കേരളവികസനവും മാലിന്യനിര്‍മാര്‍ജനവും
ഇന്നു കേരളമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടുന്നതും, ശാസ്‌ത്രീയമായി കൈകാര്യം ചെയ്യപ്പെടേണ്ടതും, ആയ വിഷയമാണു മാലിന്യ നിര്‍മാര്‍ജനം. അനുയോജ്യമായ മാലിന്യ മാനേജുമെന്റ് അവലംബിച്ചാല്‍ നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്ന പല മാലിന്യങ്ങളും സമ്പത്താക്കി മാറ്റാനാവുമെന്നതാണു സത്യം. മാലിന്യസ്രോതസ്സുകളെ വീടുകള്‍, മാര്‍ക്കറ്റുകള്‍,സ്ഥാപനങ്ങള്‍, വ്യവസായമാലിന്യങ്ങള്‍ എന്നിങ്ങനെ പലതായി തരം തിരിക്കാം. ഇവയില്‍ നിന്നെല്ലാമുള്ള മാലിന്യങ്ങള്‍ പൊതു നിരത്തിലേക്കും ജലനിര്‍ഗമന സ്രോതസ്സുകളിലൂടെ പുഴകളിലേക്കും എത്തി ജലം, മണ്ണ്, അന്തരീക്ഷം എന്നിവ മലിനമാകുന്നു. സാമൂഹ്യ ജീവിതത്തില്‍ ഇത് ഏറെ വീര്‍പ്പുമുട്ടിനു കാരണമാകുന്നു. ഇതിനൊരു പരിഹാരം നമ്മുടെ ആസൂത്രണങ്ങളില്‍ പ്രതിഫലിക്കുന്നില്ല. മുഖ്യ പരിഗണന നല്‌കേണ്ട ഒരു വിഷയമാണിത്.
മുനിസിപ്പാലിറ്റി തലത്തില്‍ ചില എളിയ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എങ്കില്‍ പോലും മാലിന്യം നിക്ഷേപിക്കുവാന്‍ അനുയോജ്യമായ സ്ഥലം എവിടെയും കണ്ടെത്താനാവുന്നില്ല. ഇതിനു ശാശ്വത പരിഹാരം എന്നുള്ളത് അന്തരീക്ഷ മലിനീകരണത്തിനു കാരണമാവാത്ത വിധം മാലിന്യങ്ങള്‍ സംസ്‌കരിച്ചു ഗുണകരമാക്കുക എന്നുള്ളതാണ്. മാലിന്യനിര്‍മാര്‍ജന വിഷയം വ്യക്തിയോ സ്ഥാപനമോ ഒറ്റയ്‌ക്കു കൈകാര്യം ചെയ്യുന്നതിനു ചില പരിമിതികള്‍ ഉണ്ട്. അത്രയ്‌ക്കു ലഘുവല്ല പ്രശ്‌നം. ഏറെ വ്യാപ്‌തിയുള്ള വിഷയം എന്ന നിലയില്‍ സംസ്ഥാനതലത്തില്‍ തന്നെ ഇതിനു പ്രതിവിധി കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ടു സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും, സാമൂഹിക-സാംസ്‌കാരിക സംഘടനകളെയും ( ചഏഛ' െ) അണിനിരത്തിക്കൊണ്ടു സംസ്ഥാന ഗവണ്‍മെണ്ടിന്റെ ആഭിമുഖ്യത്തിലുള്ള ഒരു സംസ്ഥാന ആസൂത്രിത പദ്ധതിയായി വേണം മാലിന്യ നിര്‍മാര്‍ജനം നടപ്പിലാക്കുവാന്‍. ഗുണവും സ്വഭാവവും അടിസ്ഥാനമാക്കി ഖരമാലിന്യങ്ങളെ പ്രധാനമായും `ജൈവ മാലിന്യങ്ങള്‍' എന്നും `അജൈവമാലിന്യങ്ങള്‍' എന്നും രണ്ടായി തരം തിരിക്കാം. പച്ചക്കറി, മത്സ്യം, മാംസം തുടങ്ങിയവയുടെ അവശിഷ്‌ടങ്ങള്‍ ജൈവമാലിന്യങ്ങളുടെ ഗണത്തില്‍പെടും. പ്ലാസ്റ്റിക്, കുപ്പി, തകരം എന്നിവ എത്രകാലം മണ്ണില്‍ കിടന്നാലും മാറ്റമൊന്നും സംഭവിക്കാത്തവയാണ്. ഇവ അജൈവ മാലിന്യങ്ങളുടെ ഗണത്തില്‍പെടുന്നു.
കേരളത്തിലെ വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നതു സര്‍വ സാധാരണമാണ്. ഇത് ഒട്ടേറെ പരിസര-ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നുണ്ട്. ഈച്ച, കൊതുക്, ചെറുപ്രാണികള്‍, ജന്തുക്കള്‍ എന്നിവയുടെ വര്‍ധനവ്, ചീഞ്ഞളിയുന്ന മലിനവസ്‌തുക്കള്‍ വഴി ജലം കിനിഞ്ഞിറങ്ങി കുടിവെള്ള മലിനീകരണം, അസഹ്യമായ ദുര്‍ഗന്ധം വായുവില്‍ പടരുക തുടങ്ങി നിരവധിയായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇതുമൂലം സൃഷ്‌ടിക്കപ്പെടുന്നു.
ആധുനിക ലോകത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയായി മാറിക്കഴിഞ്ഞ മാലിന്യനിര്‍മാര്‍ജനത്തിനു താഴെപ്പറയുന്ന നാലു പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളാണു നടപ്പിലാക്കേണ്ടത്.
1. മാലിന്യവസ്‌തുക്കളുടെ തരംതിരിച്ചുളള ശേഖരണം.
2.ശേഖരിച്ച മാലിന്യവസ്‌തുക്കള്‍ യഥാസമയം സംസ്‌ക്കരണ സ്ഥലത്തെത്തിക്കല്‍.
3. ശാസ്‌ത്രീയ മാലിന്യസംസ്‌ക്കരണം.
4. പരിശീലനങ്ങളും, നിരന്തര ബോധവത്‌കരണവും
മാലിന്യ വസ്‌തുക്കളെ സ്രോതസ്സില്‍ വച്ചുതന്നെ തരംതിരിക്കുകയാണു വേണ്ടത്. വീടുകള്‍, മാര്‍ക്കറ്റുകള്‍, മറ്റു സ്ഥാപനങ്ങള്‍എന്നിവിടങ്ങളില്‍ ജൈവവസ്‌തുക്കളെയും, അജൈവ വസ്‌തുക്കളെയും പ്രത്യേകം തരംതിരിച്ചു ശേഖരിക്കാം. അജൈവവസ്‌തുക്കളെ തന്നെ പ്ലാസ്റ്റിക്, കുപ്പി, തരകം എന്നിങ്ങനെ പ്രത്യേകമായി ശേഖരിക്കാം. ഇത്തരത്തില്‍ സ്രോതസ്സില്‍ വച്ചുതന്നെ നടക്കുന്ന തരംതിരിക്കലാണു ശാസ്‌ത്രീയ മാലിന്യ മാനേജുമെന്റിന്റെ ആദ്യപടി. രണ്ടാമതായി, ശേഖരിച്ച വസ്‌തുക്കളുടെ യഥാസമയത്തുള്ള നീക്കം ചെയ്യലാണ്. ഓരോ സ്രോതസ്സിലും മാലിന്യവസ്‌തുക്കള്‍ റോഡരികിലും ജംഗ്‌ഷനുകളിലും മറ്റും സ്ഥാപിക്കുന്ന വേയ്‌സ്റ്റ് ബിന്നുകളില്‍ അതതു പ്രദേശത്തു താമസിക്കുന്ന ജനങ്ങള്‍ തന്നെ എത്തിക്കുകയോ അതല്ലെങ്കില്‍ ഓരോ പ്രദേശത്തെയും മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍/പഞ്ചായത്തുകള്‍ ഇതിനായി പ്രത്യേകം ആളുകളെ നിയോഗിക്കുകയോ ചെയ്യാം. ഓരോ വീട്ടില്‍ നിന്നും ഇവ ദിവസേന ശേഖരിച്ചു ബിന്നുകളിലെത്തിക്കുന്ന രീതി ഇപ്പോള്‍ തന്നെ പലയിടങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. ബിന്നുകളില്‍ നിന്നു യഥാസമയം ഇവ നീക്കം ചെയ്യേണ്ട ചുമതല അതതു പ്രദേശത്തെ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറെ ശുഷ്‌കാന്തിയോടും കൃത്യതയോടും കൂടി ചെയ്യണം.
ബിന്നുകളില്‍ നിന്ന് ഇവയെ നേരിട്ടു സംസ്‌കരണസ്ഥലത്ത് എത്തിക്കുന്ന രീതിയോ, പലയിടങ്ങളില്‍ നിന്നു ശേഖരിച്ച മാലിന്യങ്ങള്‍ ഒരു പ്രത്യേക സ്ഥലത്ത് എത്തിച്ച് അവിടെ നിന്ന് ഒരുമിച്ചു സംസ്‌കരണസ്ഥലത്ത് എത്തിക്കുന്ന രീതിയോ ആകാം. വലിയ പട്ടണങ്ങളില്‍ ഇതിനായി ട്രാന്‍സ്‌ഫര്‍സ്റ്റേഷനുകള്‍ കണ്ടെത്തേണ്ടിവരും. ദുര്‍ഗന്ധം പുറത്തേക്കു വ്യാപിക്കാത്തവിധം അടച്ച വാഹനങ്ങളിലാണ് ഇവ കൊണ്ടുപോകേണ്ടത്. വലിയ അളവില്‍ മാലിന്യങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്ന വന്‍ നഗരങ്ങളില്‍ ഓട്ടോമാറ്റിക് സംവിധാനം ഉപയോഗിച്ചു മാലിന്യങ്ങള്‍ നീക്കുന്ന രീതി ഇപ്പോള്‍ തന്നെ നിലവിലുണ്ട്.
ഇപ്രകാരം പല സ്രോതസ്സുകളില്‍ നിന്നും ശേഖരിക്കപ്പെട്ട മാലിന്യവസ്‌തുക്കളുടെ ശരിയായ രീതിയിലുള്ളശാസ്‌ത്രീയ സംസ്‌ക്കരണമാണ് ഏറ്റവും പ്രധാനം. വിവിധതരം മാലിന്യവസ്‌തുക്കള്‍ സംസ്‌ക്കരിക്കുന്നതിനു വ്യത്യസ്‌തമായ സാങ്കേതികവിദ്യകള്‍ ഇന്നു നിലവിലുണ്ട്. എങ്കിലും താഴെപ്പറയുന്ന സാങ്കേതികവിദ്യകളാണു കേരളത്തിന് ഏറെ അനുയോജ്യം.
ഖരമാലിന്യങ്ങള്‍
വ്യവസായ മാലിന്യങ്ങളൊഴികെ കേരളത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന ഖരമാലിന്യങ്ങളില്‍ 35-40 ശതമാനം അജൈവപദാര്‍ത്ഥങ്ങളാണ്. ഇവയില്‍ കനംകുറഞ്ഞ പ്ലാസ്റ്റിക് കവറുകളൊഴികെ ജീര്‍ണിക്കാത്ത ഖരമാലിന്യങ്ങളായ പ്ലാസ്റ്റിക്, തകരം, കുപ്പി എന്നിവ പുനഃചംക്രമണം വഴി പുനരുത്‌പാദനത്തിന് ഉപയോഗിക്കാം. അതുകൊണ്ട് ഇത്തരം വസ്‌തുക്കള്‍ തരംതിരിച്ചു ശേഖരിക്കുക എന്നതു പരമപ്രധാനമാണ്. പാഴ്‌വസ്‌തുക്കള്‍ ശേഖരിച്ചു വിവിധ കളക്ഷന്‍ സെന്ററുകളില്‍ എത്തിച്ച് അതുവഴി ഉപജീവനം നടത്തുന്ന ധാരാളം പേര്‍ ഇന്നു നമ്മുടെ പഞ്ചായത്തുകളിലും നഗരങ്ങളിലുമുണ്ട്. എന്നാല്‍, ഇവര്‍ക്കു വേണ്ടത്ര പരിശീലനമോ അര്‍ഹിക്കുന്ന അംഗീകാരമോ ലഭിക്കുന്നില്ല. ഇവര്‍ ചെയ്യുന്ന സേവനം സാമൂഹ്യനന്മയാണ് എന്നു കരുതി അംഗീകരിക്കുകയും അവരുടെ സേവനം മാലിന്യനിര്‍മാര്‍ജനത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യണം. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ഈ വിഷയത്തില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിക്കും. കേരളത്തിന്റെ ചിലപ്രദേശങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ നേതൃത്വം നല്‌കുന്നുണ്ട്. ഇതു സംസ്ഥാനമൊട്ടാകെ എല്ലാ പ്രദേശത്തേക്കും വ്യാപിപ്പിക്കാവുന്നതാണ്.
പുനഃചംക്രമണം വഴി പുതിയ ഉത്‌പന്നങ്ങള്‍ ഓരോ തവണയും സൃഷ്‌ടിക്കുമ്പോഴും അവയുടെ ഗുണനിലവാരത്തില്‍ കുറവുണ്ടാകാമെങ്കിലും മാലിന്യങ്ങള്‍ ഒഴിവാക്കുക എന്ന പ്രധാന ലക്ഷ്യം കൈവരിക്കുവാന്‍ സാധിക്കും. തമിഴ്‌നാട്ടിലെ സേലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഇത്തരത്തിലുള്ള നിരവധി പുനഃചംക്രമണ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇത്തരം യൂണിറ്റുകള്‍ ചെറുകിട വ്യവസായങ്ങളായി ആരംഭിക്കണം. എന്നാല്‍, അതില്‍ നിന്നുണ്ടാകാനിടയുള്ള മലിനീകരണം ഒഴിവാക്കുവാനുള്ള സംവിധാനങ്ങള്‍ ഇത്തരം യൂണിറ്റുകളോടനുബന്ധിച്ചു നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
വിവിധയിനം കുപ്പികള്‍, കുപ്പിച്ചില്ലുകള്‍, ഗ്ലാസ്സ്‌പദാര്‍ത്ഥങ്ങള്‍ എന്നിവ പുനഃചംക്രമണം വഴി പുതിയ ഉത്‌പന്നങ്ങളാക്കി മാറ്റാം. കേരളത്തില്‍ ചേര്‍ത്തലയില്‍ ഇത്തരമൊരു വലിയ വ്യവസായശാല പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനായി സ്രോതസ്സില്‍ തന്നെ ശരിയായ ഒരു തരംതിരിക്കല്‍ ശേഖരണ സംവിധാനം ഉണ്ടാവണമെന്നതാണു പരമപ്രധാനം. വിവിധ നിറങ്ങളിലും കട്ടിയിലുമുള്ള ഗ്ലാസ്സുകളെ തരം തിരിച്ചു സംസ്‌ക്കരണസ്ഥലത്ത് എത്തിക്കുന്നതിനു കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സംവിധാനം ഉണ്ടാവണം. പ്ലാസ്റ്റിക്കും കുപ്പിയും പോലെ തന്നെ പുനഃചംക്രമണ പ്രക്രിയയിലൂടെ വീണ്ടും പുതിയ ഉത്‌പന്നങ്ങളാക്കി മാറ്റുവാന്‍ സാധിക്കുന്ന ഖരമാലിന്യങ്ങളാണു തകര-ലോഹവസ്‌തുക്കള്‍. ഈ പ്രവര്‍ത്തനം നടത്തുന്ന ഏതാനും യൂണിറ്റുകള്‍ കേരളത്തില്‍തന്നെയുണ്ട്. എന്നാല്‍, കേരളത്തില്‍ ശേഖരിക്കപ്പെടുന്ന ഇത്തരത്തിലുള്ള അവശിഷ്‌ടങ്ങളുടെ മുഖ്യഭാഗവും കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളിലാണ് ഉപയോഗിക്കപ്പെടുന്നത്.
കടലാസ്സുകള്‍ / കട്ടിക്കടലാസുകള്‍ എന്നിവ, അച്ചടി മഷി പുരണ്ടവ, അല്ലാത്തവ, കട്ടികൂടിയവ/കുറഞ്ഞവ എന്നിങ്ങനെ തരംതിരിച്ചു ശേഖരിക്കുകയും പുനഃചംക്രമണം വഴി പുതിയ ഉത്‌പന്നങ്ങളാക്കി മാറ്റുകയും ചെയ്യാം. ഇത്തരം ചില യൂണിറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും കൂടുതല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാേകണ്ടതുണ്ട്. കടലാസ് അവശിഷ്‌ടങ്ങളെ പള്‍പ്പാക്കി മാറ്റി അവയുപയോഗിച്ചു വിവിധതരം മോഡലുകള്‍, പാവകള്‍ തുടങ്ങിയ വസ്‌തുക്കളും നിര്‍മിക്കാം. ഏറെ കടലാസ്സ് അവശിഷ്‌ടങ്ങള്‍ ഉണ്ടാക്കുന്ന സ്‌ക്കൂളുകള്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഇവ ശാസ്‌ത്രീയമായി തരം തിരിച്ചു ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കണം.
പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ / കവറുകള്‍
പ്ലാസ്റ്റിക് അവശിഷ്‌ടം മൃഗങ്ങള്‍ക്കും, ജനങ്ങള്‍ക്കും നേര്‍ക്കുളള ഒരു വന്‍ പാരിസ്ഥിതിക ഭീഷണിയാണ്. മുന്‍പൊക്കെ ഈ ഭീഷണി നഗരങ്ങളിലൊതുങ്ങിയിരുന്നു. എന്നാല്‍, ഇന്നു കേരളത്തിലെ മിക്കവാറും ഗ്രാമങ്ങളില്‍ ഈ പ്രശ്‌നം തലപൊക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഏറെ പ്രധാന്യം നല്‌കേണ്ട വിഷയമാണു പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ നിര്‍മാര്‍ജനം. പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗത്തില്‍ ഏറെ മുന്‍പന്തിയില്‍ നില്‌ക്കുന്ന സംസ്ഥാനമാണു കേരളം. ഒരു ഉപഭോഗസംസ്ഥാനമായ കേരളത്തിന്റെ ഏതു കുഗ്രാമത്തിലും, മുക്കിലും മൂലയിലും, എത്ര ചെറിയ സാധനമായാലും പ്ലാസ്റ്റിക് ക്യാരിബാഗുകളില്‍ നല്‌കുന്ന രീതി വ്യാപാരികളും അതു സന്തോഷത്തോടെ സ്വീകരിക്കുന്ന പ്രവണത കേരളീയരും വച്ചുപുലര്‍ത്തുകയാണ്. ഇത്തരം കവറുകള്‍ മിക്കപ്പോഴും ഉപയോഗം കഴിഞ്ഞ് അലക്ഷ്യമായി വലിച്ചെറിയുന്നതും പതിവാണ്. അങ്ങെന പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഒരു കുപ്പത്തൊട്ടിലായി കേരളം മാറിയിരിക്കുന്നു.
എത്രകാലം മണ്ണില്‍ കിടന്നാലും പ്ലാസിറ്റിക്കിന് ഒരു മാറ്റവും സംഭവിക്കുകയില്ല. എന്നാല്‍, മണ്ണിന്റെ ഫലഭൂയിഷ്‌ഠി കുറയും. മണ്ണിനടിയിലേക്കുള്ള നീരൊഴുക്കു കുറയുവാനും ഇത് ഇടയാകും. ഇപ്രകാരം പല സ്ഥലങ്ങളിലും പ്ലാസ്റ്റിക് വന്നടിഞ്ഞു മണ്ണിന്റെ ഗുണനിലവാരം കുറഞ്ഞതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നു നമ്മുടെ നാട്ടിന്‍പുറങ്ങളിലെ മിക്ക ഓടകളിലും ചെറുചാലുകളിലും നിരൊഴുക്കു തടസ്സപ്പെടുന്നതിനുള്ള ഒരു പ്രധാന കാരണം ദിനംപ്രതിയെന്നോണം വര്‍ധിച്ചുവരുന്ന പ്ലാസ്റ്റിക് കവറുകളാണ്. ശബരിമല പോലെ ധാരാളം ഭക്തജനങ്ങള്‍ ഒത്തുേചരുന്ന കേരളത്തിലെ ചില സ്ഥലങ്ങളിലെങ്കിലും ഇന്നു സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് സാധനങ്ങള്‍ മറ്റുപല വസ്‌തുക്കളെപ്പോലെ കത്തിച്ചുകളയുവാന്‍ സാധ്യമല്ല. പ്ലാസ്റ്റിക് കത്തുമ്പോള്‍ വായു മലിനീകരണത്തിനു കാരണമാകുന്ന ഡയോക്‌സിന്‍ പുറത്തുവരുന്നു.
https://www.facebook.com/Malayalivartha