എത്ര വലിയ കരുത്തനെയും ബുദ്ധികൊണ്ടു വീഴ്‌ത്താം
ഒരു ഗ്രാമം. ആ ഗ്രാമത്തില്‍ വലിയൊരു പേരാല്‍ പടര്‍ന്നു പന്തലിച്ചുവളര്‍ന്നു നിന്നിരുന്നു. അതില്‍ ഒരു കാക്കയും കാക്കപ്പെണ്ണും കൂടുകെട്ടി പാര്‍ക്കാന്‍ തുടങ്ങി.
കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ കാക്കപ്പെണ്ണു കൂട്ടില്‍ മുട്ടകളിടാന്‍ തുടങ്ങി. പക്ഷേ ഒരു കുഴപ്പം. കാക്കയും കാക്കപ്പെണ്ണും ഇരതേടി തിരികെ വരുമ്പോള്‍ മുട്ടകളൊന്നും കാണില്ല. ഇതെന്തു പണി?
ഒരു ദിവസം അവര്‍ ഇരതേടി തിരിച്ചുവരുമ്പോഴാണാ കാഴ്‌ച. അവര്‍ ഞെട്ടിപ്പോയി. ഒരു സര്‍പ്പം കൂട്ടില്‍ നിന്നും ഇഴഞ്ഞിറങ്ങിവരുന്നു. അവര്‍ അടുത്ത മരത്തിന്റെ കൊമ്പിലിരുന്നു സൂക്ഷിച്ചുനോക്കി. സര്‍പ്പം ഇഴഞ്ഞിറങ്ങി ആല്‍മരത്തിന്റെ ചോട്ടിലെ പൊത്തിലേക്കു കയറിപ്പോകുന്നു.
ഇനിയെന്തുചെയ്യും? കാക്കകള്‍ക്ക് ആധിയായി. ഈ ആല്‍മരവും കൂടുംവിട്ടു നമ്മളെവിടെ പോകും. എന്തുചെയ്യും? ഇതായിരുന്നു അവരുടെ ചിന്ത. അടുത്തൊരു കുറ്റിക്കാട്ടില്‍ ഒരു കുറുക്കന്‍ താമസിക്കുന്നുണ്ടായിരുന്നു. കാക്ക കുടുംബത്തിന്റെ ഉറ്റ കൂട്ടുകാരനായിരുന്നു അവന്‍. കാക്ക ദമ്പതികള്‍ ഒരു ദിവസം കൂട്ടുകാരനെ കാണാന്‍ പോയി. അവര്‍ തങ്ങളുടെ ദുഃഖം കുറുക്കനോടു പറഞ്ഞു.
ഇങ്ങനെ പോയാല്‍ ഞങ്ങള്‍ക്കൊരു കാലത്തും മക്കളുണ്ടാവില്ല. ഇടുന്ന മുട്ടകളൊക്കെയും ആ ദുഷ്‌ടന്‍ തിന്നുന്നു. ഇനി ഞങ്ങളെന്തു ചെയ്യും?
കുറുക്കന്‍ അവരെ സമാധാനിപ്പിച്ചു. നിങ്ങള്‍ വിഷമിക്കേണ്ട. ആ സര്‍പ്പത്തെ നമുക്കു വകവരുത്തണം.
വകവരുത്തുകയോ, എങ്ങനെ? ഞാന്‍ പറയാം. ശ്രദ്ധിച്ചു കേട്ടോളൂ. കുറുക്കന്‍ പറഞ്ഞുതുടങ്ങി.
ഉപായം വശമുണ്ടെങ്കില്‍ അപായം വരില്ല എന്നു കേട്ടിട്ടില്ലേ? നിങ്ങള്‍ അടുത്ത ഗ്രാമത്തില്‍ പോയി ആരുടെയെങ്കിലും സ്വര്‍ണമാല കൊത്തിയെടുത്തു സര്‍പ്പത്തിന്റെ പൊത്തിനരികെ ഇടണം.നിങ്ങള്‍ ഇത്രയും ചെയ്‌താല്‍ മതി. ആ ദുഷ്‌ടന്റെ കഥ കഴിഞ്ഞോളും.
കാക്കപ്പെണ്ണിനു സന്തോഷമായി. അവള്‍ക്കായിരുന്നു ഏറെ വാശി. എങ്ങനെയും സര്‍പ്പത്തെ വകവരുത്തണം.
കാക്കദമ്പതികള്‍ പറന്നുപൊങ്ങി. കുറേച്ചെന്നപ്പോള്‍ ഒരു കുളക്കടവില്‍ കുറെ യുവതികള്‍ കുളിക്കുന്നു. രാജകൊട്ടാരത്തിലെ യുവതികളായിരുന്നു അവര്‍. അവര്‍ തങ്ങളുടെ രത്‌നമാലകളും മറ്റും ഊരി കുളിക്കടവില്‍ വച്ചിരിക്കുന്നതു കാക്കപ്പെണ്ണു കണ്ടു. അവള്‍ പതുക്കെചെന്ന് ഒരു രത്‌നമാല കൊത്തിയെടുത്തു പറന്നു. പുറകെ കാകാ എന്ന് ഒച്ചവച്ചുകൊണ്ട് ആണ്‍കാക്കയും.
രാജകുമാരിയുടെ രത്‌നമാല കൊത്തിപ്പറക്കുന്നതു കണ്ടു തോഴിമാര്‍ വിളിച്ചുകൂകി. ശബ്‌ദംകേട്ടു കാവല്‍ക്കാരും മറ്റുള്ളവരും ഓടിയെത്തി. എല്ലാവരും കല്ലും വടികളുമായി കാക്കകളുടെ പിറകെ പാഞ്ഞു.
ആല്‍മരത്തിനടുത്തെത്തിയ കാക്കപ്പെണ്ണു കൊക്കിലിരുന്ന രത്‌നമാല സര്‍പ്പത്തിന്റെ പൊത്തിലേക്കിട്ടു. പിറെകയെത്തിയ നാടുവാഴിയുടെ സേവകന്‍ ഇതുകണ്ടു പൊത്തിനടുത്തെത്തി.
പെട്ടെന്നൊരു ചീറ്റല്‍ കേട്ട് അവര്‍ പിന്മാറി. നോക്കുമ്പോള്‍ രത്‌നമാലയ്‌ക്കരുകില്‍ പത്തിവിടര്‍ത്തി ചീറ്റിക്കൊണ്ടു സര്‍പ്പം. സേവകര്‍ ചുറ്റും കൂടിയപ്പോള്‍ സര്‍പ്പം അങ്ങോട്ടുമിങ്ങോട്ടുമൊക്കെ പത്തിവിരിച്ചാടാന്‍ തുടങ്ങി. ഈ തക്കത്തില്‍ സേവകര്‍ സര്‍പ്പത്തിന്റെ പത്തിനോക്കി ഒരടി കൊടുത്തു. അടികൊണ്ടു സര്‍പ്പം പിടഞ്ഞു പിടഞ്ഞു ചത്തു.
സേവകന്മാര്‍ രത്‌നമാലയുമായി മടങ്ങി. കാക്ക കുടുംബം ഇതൊക്കെ കണ്ടുകൊണ്ട് അടുത്ത മരത്തിലിരിക്കുന്നുണ്ടായിരുന്നു. കോലാഹലം കേട്ടു കുറുക്കന്‍ ചങ്ങാതിയുമെത്തി.
https://www.facebook.com/Malayalivartha