ഷീ ടാക്‌സി കേരളം കടന്ന് വിദേശത്തേക്ക്
സ്ത്രീകളുടെ സുരക്ഷിത യാത്രക്കായി കേരളം ആവിഷ്‌കരിച്ച ഷീ ടാക്‌സികള്‍ ലോകബാങ്കിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നു. നാല് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഷീ ടാക്‌സി മാതൃകയില്‍ ടാക്‌സി സര്‍വീസ് ആരംഭിക്കാനാണ് ലോക ബാങ്ക് ലക്ഷ്യമിടുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് ആവിഷ്‌കരിച്ച പദ്ധതിയാണ് ഷീ ടാക്‌സി. യാത്രാവേളകളില്‍ സ്ത്രീകള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ക്ക് മാത്രമായി ഒരു വാഹനം എന്ന ആശയം നടപ്പിലാക്കിയത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ഷീ ടാക്‌സി സര്‍വീസുള്ളത്. ലോക ബാങ്കിന്റെ ദക്ഷിണേഷ്യാ മേഖലാ സാമൂഹ്യ വികസന മാനേജരായ മരിയ കൊറിയയാണ് പാക്കിസ്ഥാന്‍, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ ഷീ ടാക്‌സിയുടെ പതിപ്പുകള്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ചര്‍ച്ചകള്‍ നടത്താന്‍ ജെന്‍ഡര്‍ പാര്‍ക്ക് സിഇഒ ടി.എം. സുനീഷിനെ അടുത്തയാഴ്ച വിയന്നയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. കേന്ദ്ര നഗരവികസന മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനും ഒപ്പമുണ്ടാകും. സ്ത്രീകള്‍, കുട്ടികള്‍, കുടുംബങ്ങള്‍ എന്നിവര്‍ക്കായാണ് ഷീ ടാക്‌സി ആരംഭിച്ചത്. സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ നേടുന്നതിനുള്ള അവസരവും ഇതുവഴി ലഭിക്കുന്നു.
സ്ത്രീകള്‍ക്കായി സ്ത്രീകള്‍ തന്നെയാണ് പിങ്കും വെള്ളയും നിറത്തിലുള്ള ഷീ ടാക്‌സികള്‍ ഓടിക്കുന്നത്. മൂന്നു നഗരങ്ങളിലായി അമ്പതോളം ടാക്‌സികളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. സ്വയം പ്രതിരോധത്തിനുള്ള പരിശീലനവും െ്രെഡവര്‍മാരായ വനിതകള്‍ക്ക് നല്‍കിയിട്ടുണ്ട്. സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയര്‍, ഫിഗോ, ആള്‍ട്ടോ തുടങ്ങിയ കാറുകളാണ് സര്‍വീസിനുള്ളത്. കാറിന്റെ വിലയുടെ പത്തുശതമാനം അടച്ചാല്‍ വണ്ടി ലഭിക്കും. ബാക്കി 90 ശതമാനം തുകയ്ക്ക് വനിതാ വികസന കോര്‍പറേഷന്‍ ലോണ്‍ അനുവദിക്കുന്നുണ്ട്. ടെക്‌നോപാര്‍ക്കും മാരുതി സുസുക്കിയും റെയ്ന്‍ കണ്‍സേര്‍ട്ട് ടെക്‌നോളജീസും പദ്ധതിയില്‍ സഹകരിക്കുന്നുണ്ട്.
വാഹനത്തില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ മികച്ച സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അപകടം വരുമ്പോള്‍ ഉപയോഗിക്കാന്‍ എമര്‍ജന്‍സി അലേര്‍ട്ട് സംവിധാനം, ജിപിഎസ് പ്രെസിഷന്‍ മീറ്ററിങ് സംവിധാനം എന്നിവയുണ്ട്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇലക്ടോണിക് പെയ്‌മെന്റ് സംവിധാനവും വാഹനത്തിലുണ്ടാവും. യാത്ര പുറപ്പെട്ടു കഴിഞ്ഞാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുംവരെ കണ്‍ട്രോള്‍ റൂമിലെ സ്‌ക്രീനില്‍ യാത്രയുടെ വിവരങ്ങള്‍ തത്സമയം ലഭ്യമാകും. ഷീ ടാക്‌സികള്‍ സ്ത്രീ സുരക്ഷാ യാത്രയ്ക്ക് ഉത്തമ മാതൃകയാണെന്നാണ് ലോകബാങ്ക് വിലിയിരുത്തിയിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha