പട്ടുനൂലിനെ വെല്ലുന്ന വാഴനാര്
പട്ടുനൂലിനോടു വാഴനാരു ചേര്‍ത്തപോലെ എന്നിനി പറയേണ്ടിവരില്ല. പട്ടുനൂല്‍പുഴുവില്‍ നിന്നും ലഭിക്കുന്ന പട്ടിനെ വെല്ലുന്ന നൂലു വാഴനാരില്‍ നിന്നും ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ തൂത്തുകുടിയിലെ മെക്കാനിക്കല്‍ എഞ്ചിനീയറായ കെ.മുരുഗന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. വാഴനൂല്‍പട്ടുകൊണ്ടുള്ള സാരിയും ഷര്‍ട്ടും മുണ്ടുമൊക്കെ അധികം വൈകാതെ വിപണിയിലെത്തും.
മുരുഗന്‍ വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിനോടുവിലാണു വാഴനാരിനെ പട്ടുനൂലാക്കുന്ന വിദ്യ വികസിപ്പിച്ചെടുത്തത്. 2006ല്‍ വാഴത്തടയില്‍ നിന്നും നാരുകള്‍ വേര്‍പെടുത്തിയെടുക്കാനുള്ള യന്ത്രസംവിധാനം രൂപകല്‌പന ചെയ്‌തെടുത്തു. അതിനു മദ്രാസ് ഐ.ഐ.ടിയുടെ അവാര്‍ഡും ലഭിച്ചു. 2012ല്‍ ആറുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം യന്ത്രത്തിനു പേറ്റന്റും ലഭിച്ചു.
പന്ത്രണ്ടായിരത്തിലധികം ഹെക്‌ടര്‍ സ്ഥലത്താണു തൂത്തുകുടിയില്‍ വാഴകൃഷി നടത്തുന്നത്. കുലവെട്ടിയശേഷം ഉപേക്ഷിക്കുന്ന വാഴത്തടകള്‍ എങ്ങനെയാണു പ്രയോജനപ്പെടുത്തുക എന്ന ചിന്തയില്‍ നിന്നാണു മുരുഗന്റെ വാഴനൂല്‍പട്ട് എന്ന ആശയം ഉരുത്തിരിഞ്ഞത്. വര്‍ഷങ്ങളുടെ ഗവേഷണ-പഠനങ്ങള്‍ക്കൊടുവില്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ മുരുഗനു കഴിഞ്ഞു.
വാഴനാരുകള്‍ യന്ത്രമുപയോഗിച്ചു വേര്‍പെടുത്തിയശേഷം വിവിധ രാസപ്രക്രിയകളിലൂടെ അവയെ നൂലാക്കി മാറ്റുന്നു. യഥാര്‍ത്ഥ പട്ടിനോട് ഈടിലും ഉറപ്പിലും മൃദുലതയിലുമെല്ലാം കിടപിടിക്കുന്നതാണു വാഴനൂല്‍പട്ട്. ഇതൊരു മഹത്തായ കണ്ടുപിടിത്തമാണെന്നു ഡല്‍ഹി ഐ.ഐ.ടിയിലെ ടെക്‌സ്റ്റൈല്‍ ടെക്‌നോളജി വകുപ്പു തലവന്‍ ഡോ.ദേവ് പുര തൂത്തുക്കുടി സന്ദര്‍ശനവേളയില്‍ പറഞ്ഞു. മുരുഗന്റെ പട്ടു പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ് നല്‌കുകയും ചെയ്‌തു അദ്ദേഹം.
ഡല്‍ഹിയിലെ ഡിപ്പാര്‍ട്ടുമെണ്ട് ഓഫ് ബയോടെക്‌നോളജിയില്‍ നിന്നും പച്ചക്കൊടി ലഭിച്ചാല്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്‌പാദനം ആരംഭിക്കുമെന്നു മുരുഗന്‍ പറഞ്ഞു. ഒരു വര്‍ഷം 60 ലക്ഷം വാഴത്തടകള്‍ ഉപയോഗപ്പെടുത്താന്‍ തന്റെ മെഷീനു കഴിയുമെന്നും ഒരു വാഴത്തടയില്‍ നിന്നുള്ള നാരുകൊണ്ടു രണ്ടു സാരികള്‍ നെയ്‌തെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സൗഹൃദപരമായതും പ്രകൃതിദത്ത ചായങ്ങള്‍ക്കു തികച്ചും ഇണങ്ങുന്നതുമായ ഈ പട്ടിനു വന്‍തോതില്‍ ആവശ്യക്കാരുണ്ടാകുമെന്നാണു കരുതുന്നത്. മുന്‍ തമിഴ്‌നാടു മുഖ്യമന്ത്രി കരുണാനിധിക്കു മുരുഗന്‍ ഇത്തരത്തിലുള്ള ഷാളും കുപ്പായവും സമ്മാനിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha