താരനില്‍ നിന്നു രക്ഷനേടാനിതാ ചില നുറുങ്ങു വിദ്യകള്‍
മുടിയുടെ വൃത്തിയും ആരോഗ്യവും ആഗ്രഹിക്കുന്നവരില്‍ അധികം പേര്‍ക്കും താരന്‍ ഒരു ബുദ്ധിമുട്ടാണ്. ഒന്നു പരിശ്രമിച്ചാല്‍ താരനെ പാടേ അകറ്റാം. അതിനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വിദ്യകളിതാ...
1 ഷാംപൂ മുടിയുടെ വേരുകളില്‍ പുരട്ടി വിരലുകള്‍ ഉപയോഗിച്ചു മൃദുവായി മസാജ് ചെയ്യുക. ചെറു ചൂടുവെള്ളമുപയോഗിച്ച് കഴുകിക്കളയാം.
2 ഒരു ടീസ്പുണ്‍ ത്രിഫല ഒരു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിക്കുക. ചെറുതീയില്‍ മൂന്നു മിനിറ്റു വയ്ക്കുക. ഇതു തണുപ്പിച്ച് ഊറ്റിയെടുത്തു മാള്‍ട്ട് വിനാഗിരി സമം ചേര്‍ക്കുക. ശിരോചര്‍മത്തില്‍ ഈ മിശ്രിതം തേച്ചു പിടിപ്പിക്കുക. രാത്രികളില്‍ ഇങ്ങനെ ചെയ്തു പിറ്റേന്നു രാവിലെ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയുക.(എണ്ണമയമുള്ള താരന് ഇതു വളരെ ഫലപ്രദമാണ്.)
3 വരണ്ട താരനാണ് ഉള്ളതെങ്കില്‍ ഒരു ടീസ്പുണ്‍ ആവണക്കെണ്ണയും ഒരു ടീസ്പുണ്‍ വെളിച്ചെണ്ണയും ഒരു ടീസ്പുണ്‍ എള്ളെണ്ണയും ഉപയോഗിച്ചു മുടിയും ശിരോചര്‍മവും മസാജ് ചെയ്യുക. ഒരു മണിക്കുറിനുശേഷം കഴുകിക്കളയാം. മഞ്ഞു കാലത്ത് ഇത് ആഴ്ചയില്‍ രണ്ടു തവണ ചെയ്യണം.
4 ഒരു ടേബിള്‍സ്പൂണ്‍ കട്ടത്തൈരില്‍ പാതി നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുക. അതിലേക്കു രണ്ടു സ്പൂണ്‍ ചെറുപയര്‍പൊടി ഇട്ടു കുഴയ്ക്കുക. ഇതു ശിരോചര്‍മത്തില്‍ പുരട്ടി ഏതാനും മിനിറ്റുകള്‍ വയ്ക്കുക. ക്രീം അടങ്ങിയ ഷാംപു ഉപയോഗിച്ചു കഴുകിക്കളയാം. മഞ്ഞുകാലത്ത് ആഴ്ചയില്‍ രണ്ടു തവണയും വേനല്‍കാലത്തു മൂന്നു തവണയും ഇതാവര്‍ത്തിക്കുക.
5 ഒരു കപ്പുവെള്ളത്തില്‍ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കുക. ഇതു മുടിയുടെ വേരുകളിലും മുടിയിഴകളിലും തേച്ചു പിടിപ്പിച്ച് ഉണങ്ങാനനുവദിക്കുക. ഇങ്ങനെ ആഴ്ചയില്‍ മൂന്നോ നാലോ തവണ ആവര്‍ത്തിക്കുക.
6 ഒരു കപ്പു പുളിച്ച മോര് മുടിയുടെ വേരുകളില്‍ തേച്ചുപിടിപ്പിക്കുക. ഇതു ഷാംപൂ ഉപയോഗിക്കാതെ വെറും വെള്ളമുപയോഗിച്ചു കഴുകിക്കളയുക. മൃദുവായ ടൗവ്വല്‍ ഉപയോഗിച്ചു മുടിയുണക്കുക.
7 രണ്ടുസ്പൂണ്‍ കടലമാവിലേക്കു കുറച്ചു തൈരും അരസ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത് മുടിയുടെ വേരുകളില്‍ പുരട്ടി വലിയാന്‍ അനുവദിച്ചതിനുശേഷം കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടു തവണ ആവര്‍ത്തിക്കണം.
8 ഒരു സ്പൂണ്‍ വിനാഗിരിയില്‍ അല്പം കടലമാവും കുറച്ചു തുള്ളി ശുദ്ധമായ തേനും ചേര്‍ത്തു ചാലിച്ചു മുടിയില്‍ പുരട്ടുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചോ ചെറുചൂടുള്ള വെള്ളമുപയോഗിച്ചോ ഇതു കഴുകിക്കളായം.
9 മൈലാഞ്ചിയിലയും നെല്ലിക്ക ഉണക്കിപ്പൊടിച്ചതും ചീവയ്ക്കാപൊടിയും കുറച്ചു വെള്ളത്തില്‍ തിളപ്പിച്ചെടുക്കുക. ഈ ലായനി തണുപ്പിച്ചു ഞെരടിപ്പിഴിഞ്ഞെടുത്ത് അരിച്ചെടുക്കുക. ഇതു മുടിയിലും ശിരോചര്‍മത്തിലും പുരട്ടി ഒരു മണിക്കൂര്‍ തലയില്‍ കുതിരാന്‍ വയ്ക്കുക. വേനല്‍കാലമാണെങ്കില്‍ തണുത്തവെള്ളം കൊണ്ടും തണുപ്പുകാലമാണെങ്കില്‍ ഇളം ചൂടുവെള്ളത്തിലും ഇതു കഴുകിക്കളയാം.
10 ഇടയ്ക്കിടെ വിനാഗിരി വെള്ളത്തില്‍ നേര്‍പ്പിച്ചു മുടികഴുകുകയാണെങ്കില്‍ ഒരിക്കലും താരന്‍ പ്രശ്‌നം ഉണ്ടാകില്ല.
https://www.facebook.com/Malayalivartha