മുന്തിരിവൈൻ പോലെ പൈനാപ്പിള്‍ വൈന്‍ ആകുമ്പോൾ ഏറെ ഇഷ്ടം. വൈൻ ഒരു മദ്യം മാത്രമായി ആരും പരിഗണിയ്ക്കാറില്ല. ക്രിസ്തുമസ് കാലത്ത് സ്വാദിഷ്ടമായ കേക്കുകൾ ഉണ്ടാക്കാൻ വൈൻ ഉപയോഗിക്കാറുണ്ട്. മുന്തിരി കൊണ്ട് ഉപയോഗിക്കുന്ന വൈൻ എല്ലാവർക്കും പ്രിയപ്പെട്ടത് തന്നെയാണ്. അതുപോലെ തന്നെയാണ് ഈ പൈനാപ്പിള്‍ വൈനും. പൈനാപ്പിള്‍ ഉപയോഗിച്ച് വൈൻ ഉണ്ടാക്കേണ്ടതെങ്ങനെയെന്ന് നമുക്ക് പരിശോധിയ്ക്കാം..
എളുപ്പത്തിൽ തയ്യാറാക്കാം പൈനാപ്പിള്‍ വൈന്‍
ചേരുവകള്‍:
1. പൈനാപ്പിള്‍ - 1.5 കിലോ
2. പഞ്ചസാര - 1.25 കിലോ
3. തിളപ്പിച്ച് ചൂട് ആറിയ വെള്ളം - 2.25 ലിറ്റര്‍
4. യീസ്റ്റ് - 1.5 ടീസ്പൂണ്‍
5. ഗോതമ്പ് - ഒരു പിടി
6. കറുവപ്പട്ട - 1 ഇഞ്ച് കഷ്ണം
7. ഗ്രാമ്പു - 3 എണ്ണം
പൈനാപ്പിള്‍ നന്നായി കഴുകി തുടച്ച് രണ്ടറ്റവും മുറിച്ച് ചെറുതായി അരിഞ്ഞെടുക്കുക. കുറച്ചു കഷ്ണങ്ങള്‍ ഒന്ന് ചതച്ചെടുക്കണം . തൊലി ചെത്തിക്കളയേണ്ട. മുള്ള് പോലെ ഉള്ളത് മാത്രം ചെത്തിക്കളഞ്ഞാല്‍ മതി. കാല്‍ കപ്പ് ചെറിയ ചൂടു വെള്ളത്തില്‍ അര ടി സ്പൂണ്‍ പഞ്ചസാരയും യീസ്റ്റും ഇട്ട് ഇളക്കി കുറച്ചു സമയം മൂടി വെയ്ക്കുക.
അഞ്ചു ലിറ്റര്‍ കൊള്ളുന്ന ഭരണി അല്ലെങ്കില്‍ ചില്ല് കുപ്പിയിലേക്ക് പൈനാപ്പിള്‍, പഞ്ചസാര, യീസ്റ്റ് , ഗോതമ്പ്, കറുവപ്പട്ട, ഗ്രാമ്പു, വെള്ളം എന്നിവ ഇട്ട് നന്നായി മുറുക്കിക്കെട്ടി മൂടി വെയ്ക്കുക. അടുത്ത ദിവസം മുതല്‍ എഴുദിവസം തുടര്‍ച്ചയായി എല്ലാ ദിവസവും ഒരു നേരം ഒരു തടിത്തവി കൊണ്ട് നന്നായി ഇളക്കിയ ശേഷം മുറുക്കി മൂടി വെയ്ക്കണം. ഇളക്കാന്‍ ഉപയോഗിക്കുന്ന തവി നന്നായി കഴുകി ഉണക്കി എടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അത് കഴിഞ്ഞ് രണ്ടാഴ്ച ഇളക്കാതെ വെയ്ക്കുക.
ശേഷം അരിച്ചെടുത്ത് കുപ്പിയിലേക്ക് പകരാം. കുപ്പിയില്‍ പകര്‍ന്ന് കുറച്ചു ദിവസം അനക്കാതെ വെച്ചാല്‍ വൈന്‍ നന്നായി തെളിഞ്ഞു കിട്ടും. തണുപ്പിച്ച് ഉപയോഗിക്കാം. ഈ അളവ് പ്രകാരം ഏകദേശം 3.5 ലിറ്റര്‍ വൈന്‍ കിട്ടും.
https://www.facebook.com/Malayalivartha