ഇന്ന് അധ്യാപകദിനം
ഇന്ന് അധ്യാപകദിനം .ബാല്യ കൗമാരങ്ങളുടെ ശില്പികളാണ് അധ്യാപകര്‍. അധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 ആണ് ഇന്ത്യയില്‍ അധ്യാപകദിനമായി ആചരിക്കുന്നത്. 1961 മുതല്‍ ഇന്ത്യയില്‍ അധ്യാപകദിനം ആചരിച്ചുവരുന്നു.
ഇവിടെ ശ്രീ സേതു മേനോന്‍ തന്റെ പ്രിയ അധ്യാപകന് ഗുരു ദക്ഷിണയായി കുറിച്ച വരികള്‍ വായിക്കാം .
1981 ലാണ് ഞാന്‍ തൃശൂര്‍ കേരളവര്‍മയിലെത്തുന്നത്. മലയാളം എം എ ക്ലാസില്‍. രാവുണ്ണിയും എന്‍ പി ചന്ദ്രശേഖരനും ഉള്‍പ്പടെ ഞങ്ങള്‍ പത്തുപന്ത്രണ്ടു പേര്‍.
വി ജി തമ്പി മാഷുടെ അധ്യാപക ജീവിതത്തിന്റെ ആദ്യനാളുകള്‍. വളരെ സൌമ്യനായ ഒരാള്‍. ഒരധ്യാപകന്റെ ആര്‍ജവം, സത്യസന്ധത ഇവയൊക്കെ നമ്മെ പെട്ടെന്ന് ആകര്‍ഷിക്കും. സാഹിത്യവിമര്‍ശനത്തിന്റെ ചരിത്രമാണ് തമ്പിമാഷ് എടുത്തിരുന്നത് എന്നാണെന്റെ ഓര്‍മ.കേരളവര്‍മയിലെത്തുന്നതിനു മുന്‍പ് തന്നെ 'രസന' മാസികയെപ്പറ്റി കേട്ടിരുന്നു. ഇളംപച്ചനിറത്തിലുള്ള നോട്ടുബുക്ക് പോലെയാണ്, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'പതിനെട്ടു കവിതകള്‍' രസന പുറത്തിറക്കിയത്. തമ്പി മാഷുടെ 'രസനയും കനലു'മൊക്കെ അമൂല്യനിധി പോലെ ഞങ്ങള്‍ സൂക്ഷിച്ചു. മാനുഷികമായ ഒരു ദിശാബോധം പകരുന്നതില്‍ കേരളവര്‍മയും തമ്പിമാഷും അളവില്‍ക്കവിഞ്ഞ സ്വാധീനം എന്നിലുണര്‍ത്തി. അതുവരെ ഉണ്ടായിരുന്ന കാഴ്ച, വാക്ക്, വായന ,എഴുത്ത് എല്ലാം പുതിയൊരു ഗതിവേഗം കൈക്കൊണ്ടു. ഞാന്‍ ദിവസവും ഒറ്റപ്പാലത്തുനിന്ന് ട്രെയിനില്‍ വന്നുപോവുകയായിരുന്നു. തൃശൂരിലെത്തി കാനാട്ടുകരയില്‍ ബസിറങ്ങി കേരളവര്‍മയിലേക്ക് നടക്കുമ്പോഴാവും തമ്പിമാഷ് സൈക്കിളില്‍ ഒഴുകിവരുന്നത്. സഹപ്രവര്‍ത്തകരെയോ വിദ്യാര്‍ഥി സുഹൃത്തുക്കളെയോ കണ്ടുമുട്ടിയാല്‍ പിന്നെ സൈക്കിളും ഉരുട്ടി കൂടെനടക്കും. മൃദുവായെ സംസാരിക്കൂ. പുതിയൊരു പദകോശം,വായനയിലും എഴുത്തിലുമുള്ള ഊര്‍ജം ഇവയൊക്കെ തമ്പിമാഷെ ഉള്ളഴിഞ്ഞു സ്‌നേഹിക്കാന്‍ കാരണമായി.
ഒറ്റപ്പാലത്തുള്ള എന്റെവീട്ടില്‍ പലതവണ മാഷ് വന്നിട്ടുണ്ട്. ഞങ്ങളൊരുമിച്ച് അനങ്ങന്‍മല കയറി. വില്വാദ്രിയിലെ പുനര്‍ജനി നൂണു. കവിയരങ്ങുകളില്‍ പങ്കെടുത്തു. എന്റെ അമ്മയ്ക്കും തമ്പിമാഷെ വലിയ ഇഷ്ടമായിരുന്നു. മുത്തച്ഛന്‍ ഭാഷാധ്യാപകനായിരുന്നതുകൊണ്ട് ഞങ്ങള്‍ അധ്യാപകരെ അളവറ്റു സ്‌നേഹിച്ചു. കേരളവര്‍മയിലെ സി ആര്‍ രാജഗോപാലന്‍ മാഷും ആര്‍ ജീ എന്ന് വിളിച്ചിരുന്ന ആര്‍. ഗോപാലകൃഷ്ണന്‍ സാറും എം ആര്‍ രാജനും, പിന്നെ പ്രിയപ്പെട്ട രാജന്‍മാഷും യുവകവി അവീഷും (ഇരുവരും ഇപ്പോഴില്ല) വള്ളുവനാട്ടിലെ സൗഹൃദം കൂടാന്‍ എന്റെ വീട്ടിലെത്തിയത് ഗൃഹാതുരതയോടെ ചിലപ്പോഴൊക്കെ ഓര്‍ക്കാറുണ്ട്. അലഞ്ഞുള്ള യാത്രകള്‍ തമ്പിമാഷിന് വളരെ ഇഷ്ടമായിരുന്നു. നൂറുവര്‍ഷം പിന്നിട്ട ഞങ്ങളുടെ പഴയവീടിന്റെ ഉമ്മറക്കോലായയിലും, അനങ്ങന്‍മലയുടെ നെറുകെയിലും പുനര്‍ജനി ഗുഹയുടെ ഇരുണ്ട ആഴത്തിലും കവിയായ തമ്പിമാഷ് അനുഭവത്തിന്റെ ഏകാന്തമായ നിമിഷം ഉള്‍ക്കൊണ്ടിരിക്കാം.
ഒരിക്കല്‍ കര്‍ണാടകയിലൂടെ യാത്രചെയ്യുമ്പോള്‍ അര്‍ദ്ധരാത്രി സമയം അദ്ദേഹവും കൂട്ടുകാരും വലിയൊരു നദീതീരത്തെത്തി. അമാവാസിയിലെ ആ ഇരുണ്ട നദിയുടെ നിശ്ചല ഗാംഭീര്യം അദ്ദേഹം ക്ലാസ്മുറിയില്‍ വരച്ചുകാട്ടിയത് ഇന്നും എന്റെ മനസ്സിലുണ്ട്. പാതിരായാമത്തില്‍ നദീദൃശ്യത്തിന് ഭയപ്പെടുത്തുന്ന ഒരു ഇരുണ്ട സൌന്ദര്യമുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
നേരം പുലര്‍ന്നപ്പോ ഴാണ് അത് 'തുംഗഭദ്ര' യാണെന്ന് മനസ്സിലായത്. നാമ രൂപങ്ങളുടെ തിരിച്ചറിവ് നമ്മുടെ കാഴ്ചയെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് വിശദീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം. കുടജാദ്രിയിലെ പുലരിമഞ്ഞും മേഘവര്‍ഷവും ഉത്തരേന്ത്യന്‍യാത്രയുടെ വേവും ചൂടുമെല്ലാം അനുഭവതീവ്രതയോടെ പിന്നീട് കവിതയില്‍ ആവിഷ്‌കരിക്കാന്‍ അദ്ദേഹത്തിനു സഹായകമായി എന്നുവേണം കരുതാന്‍. ഒരിക്കല്‍ ഒരു നീണ്ട യാത്രക്കൊടുവില്‍ തോരാത്ത വര്‍ത്തമാനങ്ങളുമായി കൂടെയുണ്ടായിരുന്ന അജ്ഞാതനായ സഹയാത്രികന്‍ എല്ലാവരും നോക്കിനില്‍ക്കെ ഓടുന്ന തീവണ്ടിയില്‍നിന്ന് എടുത്തുചാടി ആത്മഹത്യ ചെയ്തത് തമ്പിമാഷെ വളരെ ദു:ഖിതനാക്കി .മരണത്തിന്റെ ഉന്മാദത്തിലേക്ക് അയാള്‍ യാത്രപോയത് കവിയെ ആകുലചിന്തയില്‍ തപിപ്പിച്ചിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. പിന്നീട് സഹാധ്യാപകനായിരുന്ന രാജന്‍മാഷുടെ തികച്ചും അനാഥമായ മൃതി. അത് പ്രാര്‍ഥനാനിര്‍ഭരമായ ഒരു ബലികൂടിയായിരുന്നുവല്ലോ. വിരഹം,തിരസ്‌കാരം, സഹനം തുടങ്ങിയ സാധാരണയിലും അസാധാരണമായ വിധികല്പന ഏറ്റുവാങ്ങേണ്ട സന്ദര്‍ഭങ്ങള്‍ ജീവിതത്തെ മുകര്‍ന്നപ്പോഴും അടിതെറ്റാതെ പിടിച്ചുനില്‍ക്കാന്‍.. സൌഹൃദങ്ങള്‍ അദ്ദേഹത്തിന് തുണനിന്നു. ഈ സൌഹൃദങ്ങളാണ് വി ജി തമ്പി എന്ന മനുഷ്യന്റെ, അധ്യാപകന്റെ, കവിയുടെ ബലതന്ത്രം. ഇവിടെനിന്നാണ് വി ജി തമ്പി എന്ന കവിയെ ഞാന്‍ വായിക്കുന്നത്. 'തച്ചനറിയാത്ത മരം'.. ഉള്ളിലേക്ക് കരയുന്ന വാക്ക്. എന്റെ പ്രണയമേ എന്റെ പ്രണയമേ എന്നെ ഏകനാക്കുന്നതെന്ത് ? കവി ചോദിച്ചു. എന്തു സംഭവിച്ചു എന്നതല്ല, എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നൊരു ധര്‍മവ്യസനം ഈ കവിയെ ഒഴിയാബാധ പോലെ പിന്തുടര്‍ന്നു.'തച്ചനറിയാത്ത മര'ത്തിന്റെ അവതാരികയില്‍ ബാലന്‍ എഴുതി : 'മരിക്കാനാവാതെ ജീവിക്കാനാവാതെ വിശ്വസിക്കാനാവാതെ അവിശ്വസിക്കാനാവാതെ ആരംഭിക്കാനാവാതെ അവസാനിപ്പിക്കാനാവാതെ പിതാവ്,മകള്‍ ,സുഹൃത്ത്, പ്രകൃതി, പ്രണയം, ദൈവം, രാത്രി, മരണം, പിറവി, മറവി എന്നിങ്ങനെയുള്ള മഹാബാധകളാല്‍ യാതനപ്പെടുന്ന ഈ കവിക്ക് വി ജി തമ്പി എന്നും നാമകരണം ചെയ്യാം.'
മുപ്പതുവര്‍ഷം നീണ്ട അധ്യാപന ജീവിതത്തിന്റെ പടിയിറങ്ങുമ്പോള്‍ വി ജി തമ്പിയുടെ ബാക്കിപത്രം സ്‌നേഹവാത്സല്യങ്ങളുടെ തുളുമ്പുന്ന ചിരസൌഹൃദം .കവിജീവിതത്തിനു വിരാമമില്ല. എല്ലാ യാതനകള്‍ക്കും അപ്പുറം അനുഭവത്തിന്റെ അഗാധതയില്‍ നിന്ന് ഉയിര്‍കൊള്ളുന്ന തീവ്ര വിശ്വാസത്തിന്റെ വാങ്ങ്മയം ഈ കവിയെ വേദനയുടെ മറുകരയിലെത്തിക്കും, തീര്‍ച്ച. ഇത് സ്‌നേഹം മാത്രം കൈമുതലായുള്ള ഒരധ്യാപകന് ശിഷ്യന്റെ ദക്ഷിണ.
https://www.facebook.com/Malayalivartha