ഗര്‍ഭിണി സുന്ദരിയാണെങ്കില്‍ പെണ്‍കുഞ്ഞോ?
ഒരു സ്ത്രീ ഗര്‍ഭിണിയായാലുടന്‍ തന്നെ, ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആയുരാരോഗ്യത്തോടെയും ദീര്‍ഘായുസ്സോടെയും ഇരിക്കണേ എന്നു പ്രാര്‍ത്ഥിക്കുന്നതിനുപകരം അതൊരു ആണ്‍കുഞ്ഞാകണേ എന്ന് ദൈവത്തോട് യാചിക്കുന്ന സമൂഹമാണ് നമ്മുടേത്. കാലമിത്രയും പുരോഗമിച്ചിട്ടും ആണ്‍കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയാത്തവള്‍ ശപിക്കപ്പെട്ടവള്‍ എന്നു പറഞ്ഞ് കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുന്നവരും നമുക്കുചുറ്റുമിപ്പോഴുമുണ്ട്.
സ്‌കാനിംഗിന്റെ ഉത്ഭവത്തോടെ ഏകദേശം ഇരുപതാമത്തെ ആഴ്ചയോടെ കുഞ്ഞ് ആണോ പെണ്ണോ എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്ന കാലഘട്ടത്തിലാണ് നാമിപ്പോള്‍. എന്നാല്‍ അത് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ജീവന് ഭീഷണിയാകുന്ന അവസ്ഥ വന്നതോടെ സ്‌കാനിംഗിലൂടെയുള്ള ലിംഗനിര്‍ണ്ണയം പൂര്‍ണമായും നിരോധിക്കപ്പെട്ടു.
എന്നാല്‍ പണ്ടത്തെ അമ്മൂമ്മമാര്‍ പറഞ്ഞുതന്ന പല പൊടിക്കൈകളും തലമുളയായി കൈമാറിക്കൊണ്ടിരിക്കുയാണ്. ഗര്‍ഭിണിയാകുമ്പോള്‍ ക്ഷീണമാണെങ്കില്‍ ആണ്‍കുട്ടിയാണെന്നും, ഗര്‍ഭാവസ്ഥയില്‍ സ്ത്രീ സുന്ദരിയായിരുന്നുവെങ്കില്‍ ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടിയായിരിക്കുമെന്നും തലമുറയായി പറഞ്ഞു പകര്‍ന്നു വരുന്നു. ഈ നിരീക്ഷണങ്ങള്‍ക്കൊന്നും തന്നെ ശാസ്ത്രീയമായ അടിത്തറയില്ല.
ഓവുലേഷന്‍ സമയത്താണ് അണ്ഡങ്ങള്‍ സ്ത്രീകളില്‍ ഉണ്ടാകുന്നത്. അത് പുരുഷന്റെ ശുക്ലത്തിലെ സ്‌പേമുമായി കൂടിച്ചേരുമ്പോഴാണ് ഭ്രൂണം ഉണ്ടാകുന്നത്. പിതാവിന്റെ ശുക്ലത്തിലുള്ള x ക്രോമസോം അമ്മയുടെ അണ്ഡത്തിലുള്ള x ക്രോമസോമുമായി യോജിക്കുമ്പോള്‍ കുഞ്ഞ് പെണ്ണാവുകയും എന്നാല്‍ പിതാവിന്റെ ശുക്ലത്തിലെ y ക്രോമസോം അമ്മയുടെ അണ്ഡത്തിലെ x ക്രോമസോമുമായി യോജിക്കുമ്പോള്‍ കുഞ്ഞ് ആണാവുകയും ചെയ്യും.
ഈ തീരുമാനം ആരംഭത്തിലെ നടക്കുന്ന ഒരു പ്രക്രിയയാണ്. പിന്നീട് കുഞ്ഞ് ഗര്‍ഭാശയത്തില്‍ വളര്‍ന്ന് നമുക്ക് ജനനേന്ദ്രിയങ്ങള്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നത് ഏകദേശം നാല് മാസത്തോട് അടുക്കുമ്പോഴാണ്. കുഞ്ഞ് ആണാണെങ്കിലും പെണ്ണാണെങ്കിലും ഗര്‍ഭിണിയുടെ ശരീരത്തില്‍ പലതരം മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങളോട് അവരുടെ ശരീരം എപ്രകാരം പ്രതികരിക്കുന്നു എന്നതിനനുസരിച്ച് പലതരത്തില്‍ വ്യത്യാസങ്ങള്‍ വരികയും ചെയ്യുന്നു. ചിലര്‍ക്ക് ഓക്കാനവും ശര്‍ദ്ധിയും കൂടുതലായി കാണുന്നു. മറ്റു ചിലര്‍ക്ക് ശരീരത്തില്‍ നിറം മാറ്റവും ബാഹ്യസൗന്ദര്യത്തില്‍ വ്യത്യാസവും വരുന്നു.
ഓവുലേഷന്‍ തീയതി മുന്‍കൂറായി മനസിലാക്കി അതിനനുസരിച്ച് ദാമ്പത്യ ജീവിതം തീരുമാനിച്ചും, സ്ത്രീ യോനിയിലെ ph value കണ്ടു പിടിച്ചും, ചൈനീസ് കലണ്ടറുകള്‍ ഉപയോഗിച്ചും മറ്റും ഏറ്റവും ആരംഭത്തിലെ തന്നെ കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് നിശ്ചയിക്കാനുള്ള പലതരം ശ്രമങ്ങളും നടത്താറുണ്ട്.
കുഞ്ഞ് ആണാണോ പെണ്ണാണോ എന്നതനുസരിച്ച് ചില അമ്മമാര്‍ക്ക് ഗര്‍ഭകാലത്ത് കാര്യമായ വ്യതിയാനങ്ങള്‍ ഉണ്ടെന്നു പറയുമെങ്കിലും അത് എല്ലാവരിലും പൂര്‍ണമായി സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടുമില്ല. ഗര്‍ഭിണിയുടെ വയറിന്റെ ആകൃതിയും രൂപവും ഭാവവും വെച്ച് പണ്ട് കുഞ്ഞിന്റെ ലിംഗത്തെപ്പറ്റി ധാരാളം അഭിപ്രായങ്ങള്‍ പറയാറുണ്ടായിരുന്നെങ്കിലും അതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
അതുകൊണ്ട് ജനിക്കാനിരിക്കുന്ന കുഞ്ഞ് ആണാണോ പെണ്ണാണോ എന്നത് ബാഹ്യലക്ഷണങ്ങള്‍ വച്ച് പൂര്‍ണമായും പറയാനാവില്ല. ഈ സമയത്ത് ഏറ്റവും ശ്രദ്ധിക്കേണ്ടത് അമ്മയുടെ മാനസികവും ശാരീരികവുമായ ആരോഗ്യമാണ്. അതുപോലെത്തന്നെ പ്രധാനമാണ് ജനനശേഷം കുഞ്ഞ് ആണായാലും പെണ്ണായാലും ആരോഗ്യത്തോടെയുള്ള വര്‍ച്ചയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha