ആഘോഷവേളകള്‍ മനോഹരമാക്കാന്‍ ദാവണികള്‍ എത്തുന്നു
ദാവണിയുടുത്ത പെണ്‍കുട്ടികള്‍ പണ്ട് നാട്ടിന്‍ പുറങ്ങളുടെ ചേലായിരുന്നു. ചുരിദാറുകളും ജീന്‍സുമൊക്കെ യുവമനസ്സുകള്‍ കീഴടക്കിയതോടെ ദാവണികള്‍ കാണാക്കാഴ്ചയായി. പക്ഷേ ആ പഴയ ദാവണിക്കാലം തിരിച്ചെത്തുന്നുവെന്നാണ് വ്യാപാരികള്‍ പറയുന്നത്. ആഘോഷവേളകളില്‍ ദാവണി ഉടുക്കാന്‍ ഇഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. കടും വര്‍ണങ്ങളില്‍ മാത്രമല്ല, വെല്‍വെറ്റും മുത്തും കല്ലും തുന്നിപ്പിടിപ്പിച്ചവയും വിപണി കീഴടക്കുകയാണ്. ലാച്ച സാരി, സെമി സ്റ്റിച്ച്ഡ്, റെഡി ടു വിയര്‍ എന്നിവയ്ക്കാണ് ഡിമാന്‍ഡ്.
നിറച്ചാര്‍ത്തിനൊപ്പം കല്ലിന്റെയും ആഡംബരത്തിന്റെയും മനോഹാരിതയുമായാണ് ദാവണികള്‍ എത്തുന്നത്. ഒറ്റക്കളറിലും പല വര്‍ണങ്ങളിലും ഇവ വിപണി കീഴടക്കുകയാണ്. കണ്ണഞ്ചിപ്പിക്കുന്ന ഫ്‌ലൂറസെന്റ്് നിറങ്ങളില്‍ വിരിയുന്ന ദാവണികള്‍ക്കാണ് കൂടുതല്‍ പ്രിയം. ചെറിയ കുട്ടികള്‍ക്കായി കുട്ടി ദാവണികളും ഉണ്ട്. എംബ്രോയിഡറിയും കുന്തന്‍ വര്‍ക്കും സീക്വന്‍സുകളും കല്ലുകളും മുത്തുകളും കണ്ണാടിച്ചില്ലുകളും കൊണ്ട് അലങ്കരിച്ചവ വിവാഹ സല്‍ക്കാരങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും ഉപയോഗിക്കുന്നുണ്ട്. വിവാഹ വേഷത്തിലേക്ക് ദാവണികള്‍ എത്തുന്നുവെന്നതാണ് ഫാഷന്‍ വിപണിയിലെ പുതിയ വാര്‍ത്ത.
ഷിഫോണിലും ക്രേപ്പിലും നെറ്റിലും ജോര്‍ജെറ്റിലുമെല്ലാം ദാവണി സാരികള്‍ കിട്ടും. ദാവണിയിലും പാവാടയുടെ അരികിലും കല്ലുകളും മുത്തുകളും പിടിപ്പിച്ചവ മാത്രമല്ല, ബ്ലൗസിന് മാച്ച് ചെയ്യുന്ന രീതിയില്‍ വെല്‍വെറ്റുകള്‍ പിടിപ്പിച്ചും ദാവണി ഇന്ന് വിപണിയില്‍ എത്തുന്നു. നല്ല ദാവണി മെറ്റിരീയലുകള്‍ 2000 രൂപ മുതല്‍ ലഭ്യമാണ്. ലാവന്‍ഡര്‍, അക്വഗ്രീന്‍, കോഫി, പിങ്ക്, മാമ്പഴ മഞ്ഞ, ഓറഞ്ച്, മജന്ത, കറുപ്പ് തുടങ്ങിയ നിറങ്ങളോടാണ് യൂത്തിനിഷ്ടം. ദാവണിക്കൊപ്പം റെഡി ടു സ്റ്റിച്ച് ബ്ലൗസുകളും ഉണ്ട്. റെഡി ടു സ്റ്റിച്ച് ദാവണികള്‍ക്കൊപ്പം ഫ്യൂഷന്‍ ദാവണികളും വിപണി കീഴടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha