പരമപ്രധാനം മനസ്സമാധാനം
പ്രിയ കൂട്ടുകാരേ,
ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവു രക്ഷപ്പെട്ടില്ലെങ്കില്‍ എന്തുഫലം? എന്നു വിശുദ്ധ ബൈബിള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. പക്ഷേ, നമ്മള്‍ പലപ്പോഴും മറന്നുപോകുന്നത് ഈ സത്യമാണ്. പൊന്നും പണവും ഭൂമിയുമൊക്കെ വെട്ടിപ്പിടിക്കാനുള്ള ഓട്ടമാണ് എവിടെയും നടക്കുന്നത്. ഈ ഓട്ടത്തിനിടയില്‍ ഒരു ദിവസം പോലും ശാന്തമായി ഉറങ്ങാന്‍ കഴിയാത്ത എത്രയോ പേര്‍ നമ്മുടെ ഇടയിലുണ്ട്.
അര്‍ത്ഥമെത്ര വളരെയുണ്ടായാലും
തൃപ്‌തിയാകാ മനസ്സിനൊരിക്കലും.
എന്നു മഹാകവി പൂന്താനം പാടിയതു മനുഷ്യന്റെ ഈ അത്യാര്‍ത്തി കണ്ടിട്ടാണ്.
സമ്പത്തിനോടുള്ള മനുഷ്യന്റെ ഒരിക്കലും അടങ്ങാത്ത അഭിനിവേശമാണു ലോകത്തിന്റെ ഏതൊരു പ്രശ്‌നത്തിന്റെയും മൂലകാരണം. ഇതുമൂലം നഷ്‌ടപ്പെടുന്നതു സമാധാനവും സ്വസ്ഥതയുമാണ്. ഒരു കാര്യം നാം ചിന്തിക്കാറുണ്ടോ? ഒരു വട്ടച്ചെമ്പു നിറയെ പാല്‍പ്പായസം മുന്നിലുണ്ടെങ്കിലും നമ്മുടെ കുഞ്ഞുവയറില്‍ കൊള്ളുന്നതല്ലേ കുടിക്കാന്‍ കഴിയൂ? പതിനായിരം പട്ടു സാരി സ്വന്തമായുണ്ടെങ്കിലും ഒരു പ്രാവശ്യം ഒരെണ്ണമല്ലേ നമുക്കു ധരിക്കാന്‍ കഴിയൂ. നൂറുമുറിയുള്ള പടുകൂറ്റന്‍ ബംഗ്ലാവും അതില്‍ നൂറുകട്ടിലുകളുമുണ്ടെങ്കിലും ഒരു കട്ടിലിലല്ലേ നമുക്കു കിടക്കാന്‍ പറ്റൂ?
ചത്തുപോം നേരം വസ്‌ത്രമതു പോലും
എത്തിടാ കൊണ്ടുപോകാനൊരുത്തര്‍ക്കും !
എന്ന യാഥാര്‍ത്ഥ്യം മനസ്സിലാകാത്തതുകൊണ്ടാണു മനുഷ്യന്റെ ആര്‍ത്തിക്കു കടിഞ്ഞാണിടാന്‍ കഴിയാത്തത്?
സിക്കുമത സ്ഥാപകനായ ഗുരുനാനാക്ക് ഒരിക്കല്‍ ഒരു കോടീശ്വരന്റെ ബംഗ്ലാവില്‍ പോയി. അവിടെ ഏഴുകൊടികള്‍ കെട്ടിയിരിക്കുന്നത് അദ്ദേഹം കണ്ടു. എന്താണിങ്ങനെ ഏഴുകൊടികള്‍ കെട്ടിയിരിക്കുന്നത്? ഗുരുനാനാക്ക് കോടീശ്വരനോടു ചോദിച്ചു.
ഈ കൊടികള്‍ എന്റെ സമ്പത്തിന്റെ അടയാളമാണ്. ഒരു കൊടി സൂചിപ്പിക്കുന്നത് ഒരു കോടിരൂപയുടെ സ്വത്തുണ്ടെന്നാണ്?
ഓഹോ, അപ്പോള്‍ താങ്കള്‍ക്ക് ഏഴുകോടി രൂപയുടെ സ്വത്തുണ്ടല്ലേ-നാനാക്ക് അയാളെ നോക്കിചിരിച്ചു.
അതേ, എന്നിട്ടും സന്തോഷമില്ല ഗുരോ-അയാളുടെ മുഖം മങ്ങി.
ങും അതെന്താ? ഗുരു ആരാഞ്ഞു.
എന്റെ അയല്‍പക്കത്തു തന്നെ പത്തും ഇരുപതും കോടി രൂപയുടെ സ്വത്തുള്ളവര്‍ കുറെപ്പേരുണ്ട്. അതോര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ഈര്‍ച്ചവാളിട്ടു വലിക്കുന്നതുപോലെ വേദനയാണ്- അയാള്‍ വീണ്ടും സങ്കടപ്പെട്ടു.
ഗുരുനാനാക്ക് തന്റെ ഭാണ്ഡത്തില്‍ നിന്ന് ഒരു ചെറുസൂചിയെടുത്ത് അയാളെ ഏല്‌പിച്ചിട്ടു പറഞ്ഞു- സുഹൃത്തേ, ഇതൊന്നു താങ്കള്‍ കയ്യില്‍ സൂക്ഷിക്കണം. അടുത്ത ജന്മത്തില്‍ കാണുമ്പോള്‍ തിരിച്ചേല്‌പിച്ചാല്‍ മതി.
എന്ത്! അടുത്ത ജന്മത്തിലോ? അതുവരെ ഈ സൂചി കാത്തുവയ്‌ക്കാന്‍ ആര്‍ക്കു പറ്റും? അയാള്‍ ചോദിച്ചു
ഇത്രയ്‌ക്ക് ചെറിയൊരു സൂചി കാത്തുവയ്‌ക്കാന്‍ പോലും കഴിവില്ലാത്ത താങ്കള്‍ ആ ഏഴുകോടിരൂപയുടെ സമ്പത്ത് എങ്ങനെ കാത്തുസൂക്ഷിക്കും? ഗുരു ചോദിച്ചു.
ആ വാക്കുകള്‍ അയാളെ ചിന്തിപ്പിച്ചു. തന്റെ കയ്യിലുള്ള ഈ സമ്പത്തു ക്ഷണികമാണെന്നും മനസ്സിനു സ്വസ്ഥത നല്‌കാത്തതാണെന്നും അയാള്‍ക്കു മനസ്സിലായി.
അയാള്‍ പറഞ്ഞു: ഗുരോ, അങ്ങു പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. അമിതസമ്പത്തു മനസ്സിന് ഒരു കാലത്തും ശാന്തി തരുകയില്ല. എനിക്കു ശാന്തിയാണു വേണ്ടത്. അതുകൊണ്ടു ഞാനിതെല്ലാം വെടിഞ്ഞ് അങ്ങയോടൊപ്പം വരികയാണ്.
കോടീശ്വരന്‍ താമസിയാതെ തന്റെ സ്വത്തുക്കളെല്ലാം ആ ഗ്രാമത്തിലെ പട്ടിണിപ്പാവങ്ങള്‍ക്കു പങ്കിട്ടുകൊടുത്തു. എന്നിട്ടു ഗുരുനാനാക്കിന്റെ ശിഷ്യത്വം സ്വീകരിച്ച് ശാന്തിദൂതനായി.
വളര്‍ന്നുവരുമ്പോള്‍ നമുക്കും വേണ്ടതു ശാന്തിയും സമാധാനവും കളിയാടുന്ന നല്ലൊരു മനസ്സാണ്. അതിനുവേണ്ടി പ്രാര്‍ത്ഥിക്കാം.
സസ്‌നേഹം,
സിപ്പിയങ്കിള്‍
https://www.facebook.com/Malayalivartha