യുദ്ധം കഴിഞ്ഞ് (കവിത) സച്ചിദാനന്ദൻ
യുദ്ധം കഴിഞ്ഞ് (കവിത) സച്ചിദാനന്ദൻ
യുദ്ധങ്ങള്‍ എന്നും മാനവരാശിക്ക് നഷ്ടം മാത്രമേ സമ്മാനിച്ചിട്ടുള്ളു. എന്തൊക്കെ നേടിയെന്ന് പറഞ്ഞാലും അതിന് പിന്നില്‍ നഷ്ടങ്ങളുടെ കണക്ക് ബാക്കിയുണ്ടാവും.കഴിഞ്ഞ കാര്‍ഗില്‍ യുദ്ധത്തിനു ശേഷം പ്രശസ്ത കവി സച്ചിദാനന്ദന്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത 'യുദ്ധം കഴിഞ്ഞ്' എന്ന കവിത യുദ്ധത്തിന്റെ അർത്ഥ ശൂന്യത വരച്ചുകാട്ടുന്നു
യുദ്ധം കഴിഞ്ഞ്
ശവങ്ങളുടെ കണക്കെടുപ്പു തുടങ്ങിയപ്പോള്‍
കൗരവരും പാണ്ഡവരും
ഒന്നിച്ചു തലയില്‍ കൈവച്ചു.
'എന്തിനായിരുന്നു യുദ്ധം?'
പാണ്ഡവര്‍ ചോദിച്ചു
'എങ്ങനെയായിരുന്നു മരണം?'
കൗരവര്‍ ചോദിച്ചു.
'ആരാണീ കടുംകൈ ചെയ്തത്?'
പാണ്ഡവര്‍ തിരക്കി.
'ആരാണീ കടുംകൈ ചെയ്യിച്ചത്?'
കൗരവര്‍ തിരക്കി.
'നാം ഒരേ കുടുംബക്കാരല്ലേ?'
പാണ്ഡവര്‍ അദ്ഭുതം കൂറി.
'നാം നല്ല അയല്‍ക്കാരല്ലേ?'
കൗരവര്‍ അദ്ഭുതം കൂറി.
'നമ്മുടെ പുഴകള്‍ ഒന്നുതന്നെ'
പാണ്ഡവര്‍ പറഞ്ഞു.
'നമ്മുടെ ഭാഷകള്‍ ഒന്നുതന്നെ'
കൗരവര്‍ പറഞ്ഞു.
'ഞങ്ങളുടെ വീട് അക്കരെയായിരുന്നു'
പാണ്ഡവര്‍ ഓര്‍മ്മിച്ചു.
'ഞങ്ങളുടെ വീട് അക്കരെയായിരുന്നു'
കൗരവര്‍ ഓര്‍മ്മിച്ചു.
'ഒരേ ഭൂമി ഒരേ ആകാശം
ഒരേ വെള്ളം ഒരേ ആഹാരം'
പാണ്ഡവര്‍ പാടി
'ഒരേ വൃക്ഷം ഒരേ രക്തം
ഒരേ ദുഃഖം ഒരേ സ്വപ്‌നം'
കൗരവര്‍ ഏറ്റുപാടി.
എന്നിട്ട് അവര്‍ തോക്കുകള്‍ തുടച്ചു വെടിപ്പാക്കി
വീണ്ടും പരസ്പരം വെടിവെച്ചു തുടങ്ങി.
https://www.facebook.com/Malayalivartha