പറക്കും വീട്ടമ്മ നൂറ്റാണ്ടിലെ ഏറ്റവും മികച്ച വനിതാ താരമായി
1936-ലെ ബര്‍ലിന്‍ ഒളിംപിക്‌സ് രണ്ടു കാര്യങ്ങള്‍ക്കാണ് ഓര്‍മ്മിക്കപ്പെടുന്നത്. ജെസി ഓവന്‍സിന്റെ മാന്ത്രിക പ്രകടനങ്ങളും അഡോള്‍ഫ് ഹിറ്റ്‌ലറുടെ മേല്‍ക്കോയ്മയും. അതുകൊണ്ടുതന്നെ ഹൈജംപിലും 4100 മീറ്റര്‍ റിലേയിലും അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പതിനെട്ടുകാരിയായ ഒരു ഡച്ച് പെണ്‍കുട്ടിയെ ആരും ശ്രദ്ധിച്ചില്ല.
ഫ്രാന്‍സീന കോയന്‍ എന്ന ആ പെണ്‍കുട്ടി മെഡലൊന്നും നേടിയില്ലെങ്കിലും അപൂര്‍വമായ മറ്റൊരു സമ്മാനം അവള്‍ അന്ന് സ്വന്തമാക്കിയിരുന്നു. ബെര്‍ലിന്‍ ഒളിംപിക്‌സിലെ ഹീറോ ജെസി ഓവന്‍സിന്റെ ഓട്ടോഗ്രാഫ്.
ലോകമഹായുദ്ധം മൂലം 1940-ലും 44-ലും ഒളിംപിക്‌സ് നടക്കാത്തതിനാല്‍ അവള്‍ക്ക് മല്‍സരിക്കാന്‍ പിന്നെയും 12 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. ഫാനി പക്ഷെ അപ്പോഴേക്കും രണ്ടുകുട്ടികളുടെ അമ്മയായി മാറിയിരുന്നു. അത്‌ലറ്റും കോച്ചുമായ ജാന്‍ ബ്ലാങ്കേഴ്‌സിനെ വിവാഹം കഴിച്ച് അവര്‍ ഫാനി ബ്ലാങ്കേഴ്‌സ് കോയനായി മാറി.
1948-ലെ ലണ്ടന്‍ ഒളിംപിക്‌സില്‍, 30-ാം വയസ്സില്‍ ഫാനി മത്സരിക്കാനിറങ്ങുമ്പോള്‍ പലഭാഗത്തു നിന്ന് എതിര്‍പ്പുകളുയര്‍ന്നു. വീട്ടില്‍ കുഞ്ഞുങ്ങളെ നോക്കാതെ ഒളിംപിക്‌സിനെത്തിയ ഫാനിയെ എല്ലാവരും പരിഹസിക്കുകയായിരുന്നു.
പക്ഷേ അവരുടെ തീരുമാനം ഉറച്ചതായിരുന്നു.ഭര്‍ത്താവ് ജാന്‍ ബ്ലാങ്കേഴ്‌സ് ഉറച്ച പിന്തുണ നല്‍കി.1948-ലെ ലണ്ടന്‍മേളയില്‍ ഈ ഡച്ച് താരം കൈക്കലാക്കിയത് നാലു തങ്കപ്പതക്കങ്ങളായിരുന്നു. 100 മീ, 200മീ, 80 മീ ഹര്‍ഡില്‍സ്, റിലേഎന്നീ ഇനങ്ങളിലെ വിജയത്തോടെ പറക്കും വീട്ടമ്മ എന്ന വിശേഷണവും അവരുടെ പേരിലായി.
നാല് ഒളിംപിക്‌സ് മെഡലുകള്‍ കൂടാതെ അഞ്ച് യൂറോപ്യന്‍ കിരീടങ്ങളും ഫാനി നേടി. ഇതു കൂടാതെ പന്ത്രണ്ട് ലോക റെക്കോര്‍ഡുകളും അവരുടെ പേരിലായി. 2004 ജനുവരി 25 ന് 85-ാം വയസ്സില്‍ അന്തരിച്ചു. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച വനിതാ താരമായി രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍ ഫാനിയെ തെരഞ്ഞെടുത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha