ദുരമൂത്താല്‍ കരയും
പണ്ടു ദേവശര്‍മന്‍ എന്നൊരു സന്യാസി ഉണ്ടായിരുന്നു. വിജനമായ സ്ഥലത്ത്, ആശ്രമത്തില്‍ തനിച്ചാണു സന്യാസി താമസിച്ചിരുന്നത്.
അനുഗ്രഹവും ഉപദേശവും തേടി ദേവശര്‍മന്‍ സന്യാസിയുടെ അടുത്തേക്ക് അനേകം പേര്‍ നിത്യവും വന്നു കൊണ്ടിരുന്നു. അവരുടെയെല്ലാം അഭീഷ്‌ടസിദ്ധിക്കായി പൂജയും കര്‍മങ്ങളുമൊക്കെ ദേവശര്‍മന്‍ നടത്തിക്കൊടുക്കും. ഭക്തര്‍ ദക്ഷിണയായി വിശിഷ്‌ടവസ്‌തുക്കള്‍, ആഭരണങ്ങള്‍, പട്ടുവസ്‌ത്രങ്ങള്‍ എന്നിങ്ങനെ പലതും നല്‌കും.
ഇങ്ങനെ ദക്ഷിണകിട്ടുന്ന വസ്‌തുക്കളെക്കൊണ്ട് ആശ്രമം നിറഞ്ഞു. അദ്ദേഹം അവയെല്ലാം വിറ്റു പണമാക്കി. ധാരാളം പണം കൈവശം വന്നപ്പോള്‍ ദേവശര്‍മന് ആരെയും വിശ്വാസമില്ലാതായി. പണം ആരെങ്കിലും തട്ടിയെടുത്താലോ -അതായിരുന്നു പേടി. പണസഞ്ചി അദ്ദേഹം താഴെവയ്‌ക്കാതെ കൂടെത്തന്നെ കൊണ്ടുനടന്നു.
നോക്കണേ, പണമില്ലാഞ്ഞാല്‍ ദുഃഖം. പണമുണ്ടായാലോ? സൂക്ഷിക്കാനും പണി. ചെലവാക്കാനും മനസ്സില്ല. നഷ്‌ടപ്പെട്ടാലോ, പിന്നെ പറയാനുമില്ല!
ഇതൊക്കെ മനസ്സിലാക്കിയ ഒരു കള്ളന്‍ പതുക്കെ ദേവശര്‍മന്റെ അടുത്തുകൂടി. എങ്ങനെയെങ്കിലും ദേവശര്‍മന്റെ പണസഞ്ചി തട്ടിയെടുക്കണം. ആഷാഢഭൂതി എന്നായിരുന്നു കള്ളന്റെ പേര്. അവന്‍ സേവപറഞ്ഞു പറഞ്ഞു ദേവശര്‍മന്റെ ശിഷ്യത്വം സ്വീകരിച്ചു. സാവധാനം ആഷാഢഭൂതി ദേവശര്‍മന്റെ വിശ്വാസംനേടി. എങ്കിലും അവന്റെ നോട്ടം പണസഞ്ചിയിലായിരുന്നു. അവന്‍ മനസ്സാ വിചാരിച്ചു:
കാത്തിരിക്കണം തക്കം കിട്ടുമ്പോള്‍ പണക്കിഴി അടിച്ചുമാറ്റണം.
ഗുരുവിനെ ശുശ്രൂഷിച്ചും പൂജയ്‌ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയും ആശ്രമവും പരിസരവുമൊക്കെ വൃത്തിയാക്കിയും ആഷാഢഭൂതി ദിവസങ്ങള്‍ തള്ളിനീക്കി.
പക്ഷേ, ആഷാഡഭൂതിക്കു തക്കം കിട്ടുന്നില്ല. ദേവശര്‍മന്‍ പണക്കിഴി താഴെ വച്ചാലല്ലേ? അവന്റെ ക്ഷമ നശിക്കാന്‍ തുടങ്ങി. സ്വാമിജിയെ വകവരുത്തിയാലോ എന്നുപോലും ആഷാഢഭൂതി ചിന്തിച്ചുപോയി.
അങ്ങനെയിരിക്കെ ഒരു ദിവസം ദേവശര്‍മന്റെ പഴയ ഒരു ശിഷ്യന്റെ മകന്‍ ആശ്രമത്തിലെത്തി. പിറ്റേന്നു നടക്കുന്ന തന്റെ പുത്രന്റെ ഉപനയനത്തില്‍ ക്ഷണിക്കുന്നതിനാണ് അയാള്‍ വന്നത്. അയാള്‍ ദേവശര്‍മയോട് അപേക്ഷിച്ചു.
``സ്വാമിന്‍, നാളെ എന്റെ മകന്റെ ഉപനയനമാണ്. അങ്ങ് എന്റെ ഭവനത്തില്‍ വന്നു ഞങ്ങളെ അനുഗ്രഹിക്കണം.''
ദേവശര്‍മനു സന്തോഷമായി. അദ്ദേഹം ക്ഷണം സ്വീകരിച്ചു. അദ്ദേഹം ആഷാഡഭൂതിയെയും കൂട്ടി ഉടനെ പുറപ്പെട്ടു. അവര്‍ ഉപനയം നടക്കുന്ന വീടിനടുത്തെത്തി. ഇത്ര ദൂരം നടന്നതല്ലെ, ഒന്നു കുളിച്ചു കയറാം. ക്ഷീണവും മാറും ശരീരശുദ്ധിയുമാകും എന്നു വിചാരിച്ചുകൊണ്ടു ദേവശര്‍മന്‍ നദിക്കരയിലേക്കു നീങ്ങി. അദ്ദേഹം ആഷാഡഭൂതിയോടു പറഞ്ഞു:
ഞാന്‍ പുഴയിലിറങ്ങി കുളിച്ചു വരാം. ഈ മേല്‍മുണ്ടു ഭദ്രമായി സൂക്ഷിക്കണം. ഞാന്‍ വരുന്നതുവരെ.
ദേവശര്‍മന്‍ കൈയിലിരുന്ന പണക്കിഴി മേല്‌മുണ്ടില്‍ പൊതിഞ്ഞു ശിഷ്യനെ ഏല്‌പിച്ചിട്ടു നദിയിലേക്കിറങ്ങി. കുളി തുടങ്ങി..
ദേവശര്‍മന്‍ കുളികഴിഞ്ഞു കരയ്‌ക്കു കയറി. അദ്ദേഹം ശിഷ്യനെ നോക്കി. അവനെ അവിടെയെങ്ങും കണ്ടില്ല. ദേവശര്‍മന്‍ സ്‌തബ്‌ധനായി. പിന്നെ അയാള്‍ ഒച്ചവച്ചു വിളിക്കാന്‍ തുടങ്ങി.
ഹേ വഞ്ചകാ, എടാ ആഷാഡഭൂതി, നീ എന്നെപ്പറ്റിച്ചു. നീ എന്റെ പണം മുഴുവന്‍ തട്ടിയെടുത്തു. നീ എവിടെപ്പോയി? ദേവശര്‍മനു കരച്ചിലടക്കാന്‍ കഴിഞ്ഞില്ല.
ദുരമൂത്താല്‍ കരയും, അത്യാര്‍ത്തി ആപത്ത്.
https://www.facebook.com/Malayalivartha