ഒന്ന് ശ്രമിച്ചാൽ അധികം മെനക്കേടില്ലാതെ നിങ്ങൾക്ക് തയ്യാറാക്കാം ഈ വ്യത്യസ്തമായൊരു സ്നോബോള്‍ റെഡ് വെല്‍വെറ്റ് കേക്ക്
കേക്ക് ഇഷ്ട്ടപെടാത്തവരായി ആരും തന്നെയുണ്ടാവില്ല. അപ്പോൾ വെൽവെറ്റ് കേക്കാണെങ്കിൽ പിന്നെ പറയേണ്ട കാര്യമുണ്ടോ, നാവിൽ വെള്ളമൂറും. പ്രേമം സിനിമ ഇറങ്ങിയതിന് ശേഷമാണ് റെഡ് വെൽവെറ്റ് കേക്കിന് ആരാധകർ ഇരട്ടിയായത്.
കോളജ് കുട്ടികൾക്കിടയിലാണ് റെഡ് വെൽവെറ്റ് ഏറെ പ്രിയം. ഒന്ന് ശ്രമിച്ചാൽ അധികം മെനക്കേടില്ലാതെ നിങ്ങൾക്കും സൂപ്പർ കേക്ക് വീട്ടിലുണ്ടാക്കാം. ഇപ്പോൾ നമ്മളിതാ വെല്‍വെറ്റ് കേക്കുകളിൽ തന്നെ വ്യത്യസ്തമായൊരു കേക്കാണ് ഉണ്ടാക്കാൻ പോകുന്നത്. വളരെ വ്യത്യസ്ഥമായ ഈ സ്നോബോള്‍ റെഡ് വെല്‍വെറ്റ് കേക്ക് ക്രിസ്മസ് ദിനത്തിൽ നിങ്ങൾക്കൊരു പുതുമ നൽകാൻ സഹായിക്കും
സ്നോബോള്‍ റെഡ് വെല്‍വെറ്റ് കേക്കിന് ആവശ്യമായ സാധനങ്ങൾ;
1. മൈദ - 2 കപ്പ്
2. കൊക്കോ പൗഡര്‍ - 2 ടേബിള്‍ സ്പൂണ്‍
3. ബേക്കിങ് പൗഡര്‍ - 1 ടീസ്പൂണ്‍
4. ബേക്കിങ് സോഡ - അര ടീസ്പൂണ്‍
5. ഉപ്പ് - അര ടീസ്പൂണ്‍
6. മില്‍ക്ക് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് - 2 ടേബിള്‍ സ്പൂണ്‍
7. മുട്ട - 2 എണ്ണം
8. വെണ്ണ - 100 ഗ്രാം
9. പഞ്ചസാര പൊടിച്ചത് - ഒന്നര കപ്പ്
10. പാല്‍ - 1 കപ്പ്
11. വനില എസെന്‍സ് - 1 സ്പൂണ്‍
12. വൈറ്റ് വിനിഗര്‍ - 1 സ്പൂണ്‍
13. റെഡ് ഫുഡ് കളര്‍ - ആവശ്യത്തിന്
ക്രീം ഫ്രോസ്റ്റിങ്ങിന്
1. വിപ്പിങ് ക്രീം - ഒന്നേകാല്‍ കപ്പ്
2. ക്രീം ചീസ് - 1 കപ്പ്
3. വെണ്ണ - അരക്കപ്പ്
4. മില്‍ക്ക് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് - 3 ടേബിള്‍ സ്പൂണ്‍
5. വനില എസെന്‍സ് - 1 ടീസ്പൂണ്‍
6. കൊക്കനട്ട് ഫ്ലേക്‌സ് - 1 കപ്പ്
സ്നോബോള്‍ റെഡ് വെല്‍വെറ്റ് കേക്ക് തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ മൈദ, കൊക്കോ പൗഡര്‍, ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ, ഉപ്പ് എന്നിവ ചേര്‍ത്ത് മാറ്റിവയ്ക്കുക.മറ്റൊരു ബൗളില്‍ പഞ്ചസാരപ്പൊടിയും വെണ്ണയും നന്നായിട്ട് മിക്സ് ചെയ്യണം. ഇതിലേക്ക് മുട്ട ചേര്‍ത്ത് വീണ്ടും നന്നായിട്ട് മിക്സ് ചെയ്യണം. ആദ്യം മാറ്റിവച്ച മൈദമിക്സ് ഇതിലേക്ക് ചേര്‍ത്ത് നന്നായിട്ടു യോജിപ്പിക്കണം.ഇനി പാല്‍, വിനിഗര്‍, ഫുഡ് കളര്‍, വനില എസെന്‍സ് എന്നിവ ഒരുമിച്ച് മിക്സ് ചെയ്ത് കൂട്ടിലേക്ക് ചേര്‍ക്കുക.
മയം പുരട്ടിയ ബേക്കിങ് ടിന്നില്‍ കേക്ക് മിശ്രിതം ഒഴിച്ച്, ഉപ്പുനിരത്തിയ പ്രഷര്‍ കുക്കറിലേക്ക് വെച്ച്, വിസില്‍മാറ്റി അടച്ചുവച്ച് 40 മിനിറ്റ് കുക്ക് ചെയ്യണം. ടൂത്ത് പിക്കോ ഈര്‍ക്കിലോ ഉപയോഗിച്ച് കുത്തിനോക്കി ഒട്ടിപ്പിടിക്കുന്നില്ലെങ്കില്‍ തീയണയ്ക്കാം. കേക്ക് റെഡിയായ ശേഷം ഒരു 10 മിനിറ്റ് മാറ്റി വയ്ക്കണം.
ഫ്രോസ്റ്റിങ് തയ്യാറാക്കുന്ന വിധം; ഒരു ബൗളില്‍ വൈറ്റ് ചോക്ലേറ്റ്, വെണ്ണചേര്‍ത്ത് മിക്സ് ചെയ്തു വയ്ക്കുക. ഇനി പഞ്ചസാര പൊടിച്ചത്, വിപ്പിങ് ക്രീം, ക്രീം ചീസ് ഒക്കെ ചേര്‍ത്ത് നന്നായിട്ടു മിക്സ് ചെയ്ത് ഒരു മണിക്കൂര്‍ തണുപ്പിക്കണം. തണുപ്പിച്ചശേഷം കേക്കിന്റെ മുകളില്‍ സ്പ്രെഡ് ചെയ്യുക. കോക്കനട്ട് ഫ്ലേക്‌സ് വച്ച് ഗാര്‍ണിഷ് ചെയ്ത് സെര്‍വ് ചെയ്യാം.
https://www.facebook.com/Malayalivartha