എം.എന്‍.വിജയന്‍: ചിന്തയുടെ അര്‍ത്ഥം
മലയാള സാഹിത്യത്തിലും കേരളസാംസ്‌കാരിക ജീവിതത്തിലും കത്തി നിന്ന ഒരു ധൈഷണിക ജ്വാലയായിരുന്നു എം.എന്‍.വിജയന്‍. അദ്ദേഹത്തിന്റെ ചിന്തയുടെയും വിമര്‍ശനത്തിന്റെയും പാഠാന്തരങ്ങള്‍ വിലയിരുത്തുന്ന പതിനാലു ചര്‍ച്ചാപാഠങ്ങളാണ് ഈ സമാഹാരം ഉള്‍ക്കൊള്ളുന്നത്.
പുസ്‌തകത്തെപ്പറ്റി എഡിറ്റര്‍ ജയ്‌സണ്‍ ജോസ് ഇങ്ങനെ കുറിക്കുന്നു:
``ചരിത്രം എന്നു പറയുന്നതു നടന്ന കാര്യങ്ങളെക്കുറിച്ചുള്ള ഒരു രേഖ മാത്രമല്ല. വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ്. മുന്നറിയിപ്പുകള്‍ താരാട്ടുപാട്ടല്ല.''
തന്റെ ചെയ്‌തികളും പ്രഭാഷണങ്ങളും എന്തെന്നു നിശ്ചയമുള്ള എം.എന്‍.വിജയന്‍ സ്വയം പറഞ്ഞുവച്ചതാണിത്. കഴിഞ്ഞുപോയവയുടെ ഗണത്തില്‍പെടുത്തി ഓര്‍മക്കുറിപ്പുകള്‍ തയ്യാറാക്കി `പതിവുചരിത്ര'ത്തിന്റെ കോണില്‍ തന്നെയും ഒതുക്കിക്കളയാന്‍ `നാളെ' കാത്തിരിക്കുന്നതറിഞ്ഞാവാം വിജയന്‍മാഷ് ഇത്തരത്തില്‍ പ്രസ്‌താവിച്ചത്. അതുകൊണ്ടുതന്നെ അത്തരം ഓര്‍മക്കുറിപ്പുകളുടെ സമാഹരണമല്ല ഈ പുസ്‌തകം. എല്ലാവരും ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുകയും എല്ലാവരും നിശ്ശബ്‌ദരായിരിക്കുമ്പോള്‍ ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്‌ത വിജയന്‍മാഷിന്റെ മുന്നറിയിപ്പുകളിലൂടെയുള്ള പ്രയാണമാണിത്.
തന്റെ മനസ്സിന്റെ നിശ്ചയങ്ങള്‍ക്കൊത്തുമാത്രം സഞ്ചരിക്കുന്നതായിരുന്നു ആ ജീവിതം. ജീവനുള്ള ശരീരത്തിന് ഉറങ്ങുന്ന ചിന്തകൊണ്ടു പ്രയോജനമില്ലെന്നു തിരിച്ചറിഞ്ഞുള്ള സഞ്ചാരം. ആശയങ്ങളാണ് ഉത്തമ രാഷ്‌ട്രീയത്തെ സൃഷ്‌ടിക്കുന്നതെന്ന് അദ്ദേഹം തെളിയിച്ചു.
അധ്യാപകന്‍, സാഹിത്യകാരന്‍, സാംസ്‌കാരികരപ്രവര്‍ത്തകന്‍, പ്രഭാഷകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യാപരിച്ച വിജയന്‍മാഷ് നിശിതമായ താത്ത്വിക നിലപാടുകളിലൂടെ ഒരേസമയം അനുയായികളെയും എതിരാളികളെയും നേടിയെടുത്തു. തനിക്കു നഷ്‌ടപ്പെടാനൊന്നുമില്ലെന്നും തന്നിലൂടെ നേട്ടം ലഭിക്കുന്നതു ക്രൂരമായി വഞ്ചിക്കപ്പെടുന്ന ഒരു വലിയ ജനസമൂഹത്തിനാണെന്നും അദ്ദേഹം മനസ്സിലാക്കി. സമൂഹത്തിന്റെ ജീര്‍ണതകളെല്ലാം ആഗിരണം ചെയ്‌തുകൊണ്ടു സ്വയം വളരാന്‍ ഒരു പാര്‍ട്ടി തീരുമാനിച്ചപ്പോഴാണ് അത്തരം ജീര്‍ണതകള്‍ക്കെതിരെ എന്നും നിലകൊണ്ട എം.എന്‍.വിജയന്‍ പാര്‍ട്ടി വിരുദ്ധനെന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. സിപിഐ (എം) പോലൊരു പ്രസ്ഥാനത്തോട് ആശയപരമായി ഏറ്റുമുട്ടുമ്പോഴും സ്വന്തം നിലപാടുകളില്‍ സംശയമുണ്ടായിരുന്നില്ല. `നാലാം ലോകവാസി'യായിരുന്നുകൊണ്ടു കമ്യൂണിസ്റ്റാകാന്‍ കഴിയില്ലെന്നു തിരിച്ചറിയണമെന്നും ആകാശത്തു പാറിനടന്നു ദാരിദ്ര്യത്തെക്കുറിച്ചു സംസാരിക്കരുതെന്നും അദ്ദേഹം നമ്മെ ഓര്‍മിപ്പിച്ചു.
സാഹിത്യനിരൂപകനായ എം.എന്‍.വിജയനില്‍ നിന്ന്, പ്രഭാഷകനും രാഷ്‌ട്രീയക്കാരനുമായ വിജയന്‍ മാഷിലേക്ക് ഏറെ അകലമുണ്ട്. തന്റെ സാഹിത്യ വിശകലനങ്ങളെ നിരൂപണമായി കരുതേണ്ടതില്ലെന്നു പറയുന്ന ഉദാരത ഇവിടെ അപ്രത്യക്ഷമാവുന്നു. പുതിയ ലോകക്രമത്തിന്റെയും സാമ്പത്തിക ചുറ്റുപാടുകളുടെയും പരിസരങ്ങളില്‍നിന്നുമുടലെടുത്ത തന്റെ ചിന്തയെ മൂര്‍ച്ചയുള്ള ഭാഷയില്‍തന്നെയാണ് അദ്ദേഹം അവതരിപ്പിച്ചത്. എം.എന്‍.വിജയന്റെയും `പാഠ'ത്തിന്റെയും ഭാഷ പൊള്ളിക്കുന്നതിനാലാണ് ആശയങ്ങളെക്കാള്‍ മാഷിന്റെ ഭാഷയാണു പ്രശ്‌നം എന്നു രാഷ്‌ട്രീയ മന്ദബുദ്ധികള്‍ വിലപിച്ചത്. നാം എങ്ങനെയായിരിക്കണമെന്നു തീരുമാനിക്കുന്ന -മറഞ്ഞിരിക്കുന്ന അപരനെ എം.എന്‍. വിജയന്‍ മറനീക്കി വെളിപ്പെടുത്തുകയായിരുന്നു. നവ മുതലാളിത്തം, സാമ്രാജ്യത്വം, ദാരിദ്ര്യം, സങ്കുചിത ദേശീയത, ഫാസിസം എന്നിവയെക്കുറിച്ചുള്ള ഗൗരവമാര്‍ന്ന പഠനങ്ങളായിരുന്നു അദ്ദേഹം നടത്തിയത്.
മാര്‍ക്‌സിന്റെ ശവസംസ്‌കാരച്ചടങ്ങില്‍ എംഗല്‍സ് ഇങ്ങനെ പറഞ്ഞു:`നാളെകളില്‍ ജീവിക്കാന്‍ പോകുന്ന ഈ മനുഷ്യന് ഒരുപാട് എതിരാളികളുണ്ടാവും. പക്ഷേ, ഒരു ശത്രുപോലും ഉണ്ടാവാനിടയില്ല'. ചിന്തയുടെ നവീനതയില്‍ നിലപാടുകളുടെ കാര്‍ക്കശ്യത്താല്‍ ഭാഷയുടെ സാധ്യതകളാല്‍ നാളേക്കുവേണ്ടി ഇന്നലെകളില്‍ ജീവിച്ച വിജയന്‍മാഷിനും ഒരുപാട് എതിരാളികളുണ്ടാവാം. പക്ഷേ, ഒരു ശത്രുപോലും ഉണ്ടാവാനിടയില്ല. ജനഹൃദയങ്ങളിലൂടെ നടന്നുനീങ്ങിയ ജ്ഞാനത്തിന്റെ ആ മഹാസമുദ്രത്തെ സ്‌പര്‍ശിക്കാനുള്ള എളിയശ്രമമാണിത്. മാഞ്ഞുപോകാത്ത ചിന്തയുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ക്ഷണവും.
പ്രസാധകന്‍ സതീഷ് ചേലാട്ട് എഴുതിച്ചേര്‍ത്തിരിക്കുന്ന കുറിപ്പും പുസ്‌തകത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിലേക്കുള്ള സൂചകമാണ്: ``ഈ എഴുത്തുകാരുടെ ചിന്തകള്‍ വ്യത്യസ്‌തവും ശക്തവുമാണ്. എഴുത്തുകാരുടെ രാഷ്‌ട്രീയവും വിചാരവും ജനതയോടുള്ള പ്രതിജ്ഞാബദ്ധതയില്‍ നിന്നു രൂപപ്പെടുന്നതാണ്. ചരിത്രത്തോടും രാഷ്‌ട്രീയത്തോടും എഴുത്തുകാര്‍ കടപ്പെട്ടിരിക്കുന്നു. ഓരോ എഴുത്തുകാരനും പറയാനുള്ളതു കേള്‍ക്കാന്‍ ചെവി തരിക എന്നതാണു സാംസ്‌കാരിക മനസ്സിന്റെ ഉത്‌കര്‍ഷമെന്നു കരുതുന്നു. അതാണ് ഉണര്‍വുള്ളവര്‍ ചെയ്യുക. എഴുത്തും ചര്‍ച്ചയും സാമൂഹികവികാസമാണ്. തമസ്‌ക്കരിക്കുക മുതലാളിത്തത്തിന്റെയും മതത്തിന്റെയും യാഥാസ്ഥിക ചിന്തയാണ്. അതിനെ തകര്‍ക്കുക വിജയന്‍മാഷ് എന്ന ചിന്തകനോടുള്ള ആദരവും സ്‌നേഹവുമാണ് ഈ പുസ്‌തകം പ്രസിദ്ധീകരിക്കാന്‍ പ്രേരിപ്പിച്ചത്.''
https://www.facebook.com/Malayalivartha