മിസൈല്‍ വുമണ്‍ ഓഫ് ഇന്ത്യ ടെസി തോമസ്
മുന്‍ രാഷ്‌ട്രപതികൂടിയായ എ.പി.ജെ. അബ്‌ദുള്‍കലാമാണ് മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്. എന്നാല്‍, മിസൈല്‍ വുമണ്‍ ഓഫ് ഇന്ത്യ എന്ന് ഒരു മലയാളിയെ ലോകം ഇന്നു വിളിക്കുന്നു. ആലപ്പുഴ സ്വദേശിനിയായ ടെസി തോമസാണ് ആ വനിതാരത്‌നം. രാജ്യത്തിന്റെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി-5 വിജയകരമായി പരീക്ഷിച്ചതിലൂടെ അതിനു ചുക്കാന്‍ പിടിച്ച ടെസി ലോകശ്രദ്ധയിലേക്കുയര്‍ന്നു കഴിഞ്ഞു. ബഹുഭൂരിപക്ഷം മേഖലകളിലും സ്‌ത്രീപ്രാതിനിധ്യം പുരുഷന്മാരോടൊപ്പമെത്തിയിരിക്കുന്ന ഈ കാലത്തും ശാസ്‌ത്രമേഖലയില്‍, പ്രത്യേകിച്ചും ബഹിരാകാശ-മിസൈല്‍ പരീക്ഷണ മേഖലകളില്‍ സ്‌ത്രീപ്രാതിനിധ്യം തുലോം കുറവാണ്. ആ പശ്ചാത്തലത്തിലാണു ഒരു മിസൈല്‍ പദ്ധതിയുടെ പ്രോജക്‌ട് ഡയറക്‌ടറായി ടെസി തോമസിന്റെ രംഗപ്രവേശം. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആര്‍.ഡി.ഒ.)യിലെ 250 ശാസ്‌ത്രജ്ഞരില്‍ സ്‌ത്രീകളുടെ എണ്ണം കേവലം മുപ്പതു മാത്രം. ടെസ്സി അവിടെ ചേരുന്ന കാലത്ത് ഇതിലും പരിതാപകരമായിരുന്നു സ്‌ത്രീ പ്രാതിനിധ്യം. അഞ്ചു ശാസ്‌ത്രജ്ഞകള്‍ മാത്രം. രാജ്യത്തെ സ്‌ത്രീസമൂഹത്തിനു ടെസിയുടെ നേട്ടത്തില്‍ പ്രത്യേകം അഭിമാനിക്കാം. തൃശൂര്‍ എഞ്ചിനീയറിംഗ് കോളജില്‍ നിന്നു ബി.ടെക് പാസ്സായ ടെസി 1985ല്‍ ഡി.ആര്‍.ഡി.ഒയില്‍ ചേര്‍ന്നു. പൂനെയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍മമെന്റ് ടെക്‌നോളജിയില്‍ നിന്നും എം.ടെക്കും കരസ്ഥമാക്കി. 1988 മുതല്‍ ഡി.ആര്‍.ഡി.ഒയില്‍ സ്റ്റാഫ് മെമ്പറായി പ്രവര്‍ത്തിച്ചുവരുന്നു. മിസൈലുകളുടെ രൂപകല്‌പനയിലാണു ടെസി പ്രാഗല്‌ഭ്യം തെളിയിച്ചത്. എ.പി.ജെ. അബ്‌ദുള്‍ കലാമിനൊപ്പം പ്രവര്‍ത്തിക്കുവാനും ടെസിക്ക് അവസരം ലഭിച്ചു. മൂവായിരം കി.മീ. ദൂരപരിധിയുള്ള അഗ്നി-3 മിസൈല്‍ പദ്ധതിയുടെ അസോസിയേറ്റ് പ്രോജക്‌ട് ഡയറക്‌ടറായിരുന്ന ടെസി, അഗ്നി-4 പദ്ധതിയുടെ ഡയറക്‌ടറായി. 2011ല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ആ ദൗത്യത്തിനുശേഷമാണ് അഗ്നി-5ന്റെ നേതൃത്വം ഏറ്റെടുത്തത്. അതും ഈ ഏപ്രില്‍ 19നു പ്രശംസാവഹമായി പൂര്‍ത്തിയാക്കി. ഒറീസ സ്വദേശിയും ഇന്ത്യന്‍ നേവിയില്‍ എന്‍ജിനീയറുമായ സരോജ്‌കുമാറാണു ടെസിയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകന്‍. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ തേജസ്.
https://www.facebook.com/Malayalivartha