ആമയുടെ ആകാശയാത്ര
നാട്ടിലെ ഒരു വട്ടക്കുളത്തില്‍ ഒരു ആമ താമസിച്ചിരുന്നു. കംബുഗ്രീവന്‍ എന്നായിരുന്നു ആമയുടെ പേര്. കുളക്കരയില്‍ രണ്ടു കൊക്കുകളും കൂടുകെട്ടി പാര്‍ത്തിരുന്നു. ഒരു കൊക്കിന്റെ പേരു സങ്കടകന്‍, മറ്റൊരുത്തന്‍ വികടന്‍.
ആമയും കൊക്കുകളും വലിയ ചങ്ങാതിമാരായിരുന്നു. കൊക്കുകള്‍ എന്നും കുളക്കരയില്‍ വരും, ആമയുമായി വര്‍ത്തമാനം പറഞ്ഞിരിക്കും. സന്ധ്യയായാല്‍ കൊക്കുകള്‍ കൂട്ടിലേക്കു മടങ്ങും. ഇതായിരുന്നു പതിവ്.
മുന്‍പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത കൊടും വരള്‍ച്ചയായിരുന്നു ആ വര്‍ഷം. കുളങ്ങളിലെയും ജലാശയങ്ങളിലെയും വെള്ളം കുറെശ്ശെയായി വറ്റിക്കൊണ്ടിരുന്നു.
ആമ താമസിച്ചിരുന്ന കുളത്തിലെ വെള്ളവും വറ്റി, ചെളി കണ്ടുതുടങ്ങി. വെള്ളമില്ലാത്ത ഈ കുളത്തില്‍ ആമ എങ്ങനെ കഴിച്ചുകൂട്ടും- അതായി കൊക്കുകളുടെ ചിന്ത. അവര്‍ ആമയോടു ചോദിച്ചു:
എടോ ആമച്ചാരേ, ഈ കുളത്തിലെ വെള്ളം വറ്റി, ചെളി മാത്രമായി. വെള്ളമില്ലാത്ത ഈ കുളത്തില്‍ താന്‍ എങ്ങനെ ജീവിക്കും?
അതിനു കംബുഗ്രീവന്‍ മറുപടി പറഞ്ഞു: വെള്ളമില്ലാതെ ജീവിക്കാന്‍ പറ്റില്ല. എന്തെങ്കിലും ഉപായം കണ്ടെത്തണം. ധാരാളം വെള്ളമുള്ള ഒരു കുളം നിങ്ങള്‍ കണ്ടെത്തണം. നാളെ നിങ്ങള്‍ വരുമ്പോള്‍ നീളവും ബലവുമുള്ള ഒരു കമ്പും കൊണ്ടുവരണം.
ശരി, അങ്ങനെതന്നെ. കൊക്കുകള്‍ കൂട്ടിലേക്കു മടങ്ങി. പിറ്റേന്നു രാവിലെ തന്നെ നല്ലൊരു കമ്പുമായി കൊക്കുകള്‍ കുളക്കരയിലെത്തി. ഉടനെ ആമ പറഞ്ഞു:
ഞാന്‍ ഈ വടിയുടെ നടുവില്‍ കടിച്ചു തൂങ്ങിക്കിടക്കും. നിങ്ങള്‍ രണ്ടുപേരും വടിയുടെ രണ്ടുഭാഗത്തും കടിച്ചു പിടിച്ചുകൊണ്ടു പറക്കണം. ധാരാളം വെള്ളമുള്ള കുളത്തില്‍ എന്നെ ഇറക്കണം. എന്താ കൊള്ളാമോ പരിപാടി?
കൊള്ളാം, കൊള്ളാം-കൊക്കുകള്‍ സമ്മതിച്ചു. എന്നിട്ട് ഒരു കാര്യം കൂടി കൊക്കുകള്‍ പറഞ്ഞു:
പറക്കുന്നതിനിടയില്‍ ആരും ഒന്നും സംസാരിക്കരുത്. സംസാരിച്ചാല്‍ പിടിവിട്ടുപോകും. പിടിവിട്ടാല്‍ താഴെ വീഴും.
പിന്നെ താമസിച്ചില്ല. ആമ വടിയുടെ നടുക്കു കടിച്ചുതൂങ്ങി. കൊക്കുകള്‍ വടി കൊത്തിയെടുത്തു പറക്കാന്‍ തുടങ്ങി.
ഒരു ഗ്രാമത്തിന്റെ മുകളിലൂടെ പറന്നു പറന്നു പോകുമ്പോള്‍ താഴെ ഗ്രാമീണര്‍ ഇതു കണ്ടു. അവര്‍ക്ക് അത്ഭുതമായി. അവര്‍ വിളിച്ചു കൂവാന്‍ തുടങ്ങി. കണ്ടവര്‍ കണ്ടവര്‍ ഒച്ചവച്ചു.
അതാ ആമ, ആമ പറക്കുന്നു, ആമ പറക്കുന്നു. താഴെ ഈ ബഹളം കേട്ട് ആമ ചോദിച്ചു.
താഴെ എന്താണൊരു ബഹളം? ഒരു നിമിഷം ആമ അറിയാതെ പറഞ്ഞുപോയി. വടിയില്‍ നിന്നും കടിവിട്ട ആമ താഴെ തെരുവില്‍ വീണു പൊട്ടിച്ചിതറിപ്പോയി.
അതുകണ്ടു പെണ്‍കൊക്ക്, ആണ്‍കൊക്കിനോടു പറഞ്ഞു: സുഹൃത്തുക്കളുടെ വാക്ക് അനുസരിക്കണം. ചെറിയ കാര്യങ്ങളില്‍ പ്രലോഭിക്കരുത്.
https://www.facebook.com/Malayalivartha