സമ്പര്‍ക്കം കൂടിയാല്‍ സമ്പര്‍ക്കരാഹിത്യം
സമ്പര്‍ക്കം കൂടിയാല്‍ സമ്പര്‍ക്കരാഹിത്യം
ആധുനിക യുഗത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ തന്നെ ആദ്യം മനസിലേക്കോടിയെത്തുന്നത് `കണക്‌ടിവിറ്റി' യെന്ന വിസ്‌ഫോടന സത്യമാണ്. സമ്പര്‍ക്കമെന്നു മലയാളം. ഈ സമ്പര്‍ക്കം റോഡുവഴി, റെയില്‍പാത വഴി, വിമാനം വഴി, കപ്പല്‍ വഴിയൊക്കെയാകാം. വികസനത്തിന്റെ മുഖമുദ്രയും ഈ കണക്‌ടിവിറ്റി തന്നെ. പക്ഷേ, ഇതിലും വലിയ കണക്‌ടിവിറ്റിയാണ് മനുഷ്യര്‍ തമ്മില്‍ തമ്മില്‍ കൊരുത്തുകൂട്ടുന്നത്. വല നെയ്യുംപോലെ. അതത്രേ മീഡിയ ബന്ധങ്ങള്‍. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയ എന്നു വ്യവഹരിക്കപ്പെടുന്ന സാമൂഹ്യസമ്പര്‍ക്കമാര്‍ഗങ്ങള്‍.
സത്യത്തില്‍, ഈ സോഷ്യല്‍ മീഡിയ ഒരുതരത്തിലുള്ള വല തന്നെയാണ്. ഈ വലയുടെ കണ്ണികളിലൂടെ കണക്‌ടിവിറ്റി വികസിക്കുകയാണ്. മണ്ണിലും വിണ്ണിലും ശൂന്യാകാശത്തും സമുദ്രാന്തര്‍ഭാഗത്തുമൊക്കെ പരസ്‌പരം ബന്ധപ്പെടാവുന്ന രീതിയില്‍ ആശയവിനിമയമാര്‍ഗങ്ങള്‍ ശക്തിപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ ഏതു കോണില്‍ നിന്നും നിമിഷത്തിനുള്ളില്‍ ഏതു വിവരവും ഞൊട്ടിയെടുക്കാവുന്നത്ര വിപുലവും ഭദ്രവുമാണ് മാധ്യമശൃംഖല.
പത്രങ്ങള്‍, റേഡിയോ, ടെലിവിഷന്‍, ഇന്റര്‍നെറ്റ് തുടങ്ങിയ മാര്‍ഗങ്ങള്‍ അത്രമാത്രം വികസിച്ചിരിക്കുന്നു. ഇപ്പോള്‍ ശൂന്യാകാശപേടകത്തിലുള്ള സുനിതാ വില്യംസുമായിപ്പോലും നേരില്‍ കണ്ടു നേരിട്ടു സംസാരിക്കാനുള്ള സൗകര്യങ്ങള്‍ നമുക്കുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയ എന്നു വ്യവഹരിക്കപ്പെടുന്ന ഫെയ്‌സ്‌ബുക്, ഓര്‍ക്കൂട്ട്, ട്വിറ്റര്‍, യു ട്യൂബ് തുടങ്ങിയ അനവധി കൂട്ടായ്‌മകള്‍ വേറെ. ചുരുക്കത്തില്‍ മനുഷ്യരുടെ ബന്ധങ്ങള്‍ ഇതുവഴി വളരെ വിപുലീകരിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, ഇത്തരം ബന്ധങ്ങളെല്ലാം ഒരുതരം ബന്ധനങ്ങളായി മാറുന്നു. അഥവാ, ഇത്തരം സാങ്കേതിക ബന്ധങ്ങള്‍ കൊണ്ടു നിത്യജീവിതത്തില്‍ യാതൊരു പ്രയോജനവുമില്ലെന്നു മാത്രമല്ല, മറിച്ച് ഇത് ഏറെ അപകടകരവുമായി മാറിയിരിക്കുന്നുവെന്നുള്ളതാണ് വസ്‌തുത.
സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു പ്രമുഖനായ ഡോക്‌ടര്‍. ഈയിടെ പെട്ടെന്നു ഒരപകടത്തില്‍ മരിച്ചു. ഭാര്യയും മെഡിക്കല്‍ കോളജിലെ പ്രൊഫസര്‍ തന്നെ. മൂന്നുമക്കളില്‍ ഒരാള്‍ എഞ്ചിനീയര്‍. മറ്റൊരാള്‍ അഡ്വക്കറ്റ്. മകള്‍ കോളജ് അധ്യാപികയും. പക്ഷേ, കുടുംബനാഥന്റെ മരണവാര്‍ത്തയറിഞ്ഞു ആ കുടുംബം നിശ്ചലമായിപ്പോയി. എന്തുചെയ്യണമെന്നാര്‍ക്കുമറിയില്ല. കാരണം, ഡോക്‌ടര്‍ക്കു സമൂഹവുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. പക്ഷേ, ഭാര്യയ്‌ക്കും മക്കള്‍ക്കും സമൂഹവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അവരെല്ലാം ``നെറ്റിസന്മാരായി''രുന്നു. സിറ്റിസന്മാരായിരുന്നില്ല! ഇന്‍ര്‍നെറ്റ് വഴിയുള്ള ബന്ധങ്ങളുടെ ചെങ്കീരികള്‍. സദാ കമ്പ്യൂട്ടറിന്റെ മുന്നില്‍ അടയിരുന്ന മൂന്നു മക്കള്‍ക്കും പിതാവിന്റെ പെട്ടെന്നുള്ള മരണം കണ്ടു സ്‌തംഭിച്ചു നില്‌ക്കാനേ കഴിയുമായിരുന്നുള്ളു.
പ്രായപൂര്‍ത്തിയായ മക്കളുടെ പരിതാപകരമായ അവസ്ഥ കണ്ടു നാട്ടുകാര്‍പോലും ഞെട്ടിപ്പോയി. ഇവര്‍ ഇത്രമാത്രം ``കൊഞ്ഞാണ്ടന്മാരായി''പ്പോയല്ലോയെന്നുള്ള ആശങ്ക. തൊട്ടടുത്തെങ്ങും ഇവര്‍ക്കു ബന്ധുക്കളുമില്ല. പിന്നെ നാട്ടുകാര്‍ സ്വയം കയറി കാര്യങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. അതാകട്ടെ, മനുഷ്യപ്പറ്റുള്ള ഡോക്‌ടറാണ് മരിച്ചതെന്നുള്ളതിനാല്‍ മാത്രം. മറിച്ചു, മരണപ്പെട്ടയാള്‍ക്കും മക്കളെപ്പോലെ യാതൊരു സാമൂഹ്യബന്ധവുമില്ലായിരുന്നുവെങ്കില്‍?
ഇതിവിടെ കുറിക്കാനൊരു കാരണമില്ലാതില്ല. സോഷ്യല്‍ മീഡിയ വഴിയുള്ള കണക്‌ടിവിറ്റി (സമ്പര്‍ക്കം) വര്‍ധിക്കുന്നതനുസരിച്ചു ഇത്തരക്കാര്‍ സമൂഹത്തില്‍ തീര്‍ത്തും ഒറ്റപ്പെടുകയാണ്. ഇന്റര്‍നെറ്റില്‍ സദാ കുരുങ്ങി കഴിയുന്നവരെപ്പറ്റി പഠനം നടത്തിയ ഇന്ത്യയിലെ പ്രമുഖ മനോരോഗ വിദഗ്‌ധന്‍ ഡോ. ഹരീഷ്‌ഷെട്ടിയുടെ അഭിപ്രായം ശ്രദ്ധിക്കേണ്ടതാണ്.
``ഇത്തരക്കാര്‍ ഒറ്റപ്പെടലിന്റെയും സമ്പര്‍ക്കരാഹിത്യത്തിന്റെയും പിടിയിലാണ്. ഇക്കൂട്ടരുടെ സൗഹൃദങ്ങളെല്ലാം നെറ്റില്‍ മാത്രം. മനുഷ്യരോടു യാതൊരു ബന്ധവുമില്ല. ഇതുവഴിയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എയ്‌ഡ്‌സ് രോഗത്തെക്കാള്‍ ഭീകരമാണ്. ഇവര്‍ക്കു ആരോടും മമതയില്ല. അനുകമ്പയില്ല. അവരിലുള്ള വികാരം ശത്രുത മാത്രം. അതിനാല്‍ ക്രൂരകൃത്യങ്ങള്‍ നടത്തുവാന്‍ ഇക്കൂട്ടര്‍ക്കു വെമ്പലാണ്''
അമേരിക്കയില്‍ സിക്കുകാരുടെ നേരെ നിറയൊഴിച്ചു അനേകരെ കൊന്നു തള്ളിയവന്റെയും സിനിമാക്കൊട്ടയില്‍ കയറി തുരുതുരെ വെടിവച്ചവന്റെയുമൊക്കൊ മനോനില ഇത്തരത്തില്‍ ക്രൂരമായി മാറിയതു സാമൂഹ്യമാധ്യമങ്ങളുടെ അപകടകരമായ സ്വാധീനം വഴിയാണെന്നാണ് മനോരോഗവിദഗ്‌ധന്മാരുടെ അഭിപ്രായം. ഇക്കൂട്ടര്‍ വിഷാദരോഗികളും സ്വയം തീര്‍ത്ത വാല്‌മീകത്തില്‍ അടയ്‌ക്കപ്പെടാന്‍ കൊതിക്കുന്നവരുമാണ്. അതിനാല്‍ തന്നെ അപകടകാരികളും.
ലോകം മുഴുവന്‍ സമ്പര്‍ക്കവലയമൊരുക്കുന്നവര്‍ ഫലത്തില്‍ സാമൂഹ്യസമ്പര്‍ക്കമില്ലാത്തവരായും മനോരോഗികളായും കുറ്റവാളികളായും മാറുന്നതു പ്രകൃതിയുടെ വികൃതിയെന്നല്ലാതെ മറ്റെന്തു പറയാന്‍? ജീവിതത്തിന്റെ വെല്ലുവിളികളെ ഇക്കൂട്ടര്‍ക്കു നേരിടാനാവുന്നില്ല. വേദന, കഷ്‌ടനഷ്‌ടങ്ങള്‍, ഹൃദയം തകര്‍ക്കുന്ന സംഭവങ്ങള്‍, ദേഷ്യപ്പെടല്‍ തുടങ്ങിയ നിത്യസത്യങ്ങളെ
നേരിടാന്‍ ഇക്കൂട്ടരുടെ മനസിനു ത്രാണിയില്ലാതാകുന്നു. ഇത്തരം പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഇതിനെല്ലാമുള്ള പോംവഴികള്‍ സോഷ്യല്‍ മീഡിയയിലെ സുഹൃത്തുക്കള്‍ നല്‌കിക്കൊള്ളുമെന്നുള്ള മിഥ്യാധാരണ പെട്ടെന്നസ്‌തമിക്കുന്നു. കിട്ടുന്ന ഉപദേശങ്ങളാകട്ടെ അപകടകരവും. അതോടെ ഇക്കൂട്ടര്‍ നിരാശരാകുന്നു. നിരാശ, പലപ്പോഴും ഇവരെ കുറ്റകൃത്യങ്ങളിലേക്കാണ് നയിക്കുന്നത്. അതിനാലാണ്, ക്ലാസില്‍ ചോദ്യം ചോദിക്കുന്ന അധ്യാപികയുടെനേരേ നിറയൊഴിക്കുന്നതും.
താന്‍ ഒറ്റപ്പെട്ടതായുള്ള തോന്നല്‍ തന്നെ വ്യക്തികളെ എന്തും ചെയ്യാന്‍ മടിക്കാത്തവരായി മാറ്റുമെന്നും അതാണ് അമേരിക്കയിലെ യുവാക്കളുടെ ഇന്നത്തെ ഏറ്റവും ഗുരുതരമായ പ്രശ്‌നമെന്നും രാജ്യത്തെ പ്രമുഖ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. റിച്ചാര്‍ഡ് വാര്‍ഷക് പറയുന്നു.
മനുഷ്യനു വികാരപരമായ സമ്പര്‍ക്കമാണാവശ്യം. കൊച്ചുവര്‍ത്തമാനങ്ങള്‍. ഹൃദയം പങ്കുവയ്‌ക്കല്‍. ബുദ്ധിപരമായ ചര്‍ച്ചകള്‍. അതുവഴി സ്വന്തം നിലപാടു തറകള്‍ അവര്‍ക്കു മനസിലാകുന്നു. തന്റെ കുറ്റവും കുറവും ശക്തിയും ഒക്കെ സ്വയം വിലയിരുത്താന്‍ കഴിയുന്നു. പക്ഷേ, ഇതൊന്നും ഡിജിറ്റല്‍ ലോകത്തില്ല. അവിടെ വികാരരഹിതമായ ഉപകരണങ്ങള്‍ മാത്രം. മര്‍ത്യലോകത്തുനിന്നും ഡിജിറ്റല്‍ ലോകം തീര്‍ത്തും വ്യത്യസ്‌തമാണ്. വൈകാരിക അനുഭവങ്ങളോ അനുഭൂതികളോ ഇല്ലാത്ത ഈ യന്ത്ര ലോകത്താണ്, നിര്‍ഭാഗ്യവശാല്‍ നമ്മുടെ യുവതലമുറയിലെ ഏറിയ പങ്കും.
അതിനാല്‍, യുവതലമുറയെ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കണക്‌ടിവിറ്റിയുടെ അതിപ്രസരം മൂലം വഴി മാറി ലക്കുകെട്ടുനടക്കുന്നവര്‍ നിസംഗരും നിശബ്‌ദരുമായിരിക്കും. ആരോടും കാര്യമായി ഉരിയാടില്ല. ചുറ്റുപാടുകള്‍ വൃത്തിയാക്കില്ല. സ്വയം വൃത്തിയാകില്ല. എല്ലാം വലിച്ചുവാരിയിടുന്നവരാകും. വസ്‌ത്രധാരണത്തില്‍ ശ്രദ്ധിക്കില്ല. വ്യക്തിപരമായ യാതൊരു ശുദ്ധിയും പാലിക്കുന്നവരല്ല. കുളിയും തേവാരവുമൊന്നും ഉണ്ടാകില്ല. ഇരുട്ടിന്റെ സന്തതികളെപ്പോലെ പെരുമാറും. ഊണും ഉറക്കവും ഇവര്‍ക്കു പ്രശ്‌നമല്ല.
വരയ്‌ക്കുന്ന ചിത്രങ്ങളില്‍പ്പോലും ഇരുട്ടിന്റെ മുഖമാകും. എഴുതുന്ന കവിതകളില്‍ മരണത്തിന്റെ ദുര്‍ഗന്ധമുണ്ടാകും. കൊലപാതകത്തിന്റെ രൗദ്രഭാവമുണ്ടാകും. ബലാത്സംഗവാസന ഇക്കൂട്ടരില്‍ തീവ്രമാണ്. ആണിലും പെണ്ണിലും ഇത്തരം വൈകൃതങ്ങള്‍ രൂഢമാകും. ഇത്തരക്കാര്‍ സ്വയം പീഡനങ്ങള്‍ക്കു വിധേയരായി അതില്‍ സംതൃപ്‌തി കണ്ടെത്താന്‍ ശ്രമിക്കാറുമുണ്ട്. ഇക്കൂട്ടരെ ശ്രദ്ധിച്ചു വേണ്ടസമയത്തു കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള ചികിത്സാവിധികള്‍ക്കു പാത്രമാക്കാനാണു രക്ഷിതാക്കളും അധ്യാപകരും ബന്ധുക്കളും വേണ്ടപ്പെട്ടവരുമൊക്കെ ശ്രമിക്കേണ്ടത്.
https://www.facebook.com/Malayalivartha