അഴകേറും മിഞ്ചികള്‍
യുവതലമുറയിലെ പെണ്‍കൊടികള്‍ ഇന്ന് കൈവിരലുകളില്‍ മാത്രമല്ല കാല്‍വിരലുകളിലും മോതിരമണിയുന്നവരാണ് . ആദ്യകാലങ്ങളില്‍ കല്യാണം കഴിഞ്ഞവര്‍ മാത്രമാണ് കാല്‍വിരലുകളില്‍ മിഞ്ചി അണിഞ്ഞിരുന്നത്. അന്ന് വിവാഹിതയാണെന്നതിന്റെ സൂചന കൂടിയായിരുന്നു മിഞ്ചികള്‍.
എന്നാല്‍ ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിയുന്നത് വരെ കാത്തുനില്‍ക്കാനൊന്നും സമയമില്ല. മാറിയ ഫാഷനൊപ്പം അവര്‍ മിഞ്ചിയേയും കാല്‍വിരലുകളില്‍ അണിഞ്ഞുതുടങ്ങി. പഴയ രീതിയിലുള്ള സ്വര്‍ണ്ണം, വെള്ളി, പിച്ചള എന്നീ ലോഹങ്ങളിലുള്ള മിഞ്ചികള്‍ക്ക് ഇന്നും പ്രിയമുണ്ടെങ്കിലും വ്യത്യസ്തതയും പുതുമയും നിറഞ്ഞ ഫാന്‍സി മിഞ്ചികളോടാണ് സുന്ദരികള്‍ക്ക് പ്രിയം.
അലങ്കാര പണികളുള്ളവയേക്കാള്‍ പ്ലെയിന്‍ ഡിസൈനുകളുള്ളവയ്ക്കാണ് പെണ്‍കുട്ടികള്‍ മുന്‍ഗണന കൊടുക്കുന്നത്. ആഘോഷ വേളകളിലാവുമ്പോള്‍ അവര്‍ അലങ്കാരമുള്ളവ തിരഞ്ഞെടുക്കും. വെള്ളി പൂശിയ മിഞ്ചികളോട് കോളേജ് വിദ്യാര്‍ത്ഥികളാണ് പ്രിയം കാണിക്കുന്നത്. കല്ലുകള്‍ പതിച്ച മിഞ്ചികളും സുലഭം. സിംഗിള്‍ സ്‌റ്റോണ്‍ മാത്രമല്ല ഒന്നിലേറെ കല്ലുകള്‍ പതിച്ച മിഞ്ചിയുമുണ്ട്. മഴത്തുള്ളികള്‍ പോലെ കുഞ്ഞു കല്ലു പിടിപ്പിച്ചത്, നക്ഷത്രത്തിന്റെ ആകൃതിയിലുള്ളവ, സ്‌നേക് ഡിസൈന്‍, കുഞ്ഞു പൂക്കള്‍ എന്നിങ്ങനെ പലതരം മിഞ്ചികള്‍ വിപണിയില്‍ ലഭ്യമാണ്. പ്ലാസ്റ്റിക് മിഞ്ചികളോട് ഇഷ്ടം കൂടുന്നവരുമുണ്ട്. വസ്ത്രത്തിന്റെ നിറത്തിനിണങ്ങുന്ന മിഞ്ചികള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും എന്നതു തന്നെ കാരണം. ഇന്ത്യയില്‍ നിന്നുമാണ് മിഞ്ചികളുടെ ഉത്ഭവമെങ്കിലും വിദേശീയരും ഇന്ന് റ്റോ റിംഗുകളുടെ ആരാധകരാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha