അനിലമോള്‍ സന്തുഷ്‌ടയായി
രാവിലെ ഉറക്കമുണര്‍ന്ന അനിലമോള്‍ ബാഗും നോട്ടുബുക്കുകളും കണ്ടതോടെ സന്തുഷ്‌ടയായി. അവള്‍ ആഹ്ലാദപൂര്‍വം, പഠിച്ച അക്ഷരങ്ങളെല്ലാം അതിലെഴുതി. തനിക്കറിയാവുന്ന ചിത്രങ്ങളും വരച്ചു.
ബിജുമോന്‍ രാവിലെ അനുജത്തിയെ കുളിപ്പിച്ചു. പുത്തന്‍ വസ്‌ത്രങ്ങള്‍ അണിയിച്ചു. തലമുടി ചീകി ഒതുക്കി. അപ്പോള്‍ അവള്‍ ഒരു കൊച്ചു സുന്ദരിക്കുട്ടി തന്നെയായിരുന്നു.
പിന്നെ സ്‌കൂള്‍ ബാഗും നോട്ടുബുക്കുകളുമായി അനിലമോള്‍ സ്‌കൂളിലേക്ക്, അയലത്തെ കൂട്ടുകാരികളോടൊപ്പം പോകുന്നതു കണ്ടപ്പോള്‍ അവന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
രാവിലെ തന്റെ പലചരക്കു കട തുറക്കാനെത്തിയ മാമ്മച്ചന്‍ സ്‌തബ്‌ധനായി നിന്നുപോയി. കടയുടെ ഓടുകള്‍ ഇളക്കി മാറ്റിയിരിക്കുന്നു. കടയില്‍ കള്ളന്‍ കയറിയിരിക്കുന്നു. ഉടന്‍ തന്നെ അയാള്‍ പോലീസില്‍ വിവരമറിയിച്ചു. മാമ്മച്ചന്റെ ഒരു സ്വന്തക്കാരനായിരുന്നു ഡി.വൈ.എസ്.പി. അദ്ദേഹത്തെയും വിവരം അറിയിച്ചു.
പോലീസ് എത്തി കട തുറന്നു. മേശ കുത്തിത്തുറന്നിരിക്കുന്നതായി കാണപ്പെട്ടു. അതിനുള്ളില്‍ ഉണ്ടായിരുന്ന പതിനായിരത്തോളം രൂപയും അപഹരിക്കപ്പെട്ടിരിക്കുന്നു.
പോലീസു നായയെ കൊണ്ടുവന്നു തെളിവു ശേഖരിക്കാന്‍ ഡി.എസ്.പി നിര്‍ദേശം നല്‌കി.
അനുജത്തിയെ സ്‌കൂളില്‍ അയച്ച ശേഷം ചുമടെടുക്കുവാന്‍ പട്ടണത്തിലേക്കു പോകുവാന്‍ ഒരുങ്ങുകയായിരുന്നു ബിജുമോന്‍. കഴിഞ്ഞ ദിവസം ബാഗും ബുക്കുകളും മോഷ്‌ടിക്കേണ്ടിവന്നതില്‍ അവനു നേരിയ കുറ്റബോധമുണ്ട്. എങ്കിലും മറ്റൊരു നിര്‍വാഹവും ഇല്ലായിരുന്നു. അതുകൊണ്ടു മാത്രമാണ് അധികം വിലപിടിപ്പില്ലാത്ത ആ വസ്‌തുക്കള്‍ അവന്‍ ആരാരും അറിയാതെ കരസ്ഥമാക്കിയത്. പണം കിട്ടുമ്പോള്‍ മാമ്മച്ചനോടു വിവരം തുറന്നു പറഞ്ഞ് അതിന്റെ വില നല്‌കണമെന്നും അവന്‍ തീരുമാനിച്ചു.
ബിജുമോന്‍ അങ്ങനെ ചിന്തിച്ചു നില്‌ക്കുമ്പോളാണു ജൂലി എന്നു പേരുള്ള ഒരു പോലീസ് നായ അവന്റെ കുടിലിലേക്കു പാഞ്ഞുവന്നത്. പിന്നാലെ പോലീസും ഒരു പറ്റം ജനങ്ങളും.
ജൂലി വന്നപാടെ അവനെ മണത്തു. പിന്നെ അവന്റെ നിക്കറില്‍ കടിച്ചു പിടിച്ചു.
ബിജുമോന്‍ അമ്പരന്നുപോയി. എന്താണിതൊക്കെ?
അവന് ഒന്നും മനസ്സിലായില്ല.
പിന്നാലെ വന്ന പോലീസുകാരില്‍ ഒരാള്‍ അവന്റെ കൈയില്‍ കടന്നുപിടിച്ചു. പിന്നെ അലറുന്ന ശബ്‌ദത്തോടെ തിരക്കി.
നീ ഇന്നലെ മാമ്മച്ചന്റെ പലചരക്കു കടയില്‍ കയറി മോഷണം നടത്തിയില്ലേ?
കേവലം ഒരു സ്‌കൂള്‍ ബാഗും നോട്ടുബുക്കുകളും മോഷ്‌ടിച്ചതിന്റെ പേരിലാണോ ഈ സന്നാഹങ്ങളൊക്കെ? ബിജുമോന്‍ ഞെട്ടിപ്പോയി. എങ്കിലും അവന്‍ കുറ്റം സമ്മതിച്ചു.
ഉവ്വ്, ഞാന്‍ മോഷണം നടത്തി.
തെമ്മാടി, മൊട്ടയില്‍ നിന്നു വിരിയുന്നതിനു മുമ്പേ നീ മോഷ്‌ടിക്കുവാന്‍ തുടങ്ങി, അല്ലേടാ? ആ പോലീസുകാരന്‍ അവന്റെ കരണത്തിനിട്ട് ഒരടി. പിന്നീടു പോലീസ് ജീപ്പിലേക്കു വലിച്ചൊരേറും.
https://www.facebook.com/Malayalivartha