സ്‌ത്രീസുരക്ഷ; ബസുകളില്‍ സി.സി.ടി.വിയും ഓട്ടോറിക്ഷകളില്‍ ജി.പി.എസും
നിര്‍ഭയ ഫണ്ടിന്റ ഭാഗമായി ബസുകളില്‍ സി.സി.ടി.വിയും ഓട്ടോറിക്ഷകളില്‍ ജി.പി.എസും സ്ഥാപിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശം. സ്‌ത്രീകളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഒരാഴ്‌ചവരെ ദൃശ്യങ്ങള്‍ സൂക്ഷിക്കാവുന്ന സിസിടിവികളാണ് ബസുകളില്‍ സ്ഥാപിക്കുക. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉടന്‍ ധനമന്ത്രാലയത്തിന് കൈമാറുമെന്ന് ഗതാഗത മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇന്നത്തെ സാഹചര്യത്തില്‍ സ്‌ത്രീ സുരക്ഷ പ്രധാന പരിഗണനാ വിഷയമാണ്. പുതിയ നടപടി ഇതിലേക്കുള്ള ആദ്യപടിയാണ്. എല്ലാ ബസുകളിലും സി.സിടി.വി നിര്‍ബന്ധമായും സ്ഥാപിക്കണമെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കി.
ഓട്ടോറിക്ഷകളില്‍ ജി.പി.എസ് സ്ഥാപിക്കണം എന്നതാണ് മറ്റൊരു നിര്‍ദേശം. ഇതുകൂടാതെ വനിതാ ഡ്രൈവര്‍മാരെ പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതലായി കടന്നു വരുന്നതിന് സാഹചര്യം ഒരുക്കാനും നടപടിയുണ്ടാകും.
സ്‌ത്രീകളുടെ ഉന്നമനത്തിനും സുരക്ഷയ്‌ക്കുമായി 1000 കോടിയുടെ നിര്‍ഭയഫണ്ട് ഇക്കഴിഞ്ഞ ബജറ്റിലാണ് പ്രഖ്യാപിച്ചത്. ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ഭയ പദ്ധതിയ്‌ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്.
ഡല്‍ഹിയില്‍ കഴിഞ്ഞ ഡിസംബര്‍ പതിനാറിന് ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിന് ഇരയാവുകയും തുടര്‍ന്ന് ഡിസംബര്‍ 29ന് മരണത്തിന് കീഴടങ്ങുകയും ചെയ്‌ത 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ നിര്‍ഭയ എന്ന സാങ്കല്‍പിക പേരിലാണ് മാധ്യമങ്ങളും സര്‍ക്കാരും പരാമര്‍ശിക്കുന്നത്.
https://www.facebook.com/Malayalivartha