വര്‍ഗശത്രു കുലംമുടിക്കും
വലിയൊരു വാകമരത്തിലാണു കൊറ്റിക്കുടുംബങ്ങള്‍ കൂടണയുന്നത്. മരത്തിന്റെ ചില്ലകളില്‍ അനേകം കൊറ്റിക്കുടുംബങ്ങള്‍ കൂടുകെട്ടി പാര്‍ത്തുവന്നു.
പെണ്‍കൊറ്റികള്‍ മുട്ടയിടുന്ന കാലമായി. കൂടുകളിലൊക്കെ മുട്ടകള്‍ വിരിഞ്ഞു കൊറ്റിക്കുഞ്ഞുങ്ങള്‍ കലപില കൂട്ടിക്കൊണ്ടിരുന്നു. ഭക്ഷണം തേടി കൊറ്റികള്‍ പുറത്തുപോകുന്നനേരം മരത്തിന്റെ പൊത്തില്‍ താമസിച്ചിരുന്ന സര്‍പ്പം കൂട്ടിനകത്തെ കൊറ്റിക്കുഞ്ഞുങ്ങളെ തിന്നും. ഇതൊരു പതിവായി.
കുറച്ചു ദിവസം കൊണ്ടു കൊറ്റിക്കൂടുകളിലെ കൊറ്റിക്കുഞ്ഞുങ്ങള്‍ മിക്കവാറും സര്‍പ്പം തിന്നു കഴിഞ്ഞു. ഇനിയും ഇതനുവദിച്ചാല്‍ ബാക്കിയുള്ള കുഞ്ഞുങ്ങളെയും സര്‍പ്പം തിന്നുതീര്‍ക്കും. സര്‍പ്പത്തിനെ എങ്ങനെ തുരത്തും.?
ചെറുമീനെ പിടിക്കാന്‍ ഇറങ്ങിയ കൊറ്റി കുളക്കരയില്‍ ഇരുന്നു ചിന്തിക്കാന്‍ തുടങ്ങി. കൊറ്റിയെ കണ്ടാല്‍തന്നെ അറിയാം. അവന്‍ ഏതോ വലിയ ദുഃഖം അനുഭവിക്കുന്നുണ്ടെന്ന്.
കുറെ നേരമായി ഇങ്ങനെ ഇരിക്കുന്ന കൊക്കിനെ ഒരു ഞണ്ടു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവന്‍ പതുക്കെ കൊറ്റിയുടെ അടുത്തെത്തി ചോദിച്ചു.
അമ്മാവന്‍ എന്താണിങ്ങനെ സങ്കടപ്പെട്ടിരിക്കുന്നത്?
കൊറ്റി പറഞ്ഞു:
പൊന്നു ഞണ്ടച്ചാ, ഞങ്ങളുടെ കുഞ്ഞുങ്ങളെ മുഴുവന്‍ ഒരു സര്‍പ്പം വന്നു തിന്നുന്നു. അവനെ വകവരുത്താന്‍ എന്താണൊരു വഴിയെന്നാലോചിച്ചിരുന്നു പോയതാ.
തരംകിട്ടിയാല്‍ തങ്ങളെ കൊത്തിവിഴുങ്ങുന്ന കൊറ്റികള്‍ക്ക് അങ്ങനെതന്നെ കിട്ടണം എന്ന ചിന്തയാണു ഞണ്ടിനുണ്ടായത്. പക്ഷേ, ഞണ്ട് അതു പുറത്തുകാണിച്ചില്ല. അവന്‍ പറഞ്ഞു:
അമ്മാവന്‍ വിഷമിക്കേണ്ട. സര്‍പ്പത്തിന്റെ ആജന്മശത്രുവാണു് കീരി. നമുക്കു കീരിയെ വിളിക്കാം. അക്കാര്യം ഞാനേറ്റു.
ഞണ്ടു പറഞ്ഞു: അമ്മാവന്‍ ഒരു കാര്യം ചെയ്യണം. കുറച്ചു ചെറുമീനുകളെ പിടിച്ച് അക്കാണുന്ന കീരിയുടെ മാളം മുതല്‍ സര്‍പ്പമിരിക്കുന്ന മരപ്പൊത്തുവരെ വിതറിയിട്ടേക്കണം. കീരി മാളത്തില്‍ നിന്നിറങ്ങി ഓരോ മീനും തിന്ന് ഒടുവില്‍ മരപ്പൊത്തിലിരിക്കുന്ന സര്‍പ്പത്തെയും തിന്നുകൊള്ളും.
കീരി പുറത്തിറങ്ങി ചെറുമീനുകളെ തിന്നും. സര്‍പ്പത്തിനെ കൊല്ലും. പിന്നെ മരത്തില്‍ കയറി കൂടുകളിലെ കൊറ്റിക്കുഞ്ഞുങ്ങളേയും തിന്നും. അങ്ങനെ കൊറ്റികളുടെ കുലം മുടിക്കണം -അതായിരുന്നു ഞണ്ടിന്റെ പ്ലാന്‍.
കൊറ്റി, ഞണ്ടു പറഞ്ഞതുപോലെ കീരിയുടെ മാളം മുതല്‍ സര്‍പ്പത്തിന്റെ പൊത്തുവരെ ചെറുമീനുകളെ വരിവരിയായി വിതറിയിട്ടു. ഇരതേടിയിറങ്ങിയ കീരി, ചെറുമീനുകളെ തിന്നുതിന്നു സര്‍പ്പത്തിന്റെ പൊത്തിലെത്തി. തന്റെ വര്‍ഗശത്രുവായ പാമ്പിനെ കണ്ടാല്‍ കീരി വിടുമോ. അവന്‍ സര്‍പ്പത്തെയും കടിച്ചുകീറി കൊന്നു. പിന്നെ കീരി മരത്തില്‍ പിടിച്ചുകയറി കൊറ്റിക്കൂടുകളിലുണ്ടായിരുന്ന കൊറ്റിക്കുഞ്ഞുങ്ങളെയും തിന്നു.
അതാണു ബുദ്ധിയുള്ളവര്‍ പറയുന്നത്- വര്‍ഗശത്രുവിനെ കൂട്ടുപിടിക്കരുത്.
https://www.facebook.com/Malayalivartha