സുരക്ഷിതം ഇനി ഗര്‍ഭഛിദ്രം
എന്നാല്‍, ഈ ശ്രമങ്ങള്‍ പലപ്പോഴും സുരക്ഷിത മാര്‍ഗങ്ങളിലൂടെയാകണമെന്നില്ല. ഒറ്റമൂലികള്‍ വഴിയും വ്യാജവയറ്റാട്ടികള്‍ വഴിയുമൊക്കെ ഭ്രൂണഹത്യകള്‍ നടത്തുമ്പോള്‍ മാതാവിന്റെ മരണംപോലും സംഭവിക്കുക സ്വാഭാവികം. അവിദഗ്‌ധന്മാരായ ഡോക്‌ടര്‍മാരുടെ സഹായം തേടിയാലും കുഴപ്പമാണ്.
ഭയം മൂലമാണ്, നാണക്കേടു മൂലമാണു സുരക്ഷിതമല്ലാത്ത രീതികളിലൂടെ ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നത്. അറിഞ്ഞും അറിയാതെയും ഗര്‍ഭം ധരിച്ച സ്‌ത്രീകള്‍ക്ക് അതു പുറത്തു പറഞ്ഞാല്‍ വീട്ടിലും നാട്ടിലും ഭ്രഷ്‌ട്. അവഹേളനം. അതിനാലാണു സ്വകാര്യമായി ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിക്കുന്നതും. അപകടം നിറഞ്ഞ മാര്‍ഗങ്ങളിലൂടെയാകും കാര്യം സാധിക്കുക. അതുവഴി ഗര്‍ഭസ്ഥ ശിശു മാത്രമല്ല, അമ്മയും ഇല്ലാതാകുന്നു. ഇത്തരം മരണങ്ങള്‍ രാജ്യത്തു വ്യാപകമാകുന്നു. പ്രത്യേകിച്ചും ഗ്രാമങ്ങളില്‍. ആദിവാസി മേഖലകളില്‍. എഴുത്തും വായനയുമൊന്നും നിശ്ചയമില്ലാത്ത കുഗ്രാമങ്ങളില്‍. ചേരികളിലും ഊരുകളിലും മറ്റും ഇത്തരം ദുരന്തങ്ങള്‍ സര്‍വസാധാരണം.
ഗുരുതരമായ ഒരാരോഗ്യ പ്രശ്‌നമായി അനധികൃത ഗര്‍ഭഛിദ്രങ്ങള്‍ മാറിയിട്ടുണ്ടെന്നുള്ള സത്യം അവസാനം കേന്ദ്രസര്‍ക്കാരിനും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു. നേരത്തെ ഇതൊന്നും അറിയാഞ്ഞിട്ടല്ല. പക്ഷേ, അതങ്ങ് അംഗീകരിച്ചു കൊടുക്കുവാന്‍ പല കാരണങ്ങളാല്‍ അധികൃതര്‍ക്കായില്ല. അതിനാല്‍ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി, ഗര്‍ഭഛിദ്രം സുരക്ഷിതമായ മാര്‍ഗത്തിലൂടെ മാത്രം നടത്താവൂ എന്നുള്ള സന്ദേശത്തിനു പ്രചാരണം നല്‌കാന്‍ കേന്ദ്ര ആരോഗ്യവകുപ്പു മുന്നോട്ടുവന്നിരിക്കുന്നു.
സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷിതമായ ഗര്‍ഭഛിദ്രത്തിനു പ്രാധാന്യം നല്‌കുന്ന രീതിയില്‍ കൂടുതല്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നാണു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നു മാത്രമല്ല, സുരക്ഷിത മാര്‍ഗത്തിലൂടെ ഗര്‍ഭഛിദ്രം നടത്തുന്ന സ്‌ത്രീകളുടെ പേരു വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നുള്ള ഉറപ്പും കേന്ദ്രം നല്‌കുന്നുണ്ട്. അവിഹിത ഗര്‍ഭധാരിണികള്‍ക്ക് ഇതില്‍പരം ആശ്വാസം മറ്റെന്താണുള്ളത്? രഹസ്യം കാത്തുസൂക്ഷിക്കാനായി ഒളിച്ചും പാത്തും അപകടമേഖലയിലൂടെ നീങ്ങാതെ തന്നെ ഇനി ഗര്‍ഭം അലസിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ മുന്നിലെത്തിയിരിക്കുന്നു.
നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ ഒരു പദ്ധതിയായിട്ടാണു സുരക്ഷിത ഗര്‍ഭഛിദ്രം ഏറ്റെടുത്തിട്ടുള്ളത്. ഇതിനായി അനേകം സുരക്ഷിത മാര്‍ഗങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുപത്തിനാലുമണിക്കൂറും ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പരിപാടിയാണ് ആസൂത്രണം ചെയ്‌തിട്ടുള്ളത്. തികച്ചും സൗജന്യമായിത്തന്നെ ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കണമെന്നാണു സംസ്ഥാന സര്‍ക്കാരുകളോടു മിഷന്‍ നിര്‍ദേശിച്ചിട്ടുള്ളതും. ഗര്‍ഭഛിദ്രത്തിനു മുമ്പും അതു കഴിഞ്ഞും ഇത്തരം ചെയ്‌തികളുടെ ഗുണദോഷങ്ങള്‍ സ്‌ത്രീകളെ പറഞ്ഞു ധരിപ്പിക്കണമെന്നും മിഷന്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്.
ഇന്ത്യയില്‍ 2008ല്‍ 65 ലക്ഷത്തിലധികം ഗര്‍ഭഛിദ്രങ്ങള്‍ നടന്നതായിട്ടാണു കണക്കാക്കപ്പെടുന്നത്. യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലാകാം. ഇതില്‍ 66 ശതമാനവും സുരക്ഷിതമില്ലാത്ത മാര്‍ഗങ്ങളിലൂടെയാണു നടന്നത്. ഇന്ത്യയില്‍ പ്രസവത്തോടനുബന്ധിച്ചു സംഭവിക്കുന്ന മരണങ്ങളില്‍ പത്തു ശതമാനത്തിലധികവും അവിദഗ്‌ദ ഗര്‍ഭഛിദ്രങ്ങള്‍ വഴിയാണെന്നു നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ ദേശീയ ഡയറക്‌ടര്‍ അനുരാധ ഗുപ്‌ത വെളിപ്പെടുത്തുന്നു. രാജ്യത്തെ ഒരുലക്ഷം ഗര്‍ഭഛിദ്രങ്ങളില്‍ ഇരുന്നൂറിലധികം സ്‌ത്രീകള്‍ മരണത്തെ വരിക്കേണ്ടിവരുന്നുണ്ട്.
ഇന്ത്യയില്‍ ഒന്നേ മുക്കാല്‍ ലക്ഷത്തോളം ഹെല്‍ത്തുസെന്ററുകളാണ് ഇന്നു പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 20000ഓളം സെന്ററുകള്‍ മെച്ചപ്പെട്ടവയാണെന്നു കണ്ടെത്തി അവിടെ 24 മണിക്കൂറും ഗര്‍ഭഛിദ്രത്തിനുള്ള സൗകര്യങ്ങളേര്‍പ്പെടുത്താനാണു മിഷന്‍ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha