കരയുന്ന കുട്ടിയെ ഭക്ഷണം കൊടുത്ത് സമാധാനിപ്പിക്കരുത്
കുട്ടികള്‍ കരഞ്ഞാല്‍ ഇഷ്ടമുള്ള ഭക്ഷണം കൊടുത്ത് സമാധാനിപ്പിക്കുക എന്നത് പൊതുവെ തുടരുന്ന രീതിയാണ്. കരയാതിരുന്നാല്‍ ഇന്ന ഭക്ഷണം വാങ്ങി തരാമെന്ന വാഗ്ദാനങ്ങളും ഇതില്‍ പെടും. ഈ രീതി കുട്ടിക്ക് ആരോഗ്യകരമല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരം കുട്ടികള്‍ തടിയന്‍മാരാകാനുള്ള സാദ്ധ്യത ഏറെയാണ്. ഇതിന് കാരണമാകുന്നതാകട്ടെ ചെറിയ പ്രശ്നങ്ങളോ സങ്കടമോ വന്നാല്‍ അത് മറികടക്കാന്‍ ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിക്കഴിക്കുന്ന ശീലവും.
3 വയസ്സിന് താഴെയുള്ള കുട്ടികള്‍ കരയുകയോ പിണങ്ങുകയോ ചെയ്താല്‍ അവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കണമെന്നാണ് ബഫല്ലോ സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത്. ഇതിനായി കുട്ടികളെ കളിപ്പിക്കുകയോ, കൊഞ്ചിക്കുകയോ, പുറത്ത് കൊണ്ട് പോവുകയോ ആകാം. ഭക്ഷണം കൊടുത്ത് സമാധാനിപ്പിക്കുന്നത് ഭാവിയില്‍ പൊണ്ണത്തടിക്ക് കാരണമായേക്കാമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.
സമാധാനിപ്പിക്കാനായി പുറത്ത് കൊണ്ട് പോകുന്ന രീതിയാണ് ഏറ്റവും അഭികാമ്യമെന്ന് പഠനം പറയുന്നു. കാരണം ഇത് ഏത് പ്രതിന്ധിഘട്ടത്തെയും നേരിടാനുള്ള കഴിവ് കുട്ടികള്‍ക്ക് നല്‍കുന്നു. ഇത് മുതിര്‍ന്ന ശേഷം ആത്മഹത്യാ പ്രവണത ഉണ്ടാകുന്നതുള്‍പ്പടെ ഒഴിവാക്കും. 9 മാസം മുതല്‍ 3 വയസു വരെയുള്ള കുട്ടികളില്‍ നടത്തിയ പഠനത്തിന് ശേഷമാണ് ബഫല്ലോ സര്‍വ്വകലാശാല ഈ കണ്ടെത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
കുട്ടികള്‍ കരഞ്ഞാല്‍ അച്ഛനമ്മമാര്‍ അവരെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നത് കുട്ടികള്‍ക്ക് മാനസിക ധൈര്യം നല്‍കും. ആശ്വാസം കിട്ടുന്നത് വരെ അവരോടൊപ്പം സമയം ചിലവഴിക്കുന്നതും കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കാന്‍ ഉപകരിക്കും. അതേസമയം അനാവശ്യ വാശികളെ പ്രോത്സാഹിപ്പിക്കരുതെന്ന മുന്നറിയിപ്പും പഠനം നല്‍കുന്നുണ്ട്. ആവശ്യമുള്ള കാര്യങ്ങളും അനാവശ്യ വാശിയും വേര്‍തിരിച്ച് വേണം രക്ഷിതാക്കള്‍ കാണാന്‍. അനാവശ്യ വാശി പ്രോത്സാഹിപ്പിച്ചാല്‍ കുട്ടികള്‍ മുതിരുമ്പോള്‍ അക്രമാസക്തരാകാനുള്ള സാദ്ധ്യത വര്‍ദ്ധിക്കും.
https://www.facebook.com/Malayalivartha