മാമ്പഴം കൊണ്ട് കണ്ണ് നനയിച്ച കവി
ജീവിതത്തിന്റെയും മനുഷ്യപുരോഗതിയുടെയും സങ്കീര്‍ത്തനകാരനായിരുന്നു വൈലോപ്പിള്ളി. കേരളീയാനുഭവങ്ങളുടെ ആഴവും സങ്കീര്‍ണതയും പ്രതിഫലിപ്പിക്കുന്നവയാണു വൈലോപ്പിള്ളിക്കവിതകള്‍. ശാസ്‌ത്രബോധവും യുക്തിവിചാരവും പുരോഗമനപരതയും അദ്ദേഹത്തിനു കാവ്യഹേതുക്കളായി.
ഒരു പരുക്കന്‍ നാട്ടിന്‍പുറത്തുകാരന്റെ ഭാവഹാവങ്ങളുള്ള കവിയുടെ രചനകളിലും അതു വായനക്കാര്‍ക്കു തൊട്ടറിയാന്‍ കഴിയുമായിരുന്നു. ചുറ്റുപാടുകളിലേക്കു തുറന്നുവച്ച കണ്ണും കാതും ഒപ്പിയെടുത്ത ചെറുചലനങ്ങള്‍ പോലും സൂക്ഷ്‌മതയോടെ അക്ഷരങ്ങളിലേക്കു പകര്‍ത്താന്‍ ദത്തശ്രദ്ധനായിരുന്നു അദ്ദേഹം.
സ്വന്തം പ്രശ്‌നങ്ങളും വേദനകളും ഉള്ളിലൊതുക്കി ശരിയെന്നു തോന്നുന്നവയ്‌ക്കു വേണ്ടി നിലകൊള്ളാന്‍ ആര്‍ജവം കാട്ടിയ വ്യക്തിത്വമായിരുന്നു കവിയുടേത്. ``പറഞ്ഞു പോകരിതു മറ്റൊന്നിന്റെ പകര്‍പ്പാണെന്നു മാത്രം'' എന്നെഴുതിയ ഇടശ്ശേരിയുടെ നിലപാടു തന്നെയാണ്, ``പുഞ്ചിരി! ഹാ കുലീനമാം കള്ളം, നെഞ്ചു കീറി ഞാന്‍ നേരിനെക്കാട്ടാം'' എന്ന വൈലോപ്പിള്ളിയുടെ പ്രഖ്യാപനത്തിലും നിഴലിക്കുന്നത്.
മാമ്പഴമെന്ന കൊച്ചുകവിതയിലൂടെ മലയാളികളുടെ മുഴുവന്‍ കണ്ണുനനയിച്ച കവിയാണു വൈലോപ്പള്ളി. ഔചിത്യമില്ലാത്ത ഒരു വാക്കുപോലുമില്ല അദ്ദേഹത്തിന്റെ `കാച്ചിക്കുറുക്കിയ' കവിതയില്‍.
ഓരോ വരിയും സൗന്ദര്യത്തികവാര്‍ന്നതാണ.് ഒപ്പം ലക്ഷ്യവേദിയായ ശരം പോലെ അനുവാചക ഹൃദയങ്ങളില്‍ ആഞ്ഞുതറയ്‌ക്കുന്നവയും.
ജീവിതത്തിന്റെ പൊള്ളയായ കെട്ടുകാഴ്‌ചകളില്‍ അശേഷം ഭ്രമിക്കാത്തവനായിരുന്നു കവി. ഒറ്റ മുണ്ടും പരുക്കന്‍ കുപ്പായവും കൊണ്ടു തൃപ്‌തിപ്പെടുന്നയാള്‍. വിട്ടുവീഴ്‌ച ഒട്ടുമില്ല. ആരോടും. ഭാര്യയോടായാല്‍ പോലും. ആരെയും ആശ്രയിക്കില്ല.
തന്റെ കാര്യം നോക്കാന്‍ തനിക്കറിയാം. തനിക്കുവേണ്ടതു കയ്‌പക്ക കൊണ്ടാട്ടവും മാമ്പഴ പുളിശ്ശേരിയും. അതു രണ്ടും താന്‍ തന്നെ വച്ചുണ്ടാക്കുകയും ചെയ്യും. പറയുന്നതു പാലിക്കുന്നവനാണു കവി.
സ്ഥാനമാനങ്ങള്‍ വേണ്ടത്ര നേടി. സമസ്‌ത കേരള സാഹിത്യ പരിഷത്ത് അധ്യക്ഷനായിരുന്നു, പത്തുവര്‍ഷത്തിലധികം. ദേശീയ കവി സമ്മേളനങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ചു പലതവണ.
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആദ്യത്തെ അധ്യക്ഷനായിരുന്നു. 1981ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്‌ടാംഗത്വം ലഭിച്ചു.
കന്നിക്കൊയ്‌ത്ത്, ശ്രീരേഖ, ഓണപ്പാട്ടുകള്‍, മകരക്കൊയ്‌ത്ത്, കുടിയൊഴിക്കല്‍..... കവി കൈരളിക്കു സമ്മാനിച്ച അമൂല്യരത്‌നങ്ങള്‍ കുറച്ചൊന്നുമല്ല. ഒടുവില്‍ ആത്മകഥയായ കാവ്യലോകസ്‌മരണകളും.
1911 മെയ് 11ന് ആരംഭിച്ച കവിയുടെ ജീവിതയാത്ര 1985 ഡിസംബര്‍ 22ന് അവസാനിച്ചു.
സച്ചിദാനന്ദന്റെ അന്ത്യപ്രണാമം നമുക്ക് ഓര്‍മിക്കാം.
``പെരുമാളിവന്‍, നേരാം
വാക്കിനും വടക്കിനും
ഇവനു പ്രിയമേറ്റം
കലികാലത്തില്‍ തോറ്റം.''
നിളാതീരത്ത് അന്ത്യവിശ്രമം കൊള്ളുന്ന ഒറ്റയാനു പ്രണാമം.
https://www.facebook.com/Malayalivartha