ബാന്‍ഡേജിനെ ഔട്ടാക്കാന്‍ പുത്തന്‍ ജെല്‍ വരുന്നു
പരീക്ഷണങ്ങള്‍ നിരവധി എല്ലാ മേഖലയിലും തകര്‍ത്തടിച്ച് നടക്കുമ്പോള്‍ അടുക്കള കാര്യവും വീട്ടമ്മമാരെയും ആരും പരിഗണിക്കുന്നില്ലെന്ന പരാതി വേണ്ട. അടുക്കളയില്‍ കറിക്കരിയുമ്പോള്‍ കത്തികൊണ്ടൊന്ന് മുറിഞ്ഞാലും കാറപകടത്തിലോ മറ്റേതെങ്കിലും അപകടങ്ങളിലോ അകപ്പെട്ട് ഗുരുതരമായി മുറിവേറ്റാലോ രക്തം നില്‍ക്കാന്‍ ആദ്യം ചെയ്യുന്ന പ്രവൃത്തികളിലൊന്ന് ബാന്‍ഡേജിടുകയാണ്. ചില മുറിവുകളില്‍നിന്ന് ബാന്‍ഡേജിനെ മറികടന്നു കൊണ്ടും രക്തം പ്രവഹിച്ചു കൊണ്ടേയിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലരും ഇനിയെന്താണ് ചെയ്യേണ്ടതെന്നറിയാതെ ഒരു നിമിഷമെങ്കിലും പരിഭ്രമിച്ച് നിന്നിരിക്കാം. എന്നാല്‍ അതിനും ഇതാ ഒരു പരിഹാരം. ഞൊടിയിട കൊണ്ട് മുറിവുകളിലെ രക്തപ്രവാഹം തടയുന്ന തൊട്ടാലൊട്ടുന്ന ഒരു സവിശേഷ ജെല്‍ അമേരിക്കയില്‍ കണ്ടെത്തിയിരിക്കുകയാണ്. ഇത് പ്രചാരത്തിലാകുന്നതോടെ മുറിവുകളില്‍ കെട്ടുന്ന ബാന്‍ഡേജ് കാലം അവസാനിക്കും.
വെറ്റിജെല്‍ എന്നറിയപ്പെടുന്ന ഈ ജെല്‍ പ്ലാന്‌റ് പോളിമറുകളില്‍ നിന്നാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. മുറിവുണക്കാന്‍ ശരീരത്തിനുള്ള പ്രകൃതിപരമായ കഴിവി(നാച്വറല്‍ ഹീലിങ്)നോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് ഈ ജെല്‍ രക്തപ്രവാഹം നിര്‍ത്തുന്നത്. അണുരഹിതമായ ഈ ജെല്‍ ഉപയോഗിക്കുകയാണെങ്കില്‍ മുറിവ് സുരക്ഷിതമായി പെട്ടെന്നുണങ്ങുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പൊടിപടലങ്ങളുടെ അണുക്കള്‍ നിറഞ്ഞ യുദ്ധഭൂമികകളില്‍ ഈ ജെല്‍ വളരെ ഉപയോഗപ്രദമാകും. മുറിവേറ്റ സൈനികര്‍ക്ക് അടിയന്തിര ചികിത്സകള്‍ ലഭിക്കുന്നതിന് മുമ്പ് ഈ ജെല്‍ ഫലപ്രദമായി ഉപയോഗിച്ച് രക്തപ്രവാഹം തടഞ്ഞ് നിര്‍ത്തനാകും. ഡോക്‌ടര്‍മാര്‍ എത്തിയതിന്‌ശേഷം ഈ ജെല്‍ മാറ്റി മുറിവിന് ഉചിതമായ ചികിത്സ നല്‍കുകയും ചെയ്യാമെന്നാണ് ലാന്‍ഡോലിന് പറയുന്നത്.
പോളിടെക്‌നിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍വൈയുവിലെ മുന്‍വിദ്യാര്‍ത്ഥിയും കെമിക്കല്‍ എന്‍ജിനീയറുമായ ജോയ് ലാന്‍ഡോലിനയാണി അത്ഭുത ജെല്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതിനായി അദ്ദേഹം ബ്രൂക്ക്‌ലിന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സണ്‍ഐറിസ് എന്ന ഒരു കമ്പനിയും സ്ഥാപിച്ചിട്ടുണ്ട്.
ചെടികളില്‍ നിന്നുള്ള ഹീമോഫിലിക് പോളിമര്‍ ഉപയോഗിച്ചുണ്ടാക്കുന്ന വെറ്റിജെല്‍ രക്തത്തോട് പറ്റിപ്പിടിക്കുകയും രക്തപ്രവാഹം നിര്‍ത്തി പെട്ടെന്ന് മുറിവുണക്കുകയുമാണ് ചെയ്യുന്നത്. യുദ്ധഭൂമിയില്‍ പട്ടാളക്കാരന് ഗുരുതരമായി വെടിയേറ്റാല്‍ മിക്കവാറും അയാള്‍ മൂന്ന് മിനിറ്റിനുള്ളില്‍ രക്തം വാര്‍ന്ന് മരിച്ച് പോകുമെന്നും എന്നാല്‍ ഇപ്പോഴുള്ള മരുന്നുകള്‍ക്ക് അഞ്ച് മുതല്‍ പത്ത് മിനിറ്റിനുള്ളില്‍ മാത്രമെ രക്തപ്രവാഹം അവസാനിപ്പിക്കാനാവുകയുള്ളുവെന്നും സണ്‍എറിസിലെ എന്‍ജിനീയറായ ഒമര്‍ അഹമ്മദ് പറയുന്നു.
അതിനാല്‍ വെടിയേല്‍ക്കുന്ന പട്ടാളക്കാര്‍ രക്തം വാര്‍ന്ന് മരിച്ച് പോകാനുള്ള സാധ്യതയേറെയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വെറും 15 സെക്കന്‍ഡ് കൊണ്ട് രക്തമൊലിപ്പ് നിര്‍ത്തുന്ന വെറ്റിജെല്‍ അത്യധികമായി പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന് ഉപയോഗിക്കാവുന്ന ഉല്‍പന്നമെന്ന നിലയില്‍ എഫ്.ഡി.എ അംഗീകാരമുള്ള ഉല്‍പന്നമായി വെറ്റിജെല്ലിനെ മാറ്റാനാണ് ഗവേഷകര്‍ കിണഞ്ഞ് പരിശ്രമിക്കുന്നത്. ഇതിനായി നിരവധി ടെസ്റ്റുകള്‍ ഇനിയും നടത്തേണ്ടതുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha