ധര്‍മബുദ്ധിയും പാപബുദ്ധിയും
ധര്‍മബുദ്ധിയും പാപബുദ്ധിയും വലിയ സുഹൃത്തുക്കളായിരുന്നു. പേരുപോലെ തന്നെയായിരുന്നു അവരുടെ സ്വഭാവവും. ധര്‍മംവച, ധര്‍മംചര ഇതായിരുന്നു ധര്‍മബുദ്ധിയുടെ പ്രമാണം. പാപബുദ്ധിയാകട്ടെ ദുര്‍ഗുണനും.
കൊടിയദാരിദ്ര്യത്തിലാണു പാപബുദ്ധി കഴിഞ്ഞിരുന്നത്. എങ്ങനെ ഈ ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടും? അയാളുടെ ബുദ്ധി പ്രവര്‍ത്തിക്കാന്‍ തുടങ്ങി; പാപവഴിക്കു തന്നെ.
പിറ്റേന്നു പാപബുദ്ധി സ്‌നേഹിതനെ കണ്ടു പറഞ്ഞു: ധര്‍മബുദ്ധീ, സനേഹിതാ, നമുക്കിങ്ങനെ കുളത്തിലെ തവളകളെപ്പോലെ കഴിഞ്ഞാല്‍ മതിയോ? ലോകകാര്യങ്ങളൊക്കെ അറിയേണ്ടേ. നമുക്കീ രാജ്യമാകെയൊന്നു ചുറ്റാം. വിവിധ നാടുകള്‍, അവിടവിടെയുള്ള ജനങ്ങള്‍, അവരുടെ ജീവിതം ഇതൊക്കെയൊന്നു കണ്ടറിയാം. മക്കള്‍ക്കെങ്കിലും പറഞ്ഞുകൊടുക്കാമല്ലോ.
പാപബുദ്ധിയോടു ധര്‍മബുദ്ധി യോജിച്ചു. രണ്ടുപേരും ചേര്‍ന്നു നേരവും സമയവുമൊക്കെ നോക്കി നല്ല ശകുനത്തില്‍ യാത്രപുറപ്പെട്ടു.
രണ്ടുപേരും ചേര്‍ന്നു നാടു ചുറ്റുന്നതിനിടെ ഓരോ സ്ഥലത്തും കുറെക്കാലം തങ്ങും. അപ്പോഴെല്ലാം ഏതെങ്കിലും തൊഴില്‍ ചെയ്യാനും അവര്‍ തയ്യാറായിരുന്നു. ധര്‍മബുദ്ധിയുടെ ഈശ്വരാധീനവും വൈഭവവും കൊണ്ടു ഭാഗ്യം അവരെ തുണച്ചു. അങ്ങനെ ധാരാളം ധനം അവര്‍ സമ്പാദിച്ചു.
സമ്പത്തു വര്‍ധിച്ചപ്പോള്‍, സ്വന്തംനാടും നാട്ടാരുമെല്ലാം അവരുടെ ഓര്‍മയിലോടിയെത്തി. നാടും വീടും വീട്ടുകാരും എന്നൊക്കെ ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍, നാട്ടിലേക്കു മടങ്ങാന്‍ തന്നെ രണ്ടുപേരും തീരുമാനിച്ചു.
അപ്പോഴാണു പാപബുദ്ധിയുടെ ഉപദേശം: സുഹൃത്തേ, നമ്മുടെ പക്കല്‍ കണക്കില്ലാത്ത പണമുണ്ട്. ഈ പണമത്രയുമായി നാട്ടിലേക്കു പോകുന്നതു ബുദ്ധിയല്ല. നമ്മുടെ പണം കണ്ടു പലരും അടുത്തുകൂടും. പലരും സഹായം ചോദിക്കും. പലരും കടമായും വാങ്ങും. തിരികെ തരികയുമില്ല. ഒടുവില്‍ മിത്രങ്ങളായി വന്നവര്‍ ശത്രുക്കളാകും. അതുകൊണ്ടു ധനത്തില്‍ നല്ല പങ്ക് ഇവിടെത്തന്നെ സൂക്ഷിക്കാം. ആവശ്യം വരുമ്പോള്‍ ഇവിടെ വന്ന് എടുക്കുകയും ചെയ്യാം.
മറ്റുള്ളവര്‍ കാണ്‍കെ പണം കൈകാര്യം ചെയ്യരുത്. സന്യാസിമാരുടെ മനസ്സുപോലും പണം കണ്ടാല്‍ പതറും.
ഇതൊക്കെ കേട്ടപ്പോള്‍ ധര്‍മബുദ്ധിയും പാപബുദ്ധി പറഞ്ഞ കാര്യങ്ങള്‍ സമ്മതിച്ചു.
അവര്‍ കുറച്ചു ധനം കയ്യിലെടുത്തു. ബാക്കി അധിക പങ്കും ഒരു സഞ്ചിയിലാക്കി, ഒരു വലിയ അരണിവൃക്ഷത്തിന്റെ ചുവട്ടില്‍ കുഴിച്ചിട്ടു. തിരിച്ചു നാട്ടിലെത്തി. അടുത്ത ദിവസം തന്നെ പാപബുദ്ധി അരണിമരച്ചോട്ടിലെത്തി ധനമത്രയും കടത്തിക്കൊണ്ടുപോയി. ധര്‍മബുദ്ധി അറിഞ്ഞേയില്ല.
നാളേറെ കഴിഞ്ഞ് ഒരു ദിവസം ധര്‍മബുദ്ധി പാപബുദ്ധിയോടു പറഞ്ഞു.
കൂട്ടുകാരാ; പണത്തിനുവല്ലാത്ത ബുദ്ധിമുട്ടായി. അംഗങ്ങളധികമുള്ള കുടുംബമല്ലേ. ചെലവു വല്ലാതെ പെരുത്തു. നമുക്കുടനെ പോയി അരണിമരച്ചോട്ടില്‍ നിന്നും കുറച്ചു പണമെടുക്കണം.
ഓ, പോകാമല്ലോ.
പാപബുദ്ധി ഉടനെ സമ്മതിച്ചു. പിറ്റേന്നു രാവിലെതന്നെ രണ്ടുപേരും പുറപ്പെട്ടു. അരണിമരച്ചോട്ടിലെത്തി. മണ്ണുനീക്കി നോക്കിയപ്പോള്‍ കിട്ടിയതു കാലിസഞ്ചി! രണ്ടുപേരും തലയില്‍ കൈവച്ചുപോയി. സഞ്ചിയിലെ പണമെല്ലാം ആരെടുത്തു?
പാപബുദ്ധി നെഞ്ചത്തടിച്ചു നിലവിളിക്കാന്‍ തുടങ്ങി. എടാ ധര്‍മബുദ്ധീ, നീ എന്നെ ചതിച്ചു. നീ പണം മുഴുവന്‍ തട്ടിയെടുത്തിട്ട് ഒന്നുമറിയാത്തപോലെ നില്‌ക്കുന്നോ? കള്ളന്‍, നീചന്‍!
പാപബുദ്ധി നെഞ്ചത്തടിയും കരച്ചിലും തുടര്‍ന്നു.
നീയാണു കള്ളന്‍. പകുതിപ്പണം എന്റേതാണ്. നീയത് ഇപ്പോള്‍ തന്നെ എനിക്കുതരണം.
ധര്‍മബുദ്ധി പറഞ്ഞു:
എടാ പാപീ, നീയെന്തു പറഞ്ഞു. ഞാന്‍ പണം മോഷ്‌ടിച്ചെന്നോ? ഞാന്‍ ധര്‍മം പുലര്‍ത്തുന്നവനാണ്. ഞാന്‍ സത്യസന്ധനാണ്. ധാര്‍മിക ജീവിതമാണ് എന്റെത്.
അവര്‍ അന്യോന്യം പഴിചാരി സംസാരിച്ചുകൊണ്ടിരുന്നു. ഒടുവില്‍ തര്‍ക്കം രാജസന്നിധിയിലെത്തി. രാജാവു പ്രശ്‌നം ന്യായാധിപന്മാരുടെ തീരുമാനത്തിനു വിട്ടു.
ന്യായാധിപന്മാര്‍, രണ്ടുപേര്‍ പറയുന്നതും ശ്രദ്ധിച്ചുകേട്ടു. ഒടുവില്‍ ന്യായാധിപന്മാര്‍ പാപബുദ്ധിയോടു താന്‍ നിരപരാധിയാണെന്നു സത്യം ചെയ്യാനാവശ്യപ്പെട്ടു.
ഇതു സമ്മതിച്ചുകൊണ്ടു പാപബുദ്ധിപറഞ്ഞു: ശരി അങ്ങനെതന്നെ. വൃക്ഷച്ചുവട്ടിലാണല്ലോ ഞങ്ങള്‍ ധനം കുഴിച്ചിട്ടത്. വനദേവതകള്‍ അതിനു സാക്ഷിയാണ്. അരണിമരച്ചുവട്ടില്‍ചെന്നു ഞാന്‍ സത്യം ചെയ്യാം. വനദേവതകള്‍ അതു സമ്മതിക്കും.
പിറ്റേന്നു രാവിലെ ന്യായാധിപന്മാരും ധര്‍മബുദ്ധിയും പാപബുദ്ധിയും അരണിമരച്ചോട്ടിലെത്തി. മരച്ചുവട്ടില്‍ നിന്നു കൈകൂപ്പി മിഴികളുയര്‍ത്തി പാപബുദ്ധി പറഞ്ഞു:
അല്ലയോ വനദേവതമാരേ. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ഈ മരച്ചുവട്ടില്‍ ധനമത്രയും കുഴിച്ചു മൂടിവച്ചതു നിങ്ങള്‍ കണ്ടതാണ്. ഇപ്പോള്‍ ഇവിടെ പണമില്ല. അതപഹരിച്ചത് ആരാണ്? ആരാണ്? പറയൂ വനദേവതമാരേ.
എല്ലാവരും നിശ്ശബ്‌ദമായി കാത്തിരുന്നു. നിമിഷങ്ങള്‍ നീങ്ങി. അപ്പോഴതാ വനദേവതയുടെ ശബ്‌ദം, ഒരശരീരി!
ധര്‍മബുദ്ധി, ധര്‍മബുദ്ധിയാണപഹരിച്ചത്-അശരീരി കേട്ടതോടെ ന്യായാധിപന്മാര്‍ പറഞ്ഞു: കള്ളനെകിട്ടി. ധര്‍മബുദ്ധിതന്നെ കള്ളന്‍.
അവര്‍ ആലോചന തുടങ്ങി. ധര്‍മബുദ്ധിക്കു നല്‌കേണ്ട ശിക്ഷയെപ്പറ്റിയായിരുന്നു ആലോചന.
ഇതിനിടെ ധര്‍മബുദ്ധി മരച്ചുവട്ടിലെ കരിയിലയും ഉണക്കപ്പുല്ലുമെല്ലാം അടിച്ചുകൂട്ടി അരണിമരത്തിന്റെ ചുവട്ടിലെ പൊത്തില്‍ നിറച്ചു. അയാള്‍ ആ ചവറുകൂനയ്‌ക്കു തീകൊളുത്തി. തീ ആളിപ്പടര്‍ന്നു. പൊത്തിനുള്ളില്‍ നിറച്ചിരുന്ന കരിയിലയിലും തീ പടര്‍ന്നു. പൊത്തിനുള്ളില്‍ തീയും പുകയും നിറഞ്ഞു.
പെട്ടെന്നതാ ഒരു നിലവിളി. ശരീരമാകെ വെന്തുപൊള്ളിയ ഒരാള്‍ തീ പടര്‍ന്നു കയറിയ മരപ്പൊത്തില്‍ നിന്നും പുറത്തുചാടി. അയാള്‍ പ്രാണവേദനയോടെ നിലത്തു കിടന്നുരുണ്ടു.
ഇതുകണ്ടു ന്യായാധിപന്മാര്‍ക്കു കള്ളിപിടികിട്ടി. അവര്‍ തീപിടിച്ചുരുളുന്ന മനുഷ്യനെ സൂക്ഷിച്ചു നോക്കി. ആളെ മനസ്സിലായി; പാപബുദ്ധിയുടെ പിതാവ്!
പാപബുദ്ധി നേരത്തേ തന്നെ അരണിമരത്തിന്റെ പൊത്തില്‍ ഒളിപ്പിച്ചതാണു പിതാവിനെ. പാപബുദ്ധി പറഞ്ഞുകൊടുത്തതു പോലെതന്നെ അയാള്‍ പറയുകയും ചെയ്‌തു.
ന്യായാധിപന്മാര്‍ക്കു സത്യാവസ്ഥ മനസ്സിലായി. അവര്‍ പാപബുദ്ധിക്കു തക്കതായ ശിക്ഷനല്‌കി. ധര്‍മബുദ്ധിയുടെ ഔചിത്യത്തെയും സത്യസന്ധതയെയും പ്രശംസിച്ചു, രാജസമ്മാനവും നല്‌കി.
കാഞ്ഞിരത്തിന്‍കുരു പാലിലിട്ടാല്‍, കാലാന്തരേ കൈപ്പുശമിപ്പതുണ്ടോ? ഇല്ലെന്നാണുത്തരം.
https://www.facebook.com/Malayalivartha