ജയദ്രഥനെ രക്ഷിക്കാന്‍ കൗരവര്‍ സംഹരിക്കാന്‍ പാണ്ഡവരും
അര്‍ജുനന്‍ ശപഥം ചെയ്‌തതറിഞ്ഞപ്പോള്‍ ജയദ്രഥന്‍ വല്ലാതെ പരിഭ്രാന്തനായി. ദുര്യോധന കര്‍ണന്മാരുടെ സമീപമെത്തി അയാള്‍ ആകുലപ്പെട്ടു. സഹോദരന്മാരേ, അര്‍ജുനന്‍ എന്നെ കൊല്ലുമെന്നു ശപഥം ചെയ്‌തിരിക്കുകയാണ്. എനിക്കു ഭയമാകുന്നു. മരണമടുത്തവന്റെയെന്നപോലെ എന്റെ ശരീരം തളരുന്നു. പാണ്ഡവരുടെ സന്തോഷത്തെപ്പറ്റി കേട്ടിട്ടാണ് എനിക്കു കൂടുതല്‍ ഭയം തോന്നുന്നത്. അവര്‍ ഇപ്പോഴും ആര്‍ത്തു വിളിക്കുകയാണ്. ഞാനിനി യുദ്ധത്തിനില്ല. എവിടെയെങ്കിലും പോയൊളിച്ചേക്കാം.
അപ്പോള്‍ ദുര്യോധനന്‍ പറഞ്ഞു: ജയദ്രഥാ, നീയെന്തിനു ഭയപ്പെടണം! അര്‍ജുനന്റെ ശപഥം ഒരിക്കലും നിറവേറുകയില്ല. ദ്രോണരും കര്‍ണനും അശ്വത്ഥാമാവുമൊക്കെ നിന്നെ സംരക്ഷിക്കുമ്പോള്‍ ആര്‍ക്കാണു നിന്റെമേല്‍ കൈവയ്‌ക്കാന്‍ കഴിയുക? ധൈര്യമായിരിക്കുക, ഭയപ്പെടേണ്ട.
എന്നിട്ടും വിശ്വാസം പോരാഞ്ഞു ജയദ്രഥന്‍ ഗുരുവായ ദ്രോണരുടെ അടുത്തെത്തി ചോദിച്ചു: ഗുരുനാഥാ, എന്നെയും അര്‍ജുനനെയും അസ്‌ത്രവിദ്യ അഭ്യസിപ്പിച്ചത് അങ്ങു തന്നെ. ഉന്നം, നോട്ടം, എയ്‌ത്തുദൂരം, കൈവേഗം, ലക്ഷ്യഭേദനം ഇവയില്‍ ഞങ്ങള്‍ക്കു തമ്മില്‍ എന്താണു വ്യത്യാസം?
അഭ്യാസം നിങ്ങളിരുവര്‍ക്കും തുല്യം തന്നെ. ദ്രോണര്‍ പറഞ്ഞു: പക്ഷേ, ജ്ഞാനം കൊണ്ടും പ്രയോഗം കൊണ്ടും നിന്നെക്കാള്‍ സമര്‍ത്ഥനാണു പാര്‍ത്ഥന്‍. പക്ഷേ, നീ ഭയപ്പെടേണ്ട. നിന്നെ ഞാന്‍ സംരക്ഷിക്കും. അര്‍ജുനനു ഭേദിക്കാനാവാത്ത വ്യൂഹം ചമച്ചു ഞാന്‍ നിന്റെ രക്ഷ ഉറപ്പു വരുത്തും. പക്ഷേ, ഒന്നോര്‍ക്കണം. ഞാനും എന്റെ കുട്ടികളും നീയും എല്ലാവരും മരണമുള്ളവരാണ്. അതില്‍ നിന്നാര്‍ക്കും മോചനമില്ല. മോക്ഷം കാംക്ഷിച്ചു കര്‍മം ചെയ്യുക. തപസ്വികള്‍ തപസ്സുകൊണ്ട് എത്തിച്ചേരുന്ന അതേ ലോകത്തു തന്നെ ക്ഷത്രിയര്‍ സ്വകര്‍മം കൊണ്ട് എത്തിച്ചേരും.
ദുര്യോധനന്റെയും ദ്രോണരുടെയും ആശ്വാസവചനങ്ങളും സംരക്ഷണ വാഗ്‌ദാനവും ഒക്കെ കേട്ടു കഴിഞ്ഞിട്ടും ജയദ്രഥനു സ്വസ്ഥതയുണ്ടായില്ല.
അപ്പോള്‍ പാണ്ഡവസേനാതാവളത്തില്‍ ശ്രീകൃഷ്‌ണനും അര്‍ജുനനും തമ്മില്‍ ഇങ്ങനെയൊരു സംഭാഷണമുണ്ടായി. കൃഷ്‌ണന്‍ പറഞ്ഞു: അര്‍ജുനാ, നീ ചെയ്‌തതു കുറച്ചു സാഹസികമായി പോയി. എന്നോടോ നിന്റെ സഹോദരന്മാരോടോ ആലോചിക്കാതെ അങ്ങനെയൊരു ശപഥം ചെയ്യരുതായിരുന്നു. ജയദ്രഥവധം അത്ര അനായാസമാണെന്നു കരുതിയോ? സത്യം പാലിക്കാന്‍ കഴിയാതെ വന്നാല്‍ സര്‍വരുടെയും മുന്നില്‍ അപഹാസ്യനാവില്ലേ?
നീ സത്യം ചെയ്‌തെന്നറിഞ്ഞപ്പളേ ഞാന്‍ കൗരവരുടെ പാളയത്തിലേക്കു ചാരന്മാരെ അയച്ചിരുന്നു. പ്രതിജ്ഞാവാര്‍ത്ത കേട്ടതേ അവരെല്ലാവരും പരിഭ്രാന്തരായി. താനെവിടെയെങ്കിലും ഒളിച്ചുപോയി രക്ഷപെട്ടുകൊള്ളാമെന്നാണു ജയദ്രഥന്‍ പറയുന്നത്. അയാളാകെ മരണഭയത്തിലാണ്. ദ്രോണര്‍ അയാള്‍ക്കുറപ്പു നല്‌കിയിരിക്കുന്നു, സംരക്ഷിച്ചു കൊള്ളാമെന്ന്. ഒന്നാലോചിച്ചു നോക്കുക, ദ്രോണര്‍, കര്‍ണന്‍, അശ്വത്ഥാമാവ്, വൃഷസേനന്‍, കൃപന്‍, ശല്യര്‍, ഈ ആറുപേര്‍ സംരക്ഷണം നല്‌കുന്ന ഒരാളെ വധിക്കാന്‍ നമുക്കെളുപ്പത്തില്‍ കഴിയുമോ?
കഴിയും കൃഷ്‌ണാ, അര്‍ജുനന്റെ മറുപടി സംശയലേശമില്ലാത്തതായിരുന്നു. സത്യം ചെയ്‌തതു ഞാനാണെങ്കില്‍ അതു പാലിച്ചിരിക്കും, കൃഷ്‌ണാ. അല്ലെങ്കില്‍ ഈ അര്‍ജുനന്‍ അര്‍ജുനനാവില്ലല്ലൊ. എന്റെ മകനെ അരുംകൊലചെയ്യാന്‍ കാവല്‍ നിന്നവനാണു ജയദ്രഥന്‍. അവന്‍ ജീവനോടെ ഭൂമിയിലിരിക്കുമെങ്കില്‍, ഈ ഭൂമിയെനിക്കാവശ്യമില്ല. നാളെ സൂര്യനസ്‌തമിക്കുമ്പോള്‍ അവന്‍ ഭൂമിയിലുണ്ടാവില്ല.
പ്രിയസ്‌നേഹിതന്റെ ശൗര്യവും സ്ഥൈര്യവും തുളുമ്പുന്ന വാക്കുകള്‍ കൃഷ്‌ണനെ സന്തോഷിപ്പിച്ചു. എങ്കിലും അതു പുറമെ പ്രകടിപ്പിച്ചില്ല. അര്‍ജുനന്‍ തുടര്‍ന്നു: കൃഷ്‌ണാ, ദിവ്യചാപം ഗാണ്ഡീവമാണായുധം. ഞാനാണു പോരാളി. നീയാണു തേരാളി. പിന്നെയെങ്ങനെയാണു ജയിക്കാതിരിക്കുക? എന്നിട്ടും നീ സംശയിക്കുന്നുവോ? ചന്ദ്രനില്‍ പ്രകാശം സ്ഥിരമാണ്. കടലില്‍ ജലവും സ്ഥിരമാണ്. അതുപോലെ എന്റെ ശപഥവും സത്യമാണ്. ജനാര്‍ദനാ, എന്റെ അസ്‌ത്രങ്ങളെ നിന്ദിക്കരുത്. എന്റെ വില്ലിനെ തള്ളിപ്പറയരുത്. എന്റെ ശക്തിയെ സംശയിക്കരുത്. പാര്‍ത്ഥനെ അവഹേളിക്കരുത്. ധര്‍മിഷ്‌ഠനില്‍ സത്യവും നല്ലവരില്‍ വിനയവും യജ്ഞങ്ങളില്‍ ഐശ്വര്യവും വിഷ്‌ണുവില്‍ വിജയവും ഒരിക്കലും തെറ്റില്ല.
അപ്പോഴും ശ്രീകൃഷ്‌ണന്‍ ഒന്നും പറഞ്ഞില്ല, അനുകൂലമായും പ്രതികൂലമായും. ആ മുഖത്തെ പതിവു മന്ദസ്‌മിതം മാത്രം മായാതെ നിന്നു. അദ്ദേഹം നേരേ സുഭദ്രയും അഭിമന്യൂവിന്റെ ഭാര്യ ഉത്തരയും താമസിക്കുന്നിടത്തെത്തി. സഹോദരിയും മരുമകളും കണ്ണീരടങ്ങാതെയും കരച്ചിലൊതുങ്ങാതെയും അദ്ദേഹത്തെ ചുറ്റിനിന്നു. എല്ലാമറിയുന്ന ആങ്ങളയും അമ്മാവനും എല്ലാവരെയും ജയിക്കുന്ന വില്ലാളിവീരനും ഉണ്ടായിരുന്നിട്ടും അഭിമന്യുവിനിങ്ങനെ സംഭവിച്ചല്ലൊ എന്ന് ഓര്‍ക്കും തോറും, കണ്ണന്റെ ആശ്വാസവാക്കുകള്‍ എത്രയേറെ ആര്‍ദ്രമായിരുന്നിട്ടും, അവരുടെ സങ്കടം ഏറിയേറി വന്നു.
വീരസ്വര്‍ഗം ക്ഷത്രിയ ജീവിതത്തിന്റെ സാഫല്യമാണ്. ക്ഷമയല്ല, പ്രതികാരമാണവന്റെ മുഖമുദ്ര. അതു നാളെ കാണാം എന്നു പറഞ്ഞാണു ശ്രീകൃഷ്‌ണന്‍ അവിടെ നിന്നു മടങ്ങിയത്.
രാത്രി വൈകി ശ്രീകൃഷ്‌ണന്റെ കൈനിലയിലെത്തിയ യുധിഷ്‌ഠിരനും സന്ദേഹമില്ലാതിരുന്നില്ല. അഭിമന്യുകുമാരന്റെ വധം അദ്ദേഹത്തെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. നാളെ ജയദ്രഥവധമേ അതിന് ഒട്ടെങ്കിലും പരിഹാരമാകൂ.
കൃഷ്‌ണാ, നീയാണു ഞങ്ങളുടെ ബലം. യുധിഷ്‌ഠിരന്‍ പറഞ്ഞു. അര്‍ജുനന്‍ ചെയ്‌തതു കടുത്ത സാഹസമായിപ്പോയി. നീയാണവനെ സഹായിക്കേണ്ടത്, സംരക്ഷിക്കേണ്ടത്.
ഇല്ല യുധിഷ്‌ഠിരാ, ഒന്നും ഭയപ്പെടാനില്ല. ശ്രീകൃഷ്‌ണന്‍ ഉറപ്പു നല്‌കി. നാളെ സൂര്യാസ്‌തമയത്തിനു മുമ്പു പാര്‍ത്ഥന്‍ ജയദ്രഥനെ വധിച്ചിരിക്കും.
ആശ്വാസത്തോടെ, ആത്മവിശ്വാസത്തോടെ യുധിഷ്‌ഠിരന്‍ മടങ്ങി.
പ്രഭാതത്തില്‍ ഉണര്‍ന്നെഴുന്നേറ്റ യുധിഷ്‌ഠിരന്‍ അര്‍ജുനവിജയത്തിനുവേണ്ടി പ്രത്യേക പൂജാകര്‍മങ്ങള്‍ നടത്തി. ബ്രാഹ്മണര്‍ക്കു വസ്‌ത്രങ്ങളും മറ്റും ദാനം ചെയ്‌തു. അപ്പോള്‍ കടന്നു വന്ന ശ്രീകൃഷ്‌ണനെ ആദരപൂര്‍വം സ്വാഗതം ചെയ്യുകയും പീഠത്തില്‍ ഇരുത്തി വിധിപ്രകാരം പൂജിക്കുകയും ചെയ്‌തു.
യുദ്ധം ആരംഭിക്കുമ്പോള്‍ കൗരവരുടെ ഉത്‌കണ്‌ഠ മുഴുവന്‍ ജയദ്രഥ സംരക്ഷണത്തെച്ചൊല്ലിയായിരുന്നു. ദ്രോണാചാര്യര്‍ വ്യൂഹങ്ങള്‍ മാറി മാറി നിര്‍മിച്ചു പ്രമുഖരായ വില്ലാളി വീരന്മാരെ നിര്‍ണായക സ്ഥാനങ്ങളില്‍ നിര്‍ത്തി ജയദ്രഥന്റെ സുരക്ഷ ഉറപ്പാക്കി. എങ്കിലും തുടരെത്തുടരെ അപശകുനങ്ങള്‍ കണ്ട കൗരവര്‍ ആകെ പരിഭ്രാന്തരായി. തമ്മില്‍ തമ്മില്‍ വരും വരായ്‌കകള്‍ ചര്‍ച്ച ചെയ്‌തും പോര്‍മുറകള്‍ ആലോചിച്ചും നില്‌ക്കുമ്പോള്‍ അപ്പുറത്തു നിന്ന് അര്‍ജുനന്റെ ദേവദത്തമെന്ന ശംഖ് ഉച്ചത്തില്‍ മുഴങ്ങി.
കുരുക്ഷേത്ര ഭൂമിയുടെ പലഭാഗങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ തുടരെത്തുടരെ പരാജിതരായ കൗരവസൈന്യം പലവട്ടം തിരിഞ്ഞോടി. കര്‍ണനും ദുശ്ശാസനനും കൃപരും ശല്യരുമൊക്കെ ഭീമാര്‍ജുനന്മാരോടേറ്റുമുട്ടി പരാജയം ഏറ്റുവാങ്ങി. ഇതെല്ലാം കണ്ടു സഹികെട്ട ദുര്യോധനന്‍ ദ്രോണരുടെ അടുത്തെത്തി പരാതി പറഞ്ഞു:
മഹാഗുരോ, എനിക്കാകെ ഭയമാകുന്നല്ലൊ. അങ്ങയുടെ പിടിയില്‍പെട്ടാല്‍ അര്‍ജുനന്‍ രക്ഷപെടില്ലെന്നു ഞങ്ങളെല്ലാം വിശ്വസിച്ചിരുന്നു. ഇപ്പോളിതാ പാര്‍ത്ഥന്‍ അങ്ങയുടെ മുന്നിലൂടെ പലകുറി ഉല്ലാസയാത്ര നടത്തുന്നു. അങ്ങേക്കു പാണ്ഡവരോടാണു കൂറ്, ചോറു ഞങ്ങളോടൊപ്പവും. തേന്‍ പുരട്ടിയ കത്തിപോലെയാണോ അങ്ങെന്നു ഞാനിപ്പോള്‍ സംശയിച്ചു പോകുന്നു. ഇതറിഞ്ഞെങ്കില്‍ ജയദ്രഥന്‍ എവിടെയെങ്കിലും ഒളിച്ചു പോയി രക്ഷപെട്ടുകൊള്ളട്ടെ എന്നു ഞാന്‍ സമ്മതിച്ചേനെ. അങ്ങയെ വിശ്വസിച്ചു ഞാന്‍ അയാളെ കാലനു കൊലക്കേല്‌പിച്ചപോലെയായി. ഇനിയാര്‍ക്കാണു സൈന്ധവനെ രക്ഷിക്കാന്‍ കഴിയുക?
ഇങ്ങനെ പറഞ്ഞു നെടുവീര്‍പിട്ടു നിന്ന ദുര്യോധനനോടു തെല്ലും ഈര്‍ഷ്യതോന്നാതെ ദ്രോണര്‍ പറഞ്ഞു: ദുര്യോധനാ, നിന്റെ വിഷമം എനിക്കറിയാം. ഒന്നോര്‍ത്തോളൂ, എനിക്കു നീയും അശ്വത്ഥാമാവും ഒരുപോലെയാണ്.
പിന്നെ ഒരു സ്വര്‍ണവര്‍ണച്ചട്ട ദുര്യോധനനെ അണിയിച്ചുകൊണ്ടു ദ്രോണര്‍ ധൈര്യപ്പെടുത്തി: ഈ പടച്ചട്ട നിന്റെ ശരീരത്തിലുള്ളിടത്തോളം കാലം ശത്രുവിന്റെ ഒരായുധവും നിന്റെ മേല്‍ ഏല്‌ക്കുകയില്ല. പോകൂ,ധൈര്യമായി പോരാടൂ. ധര്‍മം എവിടെയോ അവിടെയായിരിക്കും ജയവും.
https://www.facebook.com/Malayalivartha