വിഷ്‌ണുവേഷം കെട്ടിയ നെയ്‌ത്തുകാരന്
ഒരു ഗ്രാമത്തില്‍ രണ്ടു യുവാക്കള്‍ താമസിച്ചിരുന്നു. ആത്മസുഹൃത്തുക്കളായിരുന്നു രണ്ടുപേരും. ഒരാള്‍ നെയ്‌ത്തുകാരന്‍, ഒരാള്‍ ആശാരി. തങ്ങളുടെ ജോലിയില്‍ അതിസമര്‍ത്ഥരായിരുന്നു അവര്‍.
ഒരിക്കല്‍ അവര്‍ രണ്ടുപേരും കൂടി അടുത്തൊരിടത്ത് ഉത്സവം കാണാന്‍ പോയി. ദേവീ ക്ഷേത്രത്തിലെ മഹോത്സവം കാണാന്‍ പല ദിക്കില്‍ നിന്നും പെരുത്ത് ആളുകള്‍ അവിടെ എത്തിയിരുന്നു. ജനാവലിയെക്കൊണ്ട് അവിടം നിറഞ്ഞുകവിഞ്ഞു. സുഹൃത്തുക്കള്‍ രണ്ടുപേരും അവര്‍ക്കിടയിലൂടെ പലതും കണ്ടും കേട്ടും നടന്നുനീങ്ങി.
ഈ സമയത്താണു രാജകുമാരി അമ്പലത്തില്‍ ദേവീദര്‍ശനത്തിനായി വന്നത്. അതീവസുന്ദരിയാണു രാജകുമാരി. ആനപ്പുറത്താണു രാജകുമാരിയുടെ എഴുന്നെള്ളത്ത്.
ആനപ്പുറത്ത് അമ്പാരിയില്‍ ഇരിക്കുന്ന രാജകുമാരിയെ നെയ്‌ത്തുകാരന്‍ കണ്ടു. അതീവസുന്ദരി; കുമാരിയെക്കണ്ട നെയ്‌ത്തുകാരന്‍ സര്‍വവും മറന്നങ്ങനെ നിന്നുപോയി.
ഹോ! എത്ര സുന്ദരിയാണവള്‍. ഭൂമിയില്‍ ഇവളെപ്പോലെ സുന്ദരിയായി ആരും കാണില്ല. ഇവളെ വിവാഹം കഴിക്കുന്നവനാണു ഭാഗ്യവാന്‍. അങ്ങനെ പോയി നെയ്‌ത്തുകാരന്റെ മനോവിചാരം.
ഉത്സവക്കാഴ്‌ചയെല്ലാം കഴിഞ്ഞു നെയ്‌ത്തുകാരനും ആശാരിയും വീടുകളിലേക്കു മടങ്ങി.
പിറ്റേന്നു മുതല്‍ നെയ്‌ത്തുകാരന്‍ വല്ലാത്തൊരു ചിന്തയിലാണ്ടു. കൂട്ടുകാരന്‍ ആശാരിക്ക് അതു മനസ്സിലായി. എന്താണാവോ നെയ്‌ത്തുകാരന്റെ മനസ്സില്‍?
രാജകുമാരിയെക്കണ്ടതു മുതല്‍ നെയ്‌ത്തുകാരന് ഒരേ ഒരു ചിന്ത മാത്രം. അയാളുടെ മനസ്സില്‍ നിന്നും ആ സുന്ദരവിഗ്രഹം മായുന്നില്ല. അയാള്‍ക്ക് ഊണില്ല, ഉറക്കമില്ല. എങ്ങനെയെങ്കിലും രാജകുമാരിയെ പാണിഗ്രഹണം ചെയ്യണം.
കൂട്ടുകാരന്റെ മനസ്സിടിവു കണ്ട് ആശാരി നെയ്‌ത്തുകാരനോടു ചോദിച്ചു: ``ചങ്ങാതീ, നിനക്ക് എന്തുപറ്റീ? എന്നോടു പറയാന്‍ മടിക്കേണ്ട. നിന്റെ ആഗ്രഹമെന്തുതന്നെ ആയാലും ഞാന്‍ സാധിച്ചുതരാം.''
ആശാരിസുഹൃത്തിന്റെ നിര്‍ബന്ധം വര്‍ധിച്ചപ്പോള്‍ നെയ്‌ത്തുകാരന്‍ പറഞ്ഞു.
``ചങ്ങാതീ, ഉത്സവത്തിനു പോയപ്പോള്‍ നാം കണ്ടില്ലേ, ആ സുന്ദരി രാജകുമാരി ആനപ്പുറത്ത് എഴുന്നെള്ളിയത്? അവളുടെ സൗന്ദര്യം എന്നെ വല്ലാതെ മോഹിപ്പിക്കുന്നു. എനിക്ക് അവളെ വിവാഹം കഴിക്കണം. അതു നടക്കുന്ന കാര്യമല്ലെന്നെനിക്കറിയാം. പക്ഷേ, അവളെ കിട്ടിയില്ലെങ്കില്‍ ഞാന്‍ മരിക്കും. അവളുടെ അരുണാഭയാര്‍ന്ന കവിള്‍ത്തടം, അവളുടെ പുഞ്ചിരി. അതെന്നെ അനുനിമിഷം ദഹിപ്പിക്കുന്നു, ചങ്ങാതി!
ഇതുകേട്ട് ആശാരി ചിരിച്ചുകൊണ്ടു പറഞ്ഞു: ``ഇതാണോ കാര്യം? നിസ്സാരം. നിനക്കു രാജകുമാരിയുമൊത്തു ജീവിക്കണം. അത്രയല്ലേ വേണ്ടൂ. അതിനുവഴിയുണ്ട്.''
ആശാരി നെയ്‌ത്തുകാരനെ ആശ്വസിപ്പിച്ചു. ആത്മസുഹൃത്തിന്റെ ആഗ്രഹം സഫലമാക്കണം. പിറ്റേന്നു തന്നെ ആശാരി അതിനുള്ള പണി ആരംഭിച്ചു. അയാള്‍ മരംകൊണ്ടു വലിയൊരു ഗരുഡനെ ഉണ്ടാക്കി. അതൊരു യന്ത്രപ്പക്ഷിയായിരുന്നു. വിഷ്‌ണുവിന്റെ വാഹനമായ ഗരുഡന്റെ അതേ രൂപമായിരുന്നു അതിന്. വായുജ വൃക്ഷത്തിന്റെ തടികൊണ്ടാണ് അയാള്‍ ഗരുഡനെ നിര്‍മിച്ചത്. മഹാവിഷ്‌ണുവിന്റെ വേഷവിധാനങ്ങളും ആശാരി കരുതിയിരുന്നു.
ആശാരി യന്ത്രപ്പക്ഷിയെയും വിഷ്‌ണുവിന്റെ വേഷവിധാനങ്ങളും സമ്മാനിച്ചുകൊണ്ടു പറഞ്ഞു:
``ചങ്ങാതീ, രാജകുമാരി കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ എന്നും തനിച്ചാണുറങ്ങുന്നത്. നീ വിഷ്‌ണുഭഗവാന്റെ വേഷമണിഞ്ഞ് ഈ ഗരുഡന്റെ പുറത്തുകയറി മട്ടുപ്പാവില്‍ ചെന്നിറങ്ങണം. ഗരുഡന്റെ പുറത്തു കയറി എത്തുന്ന നിന്നെ മഹാവിഷ്‌ണു ആണെന്നു കരുതി രാജകുമാരി സ്വീകരിക്കും.''
നെയ്‌ത്തുകാരനു സന്തോഷമായി. രാത്രിയായപ്പോള്‍ നെയ്‌ത്തുകാരന്‍ ഗരുഡവാഹനത്തിലേറി പറന്നു പൊങ്ങി. അയാള്‍ രാജകുമാരിയുടെ മട്ടുപ്പാവില്‍ ഇറങ്ങി.
രാജകുമാരി ഇതു കണ്ടു. തന്റെ മുന്നില്‍ മഹാവിഷ്‌ണു നില്‌ക്കുന്നു. അവള്‍ക്കു തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവള്‍ നെയ്‌ത്തുകാരനെ താണുവണങ്ങി. എന്നിട്ടു പറഞ്ഞു: ``ഭഗവന്‍, ഞാന്‍ മനുഷ്യ കുലത്തില്‍ പിറന്ന ഒരു കന്യകയാണ്. ഭഗവാന്‍! അങ്ങ് എന്തിനാണീ പാവം എന്നെ സന്ദര്‍ശിക്കുന്നത്. ഞാന്‍ ഭാഗ്യവതിതന്നെ.''
നെയ്‌ത്തുകാരന്‍ പറഞ്ഞു:
``ഭവതി ഗോപകുലരമണിയായ രാധാദേവിയുടെ അവതാരമാണ്. അതുകൊണ്ടാണു ഞാന്‍ നിന്നെത്തേടി ഇവിടെയെത്തിയത്.''
രാജകുമാരിക്കു സന്തോഷം സഹിക്കാനായില്ല. അവള്‍ പറഞ്ഞു: ``എന്റെ ഭാഗ്യം.''
അവള്‍ അയാളെ സ്വീകരിച്ച് അന്ത:പുരത്തിലേക്കു കൂട്ടിക്കൊണ്ടു പോയി വേണ്ടുംവണ്ണം സത്‌കരിച്ചു. രാത്രി മുഴുവന്‍ നെയ്‌ത്തുകാരന്‍ രാജകുമാരിയോടൊത്തു കഴിഞ്ഞു. നേരം വെളുക്കാറായപ്പോള്‍ നെയ്‌ത്തുക്കാരന്‍ യന്ത്രപ്പക്ഷിയുടെ പുറത്തേറി തിരിച്ചുപോന്നു.
പിന്നെ ഇതൊരു പതിവായി. രാത്രി ആയാല്‍ യന്ത്രപ്പക്ഷിയുടെ പുറത്തേറി പറന്നു കൊട്ടാരത്തിലെത്തും. നേരം പുലരാറാകുമ്പോള്‍ തിരിച്ചു പോരും.
കുറേനാളങ്ങനെ കഴിഞ്ഞു. തോഴിമാര്‍ക്കൊരു സംശയം. അവര്‍ പരസ്‌പരം പറഞ്ഞു: ``രാജകുമാരിയെ നോക്കൂ. അവള്‍ രാത്രി ഉറങ്ങുന്നില്ല. ഇതിലെന്തോ രഹസ്യം ഉണ്ട്. നമുക്കിതു രാജാവിനോടു പറയാം.''
അവര്‍ രാജാവിനെ മുഖം കാണിച്ചിട്ടു പറഞ്ഞു:
``പ്രഭോ ക്ഷമിക്കണം. രാത്രി ആയാല്‍ ആരോ ഒരാള്‍ പതിവായി അന്ത:പുരത്തിലെത്തുന്നുണ്ട്.''
ഇതുകേട്ടപ്പോള്‍ രാജാവിനു ദുഃഖമായി. അദ്ദേഹം തന്റെ ഭാര്യയെ വിളിച്ചു രഹസ്യമായി കാര്യങ്ങളൊക്കെ അന്വേഷിച്ചറിയാന്‍ പറഞ്ഞു. രാജ്ഞി ഉടനെ മകളുടെ മുറിയിലെത്തി. മകളെ കണ്ടപ്പോഴേ രാജ്ഞിക്കു കാര്യം മനസ്സിലായി. രാജ്ഞിക്കു കോപമായി. അവള്‍ രാജകുമാരിയോടു ചോദിച്ചു:
``സത്യം പറയണം, ആരാണു രാത്രിയില്‍ നിന്നെകാണാന്‍ വരുന്നത്? ഇത്രയ്‌ക്കു ധൈര്യമോ? ആരാണവന്‍, പറയൂ!''
രാജകുമാരി അമ്മയോടു കാര്യങ്ങള്‍ എല്ലാം തുറന്നു പറഞ്ഞു. രാജ്ഞിയുടെ കോപമെല്ലാം പമ്പകടന്നു. സാക്ഷാല്‍ മഹാവിഷ്‌ണുവിനെയാണു തന്റെ മകള്‍ വരിച്ചിരിക്കുന്നതെന്നറിഞ്ഞപ്പോള്‍ രാജ്ഞിക്കു സന്തോഷമായി. അവള്‍ നേരേ രാജാവിനടുത്തേക്കു പാഞ്ഞു. അവള്‍ രാജാവിനോടു പറഞ്ഞു:
``അങ്ങയുടെ മരുമകനെ കാണണ്ടേ, മഹാവിഷ്‌ണുവിനെ. തന്തിരുവടി നമ്മുടെ മകളെ വിവാഹം ചെയ്‌തു. ഗാന്ധര്‍വ വിധിപ്രകാരം. നമുക്ക് ഇന്നു രാത്രി മറഞ്ഞിരിക്കണം. ഭഗവാനെ നേരില്‍ കാണണം.''
രാത്രിയായപ്പോള്‍ ഗരുഡന്റെ വരവുംകാത്ത് ആകാശത്തു കണ്ണുംനട്ട് അവര്‍ ഇരുന്നു.
പാതിരാവായി. അതാവരുന്നു, മഹാവിഷ്‌ണു! ശംഖുചക്രഗദാധാരിയായി. ഗരുഡന്റെ പുറത്തേറി വരുന്നു. ആ കാഴ്‌ച രാജാവിനെയും രാജ്ഞിയെയും എത്രമാത്രം സന്തോഷിപ്പിച്ചു എന്നു പറയാനാവില്ല.
മഹാവിഷ്‌ണു തന്റെ മരുമകനാണെന്നു മനസ്സിലായതോടെ രാജാവിന് അഹങ്കാരമായി. ഇനി തനിക്കാരെയും പേടിക്കാനില്ല. അയാള്‍ രാജ്ഞിയോടു പറഞ്ഞു:
``പ്രിയേ, നമ്മളാണു ഭാഗ്യവാന്മാര്‍. നമ്മുടെ മകളെ ശ്രീനാരായണന്‍ തന്നെ പരിഗ്രഹിച്ചിരിക്കുന്നു. ഇനി ഞാനാണു ചക്രവര്‍ത്തി. മരുമകന്റെ പ്രഭാവം ഒന്നു മാത്രം മതി, ഭൂലോകം മുഴുവന്‍ നമുക്കു വെട്ടിപ്പിടിക്കണം.''
അതിനുശേഷം രാജാവ് അഹങ്കാരത്തോടെയായി പെരുമാറ്റം. ചക്രവര്‍ത്തിക്കു കപ്പം കൊടുക്കാതായി. അയല്‍ രാജ്യക്കാരെയൊക്കെ ആക്രമിക്കാനുള്ള വട്ടം കൂട്ടി. ഇതൊക്കെയറിഞ്ഞപ്പോള്‍ അയല്‍ രാജ്യങ്ങളിലെ രാജാക്കന്മാര്‍ ഒത്തുകൂടി. അവര്‍ ആക്രമണത്തിനൊരുമ്പെട്ടു.
എല്ലാരുമൊത്ത് ആക്രമണത്തിനൊരുമ്പെടുന്നു എന്നറിഞ്ഞു മന്ത്രിയും സൈന്യാധിപനും രാജാവിന്റെ മുന്നിലെത്തി. ``പ്രഭോ, അയല്‍ നാട്ടുകാരെല്ലാം നമുക്കെതിരെ പടയുമായി വരുന്നു. അവരെ നേരിടുവാനുള്ള സൈന്യശക്തി നമുക്കില്ല. അതുകൊണ്ടു കീഴടങ്ങുകയാകും നന്ന്. കൂടുതല്‍ നാശനഷ്‌ടങ്ങള്‍ വരാതിരിക്കും.'' ഇതുകേട്ടു രാജാവ് ആര്‍ത്തു ചിരിച്ചുകൊണ്ടു പറഞ്ഞു:
``നിങ്ങള്‍ പേടിച്ചുപോയോ. നാം കീഴടങ്ങുന്ന പ്രശ്‌നമില്ല. നാളെ നേരം വെളുക്കട്ടെ. നമ്മുടെ ശക്തിയെന്താണെന്നു കാണിച്ചുകൊടുക്കാം.''
മഹാവിഷ്‌ണുവല്ലേ മരുമകനായി വന്നിരിക്കുന്നത്. ആ ഹുങ്കായിരുന്നു രാജാവിന്. അയാള്‍ മകളെ വിളിച്ചിട്ട് പറഞ്ഞു: ``മകളേ, അയല്‍ രാജ്യങ്ങളെല്ലാം നമ്മുടെ ശത്രുക്കളായിരിക്കുന്നു. അവര്‍ യുദ്ധത്തിനു വരുന്നു. മഹാവിഷ്‌ണുവിനു മാത്രമേ അവരെ തോല്‌പിക്കാന്‍ കഴിയൂ. അദ്ദേഹത്തോടു നീ പറയണം, അച്ഛന്റെ മാനം രക്ഷിക്കാന്‍.''
അന്നു രാത്രി നെയ്‌ത്തുകാരന്‍ പതിവുപോലെ രാജകുമാരിയെ തേടിയെത്തി. കുമാരി പിതാവിന്റെ ആഗ്രഹമെല്ലാം നെയ്‌ത്തുകാരനോടു പറഞ്ഞു. രാജകുമാരിയെ ആശ്വസിപ്പിച്ചുകൊണ്ടു നെയ്‌ത്തുകാരന്‍ പറഞ്ഞു:
``പ്രിയേ, സമാധാനമായിരിക്കൂ. ഈ ചക്രായുധം കാണുന്നില്ലേ, ഇതുമായി ഞാന്‍ നേരിട്ടു പടക്കളത്തില്‍ എത്താം. ശത്രുക്കള്‍ എത്രയായിക്കൊള്ളട്ടെ. എല്ലാവരെയും ഞാന്‍ തകര്‍ക്കാം.''
കുമാരിക്കു സന്തോഷമായി. അവള്‍ വിവരം അപ്പോള്‍തന്നെ അച്ഛനെ അറിയിച്ചു.
നേരം പുലര്‍ന്നപ്പോള്‍ നെയ്‌ത്തുകാരന്‍ തിരികെപ്പോയി. വീട്ടിലെത്തിയ നെയ്‌ത്തുകാരന് ആധിയായി. ശത്രുസൈന്യം പിടിമുറുക്കിക്കഴിഞ്ഞു. അവരീ നാടു പിടിച്ചടക്കും. അതോടെ തന്റെ മായക്കളി അവസാനിക്കും. ഒടുവില്‍ ഒരു തീരുമാനത്തിലെത്തി. മരണംവരെ മായക്കളി തുടരുകതന്നെ.
ഗരുഡവാഹനത്തിലേറി ആകാശത്തു വട്ടമിട്ടു പറക്കാം. ഭഗവാന്‍ നാരായണന്‍ തങ്ങള്‍ക്കെതിരെ വരികയാണെന്നു ധരിച്ചു ശത്രു സൈന്യം പിന്‍മാറിയാലോ? ഒന്നുകില്‍ വിജയം അല്ലെങ്കില്‍ മരണം. അയാള്‍ ചിന്തിച്ചുറച്ചു.
നെയ്‌ത്തുകാരന്‍ നാരായണ വേഷം ധരിച്ചു ഗരുഡവാഹനത്തിലേറി ചക്രായുധമൊക്കെ ധരിച്ചു യുദ്ധത്തിനിറങ്ങി.
ഇതെല്ലാം വിഷ്‌ണുഭഗവാന്‍ ദിവ്യദൃഷ്‌ടിയാല്‍ അറിയുന്നുണ്ടായിരുന്നു. അദ്ദേഹം ഗരുഡനെ സ്‌മരിച്ചു. ഉടനെ ഗരുഡന്‍ ഭഗവല്‍ സന്നിധിയിലെത്തി. ഭഗവാന്‍ പറഞ്ഞു:
``ഗരുഡന്‍ അറിഞ്ഞുവോ, നെയ്‌ത്തുകാരന്റെ വിക്രിയകള്‍. ഇപ്പോള്‍ അവന്‍ നമ്മുടെ വേഷമെടുത്തു യുദ്ധത്തിനിറങ്ങിയിരിക്കുന്നു. യോദ്ധാക്കാള്‍ ഒത്തുകൂടി ആക്രമിക്കും. അവന്റെ യന്ത്രപ്പക്ഷിയും മഹാവിഷ്‌ണുവുമൊക്കെ തവിടുപൊടിയാകും. മഹാവിഷ്‌ണുവും ഗരുഡനും യുദ്ധക്കളത്തില്‍ മരിച്ചു വീണു എന്നു ജനം പാടിനടക്കും. പിന്നെ അധര്‍മം പെരുകും.''
അല്‌പമൊന്നാലോചിച്ചിട്ടു ഭഗവാന്‍ പറഞ്ഞു:
``നമുക്കു ശത്രുക്കളെ തോല്‌പിച്ചേ മതിയാവൂ. എങ്കിലേ ലോകത്തില്‍ നമ്മുടെ മഹിമ നിലനില്‌ക്കു. നീ ആ യന്ത്രപ്പക്ഷിയില്‍ പ്രവേശിക്കണം. നാം അവനിലും പ്രവേശിക്കാം.''
ഉടനെതന്നെ മഹാവിഷ്‌ണു നെയ്‌ത്തുകാരന്റെ ശരീരത്തിലും ഗരുഡന്‍ യന്ത്രപ്പക്ഷിയിലും പ്രവേശിച്ചു. യുദ്ധം തുടങ്ങി. നെയ്‌ത്തുകാരന്‍ ശംഖ് എടുത്ത് ഊതി. ശംഖ് ശബ്‌ദം കേട്ടപാടേ ശത്രുപക്ഷത്തെ ആനകളും കുതിരകളുമെല്ലാം വിറളിപിടിച്ചു പാഞ്ഞു. വിഷ്‌ണുവിന്റെ ചക്രായുധ പ്രയോഗത്തോടെ ശത്രുക്കള്‍ തോറ്റമ്പി.
യുദ്ധം തീര്‍ന്നതോടെ നെയ്‌ത്തുകാരന്റെ ശക്തിയൊക്കെ പോയി. നെയ്‌ത്തുകാരന്‍ താന്‍ ആരെന്നും തന്റെ കഥയെന്തെന്നും രാജാവിനോടു തുറന്നു പറഞ്ഞു.
നെയ്‌ത്തുകാരന്റെ സാഹസികതയും ധീരതയും രാജാവിനെ സന്തുഷ്‌ടനാക്കി. രാജാവു തന്റെ പുത്രിയുടെയും നെയ്‌ത്തുകാരന്റെയും വിവാഹം നടത്തിക്കൊടുത്തു. ധാരാളം സമ്മാനങ്ങളും, രാജ്യത്തിന്റെ ഒരു ഭാഗവും നല്‌കി അനുഗ്രഹിച്ചു.
ദമനകന്‍ ചോദിച്ചു:
``ഈശ്വരാധീനവും ഭാഗ്യവും എപ്പോഴും പരിശ്രമിയുടെ കൂടെയാണെന്നു മനസ്സിലായോ?''
https://www.facebook.com/Malayalivartha