വിവാദങ്ങൾക്കപ്പുറത്തേക്ക്
ഹിമാവാഹിനിയായ ഗംഗയെ പ്പോലെ കിള്ളിയാര്‍ ഒഴുകുന്നു സഹസ്രാബ്ദങ്ങളായി. കിള്ളിയുടെ പാദങ്ങള്‍ സ്പര്‍ശിച്ച മണ്ണില്‍ ജഗദംബിക കുടിയിരുന്നു. എത്ര വനനിലാവുകള്‍ ആ മുടിപ്പുരയെ തഴുകി കടന്നുപോയി. എത്ര വാസന്ത രാവുകളില്‍ അമ്മ മക്കളെയും കാത്തു കാത്തിരുന്നു. കിള്ളിയാറില്‍ മാനസ തീര്‍ഥത്തില്‍ കുളിച്ചു ശുദ്ധി വരുത്തി കണ്മഷി എഴുതി ചാന്തു തൊട്ട് ചന്ദനമെഴുതിയ മുഖശോഭയുമായി വരദായിനിയായ ദേവി മക്കള്‍ക്ക് ദര്‍ശനമേകി. തിരുവനന്തപുരം നഗരിയുടെ തീരം ചേര്‍ന്നുകിടന്ന ആറ്റുകാല്‍ തികച്ചും ശാന്തമായ ഒരു ഗ്രാമപ്രദേശമായിരുന്നു അന്ന്. കൃഷി മാത്രം മുഖ്യ ജീവനമാര്‍ഗമായിരുന്ന അനേകം തലമുറകള്‍ അവിടെ ജീവിച്ചു. ആറ്റുകാല്‍ അമ്മയുടെ മുടിപ്പുരയിലെത്തി ഉള്ളതില്‍ പങ്കു കാണിക്ക അര്‍പ്പിച്ചും ഉള്ളില്‍ വിങ്ങിയ സങ്കടങ്ങള്‍ അമ്മയോടു പങ്കിട്ടും അമ്മ നല്‍കിയ പ്രസാദം ഏറ്റുവാങ്ങിയും ആണ്ടിലൊരിക്കല്‍ അമ്മക്ക് പൊങ്കാല അര്‍പ്പിച്ചും അങ്ങനെ എത്രയോ കാലം...
ഇന്ന് ആറ്റുകാല്‍ ക്ഷേത്രം വന്‍കരകള്‍ താണ്ടി വിശ്വം മുഴുവന്‍ അറിയപ്പെടുന്ന തീര്‍ഥാടന കേന്ദ്രമാണ്. ആറ്റുകാലമ്മ ജനലക്ഷങ്ങളുടെ അഭയവും രക്ഷയുമാണ്.കേരളത്തിനകത്തും പുറത്തും നിന്നുമായി സ്വദേശികളും വിദേശികളുള്‍പ്പടെ ലക്ഷങ്ങളാണ് ആണ്ടുതോറും കൊണ്ടാടുന്ന ആറ്റുകാല്‍ പൊങ്കാലക്ക് നെഞ്ചുരുളിയില്‍ വെന്ത സങ്കടങ്ങള്‍ നൈവേദ്യമായി അര്‍പ്പിക്കനെത്തുന്നത്. അമ്മയുടെ കഥ തിരുവനന്തപുരത്തിന്റെ ചരിത്രത്തോടൊപ്പം വളര്‍ന്നുപോയ ഒരദ്ഭുതമാണ് .
ആ അദ്ഭുതം തേടി ഒരു ഗവേഷക ആറ്റുകാലില്‍ എത്തി. അമ്മയുടെ മുന്‍പില്‍ നിറകണ്ണുമായി എല്ലാംമറന്നു വന്ദിച്ചുനിന്നു. സമുദ്രവസനയായ ദേവിയുടെ തിരുമുന്‍പില്‍ മിഴിനീര്‍ കാണിക്ക യര്‍പ്പിച്ചു ' പാദസ്പര്‍ശം ക്ഷമസ്വ മേ..' എന്ന് ഉള്ളുരുകി കരഞ്ഞു.അമ്മയുടെ കഥ പറയാന്‍ അവള്‍ ആഗ്രഹിച്ചു. ഒരു മധ്യാഹ്നത്തിലായിരുന്നു ഉച്ചശീവേലി കണ്ടു വണങ്ങിയ ലക്ഷ്മിക്ക് അമ്മയെ അടുത്തറിയണമെന്ന അതിയായ വെമ്പല്‍ ഉണ്ടാകുന്നത്.
ആറ്റുകാല്‍ ക്ഷേത്രത്തിന്റെയും അമ്മയുടെയും പൊങ്കാലയുടെയും കഥയും ചരിത്രവും തേടി കവയിത്രിയും ഗവേഷകയുമായ ശ്രീമതി ലക്ഷ്മി രാജീവ് നടത്തിയ നീണ്ട നാല് വര്‍ഷത്തെ നിരന്തരാന്വേഷണം മനോഹരമായ ഒരു ഗ്രന്ഥമായി ഇതാ നമ്മുടെ മുന്‍പില്‍. അമ്മയോടുള്ള അളവറ്റ സ്നേഹവും ഭക്തിയും വിനയവും ലക്ഷ്മിയുടെ കൃതിയെ ഗഹനവും സുരഭിലവുമാക്കുന്നു. ചരിത്രം ചികയുമ്പോള്‍ കതിരും പതിരും വേര്‍തിരിക്കാനും കാലത്തോടൊപ്പം ഒഴുകിപ്പോയ സത്യത്തിത്തിന്റെ ഹിരണ്മയപാത്രം തുറന്നെടുക്കാനും ലക്ഷ്മി തീരുമാനിച്ചത് ഒരു നിയോഗമായിട്ടാണ്. താന്‍ തൊടുന്നത് മഹത്തായൊരു പൊരുളിന്റെ നേരിലാണെന്നു തുടക്കം തൊട്ടേ ലക്ഷ്മിക്ക് ബോധ്യമുണ്ടായിരുന്നു. സ്വാഭാവികമായും പുനരന്വേഷണത്തിന്റെ മുദ്രകള്‍ തിരഞ്ഞു പോകുന്ന ഒരു വിദ്യാര്‍ഥി നേരിടാനിടയുള്ള പ്രതിബന്ധങ്ങള്‍ ലക്ഷ്മിയും തിരിച്ചറിഞ്ഞു. ക്ഷേത്രത്തിലെ മേല്‍ശാന്തിമാര്‍, ലഭ്യമായ ചരിത്ര രേഖകള്‍, ജീവിച്ചിരിക്കുന്ന അപൂര്‍വ്വം വ്യക്തികള്‍, പോയ തലമുറയിലെ കഥകള്‍ പകര്‍ന്ന വയോധികര്‍, ആറ്റുകാല്‍ ക്ഷേത്രത്തിന്റെ ശരിയായ ചരിത്രം ഉറങ്ങിക്കിടന്ന തോറ്റം പാട്ടുകള്‍, ഇന്നും അത് പാടുന്ന അപൂര്‍വ്വം മനുഷ്യര്‍, ഫോക് ലോര്‍ മേഖലയിലെ തലമുതിര്‍ന്ന അധ്യാപകര്‍, കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളെ ക്കുറിച്ചുള്ള പഠനങ്ങള്‍, തന്ത്രസമുച്ചയം പോലുള്ള ആധികാരിക ഗ്രന്ഥങ്ങള്‍, സര്‍വകലാശാലകളില്‍ ഉണ്ടായിട്ടുള്ള ഗവേഷണങ്ങള്‍... തീരുന്നില്ല.
നാല് വര്‍ഷവും അമ്മയെന്ന ധ്യാനവും മന്ത്രവുമായി അമ്മയില്‍ നിറഞ്ഞു ജീവിക്കാന്‍ ഈ എഴുത്തുകാരി വ്രതം നോല്‍ക്കുന്നു. അതീവ മധുരമാണ് ലക്ഷ്മി രാജീവ് എഴുതിയ ' ആറ്റുകാല്‍ അമ്മ .. ജനലക്ഷങ്ങളുടെ ദേവി' എന്ന പുസ്തകം. ആറ്റുകാല്‍ എന്ന പൊരുളിന്റെ വശ്യത വാക്കുകളുടെ സംഗീതമായാണ് നമുക്ക് അനുഭവപ്പെടുക. അമ്മയുടെ ഒരു ദിവസം തുടങ്ങുന്ന ഭൂപാളം തൊട്ട് രാത്രി നീലാംബരിയില്‍ അമ്മ പള്ളിയുറങ്ങും വരെയുള്ള അഭൌമമായ അന്തരീക്ഷം ലക്ഷ്മി വര്‍ണിക്കുന്നത് കവിത നിറഞ്ഞ ഭാഷയിലാണ്.
ഈ ചരിത്രത്തിന്റെ താളുകള്‍ക്കിടയിലൂടെ ഒരു കാല്‍ത്തളയുടെ നാദം നമ്മെ പിന്തുടരും. കേവലം പതിനൊന്നു വയസ്സ് മാത്രമുള്ള കന്യ എന്ന പെണ്‍കുട്ടിയുടെ ചിലങ്കയുടെ ശബ്ദം. ആ ശബ്ദം തേടിയാണ് ലക്ഷ്മി രാജീവ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ജീവിച്ചത്....
ആറ്റുകാലില്‍ ചിരകാലമായി പാടിവരുന്ന തോറ്റംപാട്ടുകളാണ് അമ്മയുടെ ചിരന്തനസത്യം തുറന്നുതരുന്നത്. മലയാളഭാഷ രൂപം കൊളളുന്നതിനും എത്രയോ മുമ്പ് വായ്ത്താരിയായി ഉറവെടുത്ത തോറ്റംപാട്ടിന് സംഘകലത്തോളമോ അതിലുമധികമോ പഴക്കമുണ്ടെന്ന സത്യം ചരിത്രം പരിശോധിക്കുന്നവര്‍ക്ക് മനസ്സിലാവും. മലയാളത്തിലോ തമിഴിലോ അല്ല മലയാം തമിഴെന്നോ മലയാഴ്മയെന്നോ പറയാവുന്ന മിശ്രരൂപത്തില്‍ പാടിവന്ന തോറ്റം പാട്ടുകളിലാണ് ആറ്റുകാല്‍ ദേവിയുടെ ഉല്പത്തി കഥ ഉറങ്ങിക്കിടക്കുന്നത്. ഇത്രയും കാലം പാടിവന്നിട്ടും ആ കഥകള്‍ തിരഞ്ഞുനോക്കാന്‍ ആരും മിനക്കെട്ടില്ല എന്നതാണ് ദു:ഖകരമായ സത്യം. ആറ്റുകാല്‍ ക്ഷേത്രത്തെക്കുറിച്ച് നിലവിലുള്ള വിശ്വാസം ആറ്റുകാല്‍ പിടാകത്തിലെ ചെറുകര മുല്ലുവീട്ടില്‍ കാരണവര്‍ കിള്ളിയാറിന് സമീപം കണ്ടെത്തിയ കണ്ണകിയെന്ന പെണ്‍കുട്ടിയെ അവിടെ കുടിയിരുത്തി എന്നാണ്. സ്വപ്നദര്‍ശനത്തില്‍ താന്‍ ചിലപ്പതികാരത്തിലെ കണ്ണകിയാണെന്ന് അരുളി എന്നാണു പില്‍ക്കാലം പ്രചരിച്ചുപോന്നത്.
ഈ കഥയുടെ പൊരുള്‍ തേടിയ ലക്ഷ്മി രാജീവ്, കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങള്‍ പലതിന്റെയും ഉല്‍പ്പത്തിയുമായി ബന്ധപ്പെട്ടു കേള്‍ക്കുന്ന കഥയെപ്പോലെ ഇതും ഒരു കെട്ടുകഥ മാത്രമാണെന്ന് തിരിച്ചറിഞ്ഞു. ആറ്റുകാല്‍ മുല്ലുവീട്ടിലെ പഴയ രേഖകളിലൊന്നിലും അമ്മയെക്കുറിച്ചോ ക്ഷേത്രത്തെപ്പറ്റിയോ വ്യക്തമായ ഒരു പരാമര്‍ശവുമില്ല. തിരുവിതാംകൂറിലെ വയലേലകളില്‍ അന്നു നിലവിലുണ്ടായിരുന്ന മുടിപ്പുരകളില്‍ ഒന്നായിരുന്നു ആറ്റുകാല്‍. കിള്ളിയാറിന്റെയും കരമാനയാറിന്റെയും തീരഭൂവില്‍ കൃഷിയിടങ്ങളില്‍ ആരാധനക്കായി ഒരുക്കിയ മുടിപ്പുരകള്‍ കര്‍ഷകന്റെ ജീവിതവുമായി അഭേദ്യബന്ധം പുലര്‍ത്തിയ ദേവി ആരാധന യായിരുന്നു. പില്‍ക്കാലത്ത് ആറ്റുകാലില്‍ പ്രതിഷ്ഠ നേടിയ ജഗദംബയും സാധാരണക്കാരില്‍ സാധാരണക്കാരായ കര്‍ഷകര്‍ കുടിവെച്ച ദേവതയാണ്. തോറ്റം പാട്ടിലെ കഥയനുസരിച്ച് സാക്ഷാല്‍ പരമേശ്വരന്റെ മകള്‍ കന്യ യാണ് ഭദ്രകാളീ ഭാവത്തില്‍ അവിടെ കുടിയിരുന്നത്. പതിനൊന്നാം വയസ്സില്‍ വിവാഹിതയായ, തുടര്‍ന്ന് നിത്യകന്യകയായി ജീവിക്കേണ്ടിവന്ന ദേവിയുടെയും താന്‍ വരനായി മനസാ സ്വീകരിച്ച ബാലകന്റെയും ചരിതമാണ് തോറ്റം പാട്ടുകാര്‍ പാടിവന്നത്. ചിലങ്ക വില്‍ക്കാന്‍ മധുരയിലേക്ക് പോയതും മോഷ്ടാവാണെന്നു തെറ്റിദ്ധരിച്ച പാണ്ഡ്യരാജാവ് ബാലകനെ വധിക്കുന്നതും, ഇതറിഞ്ഞു ദു:ഖാകുലയും ക്രോധാവിഷ്ടയുമായ കന്യ തന്റെ കാല്‍ച്ചിലങ്ക എറിഞ്ഞു മധുരാനഗരിയെ എരിച്ചു ചാമ്പലാക്കുന്നതും എല്ലാം തുടര്‍ക്കഥയായി തോറ്റംപാട്ടിലും വരുന്നു.
ഇളങ്കോവടികള്‍ ചിലപ്പതികാരത്തില്‍ ഭേദഗതിയോടെ അവതരിപ്പിച്ച കണ്ണകീ കോവലന്‍ ചരിതം അതിനും മുന്നേ നിലനിന്നിരുന്ന തോറ്റംപാട്ടുകളുടെ അനുകീര്‍ത്തനമാവാം എന്നൊരു സാധ്യതയും നിലനില്‍ക്കുന്നു. ആറ്റുകാലിലെ മധുവാശന്‍ എത്രയോ തലമുറയായി പാടിവന്ന ഈ ഗാനത്തിന്റെ ജീവിച്ചിരിക്കുന്ന സാക്ഷ്യമാണ്.
ആദ്യകാലത്ത് ഗുരുതി തര്‍പ്പണവും മൃഗബലിയും ഉണ്ടായിരുന്ന ആറ്റുകാല്‍ ക്ഷേത്രത്തില്‍ പില്‍കാലത്ത് അതെല്ലാം അവസാനിപ്പിക്കുകയായിരുന്നു. ബ്രഹ്മാനന്ദസ്വാമി ശിവയോഗിയെ പ്പോലുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ ഇടപെടല്‍ മൂലം മൃഗബലി എന്നേക്കുമായി നിര്‍ത്തുകയായിരുന്നു. മണ്ണാന്‍, വണ്ണാന്‍ സമുദായക്കാരാണ് തോറ്റംപാട്ട് പാടി വന്നത്, പില്‍ക്കാലം മറ്റു സമുദായക്കാരും പാടാന്‍ തുടങ്ങി. ദേവിയെ വരിക്ക പ്പ്‌ലാവില്‍ കൊത്തിയെടുത്ത ദാരുശില്പമായാണ് കുടിയിരുത്തിയത്.
അവ്യക്തമായി മറഞ്ഞുനിന്ന സത്യം തേടിയുള്ള യാത്രയിലാണ് ലക്ഷ്മി ആറ്റുകാലിന്റെ വര്‍ത്തമാനത്തിലേക്ക് നടന്നെത്തുന്നത്. തിരുവിതാംകൂറിലെ മഹാരാജ സ്വാതി തിരുനാളിന്റെ ആസ്ഥാന ജ്യോതിഷി കൂടിയായിരുന്ന ശ്രീ ശങ്കരനാഥജ്യോത്സ്യരാണ് ( 1790 1858) ദേവിയുടെ മുടിപ്പുരയെ ഇന്ന് കാണുന്ന മാതൃകയുടെ പൂര്‍വ രൂപത്തിലേക്ക് കൊണ്ടുവരുന്നത്. ബദരീനാഥ് ക്ഷേത്രത്തിലെ പൂജാരിയായിരുന്ന അദ്ദേഹം യോഗവാസിഷ്ടം ഭാഷ്യവും ദേവീ ഭാഗവതം പരിഭാഷയും നിര്‍വഹിച്ചിട്ടുള്ള ഒരു മഹദ് വ്യക്തിയായിരുന്നു. ശങ്കരനാഥജ്യോത്സ്യര്‍ എന്ന ഈ മഹാപുരുഷനാണ് ബ്രാഹ്മണവിധി അനുസരിച്ചുള്ള പൂജാസമ്പ്രദായം ആറ്റുകാലില്‍ ആവിഷ്‌കരിച്ചത്.
ആറ്റുകാല്‍ സ്വദേശി ദിവാന്‍ ബഹാദുര്‍ ജഡ്ജി ഗോവിന്ദപിള്ള എന്ന മഹാമനുഷ്യനാണ് നൂറ്റമ്പതു വര്‍ഷം മുന്‍പ് ആറ്റുകാലിലെ ദാരു പ്രതിഷ്ഠക്ക് പുതുക്കിപ്പണിത മുഖരൂപം പകര്‍ന്നത്. പ്രശസ്ത ഗായിക കെ എസ്.ചിത്രയുടെ മുതുമുത്തച്ഛന്‍ ആയിരുന്ന ജഡ്ജി ഗോവിന്ദപിള്ളയുടെ സേവനം ആറ്റുകാല്‍ ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ എന്നും ഓര്‍ക്കപ്പെടെണ്ടതാണെന്ന് ലക്ഷ്മി രാജീവ് രേഖപ്പെടുത്തുന്നു. അതുപോലെ ഏറെക്കാലം പൂജാരിയായി ആറ്റുകാല്‍ നിവാസികളുടെ സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റിയ വിഷ്ണു തീര്ഥന്‍പോറ്റിയും. ചട്ടമ്പി സ്വാമികളും ശിഷ്യന്‍ അഭേദാനന്ദ സ്വാമിയും അങ്ങനെ എത്രയോ മഹാരഥന്മാര്‍ ഇന്നത്തെ ആറ്റുകാല്‍ ക്ഷേത്രത്തിന്റെ വളര്‍ച്ചയില്‍ ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
'സര്‍വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ഥസാധികെ
ശരണ്യേ ത്ര്യംബകെ ദേവീ നാരായണീ നമോസ്തുതേ '
എന്ന് ഉള്ളില്‍ തട്ടി പാടുകയും അമ്മാ അമ്മാ ..എന്ന് വാവിട്ടു വിളിക്കുകയും ചെയ്യുന്ന അമ്മയുടെ മക്കള്‍ ചിരന്തനമായൊരു പ്രാഗ്‌ബോധത്തെ അഭിസംബോധന ചെയ്യുകയാണ്.
കാലങ്ങളായി കേട്ടു പതിഞ്ഞ കഥകളോ ചരിത്രമോ അവരെ തെല്ലും ബാധിക്കുന്നില്ല.പില്‍ക്കാലം ഒരു കണ്ണകിയമ്മന്‍ കോവില്‍ പോലെ ദ്രാവിഡ മാതൃകയില്‍ ക്ഷേത്ര മുഖപ്പുകളും സ്ഥാപത്യ ശൈലിയും പ്രാകാര വിധാനവും മുഴുമിപ്പിക്കാന്‍ കാരണമായത് ചിലപ്പതികാരകഥയുടെ സ്വാധീനമാവാം. കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങള്‍ പൊതുവേ തുറന്ന കാവുകളും കളരികളുമാണല്ലോ. ആറ്റുകാല്‍ അമ്മ : ജനലക്ഷങ്ങളുടെ ദേവി എന്ന പുസ്തകം ശരിയായ ദിശാബോധത്തോടെ എഴുതപ്പെട്ടതാണ് എന്ന് ആദ്യവായനയില്‍ തന്നെ നമുക്ക് ബോധ്യം വരും.ഒരു വിവാദപുസ്തകമായിട്ടല്ല ഞാന്‍ ഈ കൃതിയെ വായിച്ചത്. തുറന്ന സംവാദത്തിനുള്ള സാധ്യത തുറന്നുതരുന്ന മനോഹരകൃതി ആയിട്ടാണ് എനിക്കിത് അനുഭവപ്പെട്ടത്.
തോറ്റംപാട്ടുകളുടെ സൌന്ദര്യം, പൊങ്കാല മഹോത്സവത്തിന്റെ ആഘോഷം, ത്രിപുരസുന്ദരിയായ അമ്മയുടെ അലങ്കാരപ്രിയത, നിത്യപൂജാ ക്രമത്തിലെ സൂക്ഷ്മാംശങ്ങള്‍ എല്ലാം ഒന്നിനൊന്നു മനോഹരമാക്കിയ ഈ കൃതി പ്രസിദ്ധീകരിച്ചത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ Harper Collins ആണ്. കമനീയമായ അനേകം ചിത്രങ്ങളും ഇല്ല സ്‌ട്രെഷനുകളും സ്‌കെച്ചുകളും പുസ്തകത്തിന്റെ സൌന്ദര്യത്തിനു മാറ്റ് കൂട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha