ഗുണത്തിലും സ്വാദിലും മുന്നിൽ : മുളയരി പായസം
മുളയരി കാഴ്ചക്ക് ഗോതമ്പു പോലെയാണ്, എന്നാൽ സ്വാദിലും ഗുണത്തിലും അരി പോലെ തന്നെ ആണ് .അരിക്കു തുല്യമായ ഗുണമേന്മയും ഗോതമ്പിനു സമാനമായ പ്രോട്ടീനും മുളയരിയിൽ ഉണ്ട്.ഒൗഷധ ഗുണമുള്ള മുളയരി കൊണ്ട് മുളയരിക്കഞ്ഞി, ചോറ്, ഉപ്പുമാവ്, പുട്ട്, പായസം, അച്ചാർ എന്നിങ്ങനെ വിവിധ വിഭവങ്ങൾ ഉണ്ടാക്കാം .
ഇപ്പോള്‍ മുളയരി കിട്ടുന്ന സീസണ്‍ ആണ്. മുള അതിന്റെ ആയുസ്സില്‍ ഒരിക്കല്‍ മാത്രമേ പൂക്കുകയുള്ളൂ. പൂത്ത് അരി വീണു കഴിഞ്ഞാൽ മുള ഉണങ്ങും.12 വർഷം മുതൽ 40 വർഷം വരെ ഉള്ള കാലയളവിൽ ഒരു പ്രാവശ്യം മാത്രമേ ഒരു മുള പൂക്കുകയുള്ളു.അതിനാല്‍ മുളയരിക്ക് പ്രത്യേക ഡിമാന്റ് ആണ്.
മുളയരി പായസം വെയ്ക്കുന്നത് എങ്ങനെ എന്ന് പറയാം.
വേണ്ട സാധനങ്ങള്‍:-
മുളയരി - ഒരു ഗ്ലാസ് നിറയെ
ശര്‍ക്കര - അര കിലോ
തേങ്ങ - 4 എണ്ണം
അണ്ടിപ്പരിപ്പ് - 10 എണ്ണം
ചുക്ക്, ജീരകം, ഏലയ്ക്ക പൊടിച്ചത് - മേമ്പൊടി ചേര്‍ക്കാന്‍
നെയ്യ് - രണ്ടു സ്പൂണ്‍
മുളയരി മിക്സിയില്‍ ഇട്ടു ചെറുതായി പൊട്ടിച്ചെടുക്കുക. അതിനു ശേഷം വെള്ളത്തില്‍ ഇട്ടു ആറുമണിക്കൂര്‍ കുതിര്‍ക്കുക. പിന്നീട് കുക്കറില്‍ ഇട്ടു ആവശ്യത്തിനു വെള്ളം ചേര്‍ത്തു വേവിക്കുക.
തേങ്ങ വറുത്തിടാന്‍ വേണ്ടി കുറച്ചു കൊത്തിയെടുക്കുക. ബാക്കി തേങ്ങ പിഴിഞ്ഞ് ഒന്ന് രണ്ട് മൂന്ന് പാല്‍ എടുക്കുക. ശര്‍ക്കര നന്നായി ചീകി കുറച്ചു വെള്ളത്തില്‍ കലക്കി അരിച്ചെടുക്കുക.
ഉരുളി അടുപ്പില്‍ വെച്ച് നെയ്യൊഴിച്ച് തേങ്ങയും അണ്ടിപ്പരിപ്പും ബ്രൌണ്‍ നിറത്തില്‍ വറുത്തു കോരുക. ശര്‍ക്കര ഒഴിച്ചു തിളപ്പിക്കുക. ഇളക്കി കൊണ്ടിരിക്കണം. ശര്‍ക്കര വെള്ളം വറ്റി നൂല്‍ പരുവം ആവും. നിറയെ ചുഴികള്‍ രൂപപ്പെട്ടു തിളയ്ക്കുന്നത് കാണാം. ചുഴി കുത്തുക എന്ന് പറയും. ഈ സമയം വെന്ത മുളയരി ചേര്‍ത്തു ഇളക്കുക. നന്നായി തിളച്ചു വെള്ളം വറ്റി അരിയില് മധുരം ഒക്കെ നന്നായി പിടിച്ചു കഴിയുമ്പോള്‍ മൂന്നാം പാല് ചേര്‍ക്കുക. നന്നായി ഇളക്കുക. വെള്ളം വറ്റി വരുമ്പോള്‍ രണ്ടാം പാല് ചേര്‍ക്കുക. നന്നായി ഇളക്കുക. വീണ്ടും വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല് ചേര്‍ത്തു ഇളക്കുക. ചൂടായി വരുമ്പോള്‍ ഇറക്കുക. തിളയ്ക്കരുത്.
പൊടിച്ച മേമ്പൊടി വിതറി ഇളക്കുക. വറുത്ത അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും ചേര്‍ക്കുക. വേറെ പാത്രത്തിലേയ്ക്ക് പകര്‍ന്നു വെയ്ക്കുക.
https://www.facebook.com/Malayalivartha