വെള്ളപ്പേനും, മൂട്ടയും
സ്വന്തം സ്ഥലത്ത് അപരിതന് ഇടംകൊടുക്കരുത് എന്നൊരു ചൊല്ലുണ്ട്. ചൊല്ലുമറന്നു വെള്ളപേന്‍ മൂട്ടയ്‌ക്കു സ്വന്തം കിടക്കയില്‍ ഇടംകൊടുത്തു. ഒടുവില്‍ എന്തു പറ്റി? ദമനകന്‍ അക്കഥ പറഞ്ഞു തുടങ്ങി.
രാജകൊട്ടാരത്തിലെ രാജാവിന്റെ പട്ടുമെത്തയിലാണു വെള്ളപ്പേനും കുടുംബവും പാര്‍ത്തിരുന്നത്. മന്ദവിസര്‍പിണി എന്നായിരുന്നു പേനിന്റെ പേര്. രാജാവുറങ്ങുന്ന നേരത്തു രാജാവിന്റെ തലമുടിയില്‍ കയറിക്കൂടി, അദ്ദേഹത്തിന്റെ ചോരകുടിക്കും. അങ്ങനെ മന്ദവിസര്‍പിണിയും പേന്‍ പാറ്റകളും രാജകീയമായി കഴിഞ്ഞുകൂടുകയായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ഒരു മൂട്ട ചുറ്റിക്കറങ്ങി രാജാവിന്റെ കിടക്കയിലെത്തി. അഗ്നിമുഖന്‍ എന്നായിരുന്നു മൂട്ടയുടെ പേര്. അവന്‍ മെത്തയിലാകെയൊന്നു ചുറ്റിനടന്നു. അവന്‍ മനസ്സില്‍ ഓര്‍ത്തു.
``ഹായ്, പളപള പട്ടുവിരി, എന്തു മൃദുലം. ഇവിടെ എത്തിയതു നന്നായി. ഇനിയുള്ള കാലം ഇവിടെത്തന്നെ കഴിയാം.''
അഗ്നിമുഖന്‍ പട്ടിന്റെ പളപളപ്പിലൂടെ അങ്ങനെ ചുറ്റിത്തിരിയുന്നതു മന്ദവിസര്‍പിണി കണ്ടു. അവള്‍ ഓടി അഗ്നിമുഖന്റെ അരുകിലെത്തി പറഞ്ഞു:
ഏയ് അഗ്നിമുഖന്‍! ഇതു രാജാവിന്റെ കിടക്കയാണ്. ഇതങ്ങനെ നിനക്കു പരതി നടക്കാനുള്ള സ്ഥലമല്ല. വേഗം പോയ്‌ക്കോളൂ.
അഗ്നിമുഖന്‍ വിസര്‍പണിയുടെ വിരട്ടല്‍ കണ്ടു ഭയന്നോടിയില്ല. അവന്‍ പറഞ്ഞു:
താങ്കള്‍ എത്രനാളായി രാജരക്തവും കുടിച്ചു സുഖമായി കഴിയുന്നു. രാജരക്തത്തിന്റെ രുചി ഞാനുമൊന്നറിയട്ടെ. ഞാന്‍ താങ്കളുടെ അതിഥിയായി ഇവിടെ കഴിഞ്ഞോളാം.
മന്ദവിസര്‍പണി സമ്മതിച്ചു. എന്നാല്‍, അവള്‍ അഗ്നിമുഖന് ഒരു മുന്നറിയിപ്പു കൂടി നല്‌കി.
എടോ മൂട്ടേ രാജാവു നല്ല ഉറക്കമാകുമ്പോള്‍ മാത്രമേ നീ രാജാവിനെ കടിക്കാവൂ. ഞാന്‍ ആദ്യം കുടിക്കും. അതു കഴിഞ്ഞു നീയും കുടിച്ചോളൂ. അസമയത്തൊന്നും രാജാവിനെ കടിക്കരുത്. ആര്‍ത്തി കാണിക്കയമരുത്.
അഗ്നിമുഖനു സന്തോഷമായി. മന്ദവിസര്‍പണിയെ അനുസരിച്ചുകൊള്ളാമെന്നും അവന്‍ സമ്മതിച്ചു.
അവര്‍ അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജാവ് പള്ളിയുറക്കത്തിനായി വന്നു. അദ്ദേഹം കിടക്കയില്‍ കിടക്കേണ്ട താമസം; ആര്‍ത്തിക്കാരനായ മൂട്ട രാജാവിന്റെ പുറത്തു കടിക്കാന്‍ തുടങ്ങി.
രാജാവു സൂചിക്കുത്തേറ്റപോലെ ചാടിപ്പിരണ്ട് എണീറ്റു. അദ്ദേഹം ഉടനെ ഭടന്മാരെ വിളിച്ചു.
ആരെവിടെ, നമ്മെ എന്തോ കടിച്ചു. ഈ വിരിയും കിടക്കയുമൊക്കെ നന്നായി പരിശോധിക്കൂ. ഹൂം, വേഗം, വേഗം.
രാജാവിന്റെ കല്‌പനയും ഭടന്മാരുടെ ചടപടയുമെല്ലാം കേട്ടപ്പോഴേ മൂട്ട ഒളിച്ചു. അവന്‍ കട്ടിലിന്റെ മരപ്പലകയുടെ വിടവില്‍ കയറിപ്പറ്റി.
രാജഭടന്മാര്‍ മെത്ത മുഴുവനും അരിച്ചുപെറുക്കി. മന്ദവിസര്‍പണിയും കുടുംബവും കിടക്കയില്‍ അങ്ങിങ്ങു പരതി ഓടുന്നത് അവര്‍ കണ്ടു. ഭടന്മാരുടെ കണ്ണില്‍പെട്ടാല്‍ പിന്നെ രക്ഷയുണ്ടോ? പേന്‍കൂട്ടം മുഴുവന്‍ ഭടന്മാരുടെ ചവിട്ടേറ്റു ചത്തു.
https://www.facebook.com/Malayalivartha