ചര്‍മ്മ സൗന്ദര്യത്തിനു തക്കാളി ഉത്തമം
തക്കാളിക്കു പോഷകഗുണമേറെ. പക്ഷേ, വിപണിയില്‍ നിന്നു വാങ്ങുന്ന തക്കാളിയില്‍ കീടനാശിനികളുടെ പൂരമാണെന്ന് അടുത്തിടെ വാര്‍ത്തകളില്‍ വന്നത് ഓര്‍ക്കുന്നുണ്ടാകുമല്ലോ. കീടനാശിനികളിലെ
മാരകവിഷം കാന്‍സറിനുവരെ ഇടയാക്കുന്നതായി പഠനങ്ങള്‍ പറയുന്നു. അപ്പോള്‍ തക്കാളിക്കറി കൂട്ടാന്‍ സുരക്ഷിത വഴിയില്ലേ,? വീട്ടുമുറ്റത്തോ മട്ടുപ്പാവിലോ തക്കാളികൃഷി തുടങ്ങിയാല്‍ ശുദ്ധമായ തക്കാളിപ്പഴം അടുക്കളയിലെത്തും. വിപണിയില്‍ നിന്നു വാങ്ങിയ തക്കാളി പുളിവെളളത്തിലോ കാര്‍ഷിക സര്‍വകലാശാലയുടെ വെജിവാഷിലോ നിശ്ചിത സമയം സൂക്ഷിച്ച ശേഷം ശുദ്ധജലത്തില്‍ പലതവണ കഴകിയെടുത്തതിനുശേഷമേ പാകം ചെയ്യാന്‍ എടുക്കാവൂ. അങ്ങനെ ചെയ്താല്‍ കീടനാശിനികളുടെ സാന്നിധ്യം ഒരു പരിധിവരെ കുറയ്ക്കാം
തക്കാളി പച്ചയ്ക്കും പഴമായും ഉപയോഗിക്കാം. വിറ്റാമിന്‍ എ, സി, കെ, ഫോളേറ്റുകള്‍, പൊട്ടാസ്യം, തയമിന്‍, നിയാസില്‍, വിറ്റാമിന്‍ ബി6, മഗ്‌നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങി ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത നിരവധി പോഷകങ്ങള്‍ തക്കാളിയിലുണ്ട്. തക്കാളിക്ക് എടുത്തുപറയേണ്ട ചില മേന്മകളുണ്ട്. അവയില്‍ സോഡിയം, സാച്ചുറേറ്റഡ് ഫാറ്റ്, കൊളസ്‌ട്രോള്‍, കലോറി എന്നിവ കുറവാണ്. സാലഡില്‍ ചേര്‍ക്കാം. ബ്രഡുമായി ചേര്‍ത്ത് സാന്‍ഡ്‌വിച്ച് തയാറാക്കി കുട്ടികള്‍ക്കു നല്കാം. സൂപ്പാക്കി കഴിക്കാം. തക്കാളിസോസുകളും ഗുണപ്രദം.
തക്കാളി ആഹാരക്രമത്തില്‍ പതിവാക്കിയാല്‍ ചര്‍മം സുന്ദരമാകും. അതിലുളള ലൈകോപീന്‍ എന്ന ആന്റിഓക്‌സിഡന്റാണ് സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നു ചര്‍മം സംരക്ഷിക്കുന്നത്. മുഖത്തു വരകളും ചുളിവുകളും വീഴുന്നതു തടയുന്നു. ചര്‍മത്തിലുണ്ടാകുന്ന വിളളലുകള്‍, കുരുക്കള്‍, ചെറിയ പൊളളലുകള്‍ എന്നിവയുടെ ചികിത്സയ്ക്കും തക്കാളി ഗുണപ്രദം. തക്കാളി കുഴമ്പാക്കി പുരട്ടിയാല്‍ ചര്‍മത്തിന്റെ തിളക്കം കൂടുമത്രേ.
തക്കാളി ശീലമാക്കിയാല്‍ കാഴ്ചശക്തി മെച്ചപ്പെടുത്താം. അതിലുളള വിറ്റാമിന്‍ എയും സിയുമാണ് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നത്. നിശാന്ധത തടയുന്നതിനും സഹായകം. തക്കാളിയിലെ വിറ്റാമിന്‍ എ മാകുലാര്‍ ഡീജനറേഷനില്‍ നിന്നു കണ്ണുകളെ സംരക്ഷിക്കുന്നതായി അടുത്തകാലത്തുവന്ന ഒരു പഠനം പറയുന്നു. തിമിരസാധ്യത കുറയ്ക്കുന്നതിനും തക്കാളി ഗുണപ്രദം. അതിലുളള ഫൈറ്റോ കെമിക്കല്‍ ആന്റി ഓക്‌സിഡന്റുകളായ ല്യൂട്ടിന്‍, സീസാന്തിന്‍ എന്നീ ആന്റി ഓക്‌സിഡന്റുകളും കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമം.
https://www.facebook.com/Malayalivartha