എഴുത്തിന്റെ ലോകം
എഴുത്തിന്റെ മതം സ്വീകരിക്കുമ്പോള്‍ നാം സ്വകാര്യമായ ഒരു ലോകം നിര്‍മിക്കുകയാണ്. അവിടെ വീടില്ല, ബന്ധുക്കളില്ല, കൂട്ടുകാരോ ബാഹ്യജീവിതം തന്നെയോ നാമറിയാതെ അപ്രസക്തമാകുന്നു. ഒരാളുടെ ജീവിതം വീണ്ടും ജീവിക്കേണ്ടി വരുന്ന അവസ്ഥ വേദനാജനകമാണ്. പക്ഷെ മാറ്റു മാര്‍ഗമില്ല. എഴുത്തിന്റെ ലോകത്ത് വിട്ടുവീഴ്ചകള്‍ അരുത്. സമൂഹം നമ്മെ ഒറ്റപ്പെടുത്തും. പരിഹസിക്കും. കുടുംബ ജീവിതത്തില്‍ അസ്വരസം ഉണ്ടായെന്നു വരും. എഴുത്തിന്റെ ലോകം അസാധാരണമാം വിധം വിചിത്രമാണ്. ഓ.വി. വിജയന്‍ കാലങ്ങളോളം തന്റെ തോള്‍സഞ്ചിയില്‍ അസ്ഥി സഞ്ചയം പോലെ 'ഖസാക്ക്' കൊണ്ട് നടന്നു. വിലാസിനി പത്തുവര്‍ഷം കൊണ്ടാണ് 'അവകാശികള്‍' പൂര്‍ത്തിയാക്കുന്നത്.
'അവകാശികള്‍' എഴുതിത്തീര്‍ന്നപ്പോള്‍ ജീവിതം ശൂന്യമായിത്തോന്നി എന്ന് വിലാസിനി രേഖപ്പെടുത്തിയിട്ടുണ്ട്. വിലാസിനിയുടെ വാക്കുകള്‍ ......'ഒരു ജന്മത്തില്‍ ഇരുജന്മം ജീവിക്കേണ്ടി വന്നവരെക്കുറിച്ച് കേട്ടിട്ടില്ലേ? ഒരു ജന്മത്തില്‍ ഒരു നൂറു ജന്മം ജീവിക്കാന്‍ വിധിക്കപ്പെട്ടവനാണ് നോവലിസ്റ്റ്. മുന്നോട്ടു നോക്കിയാല്‍ അറ്റമില്ലാത്ത ശൂന്യത മാത്രം കാണുന്ന , കഥയും കഥാപാത്രങ്ങളും മരവിച്ചു നില്‍ക്കുന്ന ,നടത്തത്തിനിടയില്‍ അദൃശ്യമായ ഏതോ കറുത്ത കണ്ണാടിച്ചില്ലില്‍ ചെന്ന് തടഞ്ഞത് പോലെ അനുഭവപ്പെടുന്ന ആ സന്ദര്‍ഭങ്ങളില്‍ എല്ലാം വലിച്ചെറിഞ്ഞു കടന്നുപോകാനാണ് തോന്നുക. അതോരനുഭവമായിരുന്നു. മാത്രമല്ല. ഒരു കണ്ടെത്തലും കൂടിയായിരുന്നു. പരസ്പരവിരുദ്ധമായ അനന്തവിവിധമായ വ്യക്തിത്വങ്ങളുള്ള ഇത്രയേറെ മനുഷ്യര്‍ എന്നിലൂടെ നടന്നത് , അവകാശികള്‍ എഴുതിത്തീര്‍ന്നപ്പോള്‍ മാത്രമാണ് ഞാനറിഞ്ഞത്. അസഹ്യമായ ഹൃദയവേദന അനുഭവിക്കുന്ന രാജേശ്വരിയായി പത്തു വര്‍ഷം ഞാന്‍ ജീവിച്ചതാണ്. കൃഷ്ണനുണ്ണിയുടെ ധര്‍മസങ്കടം എന്നെ ശ്വാസം മുട്ടിച്ചിട്ടുണ്ട്. 'തുടക്കത്തില്‍' ബിന്ദുവായും 'ചുണ്ടെലി' യില്‍ ശശിയായും ' ഇണങ്ങാത്ത കണ്ണികളില്‍' ഉമയും രാജനും പണിക്കരുമായി അങ്ങനെ ഞാന്‍ ജീവിച്ചു. അവരുടെ ശരീരത്തിലും മനസ്സിലും അവരായി ഞാന്‍ നിറഞ്ഞു.
https://www.facebook.com/Malayalivartha