പീഡനത്തിന് പ്രായമില്ല, സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരു സുരക്ഷിതത്വവുമില്ലാതെ...
ഇന്ത്യയില്‍ ഓരോ 3 മിനിറ്റിലും ഒരു സ്‌ത്രീ ആക്രമിക്കപ്പെടുന്നുണ്ടന്ന സത്യം നമ്മള്‍ തിരിച്ചറിയണം. ഓരോ 29 മിനിറ്റിലും ഒരു ബലാത്സംഗം നടക്കുന്നുണ്ട്. ഓരോ 25 മിനിറ്റിലും ഒരു മാനഭംഗവും നടക്കുന്നുണ്ട്. ഓരോ 40 മിനിറ്റിലും ഒരു തട്ടിക്കൊണ്ടുപോകല്‍,ഓരോ 77 മിനിറ്റിലും ഒരു സ്‌ത്രീധന പീഡനമരണം, ഓരോ 9 മിനറ്റിലും ഒരു ഭര്‍തൃപീഡനം എന്നിവയും നടക്കുന്നുണ്ട്.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ കഴിഞ്ഞ ഡിസംബറില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ 23 കാരിക്ക് ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതും ജീവനുവേണ്ടി പോരാടി അവസാനം മരണത്തിന് കീഴടങ്ങേണ്ടി വന്നതും വന്‍ ഒച്ചപാടുകള്‍ ഉണ്ടാക്കിയ സംഭവമാണ്. ഇതില്‍ പ്രതിഷേധിച്ച് യുവജനങ്ങള്‍ തെരുവിലിറങ്ങിയതോടെ ഇന്ത്യയിലെ സ്‌ത്രീ സുരക്ഷ വിദേശ മാധ്യമങ്ങളില്‍ പോലും ചര്‍ച്ചാവിഷയമായി. അത് രാജ്യത്തിന്റേയും, ഭരണാധികാരികളുടേയും അഭിമാനത്തിന് ഏല്‍പ്പിച്ച പരിക്ക് ചെറുതൊന്നുമല്ല. പക്ഷെ അതിനുശേഷവും പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടേയുള്ളവര്‍ ഒരോ ദിവസവും പീഡിപ്പിക്കപ്പെട്ടുക്കൊണ്ടിരുന്നു. പല വിദേശ ഏജന്‍സികളും നടത്തിയ സര്‍വേകളില്‍ ലോകത്ത് സ്‌ത്രീകള്‍ക്കുനേരേയുള്ള പീഡനങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ എന്ന് പറയുന്നു.
ഈയൊരവസരത്തിലാണ് നമ്മുടെ നാട്ടിലെ സ്‌ത്രീപീഡന കണക്കുകള്‍ പുറത്തുവരുന്നത്.
കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് 1021 സ്‌ത്രീകള്‍ പീഡനത്തിന് ഇരയായതായി ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കില്‍ പറയുന്നു. പതിനെട്ടുവയസ്സിന് താഴെയുള്ള 462 പേരും ഇതില്‍ ഉള്‍പ്പെടുന്നു. സ്‌ത്രീ സുരക്ഷയെ കുറിച്ച് മുറവിളി കൂട്ടുന്നതിനിടയിലാണ് കേരളത്തില്‍ 2012ല്‍ 1021 പേര്‍ പീഡനത്തിനിരയായതായുള്ള റിപ്പോര്‍ട്ട് വന്നത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേര്‍ മാനഭംഗത്തിനിരയായത്. 98പേരാണ് ഇവിടെ പീഡിപ്പിക്കപ്പെട്ടത്. തൊട്ടു പിന്നാലെ തിരുവനന്തപുരവും(97),കാസര്‍കോടും(89) ഉണ്ട്.
അതീവസുരക്ഷാ സംവിധാനമുള്ള ഡല്‍ഹിയില്‍ പോലും സ്‌ത്രീകള്‍ സുരക്ഷിതരല്ല. അപ്പോള്‍പ്പിന്നെ രാജ്യത്തിന്റെ മറ്റു സ്ഥലങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷ എത്രമാത്രമാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
സ്‌ത്രീകള്‍ പുരുഷന് ഭോഗിക്കാനുള്ള വസ്‌തുവാണെന്ന സമൂഹത്തിന്റെ മനോഭാവമാണ് രാജ്യത്ത് സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം. അതുകൊണ്ടു തന്നെയാണല്ലോ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്‌ത്രീകള്‍ വീട്ടിലിരിക്കേണ്ടവരാണെന്ന് ഒരു ലജ്ജയുമില്ലാതെ പൊതു വേദികളില്‍ പ്രസംഗിച്ചു നടക്കുന്നത്. അവികസിത രാജ്യങ്ങളില്‍ പോലും സ്‌ത്രീകള്‍ക്കെതിരെ ഇത്രയേറെ അതിക്രമങ്ങള്‍ നടക്കുന്നില്ല. എന്നിട്ടും വികസനത്തിലേക്ക് കുതിക്കുന്ന ഇന്ത്യയില്‍ സ്‌ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ചുക്കൊണ്ടിരിക്കുന്നു. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ സ്‌ത്രീ സുരക്ഷക്ക് കാര്യമായ പ്രാധാന്യം നല്‍കാത്തതാണ് സ്‌ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത രാജ്യമായി ഇന്ത്യയെ മാറ്റിയത്.
ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌ത്രീ സുരക്ഷയുടെ ആവശ്യകതയെക്കുറിച്ച് സര്‍ക്കാരുകള്‍ ആലോചിച്ചു തുടങ്ങിക്കഴിഞ്ഞു. അതിനാല്‍ ഈ വനിതാ ദിനത്തോടെ രാജ്യത്തെ സ്‌ത്രീസുരക്ഷയുടെ കാര്യത്തില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടാകട്ടേയെന്ന് നമുക്ക് പ്രത്യാശിക്കാം.
https://www.facebook.com/Malayalivartha