തമസോമാ ജ്യോതിർഗമയ
"അജ്ഞാനമാകുന്ന ഇരുട്ടിൽ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കേണമേ" എന്ന പ്രാർത്ഥന ഒരു ദിവസമെങ്കിലും മലയാളിയുടെ നാവിൻ തുമ്പിൽ ഉണ്ടാകുന്ന ദിവസമാണ് വിജയ ദശമി. വിജയദശമി ഇന്ത്യയിലും നേപ്പാളിലും ആഘോഷിക്കപ്പെടുന്ന ഒരു ഹൈന്ദവോത്സവമാണ്.കന്നിമാസത്തിലെ കൃഷ്ണാഷ്ടമി നാളില്‍ പൂജയ്ക്ക് വയ്ക്കുന്ന ഉപകരണങ്ങള്‍ ഒരു ദിവസത്തിന് ശേഷം വിജയദശമി നാളില്‍ പുറത്തെടുക്കും.അക്ഷര പൂജയിലൂടെ അറിവിനേയും ആയുധ പൂജയിലൂടെ പ്രവൃത്തിയേയും കച്ഛപി (വീണ പോലുള്ള സംഗീത ഉപകരണം) കലകളേയും ഉപാസിക്കുകയാണ് കേരളീയര്‍ ചെയ്യുന്നത്. എന്നാല്‍ ബംഗാളില്‍ നവരാത്രി ദുര്‍ഗ്ഗാപൂജ ആയായാണ് ആഘോഷിക്കുന്നത്. കര്‍ണ്ണാടകത്തില്‍ ഇത് ദസറയാവുന്നു.
അന്ധകാരത്തിനുമേൽ പ്രകാശത്തിന്റേയും അജ്ഞാനത്തിനുമേൽ ജ്ഞാനത്തിന്റേയും വിജയം സംഭവിച്ച ദിനമാണ് വിജയ ദശമി. അന്ന് നാവിൽ അറിവിന്റെ ആദ്യാക്ഷരം കുഞ്ഞു നാവിൽ എഴുതും. പിന്നീട് വാക് ദേവത എന്നും നാവിൽ വിളയാടട്ടെ എന്ന പ്രാർത്ഥനയോടെ ഗുരുക്കൻമാർ കുഞ്ഞിന് ഹരി ശ്രീ ചൊല്ലി കൊടുക്കുന്നു.
ഇന്നാണ് അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന ആ ദിവസം . സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുഞ്ഞുങ്ങൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. നാവിലും അരിയിലും ഹരീശ്രീ കുറിച്ചപ്പോള്‍ ചില കുരുന്നുകള്‍ വാവിട്ടു കരഞ്ഞു, മറ്റു ചിലരുടെ മുഖത്ത് കൗതുകത്തിന്റെ നിഷ്‌കളങ്കത, ചില കുട്ടികള്‍ എഴുതാന്‍ മടിച്ചു. മറ്റു ചിലര്‍ എഴുതാന്‍ വിസമ്മതിച്ച് അമ്മയുടെ സാരിത്തുമ്പില്‍ തലയൊളിപ്പിച്ചു. അങ്ങനെ വിവിധങ്ങളായ കാഴ്ചകളായിരുന്നു സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ദിനത്തില്‍ കാണാനായത്.
ക്ഷേത്രങ്ങള്‍ക്ക് പുറമെ പ്രധാന ഗ്രന്ഥശാലകള്‍, സന്നദ്ധസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ആദ്യാക്ഷരം കുറിക്കാൻ കുട്ടികൾ എത്തി.
കൊല്ലൂര്‍ മുകാംബിക ക്ഷേത്രം, തിരൂരിലെ തുഞ്ചന്‍പറമ്പ്, ചോറ്റാനിക്കര ദേവീക്ഷേത്രം, കോട്ടയം ജില്ലയിലെ പനച്ചിക്കാട്, തിരുവനന്തപുരത്തു കോട്ടയ്ക്കകത്തെ നവരാത്രി മണ്ഡപം, അഭേദാശ്രമം, ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം എന്നിവിടങ്ങളില്‍ പുലര്‍ച്ചെതന്നെ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്നുമണിക്ക് തന്നെ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചിരുന്നു. ഉച്ചക്ക് ഒന്നരവരെയാണ് ഇവിടെ ചടങ്ങ് നടക്കുക. കൊല്ലൂരിലെ ആദ്യാക്ഷരം കുറിക്കല്‍ വളരെ പ്രാധാന്യത്തോടെയ്യാണ് ഭക്തർ കാണുന്നത്. കന്നട, മലയാള ഭാഷയിലാണ് കൊല്ലൂരില്‍ ആദ്യാക്ഷരം കുറിക്കുന്നത്.
തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ രാവിലെ അഞ്ച് മണിയോടെ തന്നെ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചു. എഴുത്തിനിരുത്തലിന് പാരമ്പര്യ എഴുത്താശാന്‍മാര്‍ക്ക് പുറമെ സാഹിത്യകാരന്‍മാരും എത്തിയിരുന്നു.
എഴുത്തിനിരുത്തല്‍ ചടങ്ങിനു പുറമെ നൃത്തം, സംഗീതം, ചിത്രകല എന്നിവയിലും ആദ്യാക്ഷരം കുറിക്കുന്ന ദിവസമായതിനാല്‍ കലാപീഠങ്ങളിലും അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്.
https://www.facebook.com/Malayalivartha