കശുവണ്ടി കൊണ്ട് 2 രുചികരമായ വിഭവങ്ങൾ
കശുവണ്ടി കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണിത്. ആന്റിഓക്സിഡന്റുകൾ, വിറ്റമിനുകൾ, ധാതുക്കൾ എന്നിവയാൽ സംപുഷ്ടമാണ് കശുവണ്ടി.
കശുവണ്ടി പരിപ്പ് അതേപടിയോ വറുത്തോ ഉപ്പ് ചേര്‍ത്ത് വറുത്തോ ആണ് സാധാരണയായി ഉപയോഗിക്കുന്നത്.എന്നാൽ കശുവണ്ടികൊണ്ട് രുചികരമായ വിഭവങ്ങൾ ഉണ്ടാക്കാമെന്ന് അറിയാമോ?
കശുവണ്ടികൊണ്ട് ഉണ്ടാക്കാവുന്ന 2 വിഭവങ്ങളാണ് ഇവിടെ ചേർത്തിരിക്കുന്നത്. കശുവണ്ടി തീയലും കശുവണ്ടി പായസവും .
കശുവണ്ടി തീയലിന്‍റെ പാചകം ഇങ്ങനെ. തീയലിനു പച്ച കശുവണ്ടി ആണ് എടുക്കേണ്ടത്.
ചേര്‍ക്കേണ്ട ഇനങ്ങള്‍
പച്ച കശുവണ്ടി പരിപ്പ് രണ്ടായി കീറി വഴറ്റിയത് - 2 കപ്പ്
നാളികേരം ചിരകിയത് - 1 കപ്പ്
മല്ലിപ്പൊടി - 3 1/2 ടീസ്പൂണ്‍
മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
എണ്ണ - 2 ടേബിള്‍ സ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
പുളി - പാകത്തിന്
കറിവേപ്പില - പാകത്തിന്
ഉപ്പ് - പാകത്തിന്
പാകം ചെയ്യേണ്ട വിധം
രണ്ടു ടീസ്പൂണ്‍ എണ്ണയൊഴിച്ച് ചെറുതീയില്‍ നാളികേരം വറുത്തെടുക്കണം. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ലേശം എണ്ണയില്‍ ചൂടാക്കണം. വറുത്തെടുത്ത നാളികേരവും ചൂടാക്കിയ ചേരുവയും ഒന്നിച്ച് മയത്തില്‍ അരച്ചെടുക്കണം. പുളി അഞ്ചു കപ്പ് വെള്ളത്തില്‍ പിഴിഞ്ഞ് അരപ്പും ഉപ്പും ചേര്‍ത്ത് ഇളക്കി അടുപ്പില്‍ വയ്ക്കുക. തിളയ്ക്കുമ്പോള്‍ വഴറ്റിയ കശുവണ്ടി ഇടുക. കശുവണ്ടി വെന്ത് ചാറ് പാകത്തിനു കുറുകുമ്പോള്‍ കറിവേപ്പലയിട്ട് വാങ്ങി വച്ച് വറുത്തിടുക.
കശുവണ്ടി പായസം
ആവശ്യമായ ചേരുവകൾ:
കശുവണ്ടി - 300gm
നെയ്യ് - 100gm
തേങ്ങ - 2 nos
ശർക്കര - 450 gm
മൈദ - 2 സ്പൂൺ
ഏലക്കാ - 2 nos
തേങ്ങാക്കൊത്ത് അരിഞ്ഞത് - 1/2 കപ്പ്
കശുവണ്ടി വറുത്തിടാൻ - 8 പിളർന്നത്
കിസ്മിസ് - 20 nos
തയ്യാറാക്കുന്ന വിധം
കശുവണ്ടി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തി വെക്കുക.
തേങ്ങ ചിരകി പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാലായി പിഴിഞ്ഞ് വെക്കുക.
ശർക്കര ഉരുക്കി അരിച്ച് വെക്കുക.
കുതിർത്ത കശുവണ്ടി മൂന്നാം പാൽ ചേർത്ത് നന്നായി അരച്ചെടുക്കുക. ഉരുളി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ നെയ്യൊഴിച്ച് കശുവണ്ടി അരച്ചത് നേരിയ തീയിൽ വഴറ്റുക. ശർക്കര നീര് ചേർത്ത് നന്നായി വഴറ്റുക. രണ്ടാം പാൽ കുറെശ്ശെ ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. മൈദ വെള്ളത്തിൽ കലക്കി ഒഴിച്ച് നേരിയ തീയിൽ പായസ പരുവമാകുന്നത് വരെ അടുപ്പിൽ വയ്ക്കുക. അതിന് ശേഷം ഏലക്കാപ്പൊടിയും ഒന്നാം പാലും ചേർത്തിറക്കി അതിൽ നെയ്യിൽ വറുത്ത തേങ്ങാക്കൊത്ത് ,കശുവണ്ടി, കിസ്മിസ് എന്നിവ വറുത്തിടുക.
NB :കശുവണ്ടി നന്നായി കുതിർത്തതിനു ശേഷം അരക്കുക
അരച്ച മിശ്രിതം നന്നായി നെയ്യിൽ വഴറ്റണം പച്ചച്ചുവമാറിക്കിട്ടും. മൈദ ചേർക്കുന്നത് പായസം നന്നായി കുറുകി വരാൻ വേണ്ടിയാണ്.
https://www.facebook.com/Malayalivartha