കടങ്കഥകളുടെ കഥ
പ്രിയ കൂട്ടുകാരേ,
പണ്ടുകാലത്തു വിശ്രമസമയങ്ങളില്‍ അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും കുഞ്ഞുമക്കളുമെല്ലാം ഒന്നിച്ചിരുന്നു കടങ്കഥകള്‍ പറയുന്ന സമ്പ്രദായമുണ്ടായിരുന്നു. ഇതു വിജ്ഞാനത്തിനും വിനോദത്തിനും മാത്രമല്ല; കുട്ടികളുടെ ബുദ്ധിശക്തിയും ചിന്താശക്തിയും ഓര്‍മശക്തിയും വളര്‍ത്തിയെടുക്കുന്നതിനും അവരെ സന്മാര്‍ഗികളാക്കുന്നതിനും വളരെ സഹായകമായിരുന്നു.
ഒരാള്‍ ഒരു കടങ്കഥ പറയുകയും മറ്റുള്ളവര്‍ അതിന്റെ ഉത്തരം ആലോചിച്ച് കണ്ടെത്തുകയുമാണ് ചെയ്‌തിരുന്നത്.
``ഇല്ലീ കരകര-ഇല്ലീ കരകര
ഇല്ലിമേലായിരം-പല്ലിമുട്ട!''
എന്നു കേള്‍ക്കുമ്പോള്‍തന്നെ മിടുക്കന്മാര്‍ ചാടിയെഴുന്നേറ്റ് ഉത്തരം പറയും: ``കുരുമുളക്!'' ചിലപ്പോള്‍ ആര്‍ക്കും ഉത്തരം പിടികിട്ടിയില്ലെന്നും വരാം. അപ്പോള്‍ ഓരോരുത്തരും `തോറ്റു' എന്നു സമ്മതിക്കുകയും ചോദ്യകര്‍ത്താവുതന്നെ ഉത്തരം വെളിപ്പെടുത്തുകയുമാണു പതിവ്.
കടങ്കഥകള്‍ മിക്കവാറും താളാത്മകമാണ്. കുട്ടികളില്‍ കവിതാവാസനയും താളബോധവും ഉണ്ടാക്കാന്‍ ഇവ നന്നായി പ്രയോജനപ്പെടും.
``ഈച്ചതൊടാത്തൊരിറച്ചി- ക്കഷ്‌ണം
പൂച്ചതൊടാത്തൊരിറച്ചിക്കഷ്‌ണം
തൊട്ടാല്‍ നക്കുമിറച്ചിക്കഷ്‌ണം
ചൊല്ലുവിനേതൊരിറച്ചിക്കഷ്‌ണം?''
എന്ന കടങ്കഥ ഒന്നു ശ്രദ്ധിക്കൂ. തുള്ളല്‍ക്കവിതയുടെ ഈണത്തിലാണ് ഈ കടങ്കഥ. ഇതിന്റെ ഉത്തരം നിങ്ങള്‍ക്കു മനസ്സിലായോ? `തീക്കനലി'നെക്കുറിച്ചുള്ള രസകരമായ കടങ്കഥയാണിത്.
പഴയകാലം മുതല്‍ പറഞ്ഞുവരുന്ന നൂറുകണക്കായ കടങ്കഥകളും കടങ്കവിതകളുമുണ്ട്. ഒഴുവുസമയങ്ങളില്‍ കൂട്ടുകാരുമൊത്തു നിങ്ങള്‍ ഇത്തരം കടങ്കഥകള്‍ പറഞ്ഞു കളിക്കണം. അല്‌പം ഭാവനയുള്ളവര്‍ക്കു സ്വന്തമായി ധാരാളം കടങ്കഥകള്‍ മെനഞ്ഞുണ്ടാക്കാനും കഴിയും. ഒരു ഉദാഹരണം നോക്കൂ:
``മുക്കിലിരിക്കുന്ന സുന്ദരിപ്പെണ്ണിന്റെ
മൂക്കു പിടിച്ചെന്നാല്‍ പാട്ടുവരും.'' (റേഡിയോ)
പക്ഷേ, കടങ്കഥചൊല്ലലും ഇന്ന് അന്യംവന്നുകൊണ്ടിരിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം. കടങ്കഥ എന്ന വാക്കുപോലും ഒരുപക്ഷേ ഇന്നത്തെ കുട്ടികള്‍ ബഹുഭൂരിപക്ഷത്തിനും അജ്ഞാതമായിരിക്കുന്നു. കുടുംബഘടനയിലുണ്ടായ മാറ്റമാണ് ഇതിന്റെ കാരണം. കടങ്കഥ ചൊല്ലലിനെയും കടങ്കഥ രചനയെയും തിരികെക്കൊണ്ടുവരാന്‍ അധ്യാപകരും രക്ഷിതാക്കളും മറ്റു മുതിര്‍ന്നവരും ശ്രമിക്കേണ്ടിയിരിക്കുന്നു.
കടങ്കഥാരചനയും കടങ്കഥാശേഖരണവും നിങ്ങള്‍ കുട്ടികള്‍ ഒരു `ഹോബിയാക്കി' മാറ്റണം. `കടങ്കഥാകേളി' നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും മാത്രമല്ല; മനസ്സില്‍ കവിതയുടെ വര്‍ണപ്പൂമഴ പെയ്യിക്കാനും സഹായിക്കുന്നു.
സസ്‌നേഹം,
സിപ്പിയങ്കിള്‍
https://www.facebook.com/Malayalivartha