Widgets Magazine
22
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി.... ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ച സംഭവം...ഇരുവരുടെയും ഫോണ്‍ കരയില്‍ കണ്ടെത്തി, കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് പ്രാഥമിക നിഗമനം


വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും....


നേപ്പാളിൽ വീണ്ടും 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം...ജീവനാശമോ സ്വത്ത് നഷ്‌ടമോ സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല...നേപ്പാൾ ഗുരുതരമായ ഭൂകമ്പങ്ങളെ ഇനിയും നേരിടും..


സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹിത്യകാരൻ, എംടി വാസുദേവൻ നായരുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി...മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകൾ ചലിപ്പിച്ചെന്നും ഡോക്ടർമാർ..


അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിചാരണ തടസ്സപ്പെടുത്തി, പ്രതികളെ രക്ഷിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു..എസ്. ഡി.പി.ഐ പ്രതി സ്ഥാനത്തുള്ള കേസിൽ കോടതിയിലേക്കും തീവ്രവാദികളുടെ കറുത്ത കരങ്ങൾ കടന്നുചെന്നുവെന്നാണ് സംശയിക്കുന്നത്...

ഓര്‍മയില്‍ മുങ്ങിനിവര്‍ന്ന കാലം

12 FEBRUARY 2017 11:44 AM IST
സേതു മേനോൻ

More Stories...

സ്പാര്‍ക്ക്‌സ് ബിനീത്ത് ദ ആഷസ്' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു...

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ, ഡോ. എംഎസ് ഷബീറിന്റെ പുസ്തക പ്രകാശനം നടന്നു...

ഡോ. പത്മകുമാര്‍ രചിച്ച 'ബയോഹസാഡ്' പ്രകാശനം ചെയ്തു

ഇന്ത്യയെ ചൈന വീണ്ടും പിന്നിൽ നിന്ന് കുത്തി ,ഭീകരനെ സംരക്ഷിച്ച് ചൈന..സാജിദ് മിറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും ആസ്തി മരവിപ്പിക്കൽ, യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്‌ക്ക് വിധേയമാക്കാനും അമേരിക്കയും ഇന്ത്യയും നീക്കം നടത്തിയിരുന്നു.ഇന്ത്യ കൊടുംഭീകരനായി മുദ്രകുത്തിയ സാജിദ് മിറിന്റെ തലയ്‌ക്ക് അഞ്ച് ദശലക്ഷം ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്

ജനിച്ച നാട്ടിൽ തീവ്രഇസ്ലാമിസ്റ്റുകളുടെ യാതൊരു യുക്തിയും ആശയവ്യക്തതയും ഇല്ലാത്ത പൊട്ടകഥ വിശ്വസിച്ചില്ല എന്ന ഒറ്റ കാരണത്താൽ ആട്ടിയോടിക്കപ്പെട്ട സ്ത്രീകളും കുട്ടികളും അടങ്ങുന്ന കശ്മീർ പണ്ഡിറ്റുകൾ, കശ്മീർ താഴ്‌വരയുടെ യഥാർത്ഥ അവകാശികൾ. അയ്യായിരം വര്ഷത്തെ ലിഖിതമായ ചരിത്രവും അതിസമ്പന്ന സാംസ്കാരിക പൈതൃകവും ഉള്ളവർ . രാജ്യത്തിന് മൂന്ന് പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത പണ്ഡിറ്റ് സമുദായക്കാർ.... ആരും ആരും അറിയാത്ത കഥ

ഓര്‍മയില്‍ മുങ്ങിനിവര്‍ന്ന കാലം

-------------------------------------------------

ശ്രീമതി ദേവകി നിലയങ്ങോട് ഓര്‍മ്മകള്‍ കൊണ്ട് നിര്‍മിച്ച ആത്മകഥാഖ്യാനത്തിനു നല്‍കിയ പേര്  'കാലപ്പകര്‍ച്ചകള്‍' എന്നാണ്. അവിടെ കാലവും ദേശവും ഒന്നൊന്നായി പകര്‍ന്നുപോവുകയാണ്. സ്മരണയുടെ കടവില്‍ മുങ്ങിനിവരുമ്പോള്‍ ജന്മങ്ങള്‍ എത്രയോ കഴിഞ്ഞുപോയ അനുഭവമാണ് വായനയില്‍ നമ്മളറിയുന്നത്.കേരളത്തിന്‍റെ സാംസ്കാരിക ചരിത്രത്തില്‍ ആരും രേഖപ്പെടുത്താനിടയില്ലാത്ത വേദനയുടെ, തമസ്സിന്‍റെ, കണ്ണീരുപ്പു പടര്‍ന്ന അദ്ധ്യായങ്ങള്‍. ദേവകി നിലയങ്ങോടിനെ വായിക്കുമ്പോള്‍ ഇങ്ങനെയും ഒരു ലോകം നമുക്കിടയില്‍ നിലനിന്നിരുന്നു എന്ന്  അല്പം നടുക്കത്തോടെ ഭാവിചരിത്രം തിരിച്ചറിയും. സമാനമായ ഭൌതിക സാഹചര്യങ്ങള്‍ ഒരുപക്ഷെ ഇതിലും വേദനാജനകം എന്ന് അടയാളപ്പെടുത്തും വിധം ഇതര സമുദായങ്ങളുടെ അന്തര്‍ലോകങ്ങളിലും സംഭവിച്ചിരിക്കാം.

ദേവകി അന്തര്‍ജനത്തിന്‍റെ ഓർമ പ്പുസ്തകം എന്‍റെ ബാല്യകാലത്തെ ജീവിതസാഹചര്യങ്ങളുടെ ഒരു പുനര്‍വായന സാധ്യമാക്കിയത് ഇവിടെ ഓര്‍മിക്കട്ടെ. തൃശ്ശൂര്‍ ജില്ലയിലെ മച്ചാട്,മായന്നൂര്‍ എന്നീ ഗ്രാമങ്ങളില്‍ കുട്ടിക്കാലം ചിലവഴിച്ച എനിക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന മനകളും നമ്പൂതിരിക്കുട്ടികളും കുഞ്ഞോമനമാരും അവിടത്തെ ഓണക്കാലവും കൈക്കൊട്ടിക്കളിയും ഏകാദശിയും അമ്പലക്കുളവും തുടിച്ചുകുളിയും എല്ലാം ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു. ആത്തേമാരും മറക്കുടയും പൂണൂലും ദശപുഷ്പവും നടുമിറ്റവും കുടുമയും അഫന്‍ നമ്പൂതിരിമാരുടെ മുറുക്കിത്തുപ്പും വേദം ചൊല്ലലും എല്ലാം. പില്‍ക്കാലം ലളിതാംബിക അന്തര്‍ജനത്തിന്‍റെ 'അഗ്നിസാക്ഷി'  ഞാനീ കുട്ടിക്കാലത്തില്‍ ജീവിച്ചുകൊണ്ടാണ് വായിച്ചു തീര്‍ത്തത്. വി ടിയുടെ 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കും' പ്രേംജിയുടെ 'ഋതുമതിയും' മാടമ്പിന്‍റെ' ഭ്രഷ്ടും' കെ ബി ശ്രീദേവിയുടെ'യജ്ഞവും'  എം ആര്‍.ബി , കെ എസ് നമ്പൂതിരിപ്പാട്‌ എന്നിവരുടെ കൃതികളും എന്നില്‍ ആവേശിച്ച ബാല്യസ്മരണകളിലാണ് പൂര്‍ത്തിയായത്.

 

എന്നാല്‍ ദേവകി നിലയങ്ങോടിന്‍റെ സ്മരണാതീര്‍ഥത്തില്‍ ഞാന്‍ അറിഞ്ഞതും അറിയാതെപോയതുമായ ഒരു ലോകം കടന്നുവന്നു.അത് ഒരേസമയം പ്രകാശത്തിന്‍റെയും അതിലുപരി അന്ധകാരത്തിന്‍റെയും ഇടനാഴികളായിരുന്നു. അതിലെ പ്രകാശവും ചൈതന്യവും ആ സമുദായത്തിലെ സാത്വികരായ മനുഷ്യസ്ത്രീകളുടെ അലിവും വാല്‍സല്യവുമായിരുന്നു. അവിടത്തെ തമസ്സാകട്ടെ പുരുഷകേന്ദ്രിതമായ സ്മൂഹവ്യവസ്ഥ ഏല്‍പിച്ച പ്രഹരവും. അസൂര്യംപശ്യയായ ഒരു ലോകത്തില്‍ നിസ്സഹായരായി ജീവിച്ചുതീര്‍ക്കേണ്ടി വന്ന സ്ത്രീ ജന്മങ്ങളുടെ ഏകാന്തതയുടെയും യാതനയുടെയും വിരഹപര്‍വങ്ങളാണ് ദേവകി നിലയങ്ങോട്അടയാളപ്പെടുത്തുന്നത്.

മലപ്പുറം ജില്ലയിൽ മൂക്കുതലയിലെ പകരാവൂർ മനയിൽ കൃഷ്ണൻ സോമയാജിപ്പാടിന്റെയും പാർവതി അന്തർജ്ജനത്തിന്റെയും മകളായി ജനിച്ച ഗ്രന്ഥകാരി പതിനഞ്ചാം വയസ്സിൽ വിവാഹിതയായി പാലക്കാട് ജില്ലയിലെ  ചാത്തന്നൂർ ദേശത്ത്  നിലങ്ങയോട്‌ ഇല്ലത്തെത്തുന്നു.ആചാരാനുഷ്ടാനങ്ങളുടെ ലോകത്ത്‌ പെൺകുട്ടികളും സപത്നിമാരും വിധവകളും നേരിട്ട ദുരിതപൂർണമായ ജീവിതങ്ങൾ വരച്ചുകാണിക്കുമ്പോൾ നവോതഥാനമെത്താത്ത ഇല്ലങ്ങളും അവിടത്തെ അകത്തളങ്ങളും  ഓരോന്നായി ഉയിര്‍ത്തുവരുന്നു.  ഇത് ഓർമകളുടെ നിസ്സംഗമായ ചിത്രീകരണമാണ്. നമ്പൂതിരിമാരിലെ പുതിയ തലമുറക്കു പോലും ഈ ലോകം ഇപ്പോൾ അന്യമാണ്. ഇതിൽ ചൂണ്ടിക്കാണിക്കുന്ന ഇടങ്ങളൊന്നും ഇപ്പോൾ ഇല്ലെന്നു തന്നെ പറയാം. പഴയ തലമുറയിൽപെട്ടവർ ഉള്ളിൽ ഇപ്പോഴും ഈ രണ്ടു ലോകവും കൊണ്ട് നടക്കുന്നു. അവരുടെ നെടുവീർപ്പുകളും  ചെവിയോര്‍ത്താല്‍ നമുക്ക് കേൾക്കാം.

നമ്പൂതിരിസമുദായ പരിഷ്കരണപ്രസ്‌ഥാനം മലയാള ഭാഷക്കും സാഹിത്യത്തിനും മികവുറ്റ പലതും സംഭാവന ചെയ്തിട്ടുണ്ടല്ലോ. വി. ടി യും എം ആർ ബിയും പ്രേംജിയും എഴുത്തിലൂടെ, നാടകത്തിലൂടെ , കവിതയിലൂടെ സമുദായത്തെ അപ്പാടെ മാറ്റിമറിക്കാൻ ശ്രമിച്ചു. അപ്പോഴും അതെല്ലാം പെണ്ണിനെപ്പറ്റി ഉത്കണ്ഠപ്പെടുന്ന ആൺമൊഴികൾ മാത്രമായിരുന്നു. ലളിതാംബിക അന്തർജനത്തിന്റെ 'അഗ്നിസാക്ഷിയിൽ'  ദാർശനികമായി രൂപാന്തരം പ്രാപിച്ച ഒരു കഥാപാത്രത്തിന്റെ അവസ്‌ഥയാണ്‌ നാം വായിച്ചറിഞ്ഞത്. എന്നാൽ വരമൊഴി തന്റെ ആയുധമോ ആത്മപ്രകാശനമോ ആയി എഴുത്തു ശീലിച്ച ഒരാളല്ല നിലയങ്ങോട് ദേവകി. അതുകൊണ്ടുതന്നെ യാഗവും വേദവും ഔപാസനവും പൂജയും അവരുടെ വിഷയമല്ല. കഥകളിയും മേളവും തന്ത്രവും ഹോമവും ഒന്നും അവരുടെ കഥയിൽ കടന്നു വരുന്നില്ല.

കടവല്ലൂർ അന്യോന്യവും രേവതി പട്ടത്താനവും ഇവിടെ ചർച്ചാവിഷയമേ അല്ല. സ്മാർത്തവിചാരം,  ഭ്രഷ്ട് തുടങ്ങിയ ദുസ്വപ്നങ്ങൾ പോലും പശ്ചാത്തലമായി മാത്രമേ ഈ രചനയിൽ കടന്നു വരുന്നുള്ളൂ. അടുക്കളയുടെയും കുളക്കടവിന്റെയും ഇരിക്കണമ്മമാരുടെയും മറക്കുടക്കുള്ളിലെ ആത്തേമ്മാരുടേയും ലോകമാണ് അവർ വേദനയോടെ പറയുന്നത്. ആ ലോകം ഗൃഹാതുരവും യാതനാനിർഭരവുമായ ഒരു കാലത്തെ കൊത്തിവെക്കുന്നു.

1928 ൽ പിറന്ന് പതിനഞ്ചു  വയസ്സ് വരെ താൻ വളർന്ന ഇല്ലത്തെ പറ്റിയുള്ള ഓർമകളാണ് പൂർവഭാഗത്തു പകർത്തിയിരിക്കുന്നത്.  ഈ കാലം ഇല്ലത്തിനു പുറത്ത് കലാപങ്ങളുടെയും അന്തക്ഷോഭങ്ങളുടെയും കാലമാണ്. 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന വി.ടിയുടെ നാടകം മലയാളക്കരയിൽ പരിണാമത്തിന്റെ ഗതി നിർണയിക്കുകയായിരുന്നു. നമ്പൂതിരി ബില്ല്, ഇംഗ്ലീഷ് വിദ്യാലയങ്ങൾ, വിദേശവസ്ത്ര ബഹിഷ്‌കരണം, നാട്ടിലെങ്ങും ഉപ്പുസത്യാഗ്രഹം എന്നിങ്ങനെ സമുദായം പതുക്കെ മാറ്റത്തിന്റെ വെളിച്ചം അറിയുകയായിരുന്നു. എന്നിട്ടും പല മനവളപ്പുകളും നാലുകെട്ടുകളും അകത്തളങ്ങളും ശ്രീകോവിലുകളും തമസ്സിലങ്ങനെ കഴിയുകയായിരുന്നു.

ആറ്റൂർ രവിവർമ്മയുടെ ഭാഷയിൽ  പറഞ്ഞാൽ വൈകി മാത്രം മഴയെത്തുന്ന ചില പ്രദേശങ്ങളെപ്പോലെ യോഗക്ഷേമസഭ മുളക്കാനും വളരാനും വൈകിയ ഇടങ്ങൾ സമുദായത്തിൽ ബാക്കിനിന്നു. ഇങ്ങനെ ഒരിടമാണ് ദേവകി അന്തർജ്ജനം നമുക്കായി തുറന്നിടുന്നത്.

അയവിറക്കാൻ മാത്രം മധുരമുള്ള ശൈശവമില്ലാത്ത കുഞ്ഞോമനകൾ. ഉറ്റവരാരും അവരെ കൈയിലെടുത്തു ലാളിച്ചില്ല. പെറ്റമ്മയുടെ മുലപ്പാല് കുടിച്ചല്ല അവർ വളർന്നത്. ഇല്ലത്തു പാർക്കാൻ നിൽക്കുന്നവരോ പണിക്കാരോ കാട്ടുന്നതും പറയുന്നതുമാണ് പാഠങ്ങൾ. ഋതുമതിയായി പള്ളിക്കൂടത്തിലേക്കു പോക്ക് നിർത്തിവെക്കേണ്ടി വരുന്നതിനേക്കാൾ ദയനീയമാണ് പഠിപ്പുതുടങ്ങുകയേ ചെയ്യാത്ത അവസ്‌ഥ. കാപ്പി കുടിക്കുന്നതുപോലും രഹസ്യപ്രവർത്തനം. ഒളിച്ചുകടത്തേണ്ട വസ്തുവാണ് പുസ്തകം. കുറ്റമാണ് വായന.


അങ്ങനെ പുതിയ ലോകത്തിന്റെ വെളിച്ചവും സൗന്ദര്യവും മണവും കിളിവാതിലിലൂടെ കൊതിയോടെ  നോക്കിക്കാണുന്ന കുട്ടികളുടെ സ്വകാര്യലോകമാണ് ദേവകി നിലയങ്ങോട് വരച്ചിടുന്നത്. പഠിപ്പിന്റെയും പരിഷ്കാരത്തിന്റെയും പാഠങ്ങൾ കൊണ്ടുതരുന്ന ഏട്ടന്മാർ ,ആൺകോയ്മയുള്ള നമ്പൂതിരി മക്കത്തായം അറിയാതെ മാറുന്ന ലോകത്തിന്റെ കഥകളും ആഖ്യായികകളും ഒളിച്ചുകൊണ്ടു തരുന്ന ചെറുപ്പക്കാരായ നമ്പൂതിരിമാർ. മോചനത്തിന്റെ പ്രണയലേഖനം വിവരിച്ച  കുറിയേടത്തെ താത്രിക്കുട്ടിയെ പതുക്കെയാണെങ്കിലും അന്തർജനങ്ങൾ തിരിച്ചറിയാൻ തുടങ്ങി.

 

പഴയ പ്രതാപങ്ങളുടെ ചിത്രങ്ങൾ വാസ്തുശില്പഭംഗി കലർന്ന ഓർമ്മകൾ കൊണ്ടാണ് ഗ്രന്ഥകാരി അലങ്കരിക്കുന്നത്. നമ്പൂരിമാർ വെടിവട്ടം ഉതിർക്കുന്ന പൂമുഖങ്ങളും ആയിരംപറ വടിച്ചളക്കുന്ന പത്തായങ്ങളും ആയിരം പേർ ഇരുന്നുണ്ണുന്ന ഊട്ടുപുരകളും സദാ വേദാധ്യയനവും വാരവുമുള്ള ഇല്ല സമുച്ചയങ്ങളും  ഇവിടെ നാം കണ്ടുമുട്ടുന്നു. ദാഹിച്ചു നക്കുമ്പോൾ തൊടാൻ പറ്റാതെ ജലാശയപ്പരപ്പ്‌ താഴ്ന്നുപോകുന്ന ശാപമേറ്റവരാണ് ഇവിടെ താമസിക്കുന്നവർ.  ജലപിശാചു ബാധിച്ച മുത്തശ്ശിമാരും ഗ്രഹണി പിടിച്ച കുട്ടികളും അർദ്ധപട്ടിണിക്കാരായ സ്ത്രീകളും വാത്സല്യമറിയാതെ വളരുന്ന ഉണ്ണിനമ്പൂരിമാരും പ്രണയമറിയാതെ ജീവിക്കുന്ന ഓമനമാരും കൗമാരം പിന്നിട്ട യുവനമ്പൂതിരിമാരും വാല്യക്കാരും കാര്യസ്‌ഥന്മാരുംചേർന്ന ഈ കെട്ടിടക്കെട്ട് പഴയ ആവാസവ്യവസ്‌ഥയുടെ ഒരു വൻ ചുമർചിത്രമാണ് എന്നത്രെ അവതാരികയിൽ ആറ്റൂർ രവിവർമ രേഖപ്പെടുത്തുന്നത്.

നാലു വയസ്സിലാണ് ദേവകിയെ എഴുത്തിനിരുത്തിയത്. എഴുത്തിനിരുത്തൽ, അക്ഷരം എഴുതാൻ പഠിക്കൽ,രാമായണം കൂട്ടിവായിക്കൽ - ഇതോടെ അവസാനിക്കുന്നു പെൺകുട്ടികളുടെ വിദ്യാഭ്യാസം.അല്പം കൂടി മുതിർന്നാൽ പെൺകുട്ടികൾ കൈകൊട്ടിക്കളി പഠിക്കണം.എങ്കിലും കുട്ടിക്കാലത്തു അമ്പലപ്പറമ്പിൽ വാല്യക്കാരുടെ തുണയില്ലാതെ ഓടിച്ചാടിക്കളിച്ച ബാല്യകാലമാണ് ദേവകിയുടെ ഓർമയിൽ നിത്യഹരിതമായി നിൽക്കുന്നത്. മതിലകത്തെ പച്ചത്തഴപ്പാർന്ന കാടിനുള്ളിൽ പുല്ലുവിരിച്ച മൈതാനവും ഞാന്ന വള്ളികളുള്ള ഊഞ്ഞാലുമുണ്ട്. രാവിലത്തെ തേവാരത്തിന്റെയും നിവേദ്യത്തിന്റെയും തിരക്കിൽ  ഇല്ലത്ത് ആരുടെ കണ്ണിലുംപെടാതെ കളിച്ചുനടന്ന ആ കാലമാണ് ഭാവനയുടെ ചിത്രച്ചിറകുകൾ നൽകിയത്.  ഉടുത്തു തുടങ്ങിയതോടെ കുട്ടിക്കാലവും അവസാനിച്ചു. അതുവരെ കവുങ്ങിൻകൂമ്പാള കൊണ്ടുള്ള കോണകമായിരുന്നുവല്ലോ ആകെ ഉണ്ടായിരുന്ന വേഷം. ഋതുമതി ആകുന്നതോടെ പുതുവസ്ത്രമണിയാൻ തുടങ്ങുന്നു. വരിക്കപ്ലാവിന്റെ തടിയിൽ പിത്തള കെട്ടിയ ഒരു തടിപ്പെട്ടിയും അതിൽ ഏതാനും നാണയങ്ങളും നാഴി കുരുമുളകും പത്തുമുറി ശീലയും ( 20 മുണ്ട്) നാല് തോർത്തുമായി ജീവിതം തുടങ്ങുകയാണ്.ജീവിതകാലം മുഴുവൻ ജംഗമങ്ങൾ കരുതിവെക്കാനുള്ള പെൺകുട്ടിയുടെ ഏകസമ്പാദ്യം. ഒരു നമ്പൂതിരി സ്ത്രീക്ക് സ്വന്തമെന്നു പറയാനുള്ള ഒരേയൊരു സമ്പാദ്യം. വിവാഹശേഷം ഈ പെട്ടി വരന്റെ വീട്ടിലേക്കു ചുമന്നു കൊണ്ടുപോകും. ഉടുത്തു തുടങ്ങുമ്പോൾ അമ്മമാർക്കു ഒരു പ്രാർത്ഥനയെ ഉള്ളൂ.' നല്ലോണം ഉണ്ണാനും ഉടുക്കാനും ഉണ്ടാവണേ, നെടുമംഗല്യം ഉണ്ടാവണേ .." എന്ന്. പിന്നീടുള്ള ജീവിതം അരുതായ്മകൾ നിറഞ്ഞതാണ്. ശുദ്ധം മാറി തൊട്ടുകൂടാ. പൂമുഖത്തു ഉലാത്തുകയോ ആൺകുട്ടികളെ കാണുകയോ അരുത്.അന്യസമുദായക്കാരെ തൊട്ടാൽ കുളിക്കണം. അങ്ങനെയങ്ങനെ.

ഇതിനിടെ അക്ഷരം കൂട്ടിവായിക്കാൻ തന്നെ മറന്നുതുടങ്ങും. അക്കാലം ദിനപത്രങ്ങൾ നമ്പൂതിരിയുടെ അകത്തളത്തിലേക്കു എത്തിനോക്കിയിരുന്നില്ല. പുരാണകാവ്യങ്ങളാണ് ആകെയുള്ള കൂട്ട്. ഭാഗവതവും ഭാരതവും രാമായണവും ശിവപുരാണവും വായിച്ചു വായനാശീലം വളർത്തിയ നാളുകൾ. ക്രമേണ ഏട്ടന്മാരുടെ സഹായത്തോടെ വായനശാലയിൽ നിന്ന് ഒളിച്ചുകടത്തിയ വള്ളത്തോൾ, ഉള്ളൂർ, കുമാരനാശാൻ എന്നീ മഹാകവികളുടെ കൃതികളുടെ ചങ്ങാത്തമായി. വിവർത്തനം ചെയ്ത ഏതാനും ബംഗാളീ നോവലുകളും. ഉപനയനവും സമർത്തനവും കഴിഞ്ഞു സ്കൂളിലൊന്നും പോവാതെ നടന്ന ഏട്ടന്മാരാണ് വിശാലമായ വായനയുടെ ലോകത്തേക്ക് ദേവകിയെ കൊണ്ടുപോയത്. സന്ധ്യാവന്ദനത്തിനു വരുമ്പോൾ മുണ്ടിനടിയിൽ ഒളിപ്പിച്ചു കൊണ്ടുവന്നിരുന്ന  പുസ്തകങ്ങൾ ചമതഹോമത്തിനിടയിൽ ആവണപ്പലകയുടെ അടിയിലേക്ക് വെക്കും. ചമത കഴിഞ്ഞു ഏട്ടന്മാർ പോയാൽ ആരും കാണാതെ പലകക്കടിയിലെ പുസ്തകങ്ങൾ ഏട്ടത്തിമാർ അകത്തെ അറയിലെ കൂട്ടിലേക്ക്‌ വെക്കും. അശുദ്ധമായിരിക്കുന്ന നാളുകളിൽപ്പോലും വാല്യക്കാരുടെ സഹായത്തോടെ പുസ്തകം തൊടാതെ മതിവരുവോളം വായിക്കും. അങ്ങനെ സാവധാനം എസ കെ .പൊറ്റെക്കാട്ട്, തകഴി, ദേവ് എന്നിവരുടെ നവോത്‌ഥാന കൃതികളും പാവങ്ങൾ തർജ്ജമയും ഇന്ദുലേഖയും വായനാ ചക്രവാളത്തിൽ എത്തിച്ചേർന്നു. അല്പം സംസ്കൃതവും ഇംഗ്ലീഷ് ഭാഷയും പഠിക്കാൻ കഴിഞ്ഞതും  ദേവകിയുടെ ആത്മബോധം വികസ്വരമാവാൻ സഹായകമായി എന്ന് അവർ ഓർക്കുന്നുണ്ട്.

മിക്ക നമ്പൂതിരി ഗൃഹങ്ങളിലും മനുഷ്യർ തികഞ്ഞ യാഥാസ്‌ഥിതികരായിരുന്നു. എന്നാല്‍ പുറത്തു നമ്പൂതിരി സമുദായത്തിനകത്തു തന്നെ വലിയ മാറ്റങ്ങളുടെ വെളിച്ചം പരന്നുതുടങ്ങിയിരുന്നു. പരിവർത്തന പ്രക്രിയയുടെ ആ നാളുകളിൽ അന്തർജനങ്ങൾ കാത് മുറിച്ചും കമ്മലിട്ടും ബ്ലൗസ് ധരിച്ചും , നമ്പൂതിരിമാർ കുടുമ മുറിച്ചും ഷർട്ടും മുണ്ടും ധരിച്ചും യോഗക്ഷേമസഭകൾ കൂടി. ഇല്ലത്തുള്ള സ്ത്രീജനങ്ങൾ വായിച്ചറിയാൻ വി.ടി.ഭട്ടതിരിപ്പാട് എഴുതിയ ഒരു നോട്ടീസ് അക്കാലത്തു എത്തിച്ചേർന്നത് ദേവകി അന്തർജ്ജനം ഓർത്തെടുക്കുന്നു.  അതിൽ  വി ടി ഇങ്ങനെ എഴുതി : " പ്രിയ സോദരി, ഇന്നത്തെ നിങ്ങളുടെ നില എന്താണ്? അമ്മാത്തെ അമ്പലക്കുളത്തിനപ്പുറം ഒരു ലോകമുണ്ടെന്നു നിങ്ങളിൽ എത്ര പേര് അറിഞ്ഞിട്ടുണ്ട്? കുളത്തിൽ നിന്ന് വലിച്ച ഈറൻചണ്ടി പോലെ ദുർഗന്ധപൂരിതമായ നിങ്ങളുടെ മുടിക്കെട്ട് ഒരുനേരമെങ്കിലും ഒന്ന് വിടർത്തി വകഞ്ഞിടാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ടോ? നിങ്ങളുടെ വിദ്യാഭ്യാസത്തിന്റെ സ്‌ഥിതിയോ? പ്രിയസോദരീ ആലോചിച്ചു നോക്കൂ. അന്തപ്പുരത്തിലും അല്പം വെളിച്ചം വയ്ക്കട്ടെ. ആ ഈർച്ചവാളു കൊണ്ടു ഈർന്നാലും ഒരിഞ്ചുപോലും മുറിഞ്ഞു പോകാത്ത മാമൂൽകോട്ടയിലെ ഒറ്റക്കല്ലെങ്കിലുംഒന്ന് പുഴങ്ങിയാൽ അതായില്ലേ? നിങ്ങളുടെ എല്ലാ കഷ്ടപ്പാടുകളിലും ഞങ്ങൾ പങ്കുകൊള്ളും. ഞങ്ങൾ ഉണ്ടേല്‍  നിങ്ങളെ ഊട്ടും. ഞങ്ങൾ ചിരിച്ചാൽ നിങ്ങളും ചിരിക്കും. അല്ലെങ്കിൽ നിങ്ങൾ ചിരിച്ചേ ഞങ്ങൾ ചിരിക്കൂ.  എന്ന് വിനീതൻ, വി ടി ."

ഇല്ലങ്ങളിൽ സ്ത്രീകൾ ഈ കടലാസ് പലയാവർത്തി വായിച്ചു അനേക നാൾ ആ ശബ്ദം അവരുടെ ഉള്ളിൽ മുഴങ്ങിക്കൊണ്ടുമിരുന്നു. അങ്ങനെ പതുക്കെ സഭായോഗവും മിശ്രഭോജനവുമായി നമ്പൂതിരി യുവാക്കൾ സ്കൂൾ വിദ്യാഭ്യാസത്തിലേക്കു നടന്നുകയറി.

പതിനഞ്ചാം വയസ്സിൽ പകരാവൂരിൽ നിന്ന് വിവാഹം കഴിഞ്ഞു ദേവകി ചെന്നു കയറിയത് പരിഷ്കൃതാശയരും പുരോഗമനചിന്താഗതിക്കാരുമായ  പാലക്കാട് ചാത്തന്നൂരിലെ നിലയങ്ങോട് ഇല്ലത്തേക്കാണ്. ഭർത്താവ് രവി നമ്പൂതിരിയേയും ദേവകി അന്തർജ്ജനത്തെയും ചുവന്ന മാലയിട്ട് ഇൻക്വിലാബ്  വിളിച്ചാണ് ഇല്ലത്തേക്ക് ആനയിച്ചത്. യോഗക്ഷേമസഭയുമായി സഹകരിച്ചവരിൽ പലരും കമ്മ്യൂണിസത്തിലേക്കു കൂടു മാറിയിരുന്നു. നമ്പൂതിരിയെ മനുഷ്യനാക്കുക എന്നായിരുന്നു സഖാവ് ഇ.എം.എസ അന്നുയർത്തിയ മുദ്രാവാക്യം. അങ്ങനെ രൂപീകരിക്കപ്പെട്ട അന്തർജനസമാജത്തിലെ ഒരെളിയ പ്രവർത്തകയായി ദേവകി നിലയങ്ങോടും അണിചേര്‍ന്നു. അന്തർജ്ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ കേരളത്തിൽ അങ്ങോളമിങ്ങോളം അവർ സഞ്ചരിച്ചു. 'നമ്മുടെ വിധി തന്നെയാകണോ നമ്മുടെ കുട്ടികൾക്കും ?'

എന്ന ചോദ്യമുന്നയിച്ചു കൊണ്ടാണ് ഓരോ യോഗവും തുടങ്ങിയത്. പാർവതി നെന്മിനിമംഗലവും ആര്യാ പള്ളവും നേതൃത്വം കൊടുത്ത ആ സമാജത്തിൽ ദേവകിയും സജീവമായി ചേക്കേറി. സ്വന്തം ഭാര്യമാരുടെ നീട്ടിയ കാത് വലിച്ചുപൊട്ടിച്ചും ആവണപ്പലക എടുത്തെറിഞ്ഞ് അവരുടെ കാലൊടിച്ചും രസിച്ചിരുന്ന നമ്പൂതിരിമാർക്ക് പിൽക്കാലത്തു പേടിസ്വപ്നമായിത്തീർന്നു ആര്യാപള്ളത്തെ പ്പോലുള്ള പ്രവർത്തകർ. സ്ത്രീകളുടെ അടുത്ത തലമുറയെ വിദ്യാഭ്യാസം ചെയ്യിക്കേണ്ടതിന്റെയും , സ്ത്രീകൾക്ക് സ്വന്തമായി  ഒരു തൊഴിലും വരുമാനവും ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമാണ് വ്യാപകമായ ബോധവൽക്കരണം ഉണ്ടായത്. തൊഴിൽ കേന്ദ്രങ്ങൾ നിർമിച്ചും സാധുക്കളായ സമ്പൂരി സ്ത്രീകൾക്ക് തൊഴിൽ പരിശീലനം നൽകിയും യോഗക്ഷേമ സഭയും  അന്തർജ്ജന സമാജവും ഏറെക്കാലം പ്രവർത്തിച്ചു. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയതിനു ശേഷമുള്ള കാലമായപ്പോഴേക്കും ക്രമേണ ആ പ്രവർത്തനങ്ങൾ ഇല്ലാതായി. സ്വാതന്ത്ര്യാനന്തര കേരളം പുതിയ ദിശാബോധം ആർജ്ജിച്ചു കഴിഞ്ഞിരുന്നുവല്ലോ. 

'കാലപ്പകർച്ചകൾ' എന്ന ആത്മകഥാകുറിപ്പ് അവസാനിപ്പിക്കുമ്പോൾ ദേവകി നിലയങ്ങോട് ഇങ്ങനെ എഴുതി.:"ഇന്ന് നമ്പൂതിരി കുടുമ്പത്തിനു മാത്രമായി  ഒരു പരാധീനതയില്ല. ഇതുപോലെ മറ്റു കുടുംബങ്ങൾക്കുള്ള അതെ സുഖവും അതെ ദുഖവും അതെ വേവലാതിയും അതെ ആഗ്രഹവും തന്നെയാണ് അവർക്കും ഉള്ളത്. കാലം എല്ലാവരെയും ഒരുപോലെയാക്കിയിരിക്കുന്നു.  ഇനിമേലിൽ അന്തർജനങ്ങൾക്കു മാത്രമായി ഒരാത്മകഥ ഇല്ലതന്നെ."

ദേവകി നിലയങ്ങോട് സ്വപ്നജാഗരങ്ങളുടെ  സ്നാനഘട്ടങ്ങളിൽ തർപ്പണം ചെയ്ത സ്മരണകളാണ് മറ്റു രചനകളിലും നാം കണ്ടെത്തുക. മകന്റെയും ഭാഷാപോഷിണി പത്രാധിപർ ശ്രീ കെ സി നാരായണന്റെയും സ്നേഹ നിർബന്ധങ്ങൾക്കു വഴങ്ങിയാണ് അന്തർജ്ജനം വിദൂരഭൂതത്തിലമർന്ന കാലത്തെയും ദേശത്തെയും പുനരാനയിക്കുന്നത്. നിരന്തരമായ വായനയും മനനവും അവരെ ഓർമ്മകളുടെ നിർമമവും സമാർദ്രവുമായ എഴുത്തിലേക്ക് കൈപിടിച്ച് കൊണ്ടുപോകുന്നുണ്ട്. കഥയുടെയും നോവലിന്റെയും ആഖ്യായികയുടെയും കവിതയുടെയും പ്രബന്ധത്തിന്റെയും സ്വഭാവം ഉൾവഹിക്കുന്ന ആ രചനകൾ കാലതീരത്തിലെ പ്രകാശരേഖകളാണ്. അന്തർജനത്തിന്റെ മകളുടെ ഭർത്താവും പ്രശസ്ത എഴുത്തുകാരനും ചലച്ചിത്രകാരനുമായ ചിന്ത രവി ഒരിക്കൽ പറഞ്ഞതുപോലെ തിച്ചൂരും മൂക്കുതലയും അവയുടെതന്നെ  ഭൂതകാലമാണ് ഇന്നും. ആ ഗ്രാമങ്ങളുടെ വനഭംഗിയിൽ ബാല്യവും കൗമാരവും കഴിച്ച ദേവകി നിലയങ്ങോട് ഭൂതകാലത്തിന്റെ തിരശ്ശീലകൾ വകഞ്ഞുമാറ്റുന്നതു അതീവ കൗതുകത്തോടെയാണ്.ആരോടും പകയോ വിദ്വേഷമോ ഇല്ലാതെ, ആരെയും മന:പ്പൂർവം വേദനിപ്പിക്കാതെയും തികഞ്ഞ നിസ്സംഗതയോടെ അവർ അക്കാലം വായനക്കാർക്കായി തുറന്നിടുന്നു. ഗ്രാമങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന റോഡുകൾ അധികം ഇല്ലാത്ത കാലം. കാറോ ബസ്സോ മറ്റു വാഹനങ്ങളോ അപൂർവമായി  മാത്രം കാണുന്ന വീതികുറഞ്ഞ നാട്ടുപാതകളിൽ എപ്പോഴും വിജനത മാത്രം. അമ്പലത്തിലെ വാരം കഴിഞ്ഞു രാത്രിനേരം ഇല്ലത്തേക്ക് മടങ്ങുമ്പോൾ കയ്യിൽ കരുതിയ കല്ലുറാന്തലുമായി കുണ്ടനിടവഴികളിലൂടെ വരിവരിയായി അന്തർജനങ്ങൾ നമ്പൂതിരിമാർക്കൊപ്പം നടന്നു നീങ്ങും. പകൽനേരം അമ്പലക്കാട് കുട്ടികളുടെ കളിവീടാണ്. കൊട്ടയും അയനിയും ഞാവലും ഉങ്ങും വഴയും ഇലഞ്ഞിയും പൂത്തുലഞ്ഞ വള്ളിക്കുടിലുകളിൽ മതിവരുവോളം കിളികൾക്കൊപ്പം കളിച്ചുനടന്ന അക്കാലം ഒന്നിലധികം തവണ അന്തർജ്ജനം ഓർമിക്കുന്നുണ്ട്. അമ്പലത്തിലെ പ്രദക്ഷിണവും കഴിഞ്ഞുള്ള ഈ നിത്യനടപ്പാണ്  അന്ന് എല്ലാവരുടെയും പ്രധാനപ്പെട്ട ഒരു പ്രവൃത്തി.

കൊല്ലത്തിലൊരിക്കൽ മൂക്കുതലയിലെ ഇല്ലത്തുനിന്നു അമ്പതു കിലോമീറ്റർ അകലെയുള്ള കാറൽമണ്ണയിലെ നരിപ്പറ്റമനയിലേക്കുള്ള യാത്രയാണ് ഓർമയിൽ  പ്രധാനം. പട്ടാമ്പിപ്പുഴ കടന്നുള്ള ആ യാത്രയുടെ സൗഭാഗ്യം അവർ വിവരിക്കുമ്പോൾ വള്ളുവനാട്ടിലെയും ഏറനാട്ടിലെയും പോയകാലം നമുക്ക് മുന്നിൽ വിരുന്നെത്തുന്നു.

കാലത്തിന്റെ മാറ്റത്തെക്കുറിച്ച് തനിക്കുള്ള കൗതുകം പുതുതലമുറക്കുണ്ടാകാനിടയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ രചനകൾ എന്ന് ദേവകി നിലയങ്ങോട് 'വാതിൽപുറപ്പാട്'എന്ന കൃതിയുടെ ആമുഖത്തിൽ പറയുന്നുണ്ട്. അനീതിയുടെയും അസമത്വത്തിന്റെയും അരങ്ങായിരുന്നു തൻ അവതരിപ്പിക്കുന്ന സ്മരണകളുടെ ഭൂമിശാസ്ത്രം എന്ന് അവർക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. ആ ബോധ്യമാണ് കേരളത്തിന്റെ പൊതുബോധമെന്ന പ്രത്യയശാസ്ത്രവുമായി സമരസപ്പെടാൻ ഈ രചനകളെ പ്രാപ്തമാക്കുന്നത് എന്നുപറയാം. ഭാഷയിലും ആഖ്യാനത്തിലും സാധാരണത്തിൽ നിന്ന് അസാധാരണത്തിലേക്കു പടർന്നുകയറാൻ അവരുടെ എഴുത്തിന് അനായാസം കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. ഭൂതകാലത്തേക്കുള്ള ഈ തിരിച്ചുപോക്കിൽ വർത്തമാനവും സന്നിഹിതമാവുമ്പോൾ വക്താവിനും ശ്രോതാവിനുമിടയിൽ ഒരു നടപ്പാത നിർമിക്കപ്പെടുകയാണ്.

 

മനുഷ്യബന്ധങ്ങൾ അടഞ്ഞുപോയ കേരളീയജീവിതത്തിന്റെ ഒരു പതികാലം ഓർമയിൽ എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ടാണ് അവർ അവതരിപ്പിക്കുന്നത്. പെൺകുട്ടികളുടെ ജനനം ശുഭസൂചകമല്ലാത്തൊരു കാലത്തുനിന്നാണ് ഈ കൃതികൾ എഴുതപ്പെടുന്നത്. അന്ന് നമ്പൂതിരി ഗൃഹങ്ങളിൽ നടന്ന ജപ്‌തികളെക്കുറിച്ചുള്ള ഓർമകൾക്ക് വേദനയുടെ നിറമാണുള്ളത്. ഇല്ലത്തു പെണ്‍സന്തതി പിറന്നാൽ ആയിരങ്ങളുടെ കിഴികെട്ടി മാറ്റിവെക്കുന്ന അച്ഛൻ മാരുണ്ടായിരുന്നു. അതില്ലാത്തവർ പാട്ടഭൂമി പണയപ്പെടുത്തി മക്കളെ വേളികഴിപ്പിച്ചു വിടുന്നു.  കടംവീട്ടാൻ നിവൃത്തിയില്ലാതെ വരുമ്പോൾ ജപ്തി ചെയ്യപ്പെടുന്ന ഇല്ലങ്ങളുടെ അവസ്‌ഥ ദയനീയമാണ്. വയസ്സായ മുത്തശ്ശിമാരും സര്‍വംസഹകളായ അമ്മമാരും പെൺകിടാങ്ങളുമടങ്ങിയ പാവം സ്ത്രീലോകം ഒറ്റപ്പെടും.എന്താണ് സംഭവിക്കുന്നത് എന്നുപോലുമറിയാതെ ഒരുദിവസം അവർക്ക് ഉണ്ണാനുള്ള അരി ഇല്ലാതാകുന്നു. നമ്പൂതിരിമാരുടെ കാര്യം അത്ര സാരമുള്ളതല്ല.അവർക്ക് അമ്പലത്തിലെ ഊട്ടുപുരകളുണ്ട്.ഉണ്ടും ഉറങ്ങിയും വെടിപറഞ്ഞും അലോസരങ്ങളില്ലാതെ അവർക്ക് കഴിഞ്ഞുകൂടാം. ജപ്തിനടപടി പൂർത്തിയാവുമ്പോഴേക്കും ആലംബമില്ലാതെ സ്ത്രീജനങ്ങളും കുട്ടികളും മുഷിഞ്ഞ ഭാണ്ഡവുമായി പെരുവഴിയിലേക്ക് ഇറങ്ങിപ്പോവുകയായി. അവർക്ക് മറ്റു ഇല്ലങ്ങളിൽ പാർക്കാൻ നിൽക്കുകയെ നിവൃത്തിയുള്ളൂ. ഫ്യൂഡൽ വ്യവസ്‌ഥയുടെ ഈ തകർച്ചയെ തികഞ്ഞ സഹാനുഭൂതിയോടെയാണ് ദേവകി നിലയങ്ങോട് വിലയിരുത്തുന്നത്.

ജന്മികുടുംബങ്ങളിലും അമ്പലങ്ങളിലും  മുറതെറ്റാതെ നടന്നുവന്ന വാരസദ്യകൾ ആ ഫ്യൂഡൽ കാലഘട്ടത്തിന്റെ കഥപറയുന്നു. ആണ്ടുപിറന്നാളാകട്ടെ,കുടിവെപ്പാകട്ടെ വഴിപാടുകളാവട്ടെ ആയിരം പറ അരിയുടെ സദ്യ നിർബന്ധമാണ്. പാനേങ്കളിയും സത്രവുമെല്ലാം അകമ്പടിയായി ഉണ്ടാവും.കുട്ടികൾക്കും നമ്പൂതിരിമാർക്കും ഒടുക്കം അന്തർജനങ്ങൾക്കും എന്ന പന്തിതിരിവിലാണ് സദ്യ നടക്കുക. അവസാനത്തെ പന്തി കഴിയുമ്പോൾ എച്ചിലിലകൾ എടുത്തുമാറ്റുകയില്ല. ആ എച്ചിലിലകളിൽ ഉണ്ണാനുള്ളവർ അഹോരാത്രം പണിയെടുക്കുന്ന സാധുക്കളായ നായർ സ്ത്രീകളാണ്. അയിത്തജാതിക്കാരെ ഒച്ചയാട്ടി ഒഴിവാക്കുന്ന തുണക്കാരികൾ കൂടിയാണ് ഈ സാധുസ്ത്രീകൾ. അന്തർജനങ്ങൾക്കും ഈ എച്ചിലൂണ് ദിനചര്യയുടെ ഭാഗമാണ്. വരന്റെ എച്ചിലിലയിൽ ഉണ്ണുന്നതോടെയാണ് വധു ധർമപത്നിയായി അംഗീകരിക്കപ്പെടുന്നത്. ഈ രംഗങ്ങൾ എഴുതുമ്പോൾ ദേവകി നിലയങ്ങോട്  ഓംപ്രകാശ് വാല്മീകി എഴുതിയ "എച്ചിൽ' എന്ന കഥ ഓർമ്മിക്കുന്നു. മേൽജാതിക്കാർ ഊണിനു ശേഷം ഇട്ടുകൊടുക്കുന്ന എച്ചിലുകൾ കൊട്ടയിൽ വാങ്ങി ഉണക്കിസൂക്ഷിക്കുന്ന 'ഭംഗികൾ' എന്ന ജനവിഭാഗത്തെക്കുറിച്ചാണ് അതിൽ ആവിഷ്കരിക്കുന്നത്. ഭൂതകാലത്തിലേക്ക് നിശ്ശേഷം മാഞ്ഞുകഴിഞ്ഞെന്നു നമ്മൾ കരുതിയ ഏറ്റവും ക്രൂരമായ അനീതികളിൽ ഒന്ന് ഇല്ലാതായിട്ടില്ലെന്നും ഇപ്പോഴും തുടരുകയാണെന്നും വേദനയോടെ അന്തർജ്ജനം കുറിക്കുന്നു. ഇല്ലാതായെന്നു കരുതിയ പലതും ഇല്ലാതായിട്ടില്ലെന്നും പല രൂപങ്ങളിൽ അവ തുടർന്നുകൊണ്ടേ ഇരിക്കുന്നുവെന്നും ,എച്ചിലിനോളം ഭാരതീയമായി മറ്റൊന്നും ഇല്ലല്ലോ എന്നും അന്തർജ്ജനം ചോദിക്കുമ്പോൾ നമ്മുടെ കണ്ണുകൾ ബാഷ്പാവിലമാകും.

ഭൂതകാല സ്മരണകൾ രേഖപ്പെടുത്തുമ്പോൾ ആഖ്യാതാവിനെ ഒഴിയാബാധപോലെ ആവേശിക്കുന്ന ശക്തമായ അന്തരംഗവിക്ഷോഭങ്ങളിൽ ഒന്ന് മൃത്യു ആണ്. വേർപാട് ഉളവാക്കുന്ന വ്യഥ , അതും വളരെ വേണ്ടപ്പെട്ടവരുടേതാകുമ്പോൾ ഉള്ളിലങ്ങനെ നീറിക്കിടക്കും. രോഗം, ചികിത്സ, ശുശ്രൂഷ, മരണം , ഋണഭാരങ്ങൾ, വൈധവ്യദുഃഖം, ഏകാന്തത, വിരഹങ്ങൾ, അനാഥത്വം, ദാരിദ്ര്യം തുടങ്ങി മനസ്സിനെ പിടിച്ചുലച്ച അനുഭവങ്ങളത്രയും പരിപാകം വന്ന മനസ്സോടെയാണ് അന്തർജ്ജനം നമ്മെ പറഞ്ഞുകേൾപ്പിക്കുന്നത്.അടുത്തിരുന്ന് കഥപറയുന്ന ഒരു മുത്തശ്ശിയുടെ സാമീപ്യം ഈ കൃതികളിലുടനീളം നാമനുഭവിക്കും. വേണ്ടപ്പെട്ടവരുടെ മരണത്തിനു കാരണമാകുന്ന അവസ്‌ഥയും ഭൗതിക സാഹചര്യവും ദുഃഖവിലാപവും , ശവസംസ്കാരച്ചടങ്ങിലെ മതപരമായ ആചാരങ്ങളും എഴുത്തിലെ ഭാഷാപരമായ ബോധാബോധങ്ങൾ സൃഷ്ടിക്കുന്നു. കഴിഞ്ഞകാല കേരളീയ ജീവിതത്തിന്റെ പരിപ്രേക്ഷ്യമാകുന്നതോടൊപ്പം ഈ രചനകൾ  ഒരു മനുഷ്യസമൂഹത്തിന്റെ അപ്രകാശിതമായ പാരിതോവസ്‌ഥകളെ നിനവിൽ കൊണ്ടുവരുന്നു. പ്രാദേശിക സംസ്കൃതിയുടെ ചരിത്രനിർമാണത്തിനും സൂക്ഷ്മമായ പരിസ്‌ഥിതി നിരീക്ഷണത്തിനും അന്തർജനത്തിന്റെ ഓർമയെഴുത്ത് പ്രേരകമായി വർത്തിക്കുന്നുണ്ട്. വൃക്ഷങ്ങൾ, കുളങ്ങൾ, കാവ്, ഉത്സവം, വേല, പത്തായം, വിഭവങ്ങൾ, പുടവ, സദ്യ, മഴ, വെള്ളപ്പൊക്കം, വേനൽ എന്നിങ്ങനെ മനുഷ്യജീവിതത്തിന് അനുപൂരകമാവുന്ന ഘടകങ്ങൾ ഓരോന്നും ദേവകി നിലയങ്ങോടിന്റെ ആഖ്യാനലോകം തിരഞ്ഞെത്തുന്നു. ഓർമയുടെ ബിംബങ്ങൾ കൊണ്ട് സൂക്ഷ്മചരിത്രം നിർമിക്കുകയും സാംസ്കാരികപഠനത്തിനുള്ള കിളിവാതിലുകൾ തുറന്നിടുകയും ചെയ്യുകയാണ് ഗ്രന്ഥകാരി . 

അവസാനം ഭർത്താവിന്റെ ചിതാഭസ്മവുമായി ജന്മമുക്തി തേടി ത്രിവേണിസംഗമത്തിലേക്കു പോകുന്ന അന്തർജ്ജനവും കുടുംബവും അവിടെയും കാണുന്നത് ഒടുങ്ങാത്ത വിശപ്പുമായി ശൂന്യമായ കണ്ണുകളോടെ  പിന്നാലെ ഓടിവന്ന അനാഥബാല്യങ്ങളെയാണ്. ഫാൽഗുനി നദിയിൽ മുങ്ങി ഗയാശ്രാദ്ധമൂട്ടുമ്പോൾ ജന്മമുക്തിക്കൊപ്പം അവർ കേണു പ്രാർഥിച്ചത്  ' വിശന്നു വലഞ്ഞ കുഞ്ഞുങ്ങളുടെ മുഖം കാണാനിടവരുത്തരുതേ ' എന്ന് മാത്രമാണ്. 

ഒരു സ്ത്രീ എഴുതുന്ന ആത്മകഥ എന്ന നിലയിൽ ദേവകി നിലയങ്ങോട് നമ്മോടു പറയുന്ന വർത്തമാനത്തിന് സ്നേഹവാത്സല്യങ്ങളുടെ നിറവും സത്യസന്ധതയുടെ ആർജവവും ഉണ്ട്. തന്മൂലം, മലയാളസാഹിത്യത്തിനു ലഭിച്ച സുകൃതമാണ് അന്തർജനത്തിന്റെ ആഖ്യായികകൾ എന്ന് രേഖപ്പെടുത്തട്ടെ . 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നെടുമങ്ങാട് പുതുകുളങ്ങരയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടരവയസുകാരന് ദാരുണാന്ത്യം....  (2 minutes ago)

ക്രിസ്മസ് അവധി.... കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ  (47 minutes ago)

രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും അറബിക് വിവര്‍ത്തനങ്ങള്‍ കുവൈറ്റില്‍ പ്രകാശനം ചെയത് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

സങ്കടം അടക്കാനാവാതെ..... വിയ്യൂരില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തടി ലോറിയില്‍ ഇടിച്ച് എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ പരുക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരും....  (1 hour ago)

മഹാരാഷ്ട്ര സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷം ക്യാബിനറ്റ് വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി... ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിച്ചില്ല, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ച സംഭവം...ഇരുവരുടെയും ഫോണ്‍ കരയില്‍ കണ്ടെത്തി, കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്  (2 hours ago)

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും....  (2 hours ago)

തിരുവനന്തപുരത്ത് 17 കാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി  (7 hours ago)

സൗദിയിൽ ഇനി പഴയതുപോലെയല്ല, പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വിവാഹം...ബന്ധുക്കളുടെ മരണം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ കമ്പനി പ്രത്യേക അവധി നൽകണം, തൊഴില്‍ നിയമത്തില്‍ വീണ്ടും കാതലായ മാറ്റങ്ങള്‍ വര  (7 hours ago)

15 കാരന്‍ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സി ആര്‍ പി എഫ് ജവാന് ഗുരുതര പരിക്ക്  (7 hours ago)

ഭണ്ഡാരപ്പെട്ടിയില്‍ ഉള്ളത് ക്ഷേത്ര സ്വത്താണ്: അബദ്ധത്തില്‍ ഭണ്ഡാരപ്പെട്ടിയില്‍ വീണ ഐഫോണ്‍ തിരികെ തരാന്‍ പറ്റില്ലെന്ന് ക്ഷേത്രം അധികൃതര്‍  (7 hours ago)

ശബരിമലയില്‍ വീണ്ടും പന്നിയുടെ ആക്രമണം: സന്നിധാനത്ത് വച്ച് കാട്ടുപന്നിയുടെ ആക്രമണത്തില്‍ 9 വയസുകാരന് ഗുരുതര പരുക്ക്  (8 hours ago)

വിന്റര്‍ സോളിസ്റ്റിസ് പ്രതിഭാസം: ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകലാണ് കടന്ന് പോയത്  (8 hours ago)

താമസസ്ഥലത്ത് വാഷിങ് മെഷീനിൽ നിന്ന് ഷോക്കേറ്റു, സൗദിയിൽ മലയാളി യുവാവ് മരിച്ചു  (8 hours ago)

Malayali Vartha Recommends