ജോലിസ്ഥലത്ത് വനിതകളെ അധിക്ഷേപിയ്‌ക്കുന്നതിനെതിരെ നിയമപരിരക്ഷ
ജോലിസ്ഥലത്ത് സ്‌ത്രീകളെ ലൈംഗിക അധിക്ഷേപം നടത്തുന്നതിനെതിരെ പ്രതിരോധിക്കാനുള്ള ആക്‌ട് നിലവില്‍ വന്നത് 2013 ഏപ്രില്‍ 23 നാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഉള്ള സ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ചെറുകിടകച്ചവടസ്ഥാപനങ്ങള്‍ എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍പ്പെടും. പ്രസ്‌തുത സ്ഥാപനങ്ങളിലെ സ്ഥിരം ജോലികാര്‍ക്കും, താത്‌ക്കാലിക ജോലികാര്‍ക്കും മാത്രമല്ല വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ വരുന്ന വനിതകള്‍, വീടുകളില്‍ സഹായത്തിനു നില്‍ക്കുന്ന വനിതകള്‍ എന്നിവര്‍ക്കെല്ലാം ഈ നിയമത്തിന്റെ സംരക്ഷണം ലഭ്യമാണ്. ലൈംഗികാധിക്ഷേപത്തിന്റെ പരിധിയില്‍ വരുന്ന പെരുമാറ്റങ്ങള്‍ താഴെ കൊടുക്കുന്നു.
1. ലൈംഗികാവശ്യങ്ങളുമായി ബന്ധപ്പെട്ട ഉദ്ദ്യേശങ്ങളോടെ ശരീരത്തോട് അടുത്തുചെല്ലാന്‍ ശ്രമം നടത്തുകയോ, എത്തുകയോ ചെയ്യുക.
2. ലൈംഗികതയുമായി ബന്ധമുള്ള പ്രവര്‍ത്തികള്‍ പ്രത്യുപകാരമായി ആവശ്യപ്പെടുക
3. ലൈംഗികത കലര്‍ന്ന പരാമര്‍ശങ്ങള്‍ നടത്തുക
4. ലൈംഗികതാ പ്രദര്‍ശനം
5. ലൈംഗികച്ചുയുള്ള വാക്കോ നോട്ടമോ പ്രവൃത്തിയോ
ലൈംഗികാധിക്ഷേപം നടത്തിയതായി കരുതാവുന്ന ചുറ്റുപാടുകളേയും ഈ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗികാവശ്യങ്ങള്‍ സാധിച്ചു കൊടുത്താല്‍ പകരമായി ജോലിയില്‍ മുന്തിയ പരിഗണന നല്‍കാം എന്നു വാഗ്‌ദാനം ചെയ്യല്‍, ഇപ്പോഴത്തേയോ ഭാവിയിലെയോ തൊഴില്‍ സ്റ്റാറ്റസിനെ കുറിച്ച് ഭീഷണിപ്പെടുത്തല്‍, ജോലികാര്യങ്ങളിലുള്ള അനാവശ്യമായ ഇടപെടലുകള്‍, ജോലി സ്ഥലത്ത് അസ്വസ്ഥത സൃഷ്‌ടിക്കല്‍, നിന്ദിക്കല്‍, ജോലി ചെയ്യുന്ന വ്യക്തിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്‌ക്കുന്ന തരത്തില്‍ ജോലി ചെയ്യിക്കുക എന്നിവ എല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥരും, മറ്റു സ്ഥാപനങ്ങളില്‍ തൊഴിലുടമകളും, ജോലിസ്ഥലത്ത് ഒരു ഇന്റേണല്‍ കംപ്ലെയിന്‍സ് കമ്മറ്റി രൂപവത്‌ക്കരിക്കണമെന്നാണ് ഈ നിയമം അനുശാസിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ ബ്രാഞ്ചുകളുള്ള സ്ഥാപനമാണെങ്കില്‍ ഓരോ ബ്രാഞ്ചിലും ഇത്തരം കമ്മറ്റികള്‍ ഉണ്ടായിരിക്കണം. കമ്മറ്റിയില്‍ ഒരു പ്രിസൈഡിംഗ് ഓഫീസര്‍ ഉണ്ടാവണം. സീനിയറായ വനിതാ ഉദ്യോഗസ്ഥയായിരിക്കണം പ്രിസൈഡിംഗ് ഓഫീസര്‍ എന്നു നിയമം വ്യവസ്ഥ ചെയ്യുന്നു. വനിതകളുടെ സാമൂഹികവും വ്യക്തിപരവുമായ പ്രശ്‌നങ്ങളോട് ഇടപെട്ട് മുന്‍പരിചയമുള്ള രണ്ടു സ്റ്റാഫംഗങ്ങള്‍, സര്‍ക്കാരിതര സംഘടനകളിലേയോ, അസോസിയേഷനില്‍ നിന്നുള്ളതോ ആയ ഒരംഗം എന്നിങ്ങനെയുള്ളവരെ ചേര്‍ത്താണ് കമ്മറ്റി രൂപവത്‌ക്കരിക്കേണ്ടത്. കമ്മറ്റിയിലെ പകുതി അംഗങ്ങള്‍ സ്‌ത്രീകളായിരിക്കണം എന്നുണ്ട്. അംഗങ്ങളുടെ കാലാവധി മൂന്നു വര്‍ഷമാണ്.
പത്തുപേരില്‍ കുറഞ്ഞ സ്റ്റാഫംഗങ്ങളുളള സ്ഥാപനങ്ങളില്‍ ഇന്റേണല്‍ കംപ്ലെയിന്‍സ് കമ്മറ്റി ഉണ്ടാകാറില്ല. അത്തരം സ്ഥാപനങ്ങളിലെ വനിതകളുടെ പ്രശ്‌നങ്ങള്‍, തൊഴിലുടമയ്‌ക്കെതിരെയുള്ള പരാതികള്‍ എന്നിവ പരിഹരിക്കുന്നതിന് ലോക്കല്‍ കംപ്ലയിന്‍സ് കമ്മറ്റി രൂപവത്‌ക്കരിക്കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നു. ലോക്കല്‍ കമ്മറ്റി അംഗങ്ങളില്‍ ഭൂരിപക്ഷം പേരും വനിതകളായിരിക്കണമെന്നും, അതില്‍ ഒരു വനിതയെങ്കിലും എസ് സി/എസ്‌ടി/ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ളതായിരിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
ഏതെങ്കിലും സ്ഥാപനത്തിലെ ജീവനക്കാരനെതിരേയാണ് പരാതി എങ്കില്‍ സര്‍വ്വീസ് ചട്ടങ്ങള്‍ക്കനുസൃതമായാണ് ലോക്കല്‍ കമ്മറ്റി അന്വേഷണം നടത്തേണ്ടത്. വീട്ടുജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ നിന്നുള്ള പരാതികള്‍ ലോക്കല്‍ കംപ്ലയിന്‍സ് കമ്മറ്റി, പോലീസിനെയാണ് ഏല്‍പ്പിക്കേണ്ടത്. ഈ കമ്മറ്റിയ്‌ക്ക് സിവില്‍ കോടതിയുടേതിന് സമാനമായ അധികാരങ്ങളുണ്ട്. വാറണ്ട് പുറപ്പെടുവിക്കുവാനുളള അധികാരവും കമ്മറ്റിയ്‌ക്കുണ്ട്. കുറ്റാരോപിതനില്‍ നിന്നും നഷ്‌ടപരിഹാരത്തുക വസൂലാക്കാനും അനുസരിച്ചില്ലെങ്കില്‍ സ്വത്ത് ജപ്‌തി ചെയ്യുവാനും ഈ കമ്മറ്റിയ്‌ക്ക് സാധ്യമാകും. ഈ കമ്മറ്റിയുടെ ശുപാര്‍ശകള്‍ 60 ദിവസത്തിനുള്ളില്‍ നടപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്.
തൊഴിലുടമയുടെ ഉത്തരവാദിത്തങ്ങള്‍
സുരക്ഷിതമായ തൊഴില്‍ സാഹചര്യം സൃഷ്‌ടിക്കുക എന്നത് തൊഴിലുടമയുടെ കര്‍ത്തവ്യം ആണ്. വിവിധ ആവശ്യങ്ങള്‍ക്കായി ജോലി സ്ഥലത്തേക്ക് കടന്നു വരുന്നവരില്‍ നിന്നുള്ള സുരക്ഷയും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്റേണല്‍ കംപ്ലയിന്‍സ് കമ്മറ്റി രൂപവത്‌ക്കരിച്ചതായുള്ള ഓര്‍ഡര്‍, ഓഫീസില്‍ പെട്ടെന്ന് ശ്രദ്ധ പതിയുന്ന സ്ഥലത്ത് പ്രദര്‍ശിപ്പിച്ചിരിക്കണം. ലൈംഗികാധിക്ഷേപം നടത്തിയാലുള്ള പരിണിതഫലങ്ങളും അതില്‍ വ്യക്തമാക്കിയിരിക്കണം.
കുറ്റാരോപിതന്‍ പ്രസ്‌തുത സ്ഥാപനത്തിലെ ജീവനക്കാരന്‍ അല്ലെങ്കിലും, പരാതിക്കാരി പോലീസില്‍ പരാതിപ്പെടാനാണ് താല്‍പര്യം കാണിക്കുന്നതെങ്കിലും തൊഴിലുടമ അതിനു മതിയായ സഹായം ചെയ്‌തു കൊടുക്കണം. തൊഴിലുടമകളിലാരെങ്കിലും ഈ ആക്‌ടിന്റെ ഏതെങ്കിലും ക്ലോസുകള്‍ പ്രമാണിക്കുന്നില്ലെങ്കില്‍ 50,000 രൂപ വരെ പിഴ ശിക്ഷ ലഭിക്കാവുന്നതാണ്. സ്ഥാപനം നടത്തുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കാനും വ്യവസ്ഥയുണ്ട്.
https://www.facebook.com/Malayalivartha