ചോരക്കൊതിയന്‍ ഇടികൊണ്ടു ചത്തു
ഒരു സന്യാസി നദിയില്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം മുങ്ങിപ്പൊങ്ങിയതിനിടയില്‍ കരയിലേക്കൊന്നു നോക്കി.
ങേ? ഇതെന്താണു രണ്ടു മുട്ടനാടുകള്‍ ഓടിയടുക്കുന്നു.
സന്യാസി അതുതന്നെ നോക്കിയങ്ങനെ നിന്നു. ഓടിയടുത്ത ആടുകള്‍ പരസ്‌പരം തലകള്‍ കൂട്ടിയിടിച്ചു. എന്നിട്ട് അവ പിന്നോട്ടുമാറി. കൂടുതല്‍ ഊക്കോടെ ഇടി തുടങ്ങി. സന്യാസിക്കു മനസ്സിലായി.
ഇതു യുദ്ധമാണ്. ആടുകളുടെ യുദ്ധം. ആടുകള്‍ രണ്ടും ദൂരെനിന്ന് അതിവേഗം ഓടിയടുക്കും. എന്നിട്ടു ശക്തിയായി തലകൊണ്ടു തമ്മിലിടിക്കും. ഇടിച്ചിടിച്ചു രണ്ടിന്റെയും തലയില്‍ നിന്നും മൂക്കില്‍ നിന്നും ചോര ഇറ്റിറ്റുവീഴാന്‍ തുടങ്ങി.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഒരു കുറുക്കന്‍ അവിടേയ്‌ക്കെത്തി. ചുടുചോരയുടെ മണം കേട്ടുവന്നതാണവന്‍.
ആടുകള്‍ പിന്നോക്കം മാറുന്ന തക്കത്തില്‍ നിലത്തു വീണ ചോര കുറുക്കന്‍ നക്കിക്കുടിക്കാന്‍ തുടങ്ങി. ആടുകള്‍ പിന്നോട്ടു മാറുമ്പോഴാണു കുറുക്കന്റെ ചോരകുടി.
സന്യാസി ഇതൊക്കെ നോക്കിക്കൊണ്ടു നില്‌ക്കുകയായിരുന്നു. സന്യാസി വിചാരിച്ചു
ഈ കുറുക്കന്‍, ഇവനെന്തു മണ്ടന്‍! ഉഗ്രശക്തിയില്‍ ഇടിക്കുന്ന ആടുകള്‍ക്കിടയില്‍പെട്ടാല്‍ ഇവന്‍ ചമ്മന്തിയായതുതന്നെ.
ആടുകള്‍ അകന്നുമാറിയപ്പോള്‍ കുറിക്കന്‍ ചോര നക്കാന്‍ തുടങ്ങി. ചോരക്കൊതിയില്‍ അവന്‍ എല്ലാം മറന്നു. ആടുകള്‍ ഓടിയടുക്കുന്ന കാര്യം കുറുക്കന്റെ ശ്രദ്ധയില്‍ നിന്നും പോയി. പാഞ്ഞടുക്കുന്ന ആടുകളെ അവന്‍ കണ്ടില്ല.
ഠിം. ആടുകള്‍ കൂട്ടിയിടിച്ചു. ഇത്തവണ ഇടിയേറ്റതു കുറുക്കന്റെ പള്ളയ്‌ക്ക്. ഇടിയേറ്റ കുറുക്കന്‍ അവിടെക്കിടന്നു കൈകാലിട്ടടിക്കാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ അവന്റെ ശ്വാസം പോയി.
അങ്ങനെ കുറുക്കന്റെ കഥ കഴിഞ്ഞു!
https://www.facebook.com/Malayalivartha