ആധുനിക പത്രപ്രവര്‍ത്തനവും വെല്ലുവിളികളും
റൈറ്റിംഗ് പാഡും പേനയും ടെലഫോണുമുണ്ടെങ്കില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ പത്രപ്രവര്‍ത്തനം വര്‍ണശബളം. ഒരു ടൈപ്പ് റൈറ്റര്‍ കൂടിയുണ്ടെങ്കില്‍ ഫൈവ്‌സ്റ്റാര്‍ ജേര്‍ണലിസം.
പക്ഷേ, പുതിയ സഹസ്രാബ്‌ദത്തില്‍ ലാപ് ടോപും സാറ്റലൈറ്റ് ടെലഫോണും ഇന്റര്‍നെറ്റും ജിയോഗ്രാഫിക് പൊസിഷനിംഗ് സിസ്റ്റവും ഡിജിറ്റല്‍ കാമറയും മറ്റും പത്രപ്രവര്‍ത്തകന്റെ സന്തതസഹചാരികളായി മാറിയിരിക്കുന്നു. മേശപ്പുറത്തിരിക്കുന്ന കമ്പ്യൂട്ടറിലൂടെ വിരലോടിച്ച് അച്ചടി വിപ്ലവത്തിന്റെ വര്‍ണപ്പൂക്കള്‍ മാത്രമല്ല ഇന്നു പത്രപ്രവര്‍ത്തകര്‍ വിരിയിക്കുന്നത്. മറിച്ചു വാര്‍ത്തയുടെ ശേഖരണവും എഴുത്തും ഗവേഷണവും സംസ്‌കരണവും വിന്യാസവുമൊക്കെ കമ്പ്യൂട്ടറില്‍ തന്നെ.
കമ്പ്യൂട്ടര്‍ അസിസ്റ്റഡ് റിപ്പോര്‍ട്ടിംഗ് അതായതു സി.എ.ആര്‍. റിപ്പോര്‍ട്ടിംഗു വഴി പ്രിസിഷന്‍ ജേര്‍ണലിസത്തിനു പ്രസക്തിയേറി. വിവരസാങ്കേതിക വിദ്യയുടെ അപാരസാധ്യതകള്‍ ഉപയോഗിച്ചു റഫറന്‍സ് എളുപ്പമായതോടെ വ്യക്തവും കൃത്യവുമായ പത്രപ്രവര്‍ത്തനം പുതിയ സഹസ്രാബ്‌ദത്തിന്റെ മുഖമുദ്രയായി മാറുകയാണ്. പക്ഷേ, വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ഊതിക്കാച്ചിയെടുക്കുന്ന സ്രോതസ്സുകളില്‍ വ്യാജത്തിന്റെ ലഹരി പടരുന്നുണ്ടെന്നുള്ളത് ആശങ്കാജനകവും. അതത്രേ, പുതിയ സഹസ്രാബ്‌ദത്തിലെ മാധ്യമങ്ങളുടെ പ്രധാന വെല്ലുവിളിയും.
പുതിയ സഹസ്രാബ്‌ദത്തില്‍ മാധ്യമരംഗത്തെ ഏറ്റവും വലിയ വെല്ലുവിളി കമ്പ്യൂട്ടറില്‍ നിന്നാണ്. കമ്പ്യൂട്ടര്‍ ശൃംഖല വഴിയുള്ള വിജ്ഞാന വിപണന പ്രക്രിയയായ ഇന്റര്‍നെറ്റിനെ ആശ്രയിക്കാതെ പത്രപ്രവര്‍ത്തനം അസാധ്യമാണ്.
വിവരസാങ്കേതികവിദ്യയുടെ ചെപ്പിലൂടെ ഒഴുകിപ്പറക്കുന്ന വിജ്ഞാനശേഖരണ പ്രക്രിയ വമ്പിച്ച അട്ടിമറിയുടെ പിടിയിലകപ്പെട്ടിരിക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, ഇന്റര്‍നെറ്റിനെ ആശ്രയിച്ചാണ് ഇന്നത്തെ പത്രപ്രവര്‍ത്തനം. പക്ഷേ, ഇന്റര്‍നെറ്റിലൂടെ വരുന്ന വിജ്ഞാനശകലങ്ങളെ കണ്ണടച്ചു വിശ്വസിക്കാനാവുമെന്നു തോന്നുന്നില്ല. കുറുക്കന്റെ ബുദ്ധിയുള്ള ശാസ്‌ത്രജ്ഞന്മാര്‍ക്കോ ഭരണാധികാരികള്‍ക്കോ ചരിത്രം തിരുത്തിക്കുറിക്കാനുള്ള അവസരം ഇന്നു വളരെയാണ്. വിഭ്രമ മനസ്‌കനായ ഒരാള്‍ വിചാരിച്ചാലും വിവരത്തെ വിവരദോഷമാക്കി മാറ്റാനാവും.
ആനയെ കൂനയാക്കാനും കൂനയെ ആനയാക്കാനുമുള്ള കഴിവാണല്ലൊ ഇത്തരം പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനഘടകം. ശൂന്യതയില്‍ നിന്നും അത്ഭുതങ്ങള്‍ ഉളവാക്കാമെന്നര്‍ത്ഥം. അഥവാ പുകഴ്‌ത്തിയും ഇകഴ്‌ത്തിയും ഇരയെ വെളിച്ചത്തിന്റെ ഉച്ചകോടിയിലേക്കും ഇരുട്ടിന്റെ ഉള്ളറയിലേക്കും തള്ളിവിടാമെന്നു സാരം.
മണ്ടന്‍ എഴുത്തുകാരനെ `ഗമണ്ടന്‍' സാഹിത്യകാരനായി ഉയര്‍ത്തിക്കാട്ടാം. സര്‍ഗചേതനയുള്ള എഴുത്തുകാരനെ പീറ എഴുത്തുകാരനായി മാറ്റാം. ഏഴാംകൂലി രാഷ്‌ട്രീയക്കാരനെ ഒന്നാംകിട നേതാവായി പ്രഖ്യാപിക്കാം. ഗാനകോകിലത്തെ പാട്ടിന്റെ കാക്കയായി ചിത്രീകരിക്കാം. ഇതൊക്കെ പത്രപ്രവര്‍ത്തനരംഗത്തെ ചില വീട്ടുവിശേഷങ്ങളാണ്. പക്ഷേ, ഇതുകൊണ്ടൊക്കെയുണ്ടാകുന്ന അപകടം തീര്‍ത്തും നിസ്സാരം. എപ്പോള്‍? ഇന്റര്‍നെറ്റിലൂടെ ലഭിക്കുന്ന വളച്ചൊടിച്ച വിവരക്കേടുകളുമായി തട്ടിച്ചു നോക്കുമ്പോള്‍.
വിവരസാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തില്‍ വിവരത്തിന്റെ സത്യസന്ധത ആപേക്ഷികമായി മാറുന്നു. തത്‌പരകക്ഷികളുടെ സ്ഥാപിത താത്‌പര്യത്തിനു വേണ്ടി കാര്യങ്ങള്‍ മനഃപൂര്‍വം വളച്ചൊടിക്കുന്നു. വിഭ്രമ മനസ്‌കരായവര്‍ക്കും വക്രബുദ്ധികള്‍ക്കും വിജ്ഞാനത്തിന്റെ ആകാശം കീഴ്‌മേല്‍ മറിക്കാം. ആടിനെ ആടലോടകമാക്കി മാറ്റുന്ന മട്ടില്‍.
ആനയെ കൂന ആക്കുന്നതു പത്രാധിപര്‍ അറിഞ്ഞുകൊണ്ടു ചെയ്യുന്നതാണ്. വേണമെന്നു തോന്നുമ്പോള്‍ മാത്രമേ കൂനയെ ആനയാക്കൂ. അല്ലാതെ പച്ചക്കള്ളം സത്യമായി അവതരിപ്പിക്കാനാവില്ല. അവതരിപ്പിച്ചാല്‍ അന്നുതന്നെ വിവരമുള്ളവര്‍ അതിനെ എതിര്‍ക്കും. പക്ഷേ, ഇന്റര്‍നെറ്റില്‍ പച്ചക്കള്ളം പടച്ചുവിട്ടാല്‍, പത്രാധിപര്‍ക്ക് ഒന്നും ചെയ്യാനാവില്ല. സത്യമാണെന്നു കരുതി മാധ്യമങ്ങള്‍ക്ക് ഈ അസത്യം പ്രചരിപ്പിക്കേണ്ടി വരും. വസ്‌തുതകള്‍ പാവനമാണെന്നുള്ള പത്രധര്‍മത്തിന്റെ മര്‍മത്ത് ഏല്‌ക്കുന്ന അധര്‍മത്തിന്റെ അമ്പായി മാറുന്നു. നിസ്സാരമെന്നു കരുതുന്നവരും വെറും കൗതുകത്തിനു വേണ്ടി ചെയ്യുന്നവരും, ഇതുകൊണ്ടുണ്ടാകാവുന്ന ആപത്തു സഹസ്രഗുണീഭവിക്കുമെന്നുള്ള സത്യം അറിയുന്നില്ല. ഒരു പക്ഷേ അറിഞ്ഞുകൊണ്ടു തന്നെ ചെയ്യുന്നതുമാകാം.
അങ്ങാടി നിലവാരവും അല്‌പസ്വല്‌പം പൂഴ്‌ത്തിവയ്‌പു കഥകളും മാത്രം റിപ്പോര്‍ട്ടു ചെയ്‌തിരുന്ന ബിസിനസ് ജേര്‍ണലിസത്തിന്റെ മുഖം, ഇന്നു യശോദയുടെ മുമ്പില്‍ പിളര്‍ക്കപ്പെട്ട ഉണ്ണിക്കണ്ണന്റെ വായപോലെ വിസ്‌മയാവഹമായി മാറിയിരിക്കുന്നു. ഇ-മെയിലും ഇ-കൊമേഴ്‌സും ഇ-പബ്ലിഷിംഗും ഇ-ബുക്കും ഇ-റീഡിംഗും ഇ-മാര്യേജും ഇ-സെക്‌സും വഴിയുള്ള ബിസിനസ് ജേര്‍ണലിസം കുറ്റകൃത്യങ്ങളുടെ കടന്നല്‍കൂടായി മാറുന്നു.
വിജ്ഞാനത്തിനും വിനോദത്തിനും വേണ്ടിയാണല്ലൊ മാധ്യമങ്ങള്‍. വിനോദത്തിന്റെ പ്രളയത്തില്‍പെട്ടു വിജ്ഞാനത്തിന്റെ കൊതുമ്പുവള്ളങ്ങള്‍ ആടിയുലയുകയോ അടിഞ്ഞുതാഴുകയോ ഒക്കെ ചെയ്യുന്ന പ്രതീതി കാലത്തിന്റെ പ്രത്യേകതയാണ്. അച്ചടി മാധ്യമത്തിലായാലും ഇലക്‌ട്രോണിക് മാധ്യമത്തിലായാലും ലൈംഗികതയുടെ വേലിയേറ്റം അതിശക്തമായി അനുഭവപ്പെടുന്നുണ്ട്. ഓരോ മാധ്യമത്തിനും അതിന്റേതായ പ്രത്യേകതകളുണ്ടെന്നുള്ളതാണു ശ്രദ്ധേയം. ക്ലിപ്‌തമായ സമയ വ്യവസ്ഥയുടെ ചട്ടക്കൂട്ടിലാണ് ഇലക്‌ട്രോണിക് മാധ്യമങ്ങള്‍. സമയ വ്യവസ്ഥ പാലിക്കാനായില്ലെങ്കില്‍ റേഡിയോ വാര്‍ത്തയും ടെലിവിഷന്‍ വാര്‍ത്തയും നമുക്കു നഷ്‌ടപ്പെട്ടതു തന്നെ. പിന്നെ പോംവഴി ദിനപത്രങ്ങള്‍ മാത്രം. അതിനാലാണു ടെലിവിഷന്‍ ചാനലുകളുടെ ചാകരയുണ്ടായിട്ടുപോലും ദിനപത്രങ്ങള്‍ കൂടുതല്‍ ശക്തികേന്ദ്രങ്ങളായി നിലനില്‌ക്കുന്നതും.
കാര്യങ്ങള്‍ അറിയാനുള്ള മനുഷ്യരുടെ അവകാശം ഈ സഹസ്രാബ്‌ദത്തിലും പൂര്‍ണമല്ല. മുഴുവന്‍ ജനസമൂഹത്തിന്റെയും ഇടയിലേക്കു മാധ്യമങ്ങള്‍ എത്തിയിട്ടില്ല. അച്ചടി മാധ്യമങ്ങളും ഇലക്‌ട്രോണിക് മാധ്യമങ്ങളും ബഹുജനമാധ്യമങ്ങളായിട്ടാണ് അറിയപ്പെടുന്നത്. അതായതു മാസ് മീഡിയ. അങ്ങനെയായാല്‍ പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും പുസ്‌തകങ്ങളുമൊക്കെ ബഹുജനമാധ്യമങ്ങള്‍ തന്നെ. റേഡിയോയും ടെലിവിഷനും സിനിമയുമൊക്കെ ഈ പട്ടികയിലാണ്. പക്ഷേ, ഇവയെ എങ്ങനെ ബഹുജനമാധ്യമങ്ങളെന്നു വിളിക്കാനാവും? 120 കോടി ജനങ്ങളുള്ള ഭാരതത്തില്‍ വിവിധ ഭാഷകളിലായി ഒരു ദിവസം അച്ചടിക്കുന്ന പത്രങ്ങളുടെ എണ്ണം ഒരു കോടിയുടെ അടുത്തുപോലുമെത്തുന്നില്ല. ഏഴരക്കോടിയോളം ടെലിവിഷന്‍ കണക്ഷനുകളാണു രാജ്യത്തുള്ളതെന്നും കണക്കാക്കപ്പെടുന്നു. റേഡിയോയുടെ എണ്ണമാകട്ടെ ഇതിന്റെ മൂന്നോ നാലോ ഇരട്ടി വന്നേക്കാം.
എന്നുവച്ചാല്‍ പത്രം വായിച്ചിട്ടില്ലാത്തവരാണു ബഹുഭൂരിപക്ഷം ജനങ്ങളും. ടെലിവിഷന്‍ കണ്ടിട്ടുപോലുമില്ലാത്തവരാണ് ഭൂരിപക്ഷം. സിനിമയുടെ സ്ഥിതിയും അത്ര മെച്ചമല്ല. ജീവിതത്തിലൊരിക്കല്‍ പോലും സിനിമ കണ്ടിട്ടില്ലാത്തവര്‍ കോടികളാണ്. പുസ്‌തകങ്ങളുടെ കാര്യം പറയുകയേ വേണ്ട. അപ്പോള്‍ പിന്നെ, ഈ മാധ്യമങ്ങള്‍ എങ്ങനെ ബഹുജനമാധ്യമങ്ങളാകും? സത്യത്തില്‍ ഇവ ഇന്നും സാമ്പത്തികശേഷിയുള്ളവരുടെ മാത്രം മാധ്യമങ്ങളാണ്. അതായതു ന്യൂനപക്ഷമാധ്യമങ്ങള്‍.
ജനാധിപത്യത്തിന്റെ നാലുശിലകളില്‍ ഒന്നായ മാധ്യമങ്ങളെ ജനകീയമാക്കാനാവില്ലെങ്കില്‍ പിന്നെ ജനായത്തഭരണത്തിന് അര്‍ത്ഥമില്ലാതാകും. അതിനാകട്ടെ, നാട്ടില്‍ സാമ്പത്തികവളര്‍ച്ചയാണനിവാര്യം, വിദ്യാഭ്യാസ ഉയര്‍ച്ചയാണാധാരം. ചുരുക്കത്തില്‍, രാജ്യം സാമ്പത്തികമായും വിദ്യാഭ്യാസപരമായും പുരോഗതി പ്രാപിക്കാത്തിടത്തോളം കാലം മാധ്യമങ്ങള്‍ക്കു ബഹുജനമാധ്യമങ്ങളായി മാറാനാവില്ല. വോട്ടര്‍മാരില്‍ നാല്‌പതും അമ്പതും ശതമാനം മാത്രം സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. സ്വന്തം അവകാശങ്ങളുടെ മഹിമയും ഗരിമയും മനസ്സിലാക്കാനാവാത്തതിന്റെ പരിണതഫലം. ഇവ മനസ്സിലാക്കിക്കൊടുക്കാനുള്ള ബാദ്ധ്യത മാധ്യമങ്ങള്‍ക്കാണ്. അവ കടന്നുചെല്ലാനാവാത്തിടത്താകട്ടെ വിജ്ഞാനത്തിനു വിഘ്‌നം നേരിടുന്നു. പുതിയ സഹസ്രാബ്‌ദത്തില്‍ പത്രപ്രവര്‍ത്തനം നേരിടുന്ന ഏറ്റവും രൂക്ഷമായ വെല്ലുവിളിയും ഈ വിജ്ഞാനവിഘ്‌നം തന്നെ.
https://www.facebook.com/Malayalivartha