ഭാഷ സാഹിത്യം സംസ്‌കാരം
ഡോ. ജോര്‍ജ് ഇരുമ്പയത്തിന്റെ ഏറ്റവും പുതിയ പുസ്‌തകമാണു ഭാഷ സാഹിത്യം സംസ്‌കാരം. 21 ലേഖനങ്ങളും ഗ്രന്ഥകാരനുമായി ഹേമ ജോസഫ് നടത്തിയ അഭിമുഖമാണ് ഉള്ളടക്കം.
ഗ്രന്ഥനിരൂപണങ്ങളും എഴുത്തുകാരെപ്പറ്റിയുള്ള വിലയിരുത്തലുകളും മലയാളഭാഷാപഠനത്തില്‍ വന്നു ചേര്‍ന്നിരിക്കുന്ന അപകടകരമായ ഉദാസീനതയെപ്പറ്റിയുള്ള പ്രതികരണങ്ങളുമാണു ലേഖനവിഷയങ്ങള്‍. കേരളത്തില്‍ ആദ്യം അച്ചടിക്കപ്പെട്ട മലയാളഗ്രന്ഥം `ചെറുപൈതങ്ങള്‍ക്ക് ഉപകാരാര്‍ത്ഥം ഇംഗ്ലീഷില്‍ നിന്നുള്ള കഥക'ളാണെന്ന ദ്ദേഹം സമര്‍ത്ഥിക്കുന്നു.
1824ല്‍ കോട്ടയം സി.എം.എസ് പ്രസ്സിലാണ് ഈ ഗ്രന്ഥം അച്ചടിക്കപ്പെട്ടത്. മലയാളത്തിലുണ്ടായ പ്രഥ മക്രൈസ്‌തവ പരിഷ്‌കരണ നോവലാണു പരിഷ്‌കാരവിജയം എന്നും ഇരുമ്പയം വാദിക്കുന്നു. മലയാളത്തിലുണ്ടായ ആദ്യ നാടകപരിഭാഷ ആള്‍മാറാട്ടം, അപ്പു നെടുങ്ങാടിയുടെ കുന്ദലത എന്നിവയും ഗ്രന്ഥകാരന്‍ പുനരവലോകന വിധേയമാക്കുന്നു.
മഹാനായ റഷ്യന്‍ നോവലിസ്റ്റു മിഖായേല്‍ ഷോളോ ഖോവിനെ പരിചയപ്പെടുത്താനും ഭാഷാശാസ്‌ത്ര പ്രതിഭയായിരുന്ന പ്രൊഫ.സി.എല്‍.ആന്റണിയെ ആദരപൂര്‍വം സ്‌മരിക്കാനും മലയാളനിരൂപണത്തില്‍ എം.പി.പോളിനുള്ള സ്ഥാനം അന്വേഷിക്കാനും ജി.എന്‍.പിള്ളയെന്ന പ്രതിഭാശാലിക്ക് അക്ഷരപൂജ ചെയ്യാനുമുള്ള ഗ്രന്ഥകാരന്റെ ശ്രമങ്ങള്‍ സമാദരണീയമാണ്.
ഗ്രന്ഥത്തിനെഴുതിയ പ്രസാധകക്കുറിപ്പില്‍ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി ഇങ്ങനെ വിലയിരുത്തുന്നു:
``ഗവേഷണം, കവിത, വിവര്‍ത്തനം, നിരൂപണം, യാത്രാവിവരണം, മലയാള സംരക്ഷണം, ആത്മീയാന്വേഷണം എന്നീ മേഖലകളിലായി ഡോ.ജോര്‍ജ് ഇരുമ്പയത്തിന്റെ സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു കിടക്കുന്നു.
അദ്ദേഹത്തിന്റെ ഗാന്ധി ആത്മകഥ വിവര്‍ത്തനം പ്രസിദ്ധീകരിച്ചതു മുതല്‍ (1987) മലയാളത്തിലെ ബെസ്റ്റ് സെല്ലറാണ്-അഞ്ചരലക്ഷം കോപ്പി വിറ്റതു റെക്കോര്‍ഡാണ്.
ആദ്യകാല മലയാള നോവലുകളെപ്പറ്റി അദ്ദേഹം നടത്തിയ ക്ലേശകരമായ ഗവേഷണം മലയാള സാഹിത്യചരിത്രത്തില്‍ തിരുത്തലുകള്‍ വരുത്തി. കേരളത്തില്‍ അച്ചടിച്ചിറക്കിയ ആദ്യ മലയാളകൃതി 1829ലെ ബെയ്‌ലി ബൈബിളല്ല. 1824ലെ `ചെറുപൈതങ്ങള്‍ക്കുപകാരാര്‍ത്ഥം ഇംഗ്ലീഷില്‍ നിന്നു പരിഭാഷപ്പെടുത്തിയ കഥകള്‍' ആണെന്ന് അദ്ദേഹം കണ്ടെത്തിയതോടെ മലയാള അച്ചടിയുടെ ചരിത്രം അഞ്ചുവര്‍ഷം പിന്നോട്ടു നീങ്ങി.
പ്രഥമ ക്രൈസ്‌തവ പരിഷ്‌കരണ നോവലും (പരിഷ്‌കാരവിജയം, 1906) സരസ്വതീ വിജയം, ലക്ഷ്‌മീ കേശവം, മീനാക്ഷി തുടങ്ങിയ മറ്റു വിസ്‌മരിക്കപ്പെട്ട നോവലുകളും അദ്ദേഹം കണ്ടെടുത്ത് ആമുഖ പഠനങ്ങളോടെ പ്രസിദ്ധീകരിച്ച് അവയ്‌ക്കു വായും നാവും നല്‌കി.
അവയില്‍ ഡോ.ജോര്‍ജ്, സമ്പാദനം-സംശോധനം-പഠനം എന്നിവ നിര്‍വഹിച്ച നാലു നോവലുകള്‍ എന്ന കൃതിയും നോവലുകള്‍ സി.വി. മുതല്‍ ബഷീര്‍ വരെ എന്ന പഠനസമാഹാരവും കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അവതാരികയോടെ ചെറുവലത്തു ചാത്തുനായരുടെ മീനാക്ഷി എന്ന കൃതിയും അക്കാദമി പ്രസിദ്ധീകരിച്ചു. ഇപ്പോള്‍ `ഭാഷ സാഹിത്യം സംസ്‌കാരം' എന്ന പുസ്‌തകവും.
ഡോ.ജോര്‍ജിന്റെ ആദ്യകാല നോവലിനെപ്പറ്റി എന്‍.വി.കൃഷ്‌ണവാരിയര്‍ പറഞ്ഞ വാക്കുകള്‍ ഈ പുസ്‌തകത്തിനും ചേരും. `ക്ലേശസഹിഷ്‌ണുവായ ഗവേഷകനെന്നപോലെ പ്രഗല്‌ഭനായ വിമര്‍ശകന്‍ കൂടിയാണു ജോര്‍ജ് ഇരുമ്പയം. യഥാര്‍ത്ഥ ഗവേഷണം നിലവിലുള്ള അറിവിന്റെ അതിര്‍ത്തി വിപുലപ്പെടുത്തുന്നത് എങ്ങനെയാണെന്നതിന് ഈ കൃതി ഒരുദാഹരണമാണ്.''
അച്ചടിയുടെ ചരിത്രം തിരുത്തിയ പുസ്‌തകം. പരിഷ്‌കാരവിജയം, ആദ്യമലയാള നാടകം, ആദ്യത്തെ ഇന്ത്യന്‍ നോവല്‍, ഇടശ്ശേരിക്കവിത തുടങ്ങിയ ലേഖനങ്ങള്‍ ഈ കൃതിക്കു ൈചതന്യം നല്‌കുന്നു. ഇതിലെ 21 പഠനങ്ങളും ഇതുപോലെ ഓരോ തരത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. മലയാളഭാഷയോടുള്ള സ്‌നിഗ്‌ദ്ധമധുരമായ ആദരവും ഈ ലേഖനങ്ങളില്‍ വായിച്ചെടുക്കാം.''
https://www.facebook.com/Malayalivartha