നോട്ടം കാലിലേയ്ക്ക്... അറിയാം സ്വഭാവങ്ങൾ
ഹസ്തരേഖാശാസ്ത്രം പോലെ തന്നെ ഭാരതത്തിലും ചൈനയിലും വർഷങ്ങൾക്കു മുൻപേ പ്രചാരത്തിലുണ്ട് 'കാൽ നോട്ടവും'. ഒരു വ്യക്തികളുടെ കാല് നോക്കിയും സ്വഭാവം നിര്‍ണയിക്കാൻ സാധിക്കും.
തള്ളവിരൽ മറ്റു വിരലുകളെക്കാൾ നീളമുണ്ടെങ്കിൽ ഉത്സാഹഭരിതരും ഭാവനാശാലികളുമായിരിക്കും ഇവർ. ഏതു പ്രശ്നത്തിനും ഇവരുടെ അടുത്ത് ഉടനടി പരിഹാരം ഉണ്ടാകും. സർഗ്ഗാത്മക കഴിവുകളാൽ സമ്പന്നരുമായിരിക്കും. വസ്തുതകൾ പല വീക്ഷണകോണിലൂടെ നോക്കി കാണാൻ ഇവർക്ക് കഴിയും. ഇനി തള്ളവിരൽ മറ്റ് വിരലുകളെക്കാൾ ചെറുതാണെങ്കിൽ ഒരേ സമയത്ത് പലകാര്യങ്ങൾ ചെയ്യാൻ കഴിയുന്നവരാണ്. കാര്യപ്രാപ്തിയുള്ളവരാണ്. പുതിയ ആശയങ്ങൾക്കൊണ്ട് മറ്റുള്ളവരെ കീഴടക്കാൻ പ്രാപ്തിയുള്ളവരാണ്.
കാലിലെ രണ്ടാമത്തെ വിരൽ നീളം കൂടിയതാണെങ്കിൽ മറ്റുള്ളവരെ നയിക്കാൻ മിടുക്കരാണ്. ഉത്സാഹഭരിതരും ഭാവനാസമ്പന്നരുമായ ഇവർ നേതൃസ്ഥാനം അലങ്കരിക്കും. കാലിലെ രണ്ടാമത്തെ വിരലിന് നീളം കുറഞ്ഞാൽ ഇവരെ എളുപ്പത്തിൽ സ്വാധീനിക്കാൻ സാധിക്കും. സമാധാനം ആഗ്രഹിക്കുന്നവരാണവർ.വ്യക്തമായ നിലപാടിൽ ഉറച്ചുനില്‍ക്കാൻ ബുദ്ധിമുട്ടുള്ളവരായിരിക്കും ഇത്തരക്കാർ.
കാൽപാദത്തിൽ മൂന്നാമത്തെ വിരലിന് മറ്റുവിരലുകളെ അപേക്ഷിച്ച് നീളം കൂടിയിരുന്നാൽ ജോലിയിൽ സാമർത്ഥ്യമുള്ളവരായിരിക്കും. ഉറച്ച തീരുമാനവും ഉത്സാഹവും ഇവരുടെ ആഗ്രഹങ്ങളെ സഫലമാക്കും. ജോലിയോടുള്ള ആത്മാർത്ഥത കൊണ്ട് വീടും മറ്റ് സന്തോഷങ്ങളും ആഘോഷിക്കാത്തവരായിരിക്കും.മൂന്നാമത്തെ വിരലിന് നീളം കുറഞ്ഞിരിക്കുന്നവർ ജീവിതം ആസ്വദിക്കുന്നവരായിരിക്കും. ഇടവേളകൾ ആസ്വദിക്കുവാൻ ഇഷ്ടപ്പെടുന്നവരായിരിക്കും.
കാൽപാദത്തിലെ നാലാമത്തെ വിരലിന് മറ്റു വിരലിനെക്കാൾ നീളക്കൂടുതലുണ്ടെങ്കിൽ കുടുംബത്തിന് പ്രാധാന്യം കൊടുക്കുന്നവരായിരിക്കും. ഈ വിരൽ ചുരുണ്ടുകൂടിയിരുന്നാൽ ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കില്ല. നല്ല കേൾവിക്കാരാണിവർ. മറ്റുള്ളവരുടെ പ്രശ്നങ്ങൾ ഇവരെ അലട്ടിക്കൊണ്ടിരിക്കും. നാലാമത്തെ വിരൽ മറ്റു വിരലുകളെക്കാൾ ചെറുതായാൽ കുടുംബത്തിനോ ബന്ധങ്ങൾക്കോ വില കൽപ്പിക്കാത്തവരായിരിക്കും. മറ്റെന്തെങ്കിലും ലക്ഷ്യം വച്ചുള്ള ജീവിതമായിരിക്കും ഇവരുടേത്. വ്യക്തി ജീവിതത്തിൽ ഇപ്പോഴും പ്രശ്നങ്ങളെ നേരിടേണ്ടിയും വരും.
ചെറുവിരൽ നാലാമത്തെ വിരലിൽ നിന്ന് മാറി കാണപ്പെട്ടാൽ ആവേശമുള്ളവരും സാഹസപ്രവർത്തനങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നവരുമായിരിക്കും.ചെറുവിരൽ നാലാമത്തെ വിരലിനോടു ചേർന്നിരുന്നാൽ ഇവർ വിശ്വസ്തരും കൃത്യനിഷ്ഠയുള്ളവരുമായിരിക്കും. വലിയ ചെറുവിരലുള്ളവർ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ വിമുഖത ഉള്ളവരായിരിക്കും.
വളഞ്ഞകാൽ വിരലുകൾ ഉള്ളവർ സ്വയം പ്രാപ്തിയുള്ളവരും സാമ്പത്തികമായി സ്വതന്ത്രരുമായിരിക്കും. വിപ്ലവകാരികളായിരിക്കും. ചെറിയ വളവുള്ള വിരലുകൾ ഉള്ളവർ സൗഹൃദങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. മറ്റുള്ള വരെ സന്തോഷിപ്പിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു.
ആരോഹണക്രമത്തിലാണ് കാൽ വിരലുകളെങ്കിൽ വളരെ പ്രായോഗികതയുള്ള വ്യക്തിയായിരിക്കും. തുടങ്ങിവച്ചത് പൂർത്തീകരിക്കുന്നവരായിരിക്കും. കൃത്യനിഷ്ഠയുള്ള ജോലിക്കാരും ആത്മാർത്ഥതയുള്ള സുഹൃത്തുക്കളുമായിരിക്കും.
പരന്ന പാദമുള്ളവർ അധ്വാനശീലരായിരിക്കും. കൂടുതൽ തിരക്കുള്ളതിൽ സന്തോഷം കണ്ടെത്തുന്നവരാണിവർ. തിരക്കിഷ്ടപ്പെടുമെങ്കിലും സമാധാനമായി ജീവിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.
നീണ്ടുമെലിഞ്ഞ പാദങ്ങളുള്ളവർ അലസരായി ജീവിക്കുന്നവരാണ്. പക്ഷേ മികച്ച സൗന്ദര്യബോധമുള്ളവരാണിവർ. എത്ര താഴ്ന്ന വരുമാനമുള്ളവരായാലും ഇവരുടെ ഭവനം സുന്ദരമായിരിക്കും.
https://www.facebook.com/Malayalivartha