ബുദ്ധിയില്ലാഞ്ഞാല്‍ പൊട്ടക്കിണറ്റില്‍!
ദമനകന്‍ കഥപറയാന്‍ തുടങ്ങി.
കാട്ടിലെ രാജനാണു സിംഹം. ശക്തനായ സിംഹത്തെ ഒരു കുഞ്ഞുമുയല്‍ തോല്‌പിച്ച കഥ കേട്ടിട്ടില്ലേ?
ഭാസുരകന്‍ എന്നൊരു സിംഹമായിരുന്നു കാട്ടിലെ രാജാവ്. കാട്ടിലെ തന്റെ പ്രജകളായ മറ്റു മൃഗങ്ങളോട് അവനു തീരെ കരുണയോ കരുതലോ ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും അവന്‍ നായാട്ടിനിറങ്ങും. കണ്ണില്‍ കാണുന്ന എല്ലാ മൃഗങ്ങളെയും അവന്‍ കൊന്നൊടുക്കും. അവന് ഇരതേടുന്നതിനെക്കാള്‍ കൊന്നൊടുക്കാനായിരുന്നു വീര്യം.
ഇതു പതിവായപ്പോള്‍ മൃഗങ്ങള്‍ക്കെല്ലാം സഹികെട്ടു. ഇങ്ങെനയായാല്‍ തങ്ങളുടെ വംശം തന്നെ മുടിഞ്ഞുപോകും. എന്താണൊരു വഴി. ഭാസുരകനെ നിലയ്‌ക്കു നിര്‍ത്തണം!
ഒരു ദിവസം മൃഗങ്ങള്‍ എല്ലാവരും ഒത്തുകൂടി. അവര്‍ ഭാസുരകന്റെ മുന്നിലെത്തി പറഞ്ഞു:
സ്വാമിന്‍, അങ്ങു കോപിക്കരുത്. അങ്ങ് ഇങ്ങനെ ഞങ്ങളെ കൊന്നൊടുക്കരുത്. സങ്കടമുണ്ട്. ഞങ്ങളുടെ കുലം മുടിഞ്ഞുപോകും. പ്രജകളില്ലാതായാല്‍ രാജാവെന്തിന്? അതിനാല്‍ നിത്യവും ഞങ്ങളില്‍ ഒരാള്‍ അങ്ങയുടെ ഭക്ഷണമാകാം.
ഭാസുരകന്‍ മൃഗങ്ങളുടെ അപേക്ഷ സ്വീകരിച്ചു. മൃഗങ്ങളിങ്ങനെ ഒന്നായി ചത്തൊടുങ്ങിയാല്‍ താനും പട്ടിണിയിലാകും. അതുകൊണ്ടു ഭാസുരകന്‍ സമ്മതിച്ചു. അയാള്‍ പറഞ്ഞു;
ശരി, സമ്മതം. എന്നും ഉച്ചയാകുമ്പോള്‍ എന്റെ ഗുഹയ്‌ക്കു മുന്നില്‍ ഒരാള്‍ എത്തിയിരിക്കണം. വാക്കു തെറ്റിച്ചാല്‍ അന്നു തീരും നിങ്ങളുടെ എല്ലാവരുടെയും കഥ.
മൃഗങ്ങള്‍ സമാധാനത്തോടെ പിരിഞ്ഞു പോയി. പിറ്റേന്നു മുതല്‍ ഊഴമായി ഓരോരുത്തര്‍ സിംഹരാജന്റെ ഗുഹയ്‌ക്കു മുന്നിലെത്തും, ഭാസുരകന്‍ അവനെ ശാപ്പിടും.
ദിവസങ്ങള്‍ കടന്നുപോയി. മുയലിന്റെ ഊഴമായി. ഭാസുരകന്റെ ഭക്ഷണമായിത്തീരാന്‍ അവനൊരു മടി. എങ്കിലും മറ്റു മൃഗങ്ങള്‍ വന്നു നിര്‍ബന്ധിച്ച് അവനെ സിംഹത്തിന്റെ മടയിലേക്കയച്ചു.
പോകും വഴിക്കു മുയലിന് ഒരേ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ ദുഷ്‌ടനായ സിംഹത്തിന്റെ കഥകഴിക്കണം. കാടിനെ രക്ഷിക്കണം. എന്താണൊരു വഴി? പല സൂത്രവിദ്യകളും അവന്റെ ചിന്തയില്‍ വന്നു. അവന്റെ നടപ്പിന്റെ വേഗത കുറഞ്ഞു.
നടന്നു നടന്നു മുയല്‍ ഒരു പൊട്ടക്കിണറിന്റെ അടുത്തെത്തി.അവന്‍ ഓര്‍ത്തു. നേരം വൈകി. സിംഹത്താന്‍ കോപിക്കും. മരണവും ഉറപ്പ്. ഏതായാലും അല്‌പം വിശ്രമിക്കാം. അവനാ പൊട്ടക്കിണറിന്റെ ഇടിഞ്ഞ കല്ലില്‍ കയറിയിരുന്നു.
ആ ഇരിപ്പിനിടയില്‍ അവന്‍ താഴേയ്‌ക്കൊന്നു നോക്കിപ്പോയി. നല്ല ആഴമുള്ള കിണര്‍. കിണറ്റിലെ തെളിഞ്ഞ വെള്ളത്തില്‍ മറ്റൊരു മുയല്‍. തന്റെ നിഴലാണതെന്ന് അവന്‍ മനസ്സിലാക്കി.
ഈ സമയത്തു ഭാസുരകന്‍ കോപം കൊണ്ടലറുകയായിരുന്നു. തന്റെ ഇര എത്തേണ്ട സമയം വളരെ വൈകി. അവന്റെ വയറു വിശന്നു കാളാന്‍ തുടങ്ങി. അവന്‍ ഇങ്ങനെ ചിന്തിച്ചു.
നാളെ നേരം വെളുക്കട്ടെ. ഇക്കാടു മുഴുവന്‍ ഞാന്‍ വെളുപ്പിക്കും. എല്ലാത്തിനെയും കൊന്നൊടുക്കും.
ഭാസുരകന്‍ ഗുഹാമുഖത്തു കിടന്ന് ഉഴറാന്‍ തുടങ്ങി. എന്നിട്ടും അവന്റെ ഭക്ഷണം എത്തിയില്ല. അങ്ങനെയിരിക്കുമ്പോഴതാ വരുന്നു. മുയലച്ചന്‍. ഭയപ്പെട്ടു പതുങ്ങിപ്പതുങ്ങിയാണു വരവ്. ദേഹത്തവിടവിടെ ചോരപ്പാടുകള്‍ ഉണ്ട്. സിംഹത്താന്‍ കോപം കൊണ്ടു വിറയ്‌ക്കുകയാണ്.
മുയലച്ചന്‍ പറഞ്ഞു.
സ്വാമിന്‍ ക്ഷമിക്കണം. വൈകിയത് എന്റെ കുറ്റമല്ല. അങ്ങു ദയവായി കേള്‍ക്കണം. എന്റെ ഈ കുഞ്ഞുശരീരം കൊണ്ട് അങ്ങേയ്‌ക്കെന്താകാനാണ്. അതിനാല്‍ ഞങ്ങള്‍ അഞ്ചുപേരാണ് ഇങ്ങോട്ടുവന്നത്. അതു മുയല്‍കുലത്തിന്റെ തീരുമാനമായിരുന്നു.
ഭാസുരകന്റെ ക്ഷമ നശിച്ചു തുടങ്ങി.
അവന്‍ കോപത്തോടെ അലറി.
എന്താണ്, പറയൂ വേഗം.
ഞങ്ങള്‍ വേഗത്തിലോടുകയായിരുന്നു, അങ്ങയുടെ അടുത്തേക്ക്. ആ പൊട്ടക്കിണറിനടുത്തെത്തിയപ്പോള്‍ പെട്ടെന്നു മറ്റൊരു സിംഹം ഞങ്ങളുടെ നേരേ ചാടി വീണു. ഒരു കണക്കില്‍ ഞാനോടി രക്ഷപ്പെട്ടു. മറ്റുള്ളവരെയെല്ലാം അവന്‍ അകത്താക്കി. മുയലച്ചന്‍ ഭയം നടിച്ചുകൊണ്ടു പറഞ്ഞൊപ്പിച്ചു.
ഭാസുരകന്‍ കോപിച്ചു വിറയ്‌ക്കാന്‍ തുടങ്ങി.
ങേ! ഈ കാട്ടില്‍ ഞാനല്ലാതെ മറ്റൊരു സിംഹമോ? എവിടെ അവന്‍?
മുയലച്ചന്‍ പിന്നെയും ഭയം നടിച്ചുകൊണ്ടു പറഞ്ഞു.
പ്രഭോ, ഒരു ഭയങ്കരനാണവന്‍. ഇവിടെ അല്‌പമകലെ ഒരു കോട്ടയാണ് അവന്റെ ഗുഹ. ഈ കാട്ടിലെ രാജാവ് അവനാണത്രെ
ഇതു കേട്ടതോടെ ഭാസുരകന്റെ കോപമിരട്ടിച്ചു. അവന്‍ അലറി.
വാ, അവന്റെ കഥ ഇപ്പോള്‍ തന്നെ കഴിക്കണം. നടക്കൂ മുമ്പേ.
മുയല്‍ മുമ്പേ ഓടി. പിറകേ ഭാസുരകനും. കിണറിന്റെ അകലെ എത്തിയപ്പോള്‍തന്നെ പൊട്ടക്കിണര്‍ ചൂണ്ടിക്കാണിച്ചിട്ടു മുയല്‍ പറഞ്ഞു. പ്രഭോ, അതാണവന്റെ കോട്ട. സൂക്ഷിക്കണം. ഭയങ്കരനാണവന്‍.
ഭാസുരന്‍ ആക്രോശിച്ചു:
എവിടെ അവന്‍, കാണുന്നില്ലല്ലോ?
മുയല്‍ പറഞ്ഞു.
പ്രഭോ, അങ്ങയെക്കണ്ട് അവന്‍ കോട്ടയില്‍ കയറി ഒളിച്ചുകാണും. പേടിത്തൊണ്ടന്‍!
ഭാസുരകന്‍, തന്റെ എതിരാളിയുടെ കോട്ടയെന്നു കരുതി പൊട്ടക്കിണറിന്റെ വക്കില്‍കയറി താഴോട്ടു നോക്കി.
അതാ, താഴെ ഒരുത്തന്‍ ഇരുന്നു കണ്ണു ഉരുട്ടുന്നു. അവന്റെ ഉഗ്രമായ അലര്‍ച്ച. തന്റെതന്നെ നിഴലും തന്റെ ഗര്‍ജനത്തിന്റെ തന്നെ മുഴക്കവുമാണെന്നു ഭാസുരകനു മനസ്സിലായില്ല. തന്റെ ശത്രുവിന്റെ മേല്‍ ചാടിവീഴുക തന്നെ. താേനാ അവനോ, ഒരു കാട്ടില്‍ ഒരു രാജാവു മാത്രം മതി. അവന്‍ ഉറച്ചൊരു തീരുമാനത്തിലെത്തി.
ഭാസുരകന്‍ അലറിക്കൊണ്ടു കിണറ്റിലേക്കു ചാടി. അഗാധമായ കിണറ്റിലേക്കു വീണ ഭാസുരകന്‍ പിന്നെ പൊന്തിയില്ല. ദുഷ്‌ടനായ മൃഗരാജന്റെ കഥ അങ്ങനെ കഴിഞ്ഞു.
ഇതില്‍ നിന്നു നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്-ഭാഗ്യവും ഈശ്വരാനുഗ്രഹവും എപ്പോഴും പരിശ്രമശാലിക്കൊപ്പമായിരിക്കും.
https://www.facebook.com/Malayalivartha